Friday, April 3, 2009

ഭ്രാന്തി......

ഭ്രാന്തി......
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
അവളോ...
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഊളിയിട്ടു ..
കക്ക വാരി ....കണ്ണീരൊഴിച്ചു ...
മനസ്സിലിട്ടു നീറ്റി...
അഴുക്കു പിടിച്ച ചുവരുകള്‍....
വെള്ള പൂശി......

നമ്മള്‍ വഴിപോക്കര്‍ ...
അത് ചുണ്ണാബ്ആക്കി .....
മുറുക്കി ചുവപ്പിച്ച് ....
ആ ചുവരില്‍ നീട്ടിത്തുപ്പി....
ആര്‍ത്തു വിളിച്ചു...ഭ്രാന്തി....

ആരവങ്ങള്‍ക്കൊടുവില്‍ .........
ഇരുളിന്‍റെ മറവില്‍.....
ഭ്രാന്തിനു വിലപേശി.....
കച്ചവട മുറപ്പിച്ചവര്‍.....
ആ ചുവരുകളില്‍ കോറി വരച്ചു..

ഒരുപിടി കക്കക്കായി....
അവളിപ്പോള്‍...
ഉദരത്തില്‍ പുതു ജീവനുമായി.....
തെരുവിലലയുന്നു.....
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...

ഗോപി വെട്ടിക്കാട്ട്...

നൊമ്പരങ്ങള്‍ അഥവാ നിലവിളികള്‍

മഴ പെയ്യുന്നത് കാത്തിരുന്ന കവിത
വേനല്‍ ചൂടില്‍ വരണ്ടുണങ്ങിയത്
പറയാന്‍ പുതിയ വിശേഷം .

വിയര്‍ക്കുന്ന കൊടും ചൂടില്‍
വരണ്ട തൊണ്ട പിളര്‍ന്നത്
ജലമറ്റ നിലവിളിക്ക് !

പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക് .

ആദ്യവും അന്ത്യവും ആലയില്‍ വെന്ത
കാരിരുമ്പിന്‍റെ ജീവന്‍ .
വികാരം,പൊള്ളുന്ന പകലിന്‍റെ പക.

പുരാതനവും നവീനവും
എന്തിനേറെ നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍

ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുക്കാറ്റ് നിലക്കുമ്പോള്‍ മാത്രം .

Monday, March 30, 2009

ആര്‍ക്കും ആരെയും ..

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.

തൊടിയിലെ പാഴ്ചെടിയില്‍
വിടൊര്‍ന്നൊരു പൂവിനെ...
കാറ്റത്തടര്‍ന്ന കൂട്ടിലെ
തെറിച്ചു വീണൊരു
കിളിക്കുഞ്ഞിനെ...
തെരുവിലലയുന്നൊരു
അനാഥ ബാല്യത്തെ...

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.

മഴുവേറ്റ് വീണൊരു
വന്‍ മരത്തെ...
വറ്റി വരണ്ടൊരു
മണല്‍ പുഴയെ...
മണ്ണെടുത്ത് വീഴാറായൊരു
മൊട്ടക്കുന്നിനെ...
തരിശു കിടക്കുന്ന
പുഞ്ചപ്പാടത്തെ...

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.

വഴിയില്‍ ചിതറിത്തെറിച്ച
ചോരപ്പൂക്കളെ...
ആര്‍ത്തലച്ചൊഴുകുന്ന
കണ്ണുനീര്‍പ്പുഴയെ...
തലയെണ്ണിക്കാത്തിരിക്കും
കഴുകന്‍ കണ്ണുകളെ...

ആര്‍ക്കും ആരെയും....
---------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

ഞാനൊരു മലയാളി

(ഹൃദയതാളം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ...ഓര്‍ക്കൂട്ടിലും)

വിശപ്പകറ്റാനൊരു വിഷക്കായെങ്കിലും തരൂ
നിങ്ങളെനിക്കൊരു വിഷക്കായെങ്കിലും തരൂ
ഇല്ലെന്റെ പാടത്തും പറമ്പിലുമതി -
നെനിക്കില്ലിന്നു പാടവും പറമ്പും.

പാടം കുഴിച്ചു കുഴച്ചു ചുട്ടെടുത്തും
കുന്നുകളിടിച്ചു കുളങ്ങള്‍ നികത്തിയും
കൊട്ടാരങ്ങള്‍ കെട്ടിയുയര്‍ത്തിയപ്പോഴോന്നും
മറന്നതല്ലക്കാര്യം , നടുവേ ഓടി
ഞാനൊരു മലയാളിയെന്നു തെളിയിക്കാനായി
നടത്തിയോരു പാഴ് വേലകള്‍ മാത്രം.

മുറ്റത്തെ മുല്ലയുടെയും തൂശനിലയുടെയും
ആറ്റിലെ മീനിന്റെയും
ആരോഗ്യപ്പച്ചയുടെയും
കുത്തകാവകാശം പാശ്ചാത്യനു
തീറെഴുതി കൊടുത്തിട്ടു
വിശ്രമിച്ച ഞാനൊരു മലയാളി …
ഇല്ലാക്കഥകളിലൂടെ ഇന്നലെകള്‍
ഗൃഹാതുരത്വം അയവിറക്കാനായി
കുപ്പിയില്‍ സൂക്ഷിച്ച
ഞാനൊരു മലയാളി ...

ചൂടു കൊതിച്ചടുപ്പുകള്‍ പുകക്കുഴലുകളെ
നോക്കി കണ്ണീര്‍ വാര്‍ക്കുന്നു .
ജഠരാഗ്നി കെടുത്താനീ
മണ്ണിലൊന്നും ബാക്കിയില്ലാ.
ഒരു വിഷവിത്തെങ്കിലും
തനിയേ വീണുമുളയ്ക്കാനൊരു-
നാഴി മണ്ണു പോലും ബാക്കിയില്ലാതെ ,
ഉണ്ടെന്നു പൊളി പാടുന്നവന്‍ ,
ഞാനൊരു മലയാളി ...

പാല്‍മണം മറന്ന പാല്‍ക്കുപ്പികളെ
പൈതങ്ങള്‍ പോലും മറന്നേപോയീ
താരാട്ടിന്നീണവും പണയം വച്ച
ഞാനൊരു മലയാളി ...

അയല്‍നാടിന്‍ വണ്ടികളെ കാത്തു
പൊരിയുന്ന വയറോടെ കാത്തിരുന്നു മടുത്തു
പ്രതീക്ഷകള്‍ അസ്തമിച്ച ഞാനിനി
മരിക്കാനായി തേടുന്നൊരു വിഷക്കായ
വേണമെനിക്കീ മലയാള മണ്ണില്‍
നിന്നൊരു വിഷക്കായെങ്കിലും
അങ്ങനെയും അഭിമാനിക്കട്ടെ
ഞാനെന്ന മലയാളി ...