Saturday, June 5, 2010

പാല്‍പായസം-2

1.ചെണ്ട.
******
ഉണ്ടേ,യുണ്ടുണ്ടുണ്ടുണ്ട്‌,ചെണ്ടയുണ്ടേ
ചെണ്ടപ്പുറത്തുണ്ടുണ്ടുണ്ടുണ്ടും ഘോഷമുണ്ടേ.. !


2. മാനത്തെക്കിണ്ണം
************
മാനത്തെക്കിണ്ണത്തില്‍ പാലാണേ
പാരാകെയൊഴുകണ പാലാണേ
ഒഴുകിനിറഞ്ഞാലും തീരൂല
തീരാത്തത്രയും പാലാണേ...!

3.മത്തങ്ങ
*****
വട്ടത്തിലുള്ളൊരു മത്തങ്ങ
വട്ടിയില്‍ കൊള്ളാത്ത മത്തങ്ങ
ഉരുട്ടിയുരുട്ടിക്കൊണ്ടോയി
എടുക്കാച്ചുമടാം മത്തങ്ങ..

4. പീപ്പി
*****
'പീപ്പിക്കുള്ളില്‍ ആരാണു
പിപ്പിരി പീ പാടണതെന്താണു.. ?'
'പീപ്പിക്കുള്ളില്‍ കാറ്റാണു..
ഊതുമ്പം കാറ്റിണ്റ്റെ കളിയാണു...!'

5.സൌഖ്യം
******
ഇത്തിരി മോഹം
ഒത്തിരി സൌഖ്യം

Thursday, June 3, 2010

ചിലരങ്ങനെയാണ് ...


ചിലരങ്ങനെയാണ് ...
നേരെ വന്നു ചോദിക്കും ..
ഓര്‍മ്മയുണ്ടോ ?

ഇല്ലെങ്കിലും ഉണ്ടെന്നു തലയാട്ടും..
ഓര്മത്താളുകള്‍ മറിച്ച് നോക്കും ..
പറിഞ്ഞ ഏടുകള്‍ തേടി അലയും...

കണ്ണുകള്‍ തിളങ്ങും ..
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
മൂന്നാമത്തെ അല്ലെ...
പുള്ളിപ്പാവടയിട്ട് ..
മൂക്കൊലിച്ച്...

ഒക്കത്തെ കുഞ്ഞിലും ..
കണ്‍ തട കറുപ്പിലും
വായിച്ചെടുക്കാം ..
കാലത്തിന്റെ ദൈര്‍ഘ്യം ...

ഒഴിഞ്ഞ കഴുത്തും
സിന്ധൂര രേഖയും
ചുറ്റിലും തിരയുന്നുണ്ട്
കളഞ്ഞു പോയ കൌമാരം ....

തരിഞ്ഞു നടക്കുമ്പോള്‍ ..
കാതോര്‍ക്കും
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ...


ഗോപി വെട്ടിക്കാട്ട് .....

പ്രണയം

പാരിജാത തരു പാതയില്‍
മൃദു മലര്‍ ദലങ്ങള്‍ പൊഴിക്കവെ
നവ്യ പുഷ്പ സുഗന്ധ വീചികള്‍
സഞ്ചയിച്ചിന്ന് വാടിയില്‍
കാറ്റ് മെല്ലെ കരങ്ങള്‍ തൊട്ടു
അളകങ്ങള്‍ മെല്ലെ ഉലക്കവേ
ദൂരെ ആ വഴി നീളുമ് നീള് മിഴി
ആരെ ആരെയോ തേടുന്നു


വെള്ള മേഘ പിറാവുകള്‍
അതിലൊന്ന് താഴെ ഇറങ്ങിയോ
വര്‍ണ സുന്ദര താളില്‍ തീര്‍ത്ത
മനയോല കൊക്കിലെടുത്തുവോ
പാല്‍ ചുരത്തിടും പൌര്‍ണമി
രാവിനന്ത്യ യാമവും യാത്രയായ്‌
പൂര്‍വ സീമയില് താരജാലങ്ങള്‍
മുനഞ്ഞു മിന്നി വിടയേകയായ്‌


ആരെയോര്‍ത്തു മനോരഥ
ശകട വേഗം പിന്നെയും മാറുന്നു
ആരോ ആരെയോ തേടുന്നു
കാണാതെ കണ്ടതായ് തോന്നുന്നു
മയില്പീലി പെറ്റൊരു കുഞ്ഞു പോല്‍
ഉള്ത്താളിലെങ്ങോ ഗൂഢമായ്
മറച്ചു വച്ച വികാരമേ
പ്രണയമെന്നോ നിനക്കു പേര്‍?
അമ്പിളി ജി മേനോന്‍
ദുബായ്

Wednesday, June 2, 2010

ഒരു നഷ്ട ബാല്യം

കണ്‍മുന്നില്‍ പൊലിഞ്ഞ ഒരു ബാല്യത്തിനായ് ..

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും .

പടികളിറങ്ങിയമ്മ പോകുമ്പോഴും
പടികളേറാന്‍ ഞാന്‍ പഠിച്ചിരുന്നില്ല.

ഏണിലിരുന്നേങ്ങിയ കുഞ്ഞുപെങ്ങള്‍
ഏട്ടാ എന്നെന്നെ വിളിച്ചിരുന്നില്ല

നാണം മറന്നൊരാ നാളുകള്‍
നാട്ടാര്‍ക്കു മുന്നിലെ നാട്യങ്ങള്‍

നിശയുടെ കുളിരിലുറങ്ങുവാനെന്‍
നെഞ്ചിലെ കനലനുവദിച്ചില്ല.

വാതില്ക്കലെത്തിയ തെന്നല്‍ പോലും
വെറുതേ ഒന്നു തലോടിയില്ല

ലഹരിതന്‍ ലോകത്തില്‍ മയങ്ങിയച്ഛന്‍
മിഴിനീരിന്‍ താളത്തിലുറങ്ങി ഞാനും

കാരുണ്യമേകേണ്ട ബന്ധുക്കളാരുമീ-
കര്‍മ്മബന്ധത്തെ കണ്ടതില്ല..

കൂട്ടരോടൊത്തു കളിയാടിയെങ്കിലും
കരളിലെ കരിങ്കല്ലു തകര്‍ന്നതില്ല...

മുന്‍പനായ് ഞാനെന്നും മാറിയിട്ടു -
മാരുമൊരു ഭാവിയും കണ്ടതില്ല..

ഇന്നോ നാളെയോ വഴിതെറ്റിപ്പൊകേണ്ടോന്‍
നാടിനു ഭാരമായ്ത്തീരേണ്ടവന്‍

തെറ്റുകളൊന്നും തിരുത്തിയില്ലെങ്കിലും
ശാപങ്ങള്‍ കൊണ്ടെന്നെ മൂടിയിട്ടു.

ഇന്നു ഞാന്‍ നാടിന്നതിര്‍ത്തിയിലായ്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറമായ്

വേഷത്തില്‍ ഭടനായ് ദേശത്തിന്‍ മകനായ്
മനക്കണ്ണടച്ചു ഞാന്‍ നില്‍ക്കുമെന്നും .

എങ്കിലും വേദനയായൊരു കുഞ്ഞു കൊലുസ്സും
അച്ഛനുമമ്മയും ജയിച്ച നാളും .

Sunday, May 30, 2010

പാല്‍പായസം.

1.മതിലുകള്‍
*********
വേലിയിലായിരം വെള്ളപ്പൂക്കള്‍..
വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍..
ആ കാഴ്ച്ചകളെല്ലാം അകലുന്നു..
പുതിയൊരു മതിലാണുയരുന്നു.

2.ദൈവം
*******
മുറ്റത്തൊരു ചെടി നട്ടാല്‍
പുതുമുളയായ്‌ ദൈവം വരും
നിത്യാര്‍ച്ചന ചെയ്തെന്നാല്‍
നറും പൂവായ്‌ വിരിയും ദൈവം

3.ചിരി
******
ചിരിയിലുണ്ട്‌ ചിരി
ചിരിയില്ലാ ചിരി ..
ചിരി ചിരിയാകണേല്‍
പൂപോല്‍ ചിരിക്കണം
പൂപോല്‍ ചിരിക്കണേല്‍- ചിരി
ചിത്തത്തീന്നുദിക്കണം.

4.ഇന്നലെ,ഇന്ന്,നാളെ ..
*****************
'ഇന്നലെ'യുണ്ടാകയാല്‍
'ഇന്നു'ണ്ടായി
'ഇന്നു'ണ്ടാകയാല്‍
'നാളെ'യുണ്ടാകും.

5.മെമ്മറി
*******
തലയില്‍ മെമ്മറി 'ഫ്രീ'യായി
കമ്പ്യൂട്ടറിലോ 'ഫുള്ളാ'യി.