Saturday, June 13, 2009

മരുപ്പുറം പാലം

മരുപ്പുറം പാലം

മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്‌

ചിന്നം വിളിക്കുന്ന മിഥുന മേഘങ്ങള്‍
തുള്ളിക്കൊരു കുടം പെയ്‌തൊഴിഞ്ഞ്‌
നിലമ്പൂര്‍ കാടുകളിലിറങ്ങി മേയുമ്പോള്‍
ആര്‍ത്തലച്ചൊഴുകുന്ന കാട്ടാറിനു കുറുകെ
കെട്ടിയുണ്ടാക്കിയ ഒറ്റത്തടിപ്പാലം
പേടിച്ചിടറിയിഴഞ്ഞു കടന്ന കൗമാരത്തിലാണ്‌
എന്നില്‍ പാലബോധം അങ്കുരിക്കുന്നത്‌.
പല പല പാലങ്ങളിലൂടെ പിന്നീട്‌
പല നദി വണ്ടിയിലിരുന്നും നടന്നും കടന്നു.
പുലരി വെളിച്ചത്തില്‍,
താണിറങ്ങുന്ന വിമാനത്തിലിരുന്ന്‌
എണ്ണമറ്റ റെയില്‍പാലങ്ങളിലൂടെ
ഉന്മേഷത്തോടെ
ഉണര്‍ന്നെണീറ്റോടുന്ന
മുംബൈ നഗരത്തെ കണ്ടു.
അപ്പോഴൊക്കെയും മഴ പുഴ പാലം
എന്ന ത്രിയേകത്വത്തില്‍തന്നെ
മൂടുറച്ചുപോയ ഗ്രാമാതുരത്വമാര്‍ന്ന
എന്റെ പാലബോധത്തെ
പാടെ കുഴമറിക്കുന്നു
മഴയും പുഴയുമില്ലാത്ത
മരുനഗരത്തിലെ
മേല്‍പാലപ്പെരുപ്പം.
ജിദ്ദയിലെ നടന്നെത്തും ദൂരത്തിനിടയിലുള്ള
ബലദ്‌, ബാബ്‌ മക്ക, ശറഫിയ്യ
നഗരങ്ങളില്‍ മാത്രം എത്രയെത്ര പാലങ്ങള്‍!
മരുക്കാറ്റിന്റെ വേവിനെത്തടുക്കുവാന്‍
ഇന്ത്യന്‍ പതാക
തുംഗഹിമാലയക്കുളിര്‍ചാമരമാക്കി
നെറുകയില്‍ വീശിവീശി നില്‍ക്കുന്ന
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നിലൂടെ
ബാബ്‌ മക്കയില്‍നിന്ന്‌
*ത്വരീഖ്‌ മദീന വഴി
ഇത്തിരി മുന്നോട്ടുപോയാല്‍
സെമിറ്റിക്‌ സ്വരലയം പേരുചൂടി
ഫലസ്‌തീന്‍ ഫ്‌ളൈ ഓവറായി.
(ഇടമുറിയാതെ
വാഹനപ്പുഴയൊഴുകുന്ന
മദീനാ റോഡിലെ പാലത്തിലേറിയാല്‍
ഇടശ്ശേരി
`കുറ്റിപ്പുറം പാലം'
എങ്ങനെയാകും തിരുത്തിത്തുടങ്ങുക?)
അധിനിവേശ മുരള്‍ച്ചകളോ
അഭയാര്‍ഥി വിലാപങ്ങളോ
വാഗ്‌ദത്ത ഭൂമിയിലെ കാറ്റുകള്‍
ഒലിവുകളില്‍ ഭാവിയില്‍ മീട്ടാനിടയുള്ള
ശാന്തിയുടെ വെളിപാടിനൊലികളോ
കാതോര്‍ത്തുകൊണ്ട്‌
ഫലസ്‌തീന്‍ മേല്‍പാലത്തിനടിയിലൂടെ
മുന്നോട്ടു ചെന്നാല്‍
ജിദ്ദയില്‍ പെപ്‌സിക്കമ്പനിയൊഴുക്കുന്ന
കോള(കാകോള?)പ്പുഴയിലേക്കുള്ള
പ്രധാന കൈവഴിയായ
ഗോഡൗണിനോടുചേര്‍ന്ന്‌ പെപ്‌സിപ്പാലം.
സെമിറ്റിക്‌, സംസം സംസ്‌കൃതിയില്‍നിന്നും
കോള കമ്മോഡിറ്റി-
ക്കമ്പോള യുഗത്തിലേക്ക്‌
പ്രകാശ വര്‍ഷങ്ങള്‍ പോയിട്ട്‌
സുബ്‌ഹി ബാങ്കിന്റെ ദൂരദൈര്‍ഘ്യം
പോലുമില്ലെന്നു ചൂണ്ടുന്നുവോ
ഫലസ്‌തീന്‍-പെപ്‌സിപ്പാലങ്ങള്‍?
പെപ്‌സിപ്പാലത്തിലെ ട്രാഫിക്‌ സിഗ്നലില്‍
പച്ചകണ്ടാശ്വാസ നെടുവീര്‍പ്പിടുമ്പൊഴേ-
ക്കപ്പുറം **കുബ്‌രി മുറബ്ബയില്‍ കാണാം
നിര്‍ത്തിയ നീണ്ടനിര വാഹന
പിന്‍വെളിച്ചങ്ങളില്‍
ട്രാഫിക്കില്‍നിന്നും പകര്‍ന്ന
ചുവപ്പിന്റെ ഒഴുക്കറ്റ നദി.
തെന്നിമാറുന്ന നഗരക്കാഴ്‌ചകള്‍
കണ്ടുകണ്ടോടുന്ന വണ്ടിയിലിരുന്ന്‌,
റോഡു പാലമായ്‌ രൂപമാളുന്നതും
പാലമോ നഗരമായ്‌ വളര്‍ന്നു കേറുന്നതും
പാലമോ, റോഡോ, നഗരമോ
ചുറ്റുന്നതെന്നൊരു
പാല-സ്ഥല ഭ്രമത്തിലാഴ്‌ന്നു പോകുന്നതു-
മറിയാതെയങ്ങനെ
ഇടംപിരി വലംപിരിപ്പാലങ്ങളോരോന്നു
കേറിയുമിറങ്ങിയും പോകവേ
ഒദു ദീര്‍ഘത്തുരങ്കം.
പാലവും റോഡും നഗരവും കാണാത്ത
പ്രാകൃത സത്വമെന്ന ശാപവും പേറി
അരങ്ങൊഴിയേണ്ടിവന്ന
ഭൂതകാലം പ്രേതമായ്‌ പതുങ്ങുന്ന
ഇരുള്‍ത്തുരങ്കത്തിലിന്നും
മുഴങ്ങുന്നതേതോ പുരാതനം
നദിയില്‍ മുങ്ങിയൊരേതോ
പരാജിതപ്പടയുടെ കുളമ്പടിയൊച്ചകള്‍?
അതുകേട്ടു പരിഭ്രമിച്ചപ്പുറം
മേല്‍പാലമേറി നോക്കുമ്പോള്‍,
ചുവന്നു തുടുത്ത
സാന്ധ്യ മരുസൂര്യന്‍
ഇരുളിന്‍ നിരോധം പിന്‍വലിച്ച്‌
ട്രാഫിക്‌ ജംങ്‌ഷന്‍ കടന്ന്‌
ചെങ്കടലില്‍ മുങ്ങുവാന്‍
പാലമിറങ്ങുകയായിരുന്നു.
++++++++++++++++++++++++++++++++++++++++
* ജിദ്ദയിലെ ഏറ്റവും തിരക്കേറിയ റോഡ്‌. ദിവസം മുഴുവന്‍ കാത്തുനിന്നാലും ഇതു മുറിച്ചുകടക്കാനാവില്ല. ** നാല്‍ക്കവലപ്പാലം.
-------------------------------------------

Friday, June 12, 2009

ഓര്‍മ്മകളിലേക്ക് യാത്രയാകുന്നു

ഹൃദയചുംബനങ്ങളില്‍
എന്‍റെകാല്‍ വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്‍റെ സ്നേഹത്തിന്‍റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പയിരുന്നു.
വെറുപ്പില്‍ ഞാന്‍
നിന്‍റെ കൂടെ ശയിക്കുമ്പോളും
സ്നേഹം ഞാന്‍ അടക്കിവച്ച മാണിക്കമായിരുന്നു.
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെ ഓര്‍മ്മകള്‍.
ഞാന്‍ പിന്നെയും ഓര്‍മ്മകളിലേക്ക് യാത്രയാകുന്നു .

Monday, June 8, 2009

ഒരു പ്രവാസകവിത

(പനി പിടിച്ച പോല്‍ കിടന്ന മാധവിക്കുട്ടിയുടെ ഒരു നഗരപ്രഭാതത്തിന്)

..................................................
ഒറ്റ വാക്കുകൊണ്ട്
മഴയെ മറവുചെയ്യാം,
ഒറ്റ വാക്കുകൊണ്ട്
വെയിലും
മഞ്ഞും...

ഒറ്റ വാക്കിലെന്നിട്ടും
പെയ്യാതെ നില്‍ക്കും
മഴയും
വെയിലും
മഞ്ഞും.

ഒറ്റ വാക്കിന്നറ്റത്ത്
പട്ടം
പല നിറത്തില്‍
കാറ്റിനോട്
കഥ പറഞ്ഞുപോകും

ആകാശം
വെളുക്കും
നീലിക്കും
കറുക്കും

പട്ടം പറന്നുവന്ന്
ആകാശം തൊടുമ്പോള്‍
കാണാം
കരയെ
കടലെടുക്കുന്നത്!

Sunday, June 7, 2009

ഞാന്‍, മലയാളി.


രാവിലത്തെപ്പത്രത്തില്‍
അഴിമതിയും തട്ടിപ്പും
വായിച്ചാത്മ രോഷം കൊണ്ട്
ഞാനോഫീസിലെത്തിപ്പതിവു-
പോലെ പ്പതിനൊന്നേ മുപ്പതിന്.

മുന്നിലെ ഫയലില്‍ തീര്‍പ്പ്
കാണാനൊരെമ്പോക്കി
കാത്തു നില്‍ക്കുന്നു, നാശം.
വിലപേശി രണ്ട് ഗാന്ധിയി-
ലൊതുക്കിയാപ്പഹയന്‍.

നാളെയൊരമേരിക്കന്‍ വിരുദ്ധ
ധര്‍ണ്ണയുണ്ടി, ന്നുച്ചക്ക്
കെന്റക്കിയും കോളയുമാകാം.

കുടിക്കാന്‍ കരുതിയ ‘ബിസ്ലേരി’
യൊരു കവിളിറക്കി, ഞാനെഴുതിയ
“പാരിസ്ഥിതി മലിനീകരണ” മെന്ന
കൌമുദിയിലെ ലേഖനമൊന്ന് മറിച്ചു
നോക്കി ആത്മഹര്‍ഷം കൊണ്ടു.

നിളാ തീരത്തൊരു കവിയരങ്ങു-
ണ്ടതിനൊന്ന് പോണം.
മരിക്കുന്ന പുഴയാണ് വിഷയം.
ഇന്നലെയാണാ മണല്‍
മാഫിയാക്കാരന് പത്ത് ലോഡി-
നഡ്വാന്‍സ് കൊടുത്തത്.

നാലായിരം സ്ക്വയര്‍ ഫീറ്റിലാണ്
ഞാന്‍ പണിയുന്ന പുതിയ വീട്!
വീടില്ലാത്തവരെക്കുറിച്ച് ഞാനൊരു
കഥയെഴുതിയിരുന്നു, മാതൃഭൂമിയില്‍.

പിന്നൊരു രഹസ്യം,
ഇന്നൊരു “പീസിനേം” കൂട്ടി
വരാമെന്നേറ്റിട്ടുണ്ടാ കോണ്ട്രാക്റ്റര്‍;
തീരാത്ത പണിയുടെ
ബില്ലൊപ്പിട്ടതിന്‍
ഉപകാര സ്മരണക്കായ്.

നോക്കൂ എന്നും പീഡന വാര്‍ത്തകള്‍!
കഷ്ടം! എന്റെ ചോര തിളക്കുന്നു.

ഇന്നലെ മദ്യവിരുദ്ധ ജാഥയു-
ദ്ഘാടനം ചെയ്തത് ഞാനാണ്.
രാവിലെ “കെട്ട്” മാറാന്‍
കാലത്തേയൊന്ന് ‘വീശേണ്ടി‘ വന്നു.

നോക്കൂ, എല്ലാം കണ്ടിട്ടെനി-
ക്കിരിക്കാനാവുന്നില്ല.
കഷ്ടം, നമ്മളെന്നാണ് നേരെയാവുക?

സഹിക്കാനാവാതെ ഞാനെ-
ന്നത്തേയും പോലെ മൂന്ന്
മണി ക്കോഫീസില്‍ നിന്നിറങ്ങി.

കോണ്ട്രാക്ക്ടര്‍ അളകാപുരിയില്‍
കാത്തിരിക്കുന്നെന്ന ഓര്‍മ്മയി-
ലെന്റെ ചോരയിരമ്പിക്കയറി...

-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.