Friday, December 11, 2009

സ്ത്രീ ധനം

'വിവാഹം'-ഒരു ഉടമ്പടി

പുഞ്ചിരിയുടെ
മേമ്പൊടി ചാലിച്ചെത്തുന്ന
ആദ്യ പദം സ്ത്രീ ധനമാവും.
'എത്ര കൊടുക്കും ' പെണ്ണിന്
നിങ്ങളെന്നാരായുന്നു
വരന്റെ ബന്ധുരര്‍...

കോമളപുരം ചന്തയില്‍
പശുക്കള്‍ക്കാരോ വിലപേശുന്നു....


കൂടിയാലും കുഴപ്പം
കുറഞ്ഞാലും കുഴപ്പം

വ്യാപാരത്തില്‍
നഷ്ടം പാടില്ലെന്നാണല്ലോ
വിവക്ഷ.
'സ്ത്രീ ധനം' -വേണ്ടെന്നു
പറഞ്ഞാ ചെറുപ്പക്കാരനെ-
യെന്തോ പോരായ്മയുണ്ടെന്ന്
മുദ്രകുത്തി പടിക്ക്
പുറത്താക്കുന്നീ വ്യവസ്ഥിതി...

Wednesday, December 9, 2009

ആകാശത്തിലേക്ക് പറന്നുയര്‍ന്ന മരം!




പുഷ്പാദ്രാവിഡിന്റെ ചിത്രത്തിലെന്ന പോലെ
ഒരു വൃക്ഷത്തിലേക്ക് ലയിക്കാന്‍
ഞാനും കൊതിക്കുന്നു
മരം എന്റെ തൊട്ടരികില്‍
തന്നെയുണ്ട്
ഊഞ്ഞാലു കെട്ടാന്‍ പാകത്തിന്
ചില്ലകള്‍ താഴ്ത്തി തന്ന്
ആകാശം നിറയെ ചൊരിയാനുള്ളത്ര
ഇലകളുമായി

മരമെന്നെ കാണുന്നത്
ആകാശമെന്ന കണ്ണാടിയിലൂടെയാണത്രെ
അതില്‍ ഞാന്‍ ഒരു കലമാന്‍
അതെന്നോട് ഇടക്കിടെ കളിതമാശകള്‍
പറയാറുണ്ട്
വേനലില്‍
മഞ്ഞ ദുപ്പട്ട തരാമെന്നും
വസന്തത്തിലൂടെ ഒരുമിച്ചു
നടക്കാമെന്നും
പൂക്കളുടെ ഭാഷ
അഭ്യസിപ്പിക്കാമെന്നും

ദീര്‍ഘമായ ആലിംഗനങ്ങളുടെ
ലംബമാനതയിലെനിക്ക്
വേണമെങ്കിലതിനോട്
ലയിക്കാമായിരുന്നു
അപ്പോഴേക്കും
കാറ്റിന്റെ ശല്യം
കരിയിലകളിളകുന്ന ശബ്ദം
ഭയന്നു പോയിരിക്കണം
ചില്ലകളെന്നില്‍നിന്നും
വിടര്‍ത്തി
അത് ആകാശത്തിലേക്ക്
ഉയര്‍ന്നു പോയി
ഒരുപക്ഷേ അതൊരു പക്ഷിയായി
മാറിയിരിക്കണം
അതോടെ നിശ്ചലയായി പോയ ഞാനിന്നൊരു
മരമായി മറിയിരിക്കുന്നു
പക്ഷിയായി പോയ
ആ മരം എന്നെങ്കിലുമൊരിക്കല്‍
എന്റെ ചില്ലകളില്‍ വന്നിരിക്കുമായിരിക്കും
ഇലകളുടെ പരിചിതഗന്ധത്തെ തിരിച്ചറിയുമായിരിക്കും!











note
{പുഷ്പാ‍ദ്രാവിഡിന്റെ ചിത്രങ്ങളുടെ പ്രത്യേകത കണ്ടപ്പോളെഴുതിയത്}

Tuesday, December 8, 2009

യാത്ര

നീണ്ട കഥയാണു ജീവിതം ...
നീണ്ട നിഴലാണു ജീവിതം...
നിറങ്ങള്‍ നിറഞ്ഞതാണു ജീവിതം...
നിറങ്ങള്‍ കെടുന്നതാണു ജീവിതം ...

പാടിപ്പതിഞ്ഞ ചൊല്ലുകള്‍ ..
പറഞ്ഞു തേഞ്ഞു പോയ വാക്കുകള്‍ ..
പിന്നിട്ട പാതയില്‍ മറന്നു വച്ച
പിന്നിയ കുപ്പായം ജീവിതം...

ജനിച്ചവന്‍ ഒരുനാള്‍ മണ്ണടിയും ..
ജനിച്ചതാണീ മണ്ണും ഒരു നാളില്‍ ..
എങ്കിലതും ഒടുങ്ങും എങ്ങോ
ഏതോ ബിന്ദുവില്‍ ഒതുങ്ങും...

ഇഷ്ടങ്ങള്‍ കൂടുതുറന്നു വിട്ട നാളുകള്‍ ,
ഇഷ്ട ജനങ്ങള്‍ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ,
ശിഷ്ട കാലം എങ്ങനെയാലും
ശിക്ഷണം ആവശ്യമാകുമീ ജീവിതം ...

ആറാറു മാസം കാടിനും നാടിനും പകുത്തു നല്‍കി
ആറിത്തീരാന്‍ വിധിക്കപ്പെട്ടതീ ജീവിതം...
എന്നിട്ടും ഏതോ കോണില്‍ നിന്നും
എത്രയോ പേരുടെ അവകാശപ്പെരുമഴ ഈ ജീവിതം...

ഭോഗപരതയുടെ, മുഖംമൂടികളുടെ ,
കച്ചവട മാമാങ്കമാണു ജീവിതം .
ഭംഗിയില്‍ ഉലയുന്ന ചേലയുടെ
കുത്തഴിഞ്ഞ നേരങ്ങളാണു ജീവിതം

മഞ്ഞുമലയുടെ നെറുകയില്‍ ,
സ്വപ്ന കംബളം വിരിക്കുന്ന
മന്ദബുദ്ധികളുടെ വിഹാരകേന്ദ്രങ്ങള്‍
സൃഷ്ടിക്കുന്ന മായയാണ് ജീവിതം...

എങ്ങോ നിന്നു പായുന്ന
ഒളിയമ്പുകളെ നേരിടാന്‍
മാറു കാണിക്കുന്ന വിഡ്ഢിവേഷക്കാരുടെ
കൂത്തരങ്ങാണു ജീവിതം .


കേട്ടു കേള്‍വിയില്ലാത്ത കോലങ്ങള്‍ ,
കേള്‍വികേട്ട കഥകളുടെ പിന്നാമ്പുറങ്ങള്‍ ,
ചൊല്ലുന്നതെല്ലാം അസഭ്യങ്ങള്‍ ,
ചെയ്വതെല്ലാം ആഭാസങ്ങള്‍ ...

മനസ്സിലാക്കാത്തത് മനസ്സ് മാത്രം
മനുഷ്യനറിയാത്തതും അതു മാത്രം
മറന്നു വയ്ക്കുന്നതും അതത്രേ
മരണം ബാക്കി വയ്പതും അതു തന്നെ …

താണ നിലം ചവറാല്‍ മൂടിയാലും
താമസം കൊട്ടാരത്തിലെങ്കില്‍
ധന്യമാക്കുന്ന ധാര്‍മ്മികതയുടെ
ധാര മുറിയുന്ന വികൃതി ജീവിതം...

പ്രണയത്തിനു പ്രാണന്‍ നല്‍കിയവന്‍റെ ,
പ്രണയത്തിനു മാനവും പ്രാണനും നല്കിയവളുടെ
പിടയുന്ന ജീവന്‍റെ ഒടുങ്ങാത്ത നിലവിളികള്‍
പതിഞ്ഞ താളം പൂണ്ട് ആഴിയിലേയ്ക്ക് …

പ്രണയത്തിനു ജീവന്‍റെ വില നല്‍കുന്ന ,
പ്രിയപ്പെട്ടവരുടെ നേരെ കണ്ണടയ്ക്കുന്ന ,
കാതരമാം നിമിഷങ്ങളെ ഓര്‍ത്ത്‌ വിലപിക്കുന്ന
കാമുകരുടെ കേളീരംഗമാണു ജീവിതം ..

സ്നേഹത്തിന്‍റെ വഴിയില്‍ പണം മെത്ത വിരിക്കെ
സഹനത്തിന്‍റെ പാതയില്‍ ഹോമിക്കുന്ന ,
ആര്‍ഭാട പുറംകച്ചയില്‍ പൊതിഞ്ഞ
ആഗ്രഹമില്ലായ്മകള്‍ ജീവിതം ...

വാനിലേയ്ക്കെത്താന്‍ കൊതിക്കും ഉള്ളത്തെ
വഴിയിലുപേക്ഷിക്കാന്‍ മടിയില്ലാതാകുമ്പോള്‍ ,
വിണ്ണും മണ്ണും അകന്നകന്നു പോകുമ്പോള്‍
വരാതെ പോകുന്ന സത്യം ജീവിതം ...

ഹൃത്തിന്‍ മന്ത്രണം പ്രണയമാകുമ്പോള്‍ ,
ഹൃദയത്തിന്‍ അഗാധതയില്‍ നിന്നും പ്രാണന്‍
നിരന്തരം ശലഭങ്ങളെ തുറന്നു വിടുമ്പോള്‍
നിറങ്ങള്‍ കെടുന്നതാണു ജീവിതാന്ത്യം .

Sunday, December 6, 2009

ഒരു അമ്പിളിക്കല /Oru Ampilikkala .



ഇരുപത്തിയെട്ടുകൊല്ലം മുമ്പ്  ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച്
ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്തിയെങ്കിലും ,മനുഷ്യന് ഇതുവരെ
ഈ എയ്ഡ്സ് രോഗാണുക്കളെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല .
ലോകത്തില്‍   കുട്ടികളടക്കം ഏതാണ്ട് മൂന്നര  കോടിയോളം ആളുകള്‍ ഈ വൈറസ്
ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം പേര്‍ ഇന്ത്യയിലും അവർ ഇവിടെ
തീര്‍ത്തും ഒറ്റപ്പെട്ടും കഴിയുന്നു .
ശരിയായ ബോധവല്‍ക്കരണങ്ങൾ  തന്നെയാണ്
ഈ  രോഗത്തിനുള്ള ശരിയായ മരുന്ന്..
ഏതാണ്ട്  ഇരുപഞ്ചുവർഷം മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്രദാസിഗൃഹത്തില്‍ ,സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !
അവള്‍ മുഖാന്തിരം പലരും പണം നേടി,സുഖം നേടി ....
തീരാദുരിതങ്ങളോടൊപ്പം അവള്‍ നേടിയത്  ഈ മഹാരോഗം മാത്രം !
ഒന്നരകൊല്ലം മുമ്പ് മുതൽ എയ്ഡ്സ് സെല്ലിൽ അന്തേവാസിയായിരുന്ന അവള്‍ ,
ഈ എയ്ഡ്സ് ദിനത്തിന് തന്നെ എന്തോ വിരോധാപാസം പോലെ മരണത്തിന്റെ
കയത്തിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി .
ഇതാ അവളുടെ സ്മരണക്കായി കുറച്ചു വരികള്‍ ....




ഒരു അമ്പിളിക്കല


പതിവില്ലാതോരീമെയില്‍ നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാസഹജന്റെ സന്ദേശമിത് , "നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ്- സുഹറ-മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന്‍ കയത്തിലെക്കിന്നലെ വെളുപ്പിന്."  !

പതറി ഞാനാമെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി .
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളെ ,

പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന്‍ പടുകിളവനായ
പതി തന്‍ വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;

പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ  നീ യിവിടെ യന്ന് ?
പതിനാറുകാരിഎത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ....

പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ !
പാദം വിറച്ചു നിന്ന എന്നെയൊരു പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന്‍ ആദ്യപാഠങ്ങള്‍ രുചി !

പുതുയാദ്യരാത്രി തന്‍ സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ !
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;

പതിനേഴഴകില്‍ തുളുമ്പും നിറമാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബഭംഗിയും;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പുപോലിഴയുംമാകാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ?

പുതുതായവിടെവന്നൊരുത്തന്‍ നിന്നെറാഞ്ചിയവിടെനിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്‍
പൊതുവിപണിയില്‍ വാണിഭത്തിനായി വിട്ടുപോലും..
പുതു റാണിയായ് വിലസി നീ നഗരവീഥികൾ തോറും!

"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍‌കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബഭാരങ്ങള്‍ .....

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം !
പതിയായി പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ . എന്‍പ്രിയേ
പതിച്ചുവോ നിന്‍ ശാപം ജീവിതത്തിലുടനീളം ,ഈ പാപിയെ....?

മുരളീമുകുന്ദൻ.