Followers

Thursday, February 16, 2012

പ്രണയഗീതം


എങ്കിലും പ്രിയ സഖി...
പ്രണയാദ്രമായി തുടിക്കുന്ന
എന്‍മനസ്സില്‍ നിന്ന് 
ഹൃദയാര്‍ദ്രമാം
ഒരു പ്രണയഗീതം
 

മണ്‍തരികളില്‍ കോറിയിട്ട
പ്രണയാക്ഷരങ്ങള്‍ പ്രകൃതിയില്‍
പരാഗരേണുവായി
പടര്‍ന്നു

എന്റെ ഹൃദയമഷിയില്‍ ചാലിച്ചു 
ഞാനെഴുതുന്ന പ്രണയാക്ഷരങ്ങള്‍
നീ വായിക്കുമോ?
എങ്കിലും സഖി ഞാന്‍ കുറിക്കട്ടെ !

ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ !

തീക്ഷ്ണവും തീവ്രവുമായ സ്വാര്‍ത്ഥസ്നേഹത്തിന്‍റെ
ഉള്ളംകൈയിലോരുക്കി നിര്‍ത്തുന്നു  ഓമനേ ..
ആത്മാവില്‍ അലിഞ്ഞു ജീവനാടികള്‍  
ത്രസിപ്പിക്കുമൊരു
ആത്മഗീതവും
അനുരാഗവികാരത്തിന്റെ അനുഭൂതികളില്‍ 
അദൃശ്യമായൊരു ആത്മരാഗവും 
പിന്നെ,
ഈ കപടലോകത്ത്
തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും !

നമ്മള്‍ അന്നോന്യം നിശബ്ധമായി 
കണ്ണുകള്‍ പരസ്പരം പറയാതെ പറയുമ്പോള്‍
എന്‍റെ ആയിരം മിഴികളാല്‍ ക്ഷണിക്കുന്നു
നിന്നെ ഞാന്‍ പ്രിയ സഖി.....

മാനത്തെ മഴമേഘകാടുകള്‍
തമ്മില്‍ പ്രണയിക്കുമ്പോള്‍
നിന്റെ കണ്ണില്‍ വിരിയുന്ന നാണം
എന്റെ ആത്മാവിന്റെ ഉമ്മറപടിയിലൊരു-
നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

നിന്റെ ഉടലിലെ മാംസളമായ
വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല

നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
അസ്തമയത്തില്‍ പോലും
സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
ഞാനൊരു
വാഗ്ദത്വത്തമായിരിക്കും !!.

Wednesday, February 8, 2012

അനുഭവങ്ങള്‍ (കവിത)

കണ്ണടച്ചിരുട്ടാക്കിയതല്ല
പകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്

അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍ 
അനുഭവിച്ചറിഞ്ഞതിനേക്കാള്‍   
ഇനിയുമെത്രയോ അധികം   
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
ആരാണ് പറഞ്ഞതെന്ന്
ഞാനോര്‍ക്കുന്നില്ല 

അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും  
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.

Tuesday, January 17, 2012

കലണ്ടര്‍ (കവിത )


കാലത്തെ കരുതിയിരിക്കുന്നവര്‍
കലണ്ടറിനെ പരിപാലിക്കുന്നവരാകണം 

അതിന്‍റെ
ഇടതുഭാഗത്ത്
ഇന്നലെകളില്‍ ഉപേക്ഷിച്ചതും,
വലതു ഭാഗത്ത്
നാളെയുടെ ഈടുവെപ്പുകളുടെയും 
സംഗ്രഹിച്ചത് 
ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
വെറുതെ മറിച്ചുനോക്കാം

ഓരോചരിത്രസ്മാരകങ്ങളിലും   
എരിഞ്ഞടങ്ങിയവരുടെ
കണക്കുകള്‍ സൂക്ഷിക്കുന്നതുപോലെ
തീപ്പെട്ട്  പോകാനിരിക്കുന്നവരുടെ 
കണക്കുകള്‍ അടയാളപ്പെടുത്തുന്നതും
 കിറുകൃത്യമായിരിക്കും.

യുഗയുഗാന്തരങ്ങളായി
തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
പങ്കായത്തിനു കുറുകെ മാത്രം
ചില ചുവന്ന അടിവരകള്‍
അങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും

ചരിത്രത്തിന്റെ  പിന്നാമ്പുറങ്ങളിലേക്ക്
തേഞ്ഞുതീര്‍ന്നുപോയ
ജീവിതത്താളുകള്‍
എത്രമാത്രം കത്രിച്ചു കളഞ്ഞാലും 
ഒരു ഓര്‍മ്മപ്പെടുത്തലായി 
വലിയ അക്കങ്ങളില്‍ കറുപ്പിച്ചു നിര്‍ത്തും .

നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
കാലം കൊഴിയുമ്പോള്‍
മുല്ലപൂവ് വിരിയിച്ച വിപ്ലവ-
വസന്തങ്ങളുടെ ചുവരെഴുത്തുകള്‍  പോലെ
പോയവര്‍ഷത്തിലെ  കലണ്ടറില്‍ ബാക്കിയാവുന്ന
ശൂന്യമായ കളങ്ങളില്‍
ഇനി  ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
ആരെന്ന ചോദ്യമാണ് ?

Monday, January 9, 2012

പുരുഷവൃക്ഷങ്ങള്‍

അത്തി, ഇത്തി , അരയാല് , പേരാല്
പിന്നെ ,
പേരറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
തൊട്ടും തൊടാതെയും അറിഞ്ഞ
പുരുഷവൃക്ഷങ്ങള്‍ .

നിരാസത്തില്‍ ചുറ്റിപ്പടര്‍ന്ന
വേരുകളില്‍ ഒറ്റത്തടിയായുയര്‍ന്ന്
തെങ്ങുകള്‍ പോലെ ചിലര്‍ ,
ഇളനീരോ, പച്ചോലയോ
മൂപ്പെത്തിയ കായ്കളോ
വേണ്ടതെന്തുമെടുക്കുക
എന്നൊരു മുനിവാക്യം
പോലെ ഈര്‍ക്കില്‍ മുനകള്‍ ,
ചായാനും ചരിയാനുമില്ലെന്നു
കാറ്റിനോടും ഭരതവാക്യം.

ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍ ,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍ ,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍‌കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി.

ചിലര്‍ വാക പോലെ
ഇലച്ചാര്‍ത്തും പൂപ്പടര്‍പ്പും കാട്ടി കൊതിപ്പിച്ച്,
വരൂ , കൂടുകള്‍ കൂട്ടു എന്നു പ്രലോഭിപ്പിക്കും
ആഞ്ഞൊരു കാറ്റു വീശിയാല്‍
എല്ലാം തകര്‍ന്നേയെന്നൊരു നിലവിളിയില്‍
അടര്‍ന്നു വീഴുന്ന ചില്ലകള്‍ ,
ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.

ചിലര്‍ , മലമുകളിലെ പാറക്കെട്ടിനിടെ
വേരാഴത്തിന്റെ അതുല്യതയില്‍
തലയുയര്‍ത്തി നില്‍ക്കുന്നവര്‍ .
ഏറ്റവും ഉയരത്തില്‍ പറക്കുന്ന
കിളിക്കേ കൂടുകൂട്ടാനാവൂ എന്നു
കാറ്റിന്റെ മുന്നറിയിപ്പ്.
താഴ്വരയില്‍ നിന്ന്
ഒരു വൃക്ഷപൂജ നടത്തി
ആരാധിക്കാമെന്നു മാത്രം.

ഇലയും പൂവും കായുമൊക്കെ
ഏതാണ്ടൊരേ തരത്തില്‍
പാഴ് മരങ്ങളേറെ,
കുലവും ഗോത്രവുമറിഞ്ഞിട്ടെന്തിനാണെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും.

ഇത്തിള്‍‌ക്കണ്ണികള്‍ നിറഞ്ഞ
ശാഖികളില്‍ കൂടുകൂട്ടുന്ന മരണം
ചുമന്ന് പിന്നെയും ചിലര്‍ .

കാടും മരങ്ങളും ഇനിയുമെന്നു
വഴിക്കിളികള്‍ ചിലയ്ക്കുമ്പോള്‍
പിന്നിലേയ്ക്കോടി മറയുകയാണ്,
പച്ചച്ച മരകാഴ്ചകള്‍ .

Wednesday, December 28, 2011

ജന്മാന്തരങ്ങള്‍






ഒടുവില്‍,

നീ എന്നില്‍ നിന്നു മുറിഞ്ഞ്

നേര്‍ത്തൊരു ജലരേഖയായി

പാതയോരം കടന്ന് പുഴയിലേക്ക്..

ഞാനോ?

മഴയിലേയ്ക്കിറങ്ങി

ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം തേടി

കാട്ടിലേയ്ക്ക്...



ഇനിയുമൊരു ശിംശപാ വൃക്ഷത്തിന്റെ

ചുവട്ടിലേയ്ക്ക് നീയെന്നെ

തേടി വരുമെന്ന പ്രതീക്ഷയില്ലാതെ..

പക്ഷേ,

വീണ്ടുമൊരിക്കല്‍ക്കൂടി

നീയെന്നെ തീക്കുണ്ഡമാക്കുന്നതും

ഹൃദയം വെണ്ണീറാക്കുന്നതും

സ്വപ്‌നം കണ്ട്

ഭയത്തിന്റെ മാറാലപ്പുതപ്പിനുള്ളില്‍

കൂനിക്കൂടിയിരിക്കാന്‍

മറ്റൊരു വാല്‍മീകിയുടെ വാസസ്ഥലം തേടി..





നീ എന്നില്‍ നിന്നുയര്‍ന്ന്

വിണ്ണില്‍ നിന്നു മഴനൂലുകള്‍

കൊണ്ട് വരണ്ട മണ്ണിനെ

പുഷ്പിണിയാക്കി..

ഞാനോ?

കൊട്ടാരത്തില്‍ നിന്നുയര്‍ന്ന,

പട്ടുമെത്തയില്‍ ഉഴുതുമറിക്കപ്പെട്ട

നിന്റെ വിയര്‍പ്പിന്റെ തിളയ്ക്കുന്ന

ഗന്ധത്തില്‍ മനംമടുത്ത്

നീ മൂലം പുഷ്പിണിയായ മണ്ണിന്റെ

മാറോടലിഞ്ഞ്...

ഇനിയൊരിക്കലും ഉണരുവാനാകാതെ

മറ്റൊരു വൈശാലിയാക്കപ്പെട്ട്

തനിയെ....



ഇനിയേതു കാലം വരെ കാത്തിരിക്കണം

ഒരു മുദ്രമോതിരത്തിന്റെ മറവിലല്ലാതെ

നീയെന്നെ തേടിയെത്തുന്ന നിമിഷത്തിന്?



നീ മഴക്കീറുകള്‍

ഓരോന്നായി അടര്‍ത്തിയെടുത്ത്

എന്നില്‍ നിന്നും

മുറിഞ്ഞുപോയ നിന്റെ ഹൃദയം

മഴനാരുകള്‍ കൊണ്ട്

തുന്നിയെടുക്കുന്നു

ഞാനോ?

ഇനിയൊരിക്കലും

മുറിഞ്ഞുപോകാനാകാത്തവിധം

എന്റെ ഹൃദയത്തെ ഇടിനാരുകള്‍

കൊണ്ട് പുതുക്കിയെടുക്കുന്നു..്

എന്നിട്ടും...

എന്നിട്ടും നീ മുറിഞ്ഞുപോയ്..

പാതിഭാഗം ഇവള്‍ക്കെന്ന ചൊല്ലുമാറ്റി

നീ വാനപ്രസ്ഥം തേടിയിറങ്ങി..

ഇനിയുമീ അകത്തളത്തില്‍ തനിച്ചിരുന്ന്

വനാന്തരത്തിലേക്കു മിഴി പറിക്കാന്‍,

പുറത്ത് മഴ നനഞ്ഞ്

അകം വരണ്ട ഭൂമിയാക്കി

കാത്തിരിക്കാന്‍

ഇനിയൊരു ഊര്‍മിളയാവാന്‍..

വയ്യ,

കാലം കഴിഞ്ഞിരിക്കുന്നു..



നീ എന്നില്‍ നിന്നകന്ന്

നേര്‍ത്ത ഹിമധൂളിയായി

നരച്ച ആകാശം നോക്കി മുകളിലേയ്ക്ക്..

ഞാനോ?

ഒരുവനാല്‍ അപഹരിക്കപ്പെട്ട്

നിന്നാല്‍ അപമാനിതയായി

പ്രതികാരത്തിന്റെ കനല്‍പ്പൂക്കളേന്തിയ

വരണമാല്യം തേടി കാട്ടിലേയ്ക്ക്..

പടരട്ടെ തീ,

നിന്നെരിയട്ടെ തീ.

നിന്നു കത്തട്ടെ ഞാനെന്ന സ്ത്രീ..

ഇനിയുമൊരു പതിനാറു

സംവത്സരങ്ങള്‍ കാത്തിരിക്കാം.

തീ പിടിച്ച ഹൃദയത്താല്‍,

ശരീരത്തെ പകരം കൊടുത്ത്

പുതിയൊരു ജന്മമെടുത്ത്

പകമുറ്റാം..



ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം

തേടിയവള്‍ പാത പിളര്‍ന്ന് താഴേയ്ക്ക്..

പെണ്ണിന്റെ ശരീരശാസ്ത്രം

പഠിപ്പിച്ചവള്‍ പുഴയിലലിഞ്ഞലിഞ്ഞ്....

അംബേ,

നീ മതി...

നിന്റെ ഹൃദയം മതി

എനിക്കു കടമെടുക്കാന്‍...







Sunday, December 25, 2011

മലയാളകവിതയുടെ പുതിയേടങ്ങൾ


ദാ
മലയാളത്തിൽ 
കവിതയുടെ
ഒരു പുതിയ പുസ്തകം

ബൂലോകകവിതയുടെ വാർഷികപ്പതിപ്പ്






Wednesday, December 14, 2011

അയ്യപ്പന്‍!





തെരുവിന് തിന്നാന്‍
കവിതയുടെ കയറുകൊണ്ട്
കെട്ടിയിട്ടൊരു
പെരുമരം
കണ്ടിരുന്നോ ?


കുമ്മായ വെളുപ്പില്‍
കരിക്കട്ട തിരഞ്ഞ് !


കല്ല്‌വീണ
കുളം പോലൊരുള്ള്
കണ്ടിരുന്നോ ?


വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു
ഹൃദയം !


ഉച്ചയ്ക്ക് തിന്നാന്‍ 
നിന്റെ മുറ്റത്ത്‌
പൊള്ളി വീണിരുന്നു-
കാറ്റ് പിടിച്ച
പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !


Friday, December 9, 2011

.........ഷാപ്പിലെ പൂച്ച...............

ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.
പനമ്പ് കൊണ്ട് തിരിച്ച അറകളിലെ
കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,
നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്
അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.

വകയിലെ പെങ്ങളേ പ്രാപിച്ചവന്റെ
വിലാപ സാഹിത്യത്തെ
സമാശ്വാസത്തിന്റെ പുറം തഴുകലുകൾ
സ്വയം ഭോഗമായി പരാവർത്തനം ചെയ്യുന്നത് കണ്ട്
അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്
അവയങ്ങനെ ചടഞ്ഞിരിക്കും.

വിലക്ഷണ ഹാസ്യത്തെ പതച്ചൊഴിച്ച-
പാനപാത്രം മുത്തി,
അഹം ഭാവത്തിന്റെ ആറ്റുമീൻ കറിയിൽ
വിരൽ മുക്കി നക്കി,
അപരനോടുള്ള പുച്ഛം അധോ വായുകൊണ്ട്
അടിവരയിടുന്നത് കണ്ട്
കണ്ണടയ്ക്കും..

അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ
ആഘോഷങ്ങൾ തെറിപാട്ടിന്
താളം പിടിക്കുമ്പോള്
വരട്ടിയ പോത്തിൻ കഷണം
വായ് വിട്ട് താഴെ വീണാലോ എന്ന്
പ്രതീക്ഷയോടെ കാത്തിരിക്കും.

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും.

Wednesday, November 23, 2011

മഞ്ഞുകാലം വന്നില്ലെന്നാരാണ് പറഞ്ഞത്?





ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട് 
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം 
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

മഞ്ഞു കട്ടകള്‍
വീണു കിടക്കുന്ന
വഴികളില്‍,
ഒഴിവിടം നോക്കി
വരി വരിയായി
നടന്നു നീങ്ങുന്ന
മനുഷ്യര്‍..
മഞ്ഞു പോലുറഞ്ഞ മൌനം.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞുകാലം വന്നില്ലെന്നാരാണ് പറഞ്ഞത്?


ചിത്രം കടപ്പാട്: http://free-extras.com

Thursday, October 20, 2011

തിരികെ !



ഇന്നലെ മുഴുവന്‍ പനിച്ചു കിടന്നു
ജ്വരം തിന്ന ഒരു തലച്ചോറ്
പുതയ്ക്കാന്‍ കംബിളിയില്ലാതെ
നിന്റെ ഗന്ധമില്ലാതെ
കാലുകള്‍ക്കും കയ്യുകള്‍ക്കും
ചലനശേഷിയില്ലാതെ
നിവര്‍ന്നു നിര്‍ജീവം കിടക്കുമ്പോള്‍
ഓര്‍മയില്‍ അരുകിലിരുന്നു
ആത്മാവിന്റെ പുസ്തകം
വായിക്കുന്നത് ആരാണ് ?
ചോരച്ചുമ പൊന്തും കണ്ഠത്തില്‍
സ്നേഹത്തിന്റെ തൈലമിറ്റിച്ചതാരാണ് ?
വെള്ളരിപ്പൂംപ്രാവായി വന്നു
നിലാവിന്റെ ഗാനം കുറുകിയതാരാണ് ?
അവ്യക്തമായ ഓര്‍മകള്‍ക്കുമേല്‍
ഒരു ഹിംസ്ര മൃഗത്തിന്‍ രശനയില്‍ നിന്നും
നിണം തൂകി എന്റെ സ്വപ്നത്തെ
ചുവപ്പിച്ചു , ഒടുവില്‍
രക്തപങ്കിലം എന്റെ ദേഹിയെ
ഒരു തെമ്മാടിക്കുഴിയിലേക്ക്
വലിച്ചെറിഞ്ഞതെന്തിനാണ് ?
എനിക്ക് ജീവനില്‍ വലിയ കൊതിയാണ്
നിനക്ക് മുന്നില്‍ പറക്കാന്‍ ,
ഒരു വഴികാട്ടിയായി !
ഈ പനി ഒന്ന് മാറട്ടെ,
അത് വരെ ഒന്ന് ക്ഷമിക്കൂ
ഞാന്‍ എന്റെ ഓര്‍മകളിലേക്ക് തരിച്ചു വരും
അത് വരെ അതുവരെ മാത്രം !

Monday, October 17, 2011

പ്രണയത്തിനറിയില്ലല്ലോ അവര്‍ മരിച്ചതാണെന്ന്

ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം

സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക്‌ വരുന്നതാകും

ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും

പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും

ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്

Sunday, September 4, 2011

ഒറ്റയ്ക്ക്

"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ
തോരൻ വച്ചതുണ്ട്...
ആല്പ്സിീന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും…
നീ വരുന്നുണ്ടോ?”

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയര്പോയര്ട്ട് -> റോള ബസ്സിലെ വിയര്പ്പി ൽ
ഏങ്കോണിച്ച് നിന്നു.

ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാര്ഡാെയി മറ്റൊരാൾ
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോരണായി ഒരുവൾ
ഇടിഞ്ഞ ഉടല്വറടിവിനെ ജീന്സ്ണ അണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുചറികളുമായി
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന്‍ സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാര്ദ്ധ ക്യം.
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോര്ക്കുപ്പെട്ട കൌമാരം.
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച്
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീര്ത്താ നീലബലൂൺ മാതിരി
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്.
നര്മ്മിദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി
ഇടറിയിടറി ഒരു ഹൃദയതാളം.
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട്
പന്തമെരിയിക്കുന്ന നട്ടുച്ച.
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ
കാര്ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.


ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം.
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം.
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.

എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...!
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു.
കടം കൊണ്ട സൂര്യ വെളിച്ചം
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.

ഇല്ല, കൂട്ടുകാരാ...
ഞാന്‍ വരുന്നില്ല.
ഒരിക്കല്ക്കൂടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ .
ആത്മാവിന്റെ കടുംകയ്പുള്ള പാവയ്ക്ക
സഹജ മൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ
എനിക്ക് നീന്താനിറങ്ങണം...
ഇവര്ക്കെല്ലാമൊപ്പം...
ഒറ്റയ്ക്ക്.

((()))

Tuesday, August 23, 2011

പറുദീസാനഷ്ടം

മുങ്ങി പൊങ്ങാന്‍

ആഴമേതുമില്ലാത്ത

തെളിനീരരുവി



വിശപ്പാറാന്‍

വിരല്‍ നീട്ടി പൊട്ടിക്കാവുന്ന

തുടുത്ത പഴങ്ങള്‍.



ശാപവാക്കുകളെ പോലും

പ്രതിഫലിപ്പിക്കാത്ത

പര്‍വ്വത ചെരിവുകള്‍.



ഏകാന്തതയില്‍ കല്ലെറിഞ്ഞു കളിക്കാന്‍

ഓളമുയര്‍ത്താത്ത

കൊച്ചു നീര്‍മിഴിപോയ്ക.



ആലസ്യത്തോടെ തലചായ്ക്കാന്‍

മാടി വിളിക്കുന്ന

പൂ മടിത്തട്ട്.



ഉന്മാദത്തിന്റെ ഉയരങ്ങളിലെത്താന്‍

അകില്‍ പുകയേറ്റുണങ്ങിയ

അളകക്കൊടികള്‍.



പൌര്‍ണ്ണമിരാവില്‍

മനസ്സിനൊപ്പം അലയടിച്ചേറി,

അണച്ചൊതുങ്ങുന്ന ആഴിപ്പരപ്പ്.



അനേകമെണ്ണം നേടിയിട്ടു

തന്നെയാണ് നീ

ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.

അരികിലെത്തുന്ന ദൂരങ്ങള്‍..


രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!

മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട് ‍
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച‍
തൊട്ടടുത്തെന്ന പോലെ !

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!

മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!

പഴമയുടെ മുറ്റത്ത്‌
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!

Sunday, August 21, 2011

..ബാലികേറാ മല....



ബില്ലെടുത്തു കുലച്ച മഹാരഥാ
നിന്റെ ഞാണൊലി കേട്ട്
പീലി നീർത്തുന്നു കാവി മയിലുകൾ
ചുവപ്പ് കണ്ണിലാവാഹിച്ച ചെമ്പോത്തുകൾ
നിനക്ക് ജയ് വിളിക്കുന്നു..
തിന്നു ചീർത്ത മുണ്ടൻ താറാവുകൾ നിന്റെ
പിറകേ വരി വയ്ക്കുന്നു..
മൂവർണ്ണത്തിൽ പാറി നടന്ന,
ചാടു വാക്കുകൾ പാടിനടന്ന,
പൈങ്കിളികൾ മാത്രം മാത്രം
എന്തോ കണ്ട് ഭയന്നപോൽ
ഉറക്കെ ചിലയ്ക്കുന്നു....
എയ്തു വീഴ്ത്തു മത്രേ നീ
ബാലിയേ ലോകപാലകാസ്ത്രത്തിനാൽ...:)
സുഗ്രീവന്റെ ഒപ്പന്തത്തിന്റെ
ഒളിദൃശ്യങ്ങൾ കണ്ട്..
ഉന്നം നോക്കി നീ ഒളിച്ചിരിക്കുന്ന
മരത്തിന്റെ ചില്ലയിൽ ഒന്നും മിണ്ടാതെ
ഒരു മൂങ്ങയിരിപ്പുണ്ട്
സത്യത്തിന്റെ തീവെട്ടി തിളക്ക മുള്ള
ഒരു വെള്ളിമൂങ്ങ...

.......അപ്പച്ചി.........

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

Thursday, August 18, 2011

..അപ്പച്ചി...

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

Wednesday, August 17, 2011

ഒരു കര്‍ഷകന്‍റെ യാത്ര

ഇ പാതിരാ നിലാ ശോഭയില്‍
ഞാനീ വരമ്പത്തുലാത്തുന്നു
ഇവിടെ പ്രതിധ്വനിക്കും
ആത്മ രോദനങ്ങള്‍
കേള്‍ക്കുന്നുവോ നിങ്ങളെന്‍
പിതാ മഹന്മാരുടെ

കരിനുകവും മണ്‍ വെട്ടിയാല്‍
കട്ട നിരപ്പാക്കിയുമുഴുതു മറിച്ച്‌
ഞാറ്റു പാട്ടീണത്തില്‍
ആര്യനും കുട്ടുമുണ്ടനും വിതച്ച്‌
ഏത്തകൊട്ടയാല്‍ ജീവ ജലം തേവി
മേടത്തില്‍ പറിച്ച്‌നട്ട്‌
മിഥുനത്തില്‍ വിളഞ്ഞ്‌
കന്നിയില്‍ കൊയ്ത്‌..
വിരിപ്പനും മുണ്ടകനും
പുഞ്ചയുമായി പത്തായം സമൃദ്ധം

ഇന്നെന്‍ കര്‍മ്മഭൂമിക്കതിരുകള്‍.
ചുറ്റിലും കൊണ്‍ക്രീറ്റ്‌ സൌധങ്ങള്‍
ഞാന്‍ ഏകനായ്‌ ഭ്രഷ്ടനായ്‌
ചുറ്റിലും ആസക്തി മുര്‍ത്തികള്‍.
ഇനി വയ്യ..,
യാത്രയായീടണം
ഇ പാതിരാവിന്‍
നിലാവിപ്പോള്‍ മായും
കാണുന്നുവോ നിങ്ങളാ
കരി മേഘ കൂട്ടങ്ങളെ
യാത്രയാകുന്നു ഞാന്‍ സോദരരെ
കൊണ്ടു പോകാനെന്‍ പ്രിയരെത്തി
തിമിര്‍ക്കും പേമാരിയും
മിന്നലിന്‍ ഇടി മുഴക്കവും

Tuesday, July 12, 2011

‎....പെയ്ത്ത്....

എന്തായിരുന്നു തകർപ്പും തിമിർപ്പും
വഴികാണിക്കാൻ ചൂട്ടുവെളിച്ചം
വരവറിയിക്കാൻ പെരുമ്പറ മുഴക്കം
ഏഴു നിറത്തിൽ പരവതാനി
കാറ്റിന്റെ പാട്ട്, മരങ്ങളുടെ കൂത്ത്
എന്നിട്ടിപ്പോ മുറ്റത്ത് തളം കെട്ടി കിടക്കുന്നു
ത്ഫൂ.......

Saturday, June 25, 2011

വെറും കഥ

അവള്‍ പറയുന്നു,  
അശുദ്ധിയുടെ മുദ്ര
ആലേഖനം ചെയ്ത്
അവള്‍ ഒഴുക്കാതിരുന്ന
ചോരയാണവനെന്ന്!
 
അവന്‍ പറയുന്നു,
ആറാം നാള്‍
ഭൂലോകത്തിന് ദാനം
കൊടുത്ത അവന്റെ
വാരിയെല്ലാണവളെന്ന്!
 
ചോരയില്‍
ജീവന്‍ നിറച്ചത്  
ഒറ്റക്കല്ലെന്ന്
ശാസ്ത്രം!
 
ഊരിമാറ്റിയ  
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന് 
ദൈവവും!  
 
കഥ ഒന്ന്,
പതിപ്പുകള്‍ പലതെങ്കിലും!