Saturday, April 23, 2011

"കാവാരേഖ?" ഒരു വായന

"കലയെന്നുകേട്ടാലിന്നു / കലിയിളകും എങ്കിലും, / കവിതയ്ക്കൊരു പ്രണയം / കരുതിയിട്ടുണ്ട് ഞാനും / കണ്ടാൽകൊടുക്കണം"

കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ?' എന്ന കവിതാസമാഹാരത്തിലെ
എൻ.എം.സുജീഷിന്റെ, 'കലാസ്നേഹി'യിലെ കലയും കവിതയും രൂപവ്യതിയാനങ്ങളിലൂടെ എന്റെ മുന്നിൽ കിടക്കുന്നു....
'കല' യെയും 'കവിത'യെയും സ്നേഹിച്ചിരുന്ന ആദികാലത്തിന്റെ ചൊരുക്കുകളെക്കുറിച്ചുള്ള പതമ്പറച്ചിനിടയിൽ, വെറ്റിലച്ചോപ്പിന്റെ നീരിലൂടെ മുത്തശ്ശി പഴമ്പാട്ടുകൾ പാടാറുണ്ട്...
ഞാറ്റുപെണ്ണുങ്ങളെ തോല്പ്പിക്കുന്ന കൊയ്ത്തുപാട്ടുകൾ പാടാറുണ്ട്......
കൊയ്ത്തു പാടം താണ്ടി പുള്ളോംകുടവും ചുമന്ന് കോലായിലിരുന്നു ദാഹമകറ്റി താളത്തിൽ പാടുന്ന
പുള്ളോം പാട്ടിന്റെ മൺകലമുഴക്കത്തിനൊപ്പം ചുണ്ടിളക്കാറുണ്ടായിരുന്നു ഒരു ആദിമവർഗ്ഗം!!!!
ഇന്ന്, ഈ കാലത്തും, ഞാൻ കവിതയെ സ്നേഹിച്ചു....!

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവൾ ഡിഗ്രിയ്ക്ക് മറ്റൊരു കോളേജിൽ ചേർന്നു...
ഞാനും, എനിക്കു വേറെ സെറ്റപ്പ്... അവൾക്ക് വേറെയും...
കലയെ സ്നേഹിച്ച സുജീഷിന്റെ സുഹൃത്ത് ഒരു നാൾ അവളെ സ്നേഹക്കൂടുതൽ കൊണ്ടാകണം..
പീഡിപ്പിച്ചു കൊന്നുവത്രേ...

"കാലനെടുത്തത്രേ കലയെ/
കൊലക്കയറവനെയും/"

സ്നേഹിക്കാനും ആവർത്തിച്ച് ഭോഗിക്കാനും
ശ്വാസം മുട്ടിച്ച് സ്നേഹക്കൂടുതൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാനും...
ഒടുവിൽ കൊലക്കയറിലേയ്ക്ക് നടക്കാനും..
നമ്മുടെ യുവത പ്രാപ്തമായി...
പണം കിട്ടുന്ന ഒരു പാടു ജോലികൾ ചെയ്യാൻ കഴിയുന്നു, പുതിയ കാലത്തിലെ യാന്ത്രിക യൗവനങ്ങൾക്ക്...
അതിർത്തി വഴി നുഴഞ്ഞുകയറാം...
മനുഷ്യക്കടത്തിന്റെ ഇടനിലക്കാരനായി കോടികൾ സമ്പാദിക്കാം...
നാലാളു കൂടുന്നിടത്ത് ബോംബ് പൊട്ടിച്ച് വിദേശ പണം പറ്റാം....
ആയിരം രൂപ കൊടുത്ത് രണ്ടായിരം രൂപയുടെ കള്ള നോട്ട് വാങ്ങി ചിലവാക്കാം..
മണലു വാരി ലോഡ് ചെയ്യാം...
മണ്ണിടിയ്ക്കാം...
നികത്താം...
റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യാം...
എന്തിനു സ്വന്തമായി സ്മാർട്ട് സിറ്റി വരെ തുടങ്ങാം....
ഓരോ രാത്രിയിലും ജോലികഴിഞ്ഞാൽ
കലയുടെയും കവിതയുടെയും കൂടെക്കിടന്ന്
രാവിലെ സംതിങ്ങ് കൊടുത്ത് പറഞ്ഞു വിടാം...
ഇടത്താവളങ്ങളിൽ വച്ച് ഭാവനയെ ആവാഹിക്കാം....
ഇതൊന്നുമല്ലെങ്കിൽ മറ്റു പല വഴികളുമുണ്ട്...
സ്വന്തമായി മൊബൈൽ ഫോണിലൂടെ നീലച്ചിത്രങ്ങൾ നിർമ്മിക്കാം...
വീഡിയോ ക്ളിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യാം..
വിതരണം ചെയ്യാം....
വില പേശാം....

പണവും ആസ്വാദനവും ലഹരിയും കിട്ടുന്ന പുതുയുഗത്തിന്റെ ലഹരിപർവ്വങ്ങൾക്കിടയിൽ
ഇപ്പോഴും ഒരു വിഭാഗം അക്ഷരങ്ങളിലൂടെയും വായനയിലൂടെയും സൗഹൃദത്തിലൂടെയും കൂട്ടായ്മയിലൂടെയും ദൈവദൂതന്മാരാകുന്നു...
അവർ സ്വന്തമായി കൂട്ടായ്മകളുണ്ടാക്കുന്നു..
ഒത്തു ചേരുന്നു..

നേരിൽ ചേരാൻ കഴിയാത്തവർ സൈബർ കവലകൾ നിർമ്മിക്കുന്നു,
അവിടെ ചർച്ചകൾ വരുന്നു സ്നേഹം വളരുന്നു......
തിരുത്തലുകൾ വരുന്നു….
ആത്മബന്ധം വളരുന്നു...

പുതിയകാലത്തിന്റെ ഭോഗാസക്തമായ നാൽക്കവലകളെ,
എസ് കലേഷ് തന്റെ 'പണ്ടോരു പെണ്ണുകുട്ടി' എന്ന് കവിതയിലൂടെ വരച്ചു വെയ്ക്കുന്നുണ്ട്...
അതിപ്രകാരമാണ്‌...

"പണ്ടൊരു പെണ്ണുകുട്ടി
സ്കൂൾ നാട്കത്തിൽ കെട്ടിയ
നാടോടി നർത്തകിയുടെ വേഷം അഴിച്ചു വെയ്ക്കാതെ
വീട്ടില്യ്ക്കോടി.....

കവലകളാ പെണ്ണുകുട്ടിയെ
ഒരു കൈകൊണ്ട് ചൂണ്ടി
മറു കൈകൊണ്ട് വാ പൊത്തി ചിരിച്ചു
വളവുകൾക്കപ്പുറത്തേയ്ക്കാ പെണ്ണുകുട്ടിക്കും മുന്നേ
ചെറു ചിലങ്കകൾ മണികിലുക്കി,ക്കിലുങ്ങി നടന്നു
കുഞ്ഞുകാലുകൾ നൃത്തച്ചുവടു വെച്ചു
കൈകൾ പിഞ്ചുമുദ്രയായി..."

നാടോടി വേഷക്കാരിയായ പിഞ്ചു പതലിനെ ഭോഗിച്ചു തള്ളുന്ന അത്തരം കവലകളെയല്ല മറിച്ച്, മാതൃഭാഷയുടെ അമൃതു രുചിയറിഞ്ഞ് അതിജീവനത്തിന്റെ സമരമുഖത്തു നിന്നുള്ള ഇടവേളകളിൽ അക്ഷരങ്ങളിലൂടെ രമിച്ച് വായനയിലൂടെയും എഴുത്തിലൂടെയും നിർവ്റ്‌തി പൂകുന്ന അപൂർവ്വം ചിലരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
സൃഷ്ടിയുടെ തീക്ഷ്ണസുഖവും വായനയുടെ രസലഹരിയും അവർ അനുഭവിച്ചറിയുന്നു...
ഒരേ സമയം കരിങ്കാലത്തിന്റെ തീക്ഷണ ലാവയിലൂടെ കൈകാലുകളൊട്ടി കുതറാനാകാതെ ഒഴുകുകയും...
വിമുക്തമാകുന്ന ഇടവേളകളിൽ അക്ഷരങ്ങളിലേക്ക് ചിതറുകയും ചെയ്യുന്നു...

അത്തരമൊരു സാഹസത്തിന്റെ അക്ഷര, പുസ്തക രൂപമാണ്‌ 'കൃതി' ഒരുക്കിയ "കാവാരേഖ?" എന്ന കവിതാ സമാഹാരം...

ഓൺലൈൻ എഴുത്തിലൂടെ ലോകത്തിന്റെ വിവിധകോണുകളിലിരുന്നു അക്ഷരകേരളത്തിന്റെ ഗ്ളോബൽ പ്രതിനിധികളായി മാറുന്ന സൈബർ ലോകത്തിന്റെ എഴുത്തുകാരെ ഒരുമിപ്പിച്ച്, അവരുടെ അപ്രകാശിതമായ കവിതകൾ സമാഹരിച്ച്, അതിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപത്തഞ്ച് കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....


ചാനലുകളും സീരിയലുകളും റിയാലിറ്റി ഷോകളും എസ്.എം.എസ്സ് വോട്ടിംഗുകളും ഷെഡ്യൂൾ ചെയ്ത പുതിയ കാലത്തിന്റെ വീട്ടമ്മമാരുടെ സമയപ്പട്ടികയിൽ, എഴുത്തിനും വായനയ്ക്കും ഇടം മാറ്റിവയ്ക്കുന്ന ചെറുതെങ്കിലും ബൃഹത്തായ ഒരു വിഭാഗത്തെയും,
മുൻപ് സൂചിപ്പിച്ച കലിപ്പാർന്ന യൗവനത്തിന്റെ കടുംകാഴ്ചകളിൽ നിന്ന് അക്ഷരങ്ങളുടെ അതി വർണ്ണമില്ലാത്ത ലോകത്തിലേക്ക് കുടിയേറുന്ന യുവതയെയും
നമുക്കീ സമാഹാരത്തിൽ വായിക്കാൻ കഴിയുന്നു

"ബി പ്രാക്റ്റിക്കൽ എന്ന അവന്റേയും
ബി റൊമാന്റിക് എന്ന എന്റേയും
അലർച്ചകളിലലിയാറേയുള്ളൂ
ഞങളുടെ സായാഹ്നങ്ങൾ"

നീന ശബരീഷിന്റെ ‘ഹൈടെക് പച്ചപ്പിലെ സായാഹ്ന ചിത്രങൾ‘ എന്ന കവിതയിലെ മേൽ വരികളെപ്പോലെ വൈരുദ്ധ്യാത്മകമായ സൌഹൃദ/പ്രണയ/ദാമ്പത്യത്തിലെ വേറിട്ടു നിൽക്കുന്ന ഒറ്റപ്പെട്ട ദ്വീപുകളണ്‌ ഇന്നിന്റെ പ്രതിനിധികൾ...
സാമ്പത്തികമോ, സ്ഥാപിതമോ, അനിവാര്യമോ ആയ അധിനിവേശമാണ്‌ വിവാഹം, ബന്ധം, പ്രണയം, സൗഹൃദം എന്നൊക്കെ വന്യമായി നിർവ്വചിക്കുന്ന യുവത്വത്തിന്റെ കാലമാണിത്....

ഒറ്റമുറിയിലടയ്ക്കപ്പെട്ട വീട്ടമ്മമാരുടെ വന്യമായ ഏകാന്തതയിൽ ജാലകം തുറന്ന് കാല്പ്പനികമായ കാഴചകളിലേയ്ക്ക് പലപ്പോഴും അവർ കുന്നിൻ ചെരുവുകളിലേയ്ക്ക് സ്വയം മേയാൻ വിടുന്നു...

"മുന്നിലെ ജാലകത്തിലൂടെ എനിക്ക്
ദൂരെ മഞ്ഞു പെയ്യുന്ന മലനിരകൾ കാണാം
കാറ്റിൽ കൊമ്പു കോർക്കുന്ന കാറ്റാടികൾ കാണാം
പുൽത്തകിടിയിലൂടെ തുള്ളിയോടുന്ന
വരയാടുകളെ കാണാം..
പൂക്കാലത്തെ നീലക്കുറിഞ്ഞികൾ കാണാം...

അവനോ?

അക്കങ്ങൾ വെള്ളക്കടലാസ്സിൽ വെട്ടിയും
കുത്തിയും ഇരിപ്പുണ്ടാവും
അല്ലെങ്കിൽ ലാപ്ടോപ്പിന്റെ
ചത്ത സിരകളിലുടെന്തോ പരതി നടപ്പുണ്ടാവും
അവന്‌ കാഴ്ചകൾ നിരയൊത്ത
ആകാശ ഗോപുരങ്ങലാണ്‌...
ഭൂമിയുടെ ശിരസ്സിൽ നഖം താഴ്ത്തി
ആകാശത്തിന്റെ നെഞ്ചിലേയ്ക്ക്
തുളഞ്ഞു കയറുന്ന കണ്ണാടി മാളികകൾ"


ഈ വരികളിലെ ചിന്തകളിലൂടെ കടന്നു പോകാത്ത എത്ര സ്ത്രീകനവുകൾ ഉണ്ടാകും അടുക്കി വച്ച ഓരോ ആകാശഗോപുര വീടുകളിലും...?
കൂട്ടുകുടുംബങ്ങളിൽ നിന്നു കൂടുമാറി ഒറ്റമുറികളിലേയ്ക്ക് ചേക്കേറപ്പെട്ട ഒറ്റപ്പെട്ട, മുറിവേറ്റ പെൺപക്ഷികളുടെ ചിന്തകളാണ്‌ നീന ശബരീഷ് വരച്ചു വെയ്ക്കുന്നത്.....

"ജീവിതത്തിന്റെ അതിശൈത്യമേഖലയിൽനിന്നും
കാറ്റു വീശിക്കയറുമ്പോളെല്ലാം തടുത്ത്
നിർത്തണമെന്നുണ്ട്"

എന്ന് 'ചാന്ദ്നി ഗാനൻ' എന്ന കവിയിത്രി "കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരൽത്തണുപ്പുകൾ"
എന്ന കവിതയിലൂടെ പറഞ്ഞു വെയ്ക്കുന്നു...

"കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്
തൊലിയിലെ സൂചിപ്പഴുതുകൾ വരെ
പൂട്ടിവയ്ക്കണമെന്നുണ്ട്"

എന്ന വിലാപചിന്തയിലൂടെ കവിത അവസാനിക്കുമ്പോൾ അതിനകത്തെ ഉപ്പുനീർക്കയങ്ങളിൽ നിന്ന് ശാപക്കലമ്പലുകൾ ചുഴിയിട്ട് പൊങ്ങിപ്പറക്കുന്നുണ്ട്.....

'മൈ ഡ്രീംസ്' എന്ന കവി പ്രവാസത്തിന്റെ തപ്തഭൂമിയിലിരുന്ന് നാടും വീടും പ്രാണപ്രിയയും ചേർന്ന് പെയ്യുന്ന മഴ വിടാതെ നനഞ്ഞു കുതിർന്നുകൊണ്ടിരിക്കുന്നു...

"വിടപറഞ്ഞു പിരിയുന്ന
നിൻ കണ്ണേറോ വാക്കോ
വെടിയുണ്ടപോൽ
തൊലിയുരിഞ്ഞെൻ
നെഞ്ചിൻ കൂടിനകത്തേയ്ക്ക്
വഴുതി വീണമരുന്നതും കാത്ത്
ഞാനിങ്ങനെ മഴ നനയുന്നു"

എന്നു കവി പറയുന്നു..., ഒരു നൂല്പ്പട്ടത്തിൻ ചോലയിൽ
മറഞ്ഞിരിക്കണമെന്നും ഒരു രക്തബന്ധത്തിൻ ചൂടും ചൂരും നുകരണമെന്നും ആശിച്ച് വരും നാളെയുടെ നല്ല നിമിഷം വരെ ഓർമ്മകളുടെ മഴ നനയാൻ വിധിക്കപ്പെട്ട പ്രവാസത്തിന്റെ വ്യഥകളുണ്ടീ വരികളിൽ

സാമ്പ്രദായികവും ആധുനികോത്തരവും അമൂർത്തവും ആയ വ്യത്യസ്ഥമായ നിർമ്മാണഘടനകളിലൂടെ, വരികളുടെയും ഘടനകളുടെയും വ്യവസ്ഥാപിതമായ പിന്തുടർച്ചകളിലേയ്ക്ക് ഉൾവലിഞ്ഞ് സ്വയം നഷ്ടപ്പെടുത്താതെ, സ്വന്തം ശൈലി രൂപീകരിച്ച് വെല്ലുവിളികളോടെ എഴുതുന്നവരാണ്‌ ‘കാവാരേഖ?‘യിലെ എഴുത്തുകാരധികവും..
സ്വീകാര്യത എന്ന അഴകൊഴമ്പൻ ആകുലതകളില്ലാതെ തങ്ങളുടേതായ രീതിയിൽ കാവ്യമലയാളത്തിന്റെ ഘടനാ നിർമ്മിതികളുടെ പുത്തൻ രൂപാവിഷ്കാരങ്ങളുമായി.. ഒരു ഡസ്റ്റ് ബിന്നിനെയും പേടിക്കാതെ ഇവരെഴുതിക്കൊണ്ടിരിക്കുന്നു...

കാൽ നൂറ്റാണ്ടിനിപ്പുറം വന്ന മലയാള കവിതയുടെ അസൂയാവഹമായ വളർച്ചയുടെ വ്യത്യസ്ഥമായ ശില്പ്പികളാകുന്ന ഇവർ വരും നാളെയുടെ കാവ്യലോകത്തിന്‌ പുത്തൻ പകർച്ചകൾ നൽകും എന്ന് ഈ വരികളിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് നിസ്സംശയ്ം അഭിമാനിക്കാം....


"ഒന്നിനും പ്രതികരിക്കാതെ നിൽക്കുന്നത്
ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ
സന്തതികൾ മാത്രമല്ല;
പത്തു മാസം ചുവന്നു നൊന്തു പെറ്റവയും
പക്ഷികൾ ചേക്കേറാത്ത പ്രതിമകൾ ആകാറുണ്ട്
പല അവസരത്തിലും"


നിഷ്ക്രിയ യൗവനത്തിന്റെ പ്രതികരണശേഷിയില്ലാത്ത ആലസ്യത്തെ പ്രതിമ എന്ന കവിതയിലൂടെ ഉമേഷ് പിലിക്കോട് വരച്ചു കാട്ടുന്നു.

ഇരുപത്തോഞ്ചോളം കവികളുടെ വ്യത്യസ്ഥമായ രചനാ/ഘടനാ വൈവിദ്ധ്യത്തിന്റെ അൽഭുതസഞ്ചയമാണ്‌ ‘കാവാരേഖ?‘ എന്നു പറയുന്നതിൽ അതിശയോക്തിയില്ല, പ്രതീക്ഷിച്ചു വായിച്ച ചില പ്രിയ കവികളുടെ കവിതകൾ നിരാശപ്പെടുത്തിയത് അമിതപ്രതീക്ഷകൾ വെച്ചു പുലർത്തിയതുകൊണ്ടാവാം….

ഗവർണ്മെന്റ് സർവ്വീസിൽ നിന്നും പിരിഞ്ഞതിനു ശേഷം വിശ്രമജീവിതം
ബ്ലോഗിലൂടെയും കവിതയിലൂടെയും വായനയിലൂടെയും ദീപ്തമാക്കുന്നവർ മുതൽ
ഇങ്ങേയറ്റം എട്ടാം ക്ളാസ്സ് വിദ്ധ്യാർത്ഥിനിയായ 'നീസ വെള്ളൂർ' വരെ "പ്രേതം" എന്ന കവിതയിലൂടെ, കാവാരേഖയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമാണ്‌!

ഓരോ വായനയിലൂടെയും നമ്മൾ പുതിയ ജാലകം തുറന്ന്
വരയാടുകൾ മേയുന്ന പുൽത്തകിടികളും, മണ്ണിൽ നഖമമർത്തി നിവർന്നു നിൽക്കുന്ന അംബരചുംബികാളുടെ അൽഭുതഘടകളും കണ്ട് സംതൃപ്തമാകുന്നു...

“വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല“

ഡോണമയൂരയുടെ 'ഋതുമാപിനികളി'ലെ വരികളിൽ പറഞ്ഞപോലെ
നമുക്കീ ഉണങ്ങാത്ത കവിതയുടെ മുറിവുകളിൽ ദാഹാർത്ഥരായ വേനലുകളായി തന്നെ മുറിഞ്ഞുകൊണ്ടിരിക്കാം…
വസന്തംകൊണ്ടുണക്കാതെ…
യാഥാർത്ഥ്യത്തിന്റെ വേനൽ മുറിവുകൾ കവിതകളായി പിളർന്നുകൊണ്ടേയിരിക്കട്ടെ….

കാവാരേഖയിലെ കവികൾ
ഡോണ മയൂര
ശശികുമാര്‍ .ടി.കെ
എസ്.കലേഷ്
പ്രസന്ന ആര്യന്‍ (പ്രയാണ്‍)
മുകില്‍
ദിലീപ് നായര്‍ (മത്താപ്പ്)
ഗീത രാജന്‍
ഹന്‍ലല്ലത്ത്
നീന ശബരീഷ്
ചാന്ദ്നി ഗാനന്‍ (ചന്ദ്രകാന്തം)
മൈ ഡ്രീംസ്
ഉമേഷ് പിലീക്കോട്
മുംസി
ജയ്നി
നീസ വെള്ളൂര്‍
എന്‍.എം.സുജീഷ്
രാജീവ് .ആര്‍ (മിഴിയോരം)
വീണ സിജീഷ്
ഷൈന്‍ കുമാര്‍ (ഷൈന്‍ കൃഷ്ണ)
ഉസ്മാന്‍ പള്ളിക്കരയില്‍
അരുണ്‍ ശങ്കര്‍ (അരുണ്‍ ഇലക്ട്ര)
ഖാദര്‍ പട്ടേപ്പാടം
ജയിംസ് സണ്ണി പാറ്റൂര്‍
യൂസഫ്പ
രണ്‍ജിത് ചെമ്മാട്

തനി നിറം

മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?
ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."

മാര്‍വാഡി പെണ്ണിന്റെ കനത്ത
നിതംബം മറക്കുന്ന
പൂക്കളുള്ള ജട്ടിയുടെ റോസ്‌ നിറമോ ,
വാക്ടിയുടെ മെലിഞ്ഞ അരകെട്ടില്‍
പറ്റി കിടക്കുന്ന തുള വീണ ജട്ടിയുടെ
നരച്ച നിറമോ ?
പാര്‍ക്കിലെ ബഞ്ചില്‍,
പരിസരം മറന്നിരിക്കുന്ന പാര്‍സി പെണ്ണിന്റെ
നീല ജീന്‍സില്‍ നിന്നും എത്തി നോക്കുന്ന
വലപോലുള്ള ജട്ടിയുടെ
ആകാശ നീലയോ ?
അതോ ഇതൊന്നുമല്ലയോ?

മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...
"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..
പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !