Saturday, November 28, 2009

മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍

മുത്തശ്ശനെന്നോടുള്ള സ്നേഹം,
ഉറക്കം മുറിഞ്ഞന്നത്തെ പാതിരാവില്‍
നക്ഷത്രങ്ങളൊളിച്ചൊരു
ആകാശംപോലെ തെളിച്ചം കുറഞ്ഞോരാ
കണ്ണുകളില്‍ തെളിഞ്ഞു കാണുന്നൊരാ
യാത്രാമൊഴി.

മുത്തശ്ശനെന്നോടുള്ള വാത്സല്യം
മുടിയിഴകള്‍ക്കിടയില്‍
ശോഷിച്ചവിരലുകളുടെ നാഗചലനങ്ങളില്‍,
ശിരോലിഖിതമാം നാടുകടക്കലിന്‍
താക്കോല്‍കൂട്ടങ്ങളെക്കുറിച്ചുള്ള
ഇടമുറിഞ്ഞോരാ ഓര്‍മ്മപെടുത്തലുകളില്‍....

പണ്ടു ഞാന്‍ അച്ഛനോടും മുത്തശ്ശനോടും
കാട്ടിയോരാ കുറുമ്പും പിണക്കവും
എനിക്കുമച്ഛനും തിരികെ തരുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യം
കൊടുത്തോരാ അക്ഷമക്കടലിളക്കം

രേഖാടാക്കിസിന്റെ അതിശയവെണ്മയില്‍
നിഴലായ്‌ വന്നുമറഞ്ഞൊരു
സത്യവാന്‍ രാജഹരിശ്ചന്ദ്രനെ
ചിരിയോടെ വരവേറ്റ മുഖമിന്നു
വാര്‍ത്തയില്‍ നിറയും ചുടലക്കളങ്ങളാല്‍
നനവാര്‍ന്നിരുപ്പുണ്ട്

സ്വപ്നത്തിന്‍ സ്പടികജനാലകള്‍ക്കപ്പുറം
അവ്യക്തചിത്രങ്ങളില്‍
മുറ്റത്ത്‌ മുത്തശ്ശന്‍ നട്ടൊരാ
കിളിച്ചുണ്ടന്‍ മാവുണ്ട്

വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട്‌ ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?

Sunday, November 22, 2009

സുഷുപ്തിയിലും, ജാഗരത്തിലും നീയാണെന്‍ ഓമലേ..

ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണം


ഒരു മൃദു ചുംബനം, പാല്‍ മണമുള്ളത്‌

കണ്ണിലും, കവിളിലും തെരു തെരെ

മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി

പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി

കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍

കണ്‍ തുറന്നപ്പോള്‍ കുഞ്ഞെവിടെ , പാല്‍ മണക്കും കളി കൊഞ്ചലെവിടെ

ബോധമുണര്‍ന്നപ്പോള്‍, നൈരാശ്യം മേലങ്കിയുമായ്‌ വന്നു പൊതിഞ്ഞു

വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്‌

കണ്‍ നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി

ചുറ്റിലും ഉറങ്ങുന്ന സഹജരുടെ ശ്വാസ നിശ്വാസങ്ങളുടെ താളം

ഒരുവന്‍, മധുവിധുവിന്റെ മധുരം ഏറെ രുചിക്കും മുന്‍പു പറന്നവന്‍

ഉറക്കത്തില്‍ മെല്ലെ പുഞ്ചിരിക്കുന്നു, മുഖം തെല്ലു വിടര്‍ന്നു ചുവക്കുന്നു

പ്രിയയായിരിക്കാം, സ്വപ്നത്തില്‍ സല്ലപിച്ചിരിക്കയും

നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ

ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു

തെല്ലു കൂടിയുറങ്ങാം, സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ

ഹിമത്തടവറ.


മഞ്ഞുകേളികള്‍ 

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം ,കഴിഞ്ഞവർഷം കൊടും ശൈത്യം അരിച്ചരിച്ചു ഇറങ്ങി വന്നത് . ഉത്തരാര്‍ധ്രത്തിലെ അന്റാര്‍ട്ടിക്കയെ പോലും തോല്‍പ്പിക്കുന്ന തണവുമായി(-10 to -20) .
പോരാത്തതിനു ശീതക്കാറ്റും ,ആ ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും "ഹിമത്തടവറ" കളായി മാറി !!!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യ്യന്‍ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....


ഹിമത്തടവറ


വീണ്ടു മിതാ ലോകതലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ,
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ....
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ,
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !

നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍
പൂണ്ടിറങ്ങി നഗരവീഥികള്‍-നിശ്ചലമാക്കി-പാളങ്ങള്‍ .
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ,കൊട്ടാരമുദ്യാനങ്ങള്‍ ,
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍ ,മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുല്‍ത്സവങ്ങള്‍ നിരത്തിലും, മൈതാനത്തും ,
രണ്ടു ദിനരാത്രം മുഴുവന്‍ മമ"ഹര്‍ത്താലാഘോഷങ്ങള്‍" പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ,
വണ്ടിയില്ലാ നിരത്തില്‍-പാതയില്‍ ,എങ്കിലും പാറിവന്നല്ലോ....

കൊണ്ടുപോകുവാന്‍ "പറവയംബുലന്സുകള്‍"ഗരുഡനെപോല്‍ !
വണ്ടുപോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ,
കണ്ടം വിതക്കും പോല്‍ ഉപ്പുകല്ലു വിതറി കൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങലാല്‍ ,പട്ടാളട്ടാങ്കുകള്‍ ഓടും പോലെ !

കണ്ടുഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്ങ്ങള്‍,കല്‍
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും ,
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ -
മണ്ടയില്‍ തൊപ്പിയേന്തി നില്ക്കുന്ന കാഴ്ചകള്‍ , ഹിമകേളികള്‍ !

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ ,അവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്‌ ....

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ



മുരളീമുകുന്ദൻ