Saturday, January 15, 2011

എട്ടുകാലുള്ള വാർത്ത

കാടിറങ്ങിയ ആദിവാസിയെപ്പോലെ
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.

തകർക്കപ്പെട്ട പ്രതിരോധത്തിന്റെ
അവസാന പന്തവും കെടുത്തി
പകൽനക്ഷത്രം വിടപറയുന്നുണ്ട്.

മഴയെ തോറ്റിയുണർത്തുന്ന
മന്ത്രവാദിപ്പക്ഷിയുടെ ഉച്ചാരണബദ്ധമായ
ക്ഷുദ്രാക്ഷരങ്ങളിൽ ആരോ പ്രാകുന്നുണ്ട്.

പള്ളിക്കൂട വഴിയിൽ പല്ലാങ്കുഴിച്ചന്തം
രുചികൾ മധുരം വർണ്ണം രുധിരം
ഒളിച്ചിരിക്കുന്ന പന്തയപ്പേശുകളിൽ
ലഹരിപ്പാട്ടുകൾ കിനിഞ്ഞു പെയ്യുന്നുണ്ട്.

പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.

മത്ത നട്ടപ്പോൽ മുളച്ച കുമ്പളം
ചീര നട്ടപ്പോൾ തളിർത്ത ചൊറിതനം
വെണ്ടയ്ക്ക് വഴുതന
പാവലിന് പടവലം
നെല്ലിന് പുല്ല്… ഒടുവിൽ
തേങ്ങയ്ക്ക് ചുരയ്ക്കയും!

അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.

കിഴക്കൻ ചുരമിരങ്ങി ലോറികൾ
ഉച്ചിഷ്ടജീവിതത്തിന്റെ ജാതകവും
മരണച്ചുട്ടി കുത്തിയ ഉടൽപ്പെരുമയുമായി
ഞരങ്ങിഞരങ്ങി നാലുകാലിൽ വരുന്നുണ്ട്.

ഇതൊക്കെ ഇന്നത്തെ ഹെഡ്ലൈൻസ്.
കൊഴുപ്പുള്ള ദൃശ്യങ്ങൾ വരുന്നതേയുള്ളു
ദയവായി ഞങ്ങൾക്കൊപ്പം തുടരുക.

Tuesday, January 4, 2011

സെക്യൂരിറ്റി ഗാർഡ് . / SECURITY GUARD .



സെക്യൂരിറ്റി ഗാർഡ്


പണം,പദവി,പെരുമയെന്നിവയെവിടയുണ്ടോയവിടെ
കാണാം പാറാവ്-കാവല്‍ ഭടന്മാരെ ചുറ്റുവട്ടങ്ങളില്‍ ,
പണിയുന്നീപാവം പാറാവ് കരെനെന്നും രാപ്പകല്‍
പണത്തിനായ്  മണിക്കൂറുകൾ പരിഭവമേതുമില്ലാതെ ;


പണിയിതെന്നും കാവൽ ,പണിയോ വെറും മടുപ്പ് ;
പകലും രാവും മുഴുവന്‍ നിൽപ്പും ഇരിപ്പും മാത്രം ,
പകലില്‍ പൊരിവെയിലത്തും,പെരുമഴയത്തും,
പാതിരായില്‍ കൊടുംമഞ്ഞിലും ഒറ്റക്കിരുന്നവർ...


പണിയെടുക്കുന്നോരോ ദിനങ്ങളിലും, മുടക്കങ്ങൾ
പാറാവിനില്ലെത്രെ , വിശേഷങ്ങളുമാഘോഷങ്ങളും.
പന്ത്രണ്ടു മണിക്കൂറിന്‍ വേതനം ലക്ഷ്യമിട്ടവന്‍ ,
പകലന്തികളില്‍ ഏതിനും സംരക്ഷണമേകി...


പാതിരാവിലവർക്ക് കൂട്ടിന് താരംപോല്‍ മിന്നിമറയും
പറക്കും വീമാന കണ്ണുകള്‍ ..., പകലിലോയവ വെറും
പറവകള്‍ കൂട്ടം തെറ്റി പാറിപറക്കും പോലവേ...! 
പാറാവ് മേലാള്‍ക്കിവിടെ ഒരു വന്‍ വ്യവസായം.


പാറാവ് കാരനേവര്‍ക്കുമൊരുഗ്രന്‍ കാവല്‍ നായ
പരിശോധന,പലവിധം ഒത്തു നോക്കലുകള്‍ ....
പണിചെയ്യുന്നയീ പരിശോധകനോടേവര്‍ക്കും
പുച്ഛം..., വണക്കം പറഞ്ഞു വരവേല്‍ക്കുമ്പോള്‍ പോലും!


പരിതാപം ഈ കാവല്‍ ഭടനുമാത്രമെന്നുമെന്നും,
പകയില്ലാതെ സുസ്മേരനായി എന്നുമീയുലകം ,
പലകാലമായി ഒരു പരിഭവവുമില്ലാതെയവർ
പരിരക്ഷിച്ചിടുന്നു..., ശ്രീപരമേശ്വരനെ പോല്‍  !



ലോകം മുഴുവനുമുള്ള കാവല്‍ഭടന്മാര്‍ക്ക് വേണ്ടി
ഈ ‘മണ്ടൻവരികള്‍‘ സമര്‍പ്പിക്കുന്നു .
പിന്നീട് ഇതിന് സമാനമായ ഒന്ന്
ആംഗലേയത്തിൽ എഴുതപ്പെട്ടത്‌ താഴെ കുറിക്കുന്നു .

CCTV  ക്യാമറാസ്

SECURITY GUARD


Security hours are Twelve a Day,
Well,they are here anyway-
Seven in the morning, Till Seven at night.
It is so hard to stay alert and bright....
Greeting the visitors ,Checking the pass ,
Being treated like you are Second class
"Why do we do it"  Some will say :
Well , it certainly.., Is not the Rate of pay !





Friday, December 31, 2010

തിരികെ ചേരുന്ന ദളങ്ങള്‍


ജീവിത യാത്ര ഒരു കവലയിലെത്തി
ഒരുപാടു വഴികള്‍ പിരിയുന്നൊരു കവല .
നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചോ -
സ്വര്‍ഗ്ഗത്തിലെ നിശ്ചയത്തെക്കുറിച്ചോ
എനിക്കൊന്നുമറിയില്ലായിരുന്നു .
എങ്കിലും ഗോളങ്ങളുടെ സമയക്രമങ്ങള്‍
എനിക്കൊരു കൂട്ടു തന്നു ..

ഗോളങ്ങളുടെ ശാസ്ത്രം അറിഞ്ഞിരുന്നെങ്കില്‍
എന്റെ പ്രണയപുഷ്പത്തിന്റെ ഇതളുകള്‍ ഞാന്‍ -
പലപ്പോഴും പലര്‍ക്കായ് പൊഴിക്കില്ലായിരുന്നു.
കൊഴിഞ്ഞ ഇതളുകള്‍ ഞാന്‍ പെറുക്കിയെടുത്തു.
ഇനി അവ സൂക്ഷിക്കാന്‍ ഒരാളുണ്ട്
ഇതളുകള്‍ വീണ്ടും കൊഴിയാതെ സൂക്ഷിക്കണം
എന്റെ തോഴിക്കു തികയാതെ വന്നേക്കും ...

Wednesday, December 29, 2010

ഉള്ളിജീവിതം

ള്ളിപോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു

ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിന്റെ
ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നു ചൂഴ്‌ന്നരിയുന്നു !

                                                            

Saturday, December 25, 2010

താന്തോന്നിപെണ്ണ്

ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോ?
പെണ്ണല്ലേ,അവള്‍
പൂക്കാത്ത മാവിന്‍കൊമ്പില്‍
വലിഞ്ഞുകയറാമോ
കുറുകിതടിച്ച തുടയില്‍
ചോരപ്പാടുകള്‍ വീഴില്ലേ
അവള്‍ വെറുമൊരു പെണ്ണല്ലേ
പൂത്തുതുടങ്ങിയാല്‍
വല്ല കഴുകനും വാവ്വലും
കൊത്തിത്തിന്നേണ്ടവള്‍
അന്നെന്റെ വെട്ടുകത്തിക്ക്
മൂര്‍ച്ച പോരായിരുന്നു
ഒരു തോന്ന്യാസിയുടെ മറുമൊഴി
........ ........... .............. ...........
വടക്കേലേ മാവുപൂത്തോ അമ്മേ
സൂക്കേട് വന്ന കിഴക്കേലേട്ടന്‍
ഡയാലിസിസിന് പോയത്രേ
ഉണ്ണിയുടെ മുടി വെട്ടിക്കാണും
വിശേഷങ്ങള്‍ ഒത്തിരി
അടുക്കളേല് പണി തീര്‍ന്നോ
നിനക്കെന്തോന്നറിയണം
ചെക്കനെത്താറായോ
നിന്റെ തോന്ന്യാസത്തിന് കുറവില്ലേ
എന്റെ നാക്കേ അടങ്ങു
ഒരു തോന്ന്യാസിയുടെ മറുമൊഴി
...... ............ ........... .........
അകന്നിരുന്നപ്പോള്‍
താന്തോന്നിപ്പെണ്ണിന്റെ വിളിയൊച്ച
കാതോര്‍ത്തിരുന്നവര്‍
അമ്മേ അമ്മേ
അമ്മ കേള്‍ക്കുന്നേയില്ല
തോന്ന്യാസിയുടെ ശബ്ദം
തിരിച്ചറിയാത്തവര്‍
തിരിച്ചറിഞ്ഞപ്പോള്‍
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
...... ...... ......... .........
കമ്പിളിക്ക് നീളം പോരാ വീതി പോരാ
കമ്പിളിക്ക് കീഴെ
സ്‌നേഹം പകര്‍ന്നു നല്‍കി
കമ്പിളിക്ക് പിടിവലി
അത് സ്‌നേഹമാണെന്ന് പല്ലവി.
ദിവസവും വിരിയുന്ന പൂക്കള്‍ക്കും
മഞ്ഞിന്‍കണങ്ങള്‍ക്കും
നിന്റെ ഗന്ധമായിരുന്നിട്ടു കൂടി
കമ്പിളിയുടെ ഗന്ധമായിരുന്നു
എനിക്കേറെയിഷ്ടം
സ്‌നേഹമില്ലാ സ്‌നേഹമില്ലാ
സ്ഥിരംമൊഴി
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
........... .......... ..........
എനിക്ക് നിറങ്ങളാകാനേ കഴിയൂ
ജീവിതത്തില്‍ ഒരിക്കലും
നിറക്കൂട്ടുകളാകാന്‍ കഴിയില്ല
ഒരു തോന്ന്യാസിയുടെ മറുമൊഴി

Monday, December 20, 2010

ദൂരം

രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം !
അതോ..
മരണത്തില്‍ നിന്നു
ജനനത്തിലേക്കുള്ള ദൂരമോ ?
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരം !
അതോ..
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരമോ ?
രാവിനും പകലിനും !!
ജനനത്തിനും മരണത്തിനും !!
എനിക്കും നിനക്കുമിടയില്‍ !!
എപ്പോഴോ
 
സ്വപ്നങ്ങളില്‍  നിന്നു ജീവിതത്തിലേക്കുള്ള ദൂരം.. 

ഞാന്‍ അറിയാതെ പോയി !!!

Monday, December 6, 2010

റിപ്പോർട്ടർ

(പത്രപ്രവർത്തക ഷാഹിനയ്ക്ക് ഐക്യദാർഢ്യം)

എല്ലാം നിനക്കു തന്നു.
കണ്ണും കാതും
തലച്ചോറും ഹൃദയവും
ചിരിയും കരച്ചിലും
വെമ്പലും വിതുമ്പലും
കുതിപ്പും കിതപ്പും
സൌമ്യതയും എതിർപ്പും…
എല്ലാം രുചിച്ചറിഞ്ഞ്
രുചിയെല്ലാം വിശകലനം ചെയ്ത്
നീ രസിച്ച് കോട്ടുവായിട്ട്
ഇളകിയിരുന്ന് പല്ലിടകുത്തി
മൂക്കിൻതുമ്പിലേക്കടുപ്പിക്കുന്നു.
അധോവായുവിന്റെ സംഗീതം
ഹിന്ദുസ്ഥാനിയിലാണെന്ന് വാദിച്ച്
അമരലീലാപുരാണങ്ങളിൽ ലയിച്ച്
ഏമ്പക്കത്തിന് മുഖവുരയായി
സ്ഖലനാന്തരം സ്ത്രീശരീരത്തൊടെന്നപോലെ
ബ്ലാബ്ലാബ്ലീ എന്ന് മൊഴിയുന്നു.

എല്ലാം നിനക്കു തന്നു.
ആയുസ്സും ആത്മാവും
അക്ഷരവും അനശ്വരതയും…
അതെല്ലാം തിരിച്ചു തരുക.
അന്വേഷണങ്ങൾക്ക് ഉരുക്കുമറയായി
നിന്റെ ഇരു തലകളും
അവിശ്രമം ഉയർന്നുനിൽക്കട്ടെ.
എന്റെ ഈ ഒരിറ്റ് കണ്ണീരിൽ
ഉയിർക്കട്ടെ നേരിന്റെ കൽപ്പകങ്ങൾ.
എന്റെ സ്മാരകത്തിന് കല്ലിടാൻ
നിന്റെ പൊങ്ങച്ച വാചാലത
ഇനിമേൽ വേണ്ട.

ഹേ… ജനാധിപത്യമേ
നിന്റെ കപട നീതിബോധത്താൽ
ഒരു യവനികയായി ചുരുളഴിഞ്ഞ്
എന്നിലെ വൈദ്യുതിയെ മൂടുക.

നിന്റെ കൂരിരുട്ടിൽ തെളിയാൻ
മിന്നാമിനുങ്ങുകളുടെ സംഘം
എവിടെനിന്നോ പുറപ്പെട്ടിട്ടുണ്ട്.
അവ എത്തിച്ചേരും വരെ
എനിക്കീ ബധിരയുടെ മൌനം
കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

000

Wednesday, December 1, 2010

കുപ്പിവള -കെ.വി സുമിത്ര






ഒരിക്കലും
വീണുടക്കാന്‍ കഴിയാത്ത
ഒരു കുപ്പിവളപോലെയാണ്
ജീവിതവും .
കാണുമ്പോള്‍ ചന്തം ,
ഇട്ടു നടക്കാന്‍ മിനുക്കം ,
എന്നാല്‍ 
ചേര്‍ത്തുവെയ്ക്കുമ്പോള്‍
കിരുകിരുപ്പ് .
മകള്‍ വാശിപിടിച്ചു
കരയുമ്പോള്‍ ,
അവളെ കാണിക്കാന്‍
ഒരു കുപ്പിവള 
ഞാന്‍ കരുതി വെക്കും .
അതിനുള്ളിലിരുന്നു 
കത്തുന്നോരാളുടെ
നിലവിളികള്‍
അവളുടെ ബാല്യത്തിനെ അറിയിക്കാതെ ....
************************************

Tuesday, November 23, 2010

‘ഈ ‘ ലോകത്തെ കവികള്‍

അപ്രശസ്തനായ കവി
സ്വയമുരുക്കിപ്പണിത വരികളത്രയും
ആരും കാണാതെ പോയി.

കവിയെന്ന് പേരെടുത്തവന്‍
അറിയാതെ കോറിയിട്ട വരയും
കവിതയിലെ വരിയായി...
പലരും പലവട്ടം വായിച്ചു,
പലരും പലതായി വ്യാഖ്യാനിച്ചു,
പരിഭാഷ വരെയുണ്ടായി...
(ആണായതുകൊണ്ട് വായിക്കാന്‍ ആരുമില്ലെന്ന്
പരാതി പറഞ്ഞ് പെണ്‍‌വേഷം കെട്ടി വന്നൊരുത്തനെ പലരും വായിച്ചു,
അവന്റെ കവിതയെയല്ല,
വരികള്‍ക്കിടയില്‍ ചൂണ്ടയിട്ട് പിടിച്ച പ്രണയത്തെ.)

ഒരു സ്വപ്നമുണ്ട്:
ഗര്‍ഭപാത്രത്തിന്റെ അടയാളമേതുമില്ലാത്ത
ലിംഗഭേദമില്ലാത്ത
ഉറവിടമേതായാലും ഒഴുകിപ്പരക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍ ജീവിക്കണമെന്ന്..

Monday, November 22, 2010

അറിയിപ്പ്

പ്രിയ സുഹൃത്തെ, വിദേശ ഇന്ത്യന്‍ കാവ്യാസ്വാദകരുടെ ഒരു കൂട്ടായ്മയായി തുടങ്ങി, പിന്നെ മറുനാടൻ മലയാളി കവിക്കൂട്ടമായ് വളർന്ന് നൂറോളം അംഗങ്ങളും മുന്നൂറോളം ഫോളോവേഴ്സുമായി "പ്രവാസ കവിതകൾ" എന്ന ഗ്രൂപ്പ് ബ്ളോഗ് വളരുകയാണ്‌ !!!!
താങ്കളുടെ സാന്നിദ്ധ്യം 'പ്രവാസ കവിതകള്‍' എന്ന ഗ്രൂപ് ബ്ലോഗിന് ഒരു മുതല്‍ക്കൂട്ടാകും എന്ന് വിശ്വസിക്കുന്നു....'പ്രവാസ കവിതകള്‍' കൂട്ടായ്മയില്‍ അംഗമാകുന്നതിന് ranjidxb@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയയ്ക്കുമല്ലോ?താങ്കള്‍ ഒരു ബ്ലൊഗറാണെങ്കില് ‍ബ്ലോഗ് അഡ്രസ് കൂടി ഉള്‍പ്പെടുത്തുമല്ലോ?
വളർച്ചയുടെ പടവുകളിലെ പുതിയ വിസ്മയമായി ഈ കൂട്ടായ്മ
ഒരു പുതിയ വെബ്‍സൈറ്റ് രൂപത്തിലേയ്ക്കും
മാറുകയാണ്‌ (ബ്ളോഗ് നിലനിർ‍ത്തിക്കൊണ്ട് തന്നെ)
http://www.malayalakavitha.com/ എന്ന് ഡൊമൈനിൽ താമസിയാതെ തന്നെ സൈറ്റ്
പ്രവർ‍ത്തനിരതമാകും....

താങ്കളുടെ കവിത ഈ ബ്ളോഗിൽ പ്രസിദ്ധീകരിക്കാൻ
ആഗ്രഹിക്കുന്നുവെങ്കിൽ ranjidxb@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ
ചെയ്യാം
മലയാളകവികളുടെ പ്രൊഫൈലും അതോടൊപ്പം
അവരുടെ കവിതകളും സൈറ്റിൽ ഉൾപ്പെടുത്തുവാൻ
ഉദ്ദ്യേശിക്കുന്നു... അതിനായി താങ്കളുടെ മൂന്ന് കവിതകളും
(മൂന്നോ അതിലധികമോ) ഒരു ചെറുകുറിപ്പും
webkavitha@gmail.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കാവുന്നതാണ്‌
എല്ലാ കാവ്യാനുശീലരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...


ഹൃദയപൂര്‍‌വ്വം,
പ്രവാസ കവിത പ്രവർത്തകർക്കു വേണ്ടി
സോണ .ജി

Wednesday, November 17, 2010

മലയാളമേ മാപ്പ്

മലയാളമാണെന്റെ നാട്ടു ഭാഷ
മലനാട്ടില്‍ മൊഴിയുന്ന നല്ല ഭാഷ
വാണീദേവിതന്‍ കേരള ഭാഷിതം
വാമൊഴിയ്ക്കിതുമൊരു നല്ല ഭൂഷ.

അമ്മയെന്നാദ്യം വിളിച്ച ഭാഷ
അച്ഛനാദ്യമെഴുതിച്ച മന്ത്ര ഭാഷ
തുഞ്ചത്തു കിളിപ്പാട്ടൊഴുകിയ ഭാഷ
തൂവെള്ളപ്പട്ടാടയുടുത്ത ഭാഷ

ഹാ! കഷ്ടം , മുലപ്പാല്‍ മധുരമവര്‍ മറന്നു-
മലയാളം പെറ്റിട്ട പുതിയ മക്കള്‍
ഫാഷനായ്, ചാനലായ്, പരിഷ്കാരമായ്
മലയാളമിന്നു മലയാംഗലേയമായ്.

മാപ്പപേക്ഷിപ്പൂ ഞാന്‍ മാതൃഭാഷേ
ഭാഷയില്‍ നാണിക്കും സോദരര്‍ക്കായ് ,
അഭിമാനമാണെനിയ്ക്കെന്നുമെന്നും
മലയാളിയായെന്നെയറിഞ്ഞിടാനായ്.

Monday, November 8, 2010

ചൊറിച്ചില്‍...!!!

ചൊറിച്ചില്‍ ,എനിക്കും ചൊറിച്ചിലായാന്നെന്നു
പറഞ്ഞതാരായെന്നുയറിയാതെ
ഞാനും ചൊറിഞ്ഞുകൊണ്ടേയിരുന്നു

ഓരോ ചൊറിച്ചിലും പിരിച്ചേഴുതുബോഴാന്നു
ചൊറിച്ചിലിന്റെ വകഭേദങ്ങളെ ഞാന്‍ വായിച്ചെടുത്തത്

ചൊറിച്ചില്‍ ,

സുഖ ശീതള മുറിയില്‍ അമര്‍ന്നിരുന്ന
പത്രക്കാരന്‍റെ പോക്കറ്റിലെ
പേനക്കുമുണ്ട് .

മാനം മുട്ടെ പറന്നുയരുന്ന
പറവകളുടെ ചിറകിനോട്
കിരണങ്ങള്‍ക്കുമുണ്ട്.

തന്ത്രങ്ങളയറിയുന്ന മന്ത്രിയോടു
മന്ത്രം മാത്രമറിഞ്ഞ തന്ത്രിയുടെ
പൂന്നൂലിന്നുമുണ്ട്

പച്ച പരിഷ്കാരി പെണ്ണിന്‍റെ-
മുട്ടോളം താഴാന്‍ മടിച്ച -
പാവാടയോട് ചാവാലി -
പട്ടിക്കുമൊരു ചൊറിച്ചില്‍

വഞ്ചനയുടെ ലാഞ്ചനയില്‍
പിടഞ്ഞയമരുന്ന പ്രണയത്തിന്റെ
കനവിലൊരു ചൊറിച്ചില്‍

അപഥ സഞ്ചാര പാതയില്‍ നടത്തം
തുടരുന്ന 'സൗഹൃദ കൂട്ടത്തിനു
ഓര്‍മയുടെ ഓളങ്ങളിലൊരു ചൊറിച്ചില്‍

ഏതോ മൌനജാഥ
ചൊറിഞ്ഞു ഉടച്ച
തെരുവ് പ്രതിമയോടു
പാറി പറക്കും കാക്കയ്ക്കുമൊരു ചൊറിച്ചില്‍

ചുമ്മാ ചൊറിഞ്ഞതായിരുന്നു
ചെന്ന് വീണതോ
ചൊറിഞ്ഞു തൊലിയും നഖവും പോയ
ചെന്നായ കൂട്ടില്‍

എല്ലാ ചൊറിച്ചിലും ചേര്‍ന്ന്
വ്രണത്തില്‍ നിന്ന് ചലമോലിച്ചപോള്‍
നായികുരണ രസായന പൊടി പുരട്ടിയാല്‍
മതിയെന്ന് വൈദ്യനായ വൈദ്യന്‍മാര്‍ എല്ലാം കല്പിച്ചു

(ചോറിയുന്നവര്‍
തുണിയുരിഞ്ഞു മുരിക്ക്‌ മരത്തില്‍
കയറാമെന്ന് ഒറ്റമൂലി മറന്നിട്ടല്ല ;
ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത് )

ഈ നായികുരണ രസായന പൊടി
എവിടെ കിട്ടും എന്ന് അറിയാതെ
ഞാന്‍ വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടേയിരുന്നു

Thursday, October 28, 2010

വാഴ്ത്തുക്കൾ(മരിച്ച് കഴിഞ്ഞവരെയൊക്കേയും ഇനി സ്നേഹിച്ച് കൊല്ലണം)

അവസാനത്തെ കടത്തിണ്ണ കിട്ടിയത്

അവരുടെ വാഴ്ത്തുക്കളുടെ കലാപഭൂമിയിൽ.

മരണമേ, നിന്നെ ചുംബിക്കാതിരിക്കാൻ
നമുക്കിടയിൽ അവർ കൊണ്ടുവയ്ക്കുന്നു
സ്നേഹവാക്കുകൾവളച്ചുണ്ടാക്കിയ
കുരുക്കുകൾ.

ജീവനുള്ളപ്പോള്‍ കാണാതെ പോയ
ജന്മത്തിന്റെ വാഴ്ത്തുക്കൾ,
ചലം പോലെ പൊട്ടിയൊലിച്ച്
പലവട്ടം നഗ്നനാക്കുന്നു.

പക്ഷേ
തിരിച്ചറിവുകളിലെ
ഈ പുതുമകളൊന്നും തന്നെ
എന്നിലേക്കെത്താതെ പോട്ടെ...
***************************************
(മരണശേഷം കൂടുതൽ കൂടുതൽ സ്നേഹിക്കപ്പെടാൻ നിയോഗമുള്ള എല്ലാവർക്കും എന്റെ വാഴ്ത്തുക്കൾ...


മരിച്ചവന്റെ മാംസം മണക്കുന്ന
ഉടുപ്പുകള്‍ കാഴ്ചക്കായ് തൂക്കിയിടരുത്;
അവന്റെ കണ്ണട മുഖത്തെടുത്ത് വെച്ച്
അവന്‍ കണ്ടതെല്ലാം കാണാമെന്ന് മോഹിക്കരുത്...)

Sunday, October 24, 2010

തൂലിക...!!!!

തൂലികേ....എഴുതുവാനെന്തേ മറന്നു സഖീ
എന്‍ ഹൃദയരക്തത്തിലുന്മാദമടയാഞ്ഞോ
കദനത്തിന്‍ ശീലുകള്‍ ചൊല്ലിത്തളര്‍ന്നിട്ടോ
കഥ മുഴുമിപ്പിക്കാതെന്തെ എഴുത്ത് നിര്‍ത്തി നീ
മുക്തഹാസത്തിലെന്‍ ചിരിപ്പൂക്കള്‍ കോര്‍ത്തും
അശ്രു ബിന്ദുക്കളില്‍ മൌനമായ് തേങ്ങിയും
മായകിനാക്കളാം ചിതല്‍ കാര്‍ന്ന താളില്‍
നേരിന്റെ നിറവാര്‍ന്നു വരച്ചിട്ടു നീയെന്നെ
ആര്‍ദ്രമാം ഏകാന്തത കുറുകുമെന്‍ തപ്തമാം മനസ്സില്‍
കുളിരാര്‍ന്നൊരു പദനിസ്വനം പോലെ
നിശ്വാസമകലെ നിന്നെന്നുമെന്നെ പുണര്‍ന്നു നീ
പ്രകൃതി രൌദ്രമാര്‍ന്നിടുന്നൊരു തുലാവര്‍ഷ രാവില്‍
അണയ്ക്കുമാ കരങ്ങള്‍ക്കായിരുട്ടില്‍ ഞാന്‍ തിരയവെ
കണ്ണുനീരൊപ്പി നീ അമ്മ വാത്സല്യമായ്
നഷ്ടബോധത്തിന്റെ പുസ്തകത്താളില്‍
ഒളിപ്പിച്ച പീലിയായ് ബാല്യം വരച്ച നീ
ഏഴു വര്‍ണ്ണങ്ങളില്‍ പ്രണയം വരയ്ക്കവേ
കണ്ണുനീര്‍ വീണോ ചായം പടര്‍ന്നു.....
പറയുവാനിനിയും ബാക്കിവച്ചെന്റെ
മൌന രാഗങ്ങള്‍ക്കായ് നീ ശ്രുതി ചേരവേ...
അരുതെ സഖീ....ചക്രവ്യൂഹത്തിലായുധമില്ലാതെ
തളരുമീയെന്നെ തനിച്ചാക്കി മടങ്ങായ്ക
കണ്ണീരിനിന്നലെകളെരിഞ്ഞടങ്ങിയ ചാരത്തില്‍
നാളെയെനിക്കായ് പുലരികളുദിക്കാതിരിക്കില്ല
അന്നെന്റെ നിറമില്ലാ ചിത്രങ്ങള്‍ക്കുണര്‍വ്വേകുവാന്‍
അര്‍ത്ഥശൂന്യതയ്ക്കര്‍ത്ഥം പകരുവാന്‍
ഇനിയും ചലിക്കണം നീയെന്‍ ജീവഗന്ധിയായ്

Thursday, October 21, 2010

അക്കരപച്ച തേടി..


പിന്‍ തിരിഞ്ഞൊന്നു ഞാന്‍ നോക്കി എന്‍
രമ്യഹര്‍മ്മ്യത്തിന്‍ പൂമുഖം ചെമ്മേ
മങ്ങി തെളിഞ്ഞതേയുള്ളു മല്‍ക്കാഴ്ച കണ്‍-
പ്പീലി തുമ്പില്‍ കൊരുത്ത നീര്‍മുത്താല്‍



ഇന്നീ നിമിനേരം തൊട്ടെന്‍ തൊടിയില്‍,
ഇലച്ചിത്രം വരയ്ക്കുന്ന കാറ്റും
വെള്ള പളുങ്കിന്‍ മണി പോല്‍ വീഴും
തുള്ളിക്കൊരു കുടം മഴയും

ചക്കര മാവിന്റെ ചോട്ടില്‍ എന്നോമല്‍
ആടിയൊരൂഞ്ഞാല്‍ പടിയും
അന്യമെന്നോര്‍ക്കവേ ഉള്ളില്‍ ഒരു
നൊമ്പരപക്ഷിയോ തേങ്ങി



ഓര്‍മ്മകള്‍കൈകോര്‍ത്ത്‌നില്‍ക്കും
എന്‍ മണ്ണില്‍ പരക്കും സുഗന്ധം
നട്ടതിന്‍ പിറ്റേന്നു പൂത്ത
ചെറുമുല്ല കൈ തൊട്ട പോലെ

ചെമ്പക ചോട്ടില്‍ വന്നെത്തും, തുമ്പി
പ്പെണ്ണിനും നൂറു സ്വകാര്യം
കേള്‍ക്കുവാന്‍ കാതുമായ് ചെല്ലും
പൂങ്കാറ്റിന്റെ ചുണ്ടിലും രാഗം

എന്നു നീ എന്നു നീ പോരും
തിരികെ ഈ സ്നേഹ പഞ്ജരം തന്നില്‍
നോവൊഴുകും മിഴിയാലെ കേണു
പൂമുഖ തൂണിന്മേല്‍ ചാരിയെന്നമ്മ

കൊച്ചനുജത്തി ഒന്നുണ്ട് കൂട്ടായ്
എണ്ണിപറഞ്ഞിടാന്‍ ആയിരം കാര്യം
കുഞ്ഞു മഞ്ചാടി ചെപ്പില്‍ മണി പോല്‍, എല്ലാം
ഭദ്രം സ്വകാര്യം ആ കയ്യില്‍


നാമ മന്ത്രങ്ങള്‍ തന്‍ പുണ്യം, കോടി
പൂവായ് മൃദുസ്മേരം തൂകും
ഉമ്മറ തിണ്ണയില്‍ മിന്നും വിളക്കായ്,എന്നും
എന്‍ മുത്തശ്ശിയമ്മയുമുണ്ടേ

എന്‍ പ്രിയ ഗേഹം വെടിഞ്ഞു, ഞാന്‍
പോവതേതൊരു സ്വര്ഗ്ഗത്തെ തേടി
വ്യറ്ത്ഥമിതത്രയും ഒക്കെ, വൃഥാ
അക്കരപച്ചയോ ദൂരെ






അമ്പിളി ജി മേനോന്‍
ദുബായ്

Tuesday, October 19, 2010

നീശൂന്യം.!

ചിതറിയ ചിന്തകള്‍
കൂടൊഴിഞ്ഞ കനവുകള്‍
ചിറക് കരിഞ്ഞ സ്വപങ്ങള്‍
മുരടിച്ച മോഹങ്ങള്‍
ദേ നോക്കു
ഇതാണ്എന്റെ മനസ്
ഓട കുഴലിന്റെ ഉള്ള വശം പോലെ ശൂന്യം



Tuesday, October 5, 2010

കലാലയ ചിത്രങ്ങള്‍

പരിഭ്രമിച്ചിരുന്നു ഞാനീയങ്കണത്തിലാദ്യം വന്നനാള്‍
കലാലയവര്‍ണ്ണങ്ങള്‍ വിരിയിച്ചു പറക്കുന്നവരെ കണ്ട നാള്‍
അവരിലൊരാളാകാന്‍ പ്രായം എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു
അങ്കണവും എന്തൊക്കെയോ പ്രതീക്ഷിക്കുന്നതായി തോന്നി.

നിറഞ്ഞും ഒഴിഞ്ഞും വിരസമായും കടന്നു പോയ പഠനമുറികള്‍
പഠനവേളകള്‍ പാഠ്യേതരമാക്കി പറഞ്ഞു തീര്‍ ത്ത വിശേഷങ്ങള്‍
അന്നു വേദിയൊരുക്കി സാക്ഷികളായ മരത്തണലും പടിക്കെട്ടുകളും
സജീവമാക്കിയ മൈതാനവും വെറുതേ ക്ഷണിച്ച വായനാമന്ദിരവും .

സമരം മുഴങ്ങിയ ഇടനാഴികള്‍ , കൂകിത്തെളിഞ്ഞ സഭാഗൃഹം ,
വിശപ്പടക്കിയ ഭക്ഷണശാല, ഒളികണ്ണെറിഞ്ഞ പ്രവേശനകവാടം ,
തമാശകള്‍ , പൊട്ടിച്ചിരികള്‍ ,പരിഹാസങ്ങള്‍ , സംഘര്‍ ഷങ്ങള്‍
ഒളിമങ്ങാത്ത ഒരുമയുടെ ശോഭിക്കുന്ന എത്രയെത്ര ഓര്‍ മ്മകള്‍ !

ഹഠാദാകര്‍ ഷിച്ച പ്രത്യയശാസ്ത്രങ്ങള്‍ , ആദര്‍ശവാക്യങ്ങള്‍
അവയുടെ ആവേശത്തള്ളലിലുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍
അവ പകര്‍ന്നുതന്ന ദിശാബോധവും സാമൂഹ്യദര്‍ശനവും
ഭാവിജീവിതത്തില്‍ കരുക്കളായ് മാറിയ ആശയശിലകള്‍

നേര്‍വഴി കാട്ടിയ അദ്ധ്യാപകര്‍ , സ്നേഹിച്ച ഗുരുസ്ഥാനീയര്‍
എവിടെയും പിന്‍ തുണച്ച, എല്ലാം പങ്കുവച്ച നല്ല സുഹൃത്തുക്കള്‍
അറിയാതെ ഉള്‍പ്പൂവില്‍ കുടുങ്ങി ചിറകടിച്ചിരുന്ന പ്രണയവും
ഇന്നും കൂടെയുള്ളവര്‍ , പിരിഞ്ഞവര്‍ , അടുക്കാന്‍ വെമ്പുന്നവര്‍ ..

സമ്പൂര്‍ണ്ണ ജീവിതാനുഭവങ്ങളുടെയും ഒരു ചെറിയ മാതൃകയാണു നീ.
വിദ്യാര്‍ത്ഥി തലമുറകള്‍ കൈമാറിയ, നിത്യപരിശീലനക്കളരിയാണു നീ.
എന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടാന്‍
കലാലയമേ നീ ചാലിച്ച വര്‍ണ്ണങ്ങള്‍ക്കായി. .ആയിരമായിരം നന്ദി..

കുഞ്ഞു കവിതകള്‍

http://pookaalam.blogspot.com


പ്രത്യയശാസ്ത്രം
പ്രത്യയശാസ്ത്ര പ്രായോഗികതയുടെ 
പ്രായോജകരറിയുന്നുവോ ?
പ്രാണന്‍ കുരുങ്ങി ജീവന്‍ വെടിയുന്ന
പ്രാവിന്‍റെ ആത്മനോവുകള്‍ !
വാദ പ്രതിവാദ ഭാഗസം‌വാദങ്ങള്‍ക്കിടയില്‍ 
എപ്പോഴോ നിരാലംബ ജന്മജന്മാന്തരങ്ങള്‍
തളിര്‍ത്തതും തകരുന്നതും ആരറിയാന്‍....
  
 
-------------------------------------------------------

സുന്ദരം
ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോകുന്നത് പോലെ
സുന്ദരവും സരസവുമായ സ്വപനങ്ങളാണ്..!!!


_______________________________________


ഉദയം
ഏതോ പായ്ക്കപ്പല്‍ കപ്പിത്താന്റെ  
അവധിക്കാല വിനോദം മാത്രമായിരുന്നു
പുതുസംസ്കാരത്തിന്റെ പരിണാമം !!
________________________________________


Tuesday, September 21, 2010

രണ്ടു കവിതകള്‍

http://www.saikatham.com/Poem-Dileej-%28Mydreams%29.php

കണ്‍മഷി
ഓര്‍മ്മ  പുസ്തകങ്ങള്‍ ചിതലുകള്‍
ചീന്തിയെറിയുമ്പോള്‍ 
ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം
ചുളിവുവീണയെന്‍ കൈകളാല്‍ തുടച്ചെറിഞ്ഞിട്ടും
മിച്ചമായതുയെന്‍ വരണ്ട ചുണ്ടിനാല്‍ ഒപ്പിയെടുത്തിട്ടും
ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
നിന്‍ കവിള്‍ത്തടത്തില്‍ പിന്നെയും
അണക്കെട്ട്
ആ അണക്കെട്ടിനു മറുപുറം 
ഒരു കോരനും ചീരുവും ജീവിച്ചിരുന്നുവെന്ന് 
എന്നോടു പറഞ്ഞത് മുത്തശ്ശിയായിരുന്നു
മുത്തശ്ശി മരിച്ചു, അണക്കെട്ടും പൊട്ടി 
പിന്നെ.... 
ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
വായിച്ചെടുക്കുന്നത് 
ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് !!



http://pookaalam.blogspot.com/