കാടിറങ്ങിയ ആദിവാസിയെപ്പോലെ
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.
തകർക്കപ്പെട്ട പ്രതിരോധത്തിന്റെ
അവസാന പന്തവും കെടുത്തി
പകൽനക്ഷത്രം വിടപറയുന്നുണ്ട്.
മഴയെ തോറ്റിയുണർത്തുന്ന
മന്ത്രവാദിപ്പക്ഷിയുടെ ഉച്ചാരണബദ്ധമായ
ക്ഷുദ്രാക്ഷരങ്ങളിൽ ആരോ പ്രാകുന്നുണ്ട്.
പള്ളിക്കൂട വഴിയിൽ പല്ലാങ്കുഴിച്ചന്തം
രുചികൾ മധുരം വർണ്ണം രുധിരം
ഒളിച്ചിരിക്കുന്ന പന്തയപ്പേശുകളിൽ
ലഹരിപ്പാട്ടുകൾ കിനിഞ്ഞു പെയ്യുന്നുണ്ട്.
പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.
മത്ത നട്ടപ്പോൽ മുളച്ച കുമ്പളം
ചീര നട്ടപ്പോൾ തളിർത്ത ചൊറിതനം
വെണ്ടയ്ക്ക് വഴുതന
പാവലിന് പടവലം
നെല്ലിന് പുല്ല്… ഒടുവിൽ
തേങ്ങയ്ക്ക് ചുരയ്ക്കയും!
അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.
കിഴക്കൻ ചുരമിരങ്ങി ലോറികൾ
ഉച്ചിഷ്ടജീവിതത്തിന്റെ ജാതകവും
മരണച്ചുട്ടി കുത്തിയ ഉടൽപ്പെരുമയുമായി
ഞരങ്ങിഞരങ്ങി നാലുകാലിൽ വരുന്നുണ്ട്.
ഇതൊക്കെ ഇന്നത്തെ ഹെഡ്ലൈൻസ്.
കൊഴുപ്പുള്ള ദൃശ്യങ്ങൾ വരുന്നതേയുള്ളു
ദയവായി ഞങ്ങൾക്കൊപ്പം തുടരുക.