Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Tuesday, July 17, 2012

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..

Thursday, June 21, 2012

രണ്ടു കവിതകള്‍


കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************

Tuesday, January 17, 2012

കലണ്ടര്‍ (കവിത )


കാലത്തെ കരുതിയിരിക്കുന്നവര്‍
കലണ്ടറിനെ പരിപാലിക്കുന്നവരാകണം 

അതിന്‍റെ
ഇടതുഭാഗത്ത്
ഇന്നലെകളില്‍ ഉപേക്ഷിച്ചതും,
വലതു ഭാഗത്ത്
നാളെയുടെ ഈടുവെപ്പുകളുടെയും 
സംഗ്രഹിച്ചത് 
ഇന്നിന്റെ പ്രതലത്തില്‍ ചവിട്ടിനിന്ന്
വെറുതെ മറിച്ചുനോക്കാം

ഓരോചരിത്രസ്മാരകങ്ങളിലും   
എരിഞ്ഞടങ്ങിയവരുടെ
കണക്കുകള്‍ സൂക്ഷിക്കുന്നതുപോലെ
തീപ്പെട്ട്  പോകാനിരിക്കുന്നവരുടെ 
കണക്കുകള്‍ അടയാളപ്പെടുത്തുന്നതും
 കിറുകൃത്യമായിരിക്കും.

യുഗയുഗാന്തരങ്ങളായി
തുഴയെറിഞ്ഞു തുഴഞ്ഞുപോയവരുടെ
പങ്കായത്തിനു കുറുകെ മാത്രം
ചില ചുവന്ന അടിവരകള്‍
അങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടാവും

ചരിത്രത്തിന്റെ  പിന്നാമ്പുറങ്ങളിലേക്ക്
തേഞ്ഞുതീര്‍ന്നുപോയ
ജീവിതത്താളുകള്‍
എത്രമാത്രം കത്രിച്ചു കളഞ്ഞാലും 
ഒരു ഓര്‍മ്മപ്പെടുത്തലായി 
വലിയ അക്കങ്ങളില്‍ കറുപ്പിച്ചു നിര്‍ത്തും .

നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി
കാലം കൊഴിയുമ്പോള്‍
മുല്ലപൂവ് വിരിയിച്ച വിപ്ലവ-
വസന്തങ്ങളുടെ ചുവരെഴുത്തുകള്‍  പോലെ
പോയവര്‍ഷത്തിലെ  കലണ്ടറില്‍ ബാക്കിയാവുന്ന
ശൂന്യമായ കളങ്ങളില്‍
ഇനി  ചരിത്രം എഴുതി ചേര്‍ക്കേണ്ടത്
ആരെന്ന ചോദ്യമാണ് ?

Sunday, August 21, 2011

..ബാലികേറാ മല....



ബില്ലെടുത്തു കുലച്ച മഹാരഥാ
നിന്റെ ഞാണൊലി കേട്ട്
പീലി നീർത്തുന്നു കാവി മയിലുകൾ
ചുവപ്പ് കണ്ണിലാവാഹിച്ച ചെമ്പോത്തുകൾ
നിനക്ക് ജയ് വിളിക്കുന്നു..
തിന്നു ചീർത്ത മുണ്ടൻ താറാവുകൾ നിന്റെ
പിറകേ വരി വയ്ക്കുന്നു..
മൂവർണ്ണത്തിൽ പാറി നടന്ന,
ചാടു വാക്കുകൾ പാടിനടന്ന,
പൈങ്കിളികൾ മാത്രം മാത്രം
എന്തോ കണ്ട് ഭയന്നപോൽ
ഉറക്കെ ചിലയ്ക്കുന്നു....
എയ്തു വീഴ്ത്തു മത്രേ നീ
ബാലിയേ ലോകപാലകാസ്ത്രത്തിനാൽ...:)
സുഗ്രീവന്റെ ഒപ്പന്തത്തിന്റെ
ഒളിദൃശ്യങ്ങൾ കണ്ട്..
ഉന്നം നോക്കി നീ ഒളിച്ചിരിക്കുന്ന
മരത്തിന്റെ ചില്ലയിൽ ഒന്നും മിണ്ടാതെ
ഒരു മൂങ്ങയിരിപ്പുണ്ട്
സത്യത്തിന്റെ തീവെട്ടി തിളക്ക മുള്ള
ഒരു വെള്ളിമൂങ്ങ...

.......അപ്പച്ചി.........

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

Monday, December 20, 2010

ദൂരം

രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം !
അതോ..
മരണത്തില്‍ നിന്നു
ജനനത്തിലേക്കുള്ള ദൂരമോ ?
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരം !
അതോ..
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരമോ ?
രാവിനും പകലിനും !!
ജനനത്തിനും മരണത്തിനും !!
എനിക്കും നിനക്കുമിടയില്‍ !!
എപ്പോഴോ
 
സ്വപ്നങ്ങളില്‍  നിന്നു ജീവിതത്തിലേക്കുള്ള ദൂരം.. 

ഞാന്‍ അറിയാതെ പോയി !!!