Thursday, November 5, 2009

നടത്തം

വൈകുന്നേരങ്ങളിലെ
നടത്തം തുടങ്ങിയിട്ട്
നാളേറെയായി
കോര്‍ണീഷിലെ
മാര്‍ബിളിട്ട തറയിലൂടെ
ഊന്നിയുള്ള നടത്തത്തില്‍
ഒന്ന് തെന്നിയോ..

അന്ന്
മനക്കലെ
വലിയ മതിലിനോടൊത്ത്
ഇടുങ്ങിയ ഇടവഴികളിലൂടെ
ഒറ്റക്ക് നടക്കുമ്പോള്‍
ചുവന്ന തെച്ചിയും,
വെളുത്ത നന്തിയാര്‍വട്ടവും
എന്റെ പാദങ്ങളെ
ഇക്കിളിയാക്കുമായിരുന്നു
മുള്ളുകള്‍ ചവിട്ടാതെ
ഉരുളന്‍ കല്ലുകള്‍
എടുത്തെറിയാതെ,
മഴകൊണ്ട് നടക്കുമായിരുന്നു.

അന്ന് ഞാന്‍
കാലത്തും,
വൈകീട്ടും നടന്നിരുന്നു
കണ്ണനും, വേലായുധനും,
സീതയും, സുഹറയും
കണക്ക് പഠിപ്പിക്കുന്ന
കുട്ടപ്പന്‍ മാഷും
ഞങ്ങള്‍ ഒപ്പത്തിനൊപ്പം
നടക്കുമായിരുന്നു

പിന്നെ
റേഷന്‍ കടയിലേക്കും
അത്താണിയിലെ
മീന്‍ ചന്തയിലേക്കും
അമ്പലപ്പറമ്പിലേക്കും
പ്രതിഭാക്ലബിലെ
ചിതലെടുത്ത,
ലൈബററിയിലേക്കും
ചെമ്മീന്‍ കളിച്ച
കൃഷ്ണാകൊട്ടകയിലും
മോമാലിക്കയുടെ
വെളിച്ചമില്ലാത്ത
പലചരക്ക് കടയിലേക്കും
ഞാന്‍ അടിതെറ്റാതെ
തെന്നാതെ നടക്കുമായിരുന്നു

ഒറ്റമുണ്ടും
മഞ്ഞച്ച വെളുത്ത ഒറ്റഷര്‍ട്ടും
കോളേജിലേക്കുള്ള
എന്റെ നടത്തത്തിനോടൊപ്പം
കൂട്ടിനുണ്ടായിരുന്നു
ഇന്ദിരേച്ചിയുടെ
പറമ്പിലൂടെ നടക്കുമ്പോള്‍
അങ്ങേ തൊടിയിലേക്ക്
ഒന്ന് നോക്കാതെ
നോക്കിയുള്ള നടത്തവും
പിന്നീട്
മനിലാ കവറുമായി
പോസ്റ്റ്മാനായി നടന്നതും
നടന്ന്, നടന്ന്
ഒന്നും ബാക്കിവെക്കാതെയുള്ള
ഈ നടത്തവും

ടാറിടാത്ത
ചെമ്മണ്‍പ്പാതയില്‍
ഞാന്‍ നടന്ന് തീര്‍ത്തതൊക്കെ
ഇവിടെ
കോര്‍ണീഷിലെ
നക്ഷത്ര തെരുവുകളോടും
ഈ മണല്‍ക്കാറ്റിനോടും
വൈകുന്നേരങ്ങളില്‍
ഒരു ഗമയോടെ
പറഞ്ഞ് നടക്കാറുണ്ട്
അതായിരിക്കാം
ഇവിടെ എന്നെയൊന്ന്
വീഴ്ത്തിക്കളയാമെന്ന്
അസൂയകൊണ്ട
ഈ വഴങ്ങാത്ത
തെരുവിന് തോന്നിയത്.
*****