Sunday, June 7, 2009

ഞാന്‍, മലയാളി.


രാവിലത്തെപ്പത്രത്തില്‍
അഴിമതിയും തട്ടിപ്പും
വായിച്ചാത്മ രോഷം കൊണ്ട്
ഞാനോഫീസിലെത്തിപ്പതിവു-
പോലെ പ്പതിനൊന്നേ മുപ്പതിന്.

മുന്നിലെ ഫയലില്‍ തീര്‍പ്പ്
കാണാനൊരെമ്പോക്കി
കാത്തു നില്‍ക്കുന്നു, നാശം.
വിലപേശി രണ്ട് ഗാന്ധിയി-
ലൊതുക്കിയാപ്പഹയന്‍.

നാളെയൊരമേരിക്കന്‍ വിരുദ്ധ
ധര്‍ണ്ണയുണ്ടി, ന്നുച്ചക്ക്
കെന്റക്കിയും കോളയുമാകാം.

കുടിക്കാന്‍ കരുതിയ ‘ബിസ്ലേരി’
യൊരു കവിളിറക്കി, ഞാനെഴുതിയ
“പാരിസ്ഥിതി മലിനീകരണ” മെന്ന
കൌമുദിയിലെ ലേഖനമൊന്ന് മറിച്ചു
നോക്കി ആത്മഹര്‍ഷം കൊണ്ടു.

നിളാ തീരത്തൊരു കവിയരങ്ങു-
ണ്ടതിനൊന്ന് പോണം.
മരിക്കുന്ന പുഴയാണ് വിഷയം.
ഇന്നലെയാണാ മണല്‍
മാഫിയാക്കാരന് പത്ത് ലോഡി-
നഡ്വാന്‍സ് കൊടുത്തത്.

നാലായിരം സ്ക്വയര്‍ ഫീറ്റിലാണ്
ഞാന്‍ പണിയുന്ന പുതിയ വീട്!
വീടില്ലാത്തവരെക്കുറിച്ച് ഞാനൊരു
കഥയെഴുതിയിരുന്നു, മാതൃഭൂമിയില്‍.

പിന്നൊരു രഹസ്യം,
ഇന്നൊരു “പീസിനേം” കൂട്ടി
വരാമെന്നേറ്റിട്ടുണ്ടാ കോണ്ട്രാക്റ്റര്‍;
തീരാത്ത പണിയുടെ
ബില്ലൊപ്പിട്ടതിന്‍
ഉപകാര സ്മരണക്കായ്.

നോക്കൂ എന്നും പീഡന വാര്‍ത്തകള്‍!
കഷ്ടം! എന്റെ ചോര തിളക്കുന്നു.

ഇന്നലെ മദ്യവിരുദ്ധ ജാഥയു-
ദ്ഘാടനം ചെയ്തത് ഞാനാണ്.
രാവിലെ “കെട്ട്” മാറാന്‍
കാലത്തേയൊന്ന് ‘വീശേണ്ടി‘ വന്നു.

നോക്കൂ, എല്ലാം കണ്ടിട്ടെനി-
ക്കിരിക്കാനാവുന്നില്ല.
കഷ്ടം, നമ്മളെന്നാണ് നേരെയാവുക?

സഹിക്കാനാവാതെ ഞാനെ-
ന്നത്തേയും പോലെ മൂന്ന്
മണി ക്കോഫീസില്‍ നിന്നിറങ്ങി.

കോണ്ട്രാക്ക്ടര്‍ അളകാപുരിയില്‍
കാത്തിരിക്കുന്നെന്ന ഓര്‍മ്മയി-
ലെന്റെ ചോരയിരമ്പിക്കയറി...

-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

18 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍
:)

സന്തോഷ്‌ പല്ലശ്ശന said...

കവിത ഇവിടെ നേര്‍ വര്‍ത്തമാനമാകുന്നു..... എങ്കിലും ഈ സത്യത്തെ നിഷേധിക്കാനാവില്ല ആര്‍ക്കും...
എത്ര മുഖം മൂടികളാണ്‌ നമ്മുക്ക്‌ അല്ലേ.... ?

Junaiths said...

Rametta u rocks...

സത്യം..സത്യം മാത്രം..സ്വന്തം കാര്യത്തില്‍ ആര്‍ക്കും ആത്മരോക്ഷമോ..നെടുവീര്‍പ്പ്കളോ ഇല്ല."ഞാന്‍" എന്നാകുമ്പോള്‍ എല്ലാം സൌകര്യപൂര്‍വ്വം മറക്കാം..

കെ.കെ.എസ് said...

മലയാളിക്കിട്ടു തന്നെ താങി അല്ലേ..?
പട്ടും പവനും പാർസലിൽ അയച്ചിരിക്കുന്നു.കിട്ടിയാലറിയിക്കുക.

വാഴക്കോടന്‍ ‍// vazhakodan said...

ഇതൊക്കെ കണ്ടു കലിപ്പുകള് ഇലകിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു...അന്ന് വിളിച്ച മുദ്രാവാക്യം ഇന്ന് ഈ ഉദ്ദ്യോഗക്കസേരയില്‍ ഇരിക്കുമ്പോള്‍ എല്ലാം പരമ പുച്ഛത്തോടെ നോക്കിക്കാണുന്നു, അന്ന് എതിര്‍ത്തതെല്ലാം ഇപ്പോള്‍ "ഞാന്‍" ചെയ്യുന്നു. ...കൊള്ളാം...

ഹന്‍ല്ലലത്ത് Hanllalath said...

..നട്ടെല്ല് പ്ലാസ്റ്റിക്കിനാല്‍ തീര്‍ക്കപ്പെട്ട കുറെ നപുംസകങ്ങള്‍ നിറഞ്ഞ നാടാനിന്നു കേരളം..

അനില്‍@ബ്ലോഗ് // anil said...

എന്തു ചെയ്യാനാ.
:)

Unknown said...

എന്നത്തെയും പോലെ മൂന്നുമണിക്ക് ഓഫീസിൽ നിന്നിറങ്ങി.
അപ്പോ പിന്നെ നമ്മളും നന്നാവണ ൽക്ഷണമില്ല

അബൂസ് said...

ഒരു ആവറേജ് മലയാളിയുടെ പരിച്ഛേദമാണീ കവിത, നന്നായിട്ടുന്ട്, ആശം സകള്‍

പകല്‍കിനാവന്‍ | daYdreaMer said...

നമ്മള്‍ നന്നാവൂല്ലെടാ ... :)
നേരത്തെ വായിച്ചിരുന്നു.. നന്നായി..

കാപ്പിലാന്‍ said...

നേരത്തെ വായിച്ചതാണെങ്കിലും വീണ്ടും വായിച്ചപ്പോള്‍ ഒരു പ്രത്യേക സുഖം .ആശംസകള്‍ രാമു .

Divyam said...

ettaa,
nannayittundu......sathyathinte mugam eppolum enganeyanu.

വിജീഷ് കക്കാട്ട് said...

ramooooo, nammal ingane aayippoyath enthukondaanennu chinthichittundo?

Sureshkumar Punjhayil said...

Njanum oru malayali thanne... Nannayirikkunnu. Ashamsakal..!!!!

ശാന്ത കാവുമ്പായി said...

ഇങ്ങനെയൊന്നുമല്ലെങ്കിലെങ്ങിനെ ‘നന്നാവു൦’?

Bindhu Unny said...

നമ്മുടെ മുഖം‌മൂടികള്‍! നന്നായിരിക്കുന്നു :-)

girishvarma balussery... said...

വായിച്ചു പോകാന്‍ രസമുണ്ട്... ആശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓര്‍മപ്പെടുത്തലുകള്‍ ഇടക്കിടക്ക് നല്ലതാണ്