Saturday, December 5, 2009

എന്റെ കാട്തേടി

കാട്ടിലേക്കിനിയെത്രദൂരമുണ്ടച്ഛാ ? എന്നുര-
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!

കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.

ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?

ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.

കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.

കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.

കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…

അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.

കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.

പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.

ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.

കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.

എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)

കടല്‍ സാക്ഷിയാകും

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക്‌ പോകാനായ്.

വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും.

തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും.

കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും.

വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും.

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും!
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും!
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും!
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും!

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

<>

Sunday, November 29, 2009

മുഖങ്ങൾ

(ഒറ്റക്കണ്ണൻ എന്ന മൂന്ന് വരിക്കവിതയില്‍ എന്തായിരുന്നു എന്റെ ഒറ്റക്കണ്ണ് കണ്ടെത് എന്ന് ഇവിടെ പറയുന്നു)

എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!

മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,

ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!

തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്‌വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!

നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!

അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,

അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും

07-01-1992