ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോ?
പെണ്ണല്ലേ,അവള്‍
പൂക്കാത്ത മാവിന്‍കൊമ്പില്‍
വലിഞ്ഞുകയറാമോ
കുറുകിതടിച്ച തുടയില്‍
ചോരപ്പാടുകള്‍ വീഴില്ലേ
അവള്‍ വെറുമൊരു പെണ്ണല്ലേ
പൂത്തുതുടങ്ങിയാല്‍
വല്ല കഴുകനും വാവ്വലും
കൊത്തിത്തിന്നേണ്ടവള്‍
അന്നെന്റെ വെട്ടുകത്തിക്ക്
മൂര്‍ച്ച പോരായിരുന്നു
ഒരു തോന്ന്യാസിയുടെ മറുമൊഴി
........ ........... .............. ...........
വടക്കേലേ മാവുപൂത്തോ അമ്മേ
സൂക്കേട് വന്ന കിഴക്കേലേട്ടന്‍
ഡയാലിസിസിന് പോയത്രേ
ഉണ്ണിയുടെ മുടി വെട്ടിക്കാണും
വിശേഷങ്ങള്‍ ഒത്തിരി
അടുക്കളേല് പണി തീര്‍ന്നോ
നിനക്കെന്തോന്നറിയണം
ചെക്കനെത്താറായോ
നിന്റെ തോന്ന്യാസത്തിന് കുറവില്ലേ
എന്റെ നാക്കേ അടങ്ങു
ഒരു തോന്ന്യാസിയുടെ മറുമൊഴി
...... ............ ........... .........
അകന്നിരുന്നപ്പോള്‍
താന്തോന്നിപ്പെണ്ണിന്റെ വിളിയൊച്ച
കാതോര്‍ത്തിരുന്നവര്‍
അമ്മേ അമ്മേ
അമ്മ കേള്‍ക്കുന്നേയില്ല
തോന്ന്യാസിയുടെ ശബ്ദം
തിരിച്ചറിയാത്തവര്‍
തിരിച്ചറിഞ്ഞപ്പോള്‍
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
...... ...... ......... .........
കമ്പിളിക്ക് നീളം പോരാ വീതി പോരാ
കമ്പിളിക്ക് കീഴെ
സ്‌നേഹം പകര്‍ന്നു നല്‍കി
കമ്പിളിക്ക് പിടിവലി
അത് സ്‌നേഹമാണെന്ന് പല്ലവി.
ദിവസവും വിരിയുന്ന പൂക്കള്‍ക്കും
മഞ്ഞിന്‍കണങ്ങള്‍ക്കും
നിന്റെ ഗന്ധമായിരുന്നിട്ടു കൂടി
കമ്പിളിയുടെ ഗന്ധമായിരുന്നു
എനിക്കേറെയിഷ്ടം
സ്‌നേഹമില്ലാ സ്‌നേഹമില്ലാ
സ്ഥിരംമൊഴി
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
........... .......... ..........
എനിക്ക് നിറങ്ങളാകാനേ കഴിയൂ
ജീവിതത്തില്‍ ഒരിക്കലും
നിറക്കൂട്ടുകളാകാന്‍ കഴിയില്ല
ഒരു തോന്ന്യാസിയുടെ മറുമൊഴി