Showing posts with label വീണ്ടും പ്രവാസം.....കുറെ നല്ല നാളുകള്ക്കു ഇനി ഓര്മ്മകളില്‍ വാസം. Show all posts
Showing posts with label വീണ്ടും പ്രവാസം.....കുറെ നല്ല നാളുകള്ക്കു ഇനി ഓര്മ്മകളില്‍ വാസം. Show all posts

Thursday, October 21, 2010

അക്കരപച്ച തേടി..


പിന്‍ തിരിഞ്ഞൊന്നു ഞാന്‍ നോക്കി എന്‍
രമ്യഹര്‍മ്മ്യത്തിന്‍ പൂമുഖം ചെമ്മേ
മങ്ങി തെളിഞ്ഞതേയുള്ളു മല്‍ക്കാഴ്ച കണ്‍-
പ്പീലി തുമ്പില്‍ കൊരുത്ത നീര്‍മുത്താല്‍



ഇന്നീ നിമിനേരം തൊട്ടെന്‍ തൊടിയില്‍,
ഇലച്ചിത്രം വരയ്ക്കുന്ന കാറ്റും
വെള്ള പളുങ്കിന്‍ മണി പോല്‍ വീഴും
തുള്ളിക്കൊരു കുടം മഴയും

ചക്കര മാവിന്റെ ചോട്ടില്‍ എന്നോമല്‍
ആടിയൊരൂഞ്ഞാല്‍ പടിയും
അന്യമെന്നോര്‍ക്കവേ ഉള്ളില്‍ ഒരു
നൊമ്പരപക്ഷിയോ തേങ്ങി



ഓര്‍മ്മകള്‍കൈകോര്‍ത്ത്‌നില്‍ക്കും
എന്‍ മണ്ണില്‍ പരക്കും സുഗന്ധം
നട്ടതിന്‍ പിറ്റേന്നു പൂത്ത
ചെറുമുല്ല കൈ തൊട്ട പോലെ

ചെമ്പക ചോട്ടില്‍ വന്നെത്തും, തുമ്പി
പ്പെണ്ണിനും നൂറു സ്വകാര്യം
കേള്‍ക്കുവാന്‍ കാതുമായ് ചെല്ലും
പൂങ്കാറ്റിന്റെ ചുണ്ടിലും രാഗം

എന്നു നീ എന്നു നീ പോരും
തിരികെ ഈ സ്നേഹ പഞ്ജരം തന്നില്‍
നോവൊഴുകും മിഴിയാലെ കേണു
പൂമുഖ തൂണിന്മേല്‍ ചാരിയെന്നമ്മ

കൊച്ചനുജത്തി ഒന്നുണ്ട് കൂട്ടായ്
എണ്ണിപറഞ്ഞിടാന്‍ ആയിരം കാര്യം
കുഞ്ഞു മഞ്ചാടി ചെപ്പില്‍ മണി പോല്‍, എല്ലാം
ഭദ്രം സ്വകാര്യം ആ കയ്യില്‍


നാമ മന്ത്രങ്ങള്‍ തന്‍ പുണ്യം, കോടി
പൂവായ് മൃദുസ്മേരം തൂകും
ഉമ്മറ തിണ്ണയില്‍ മിന്നും വിളക്കായ്,എന്നും
എന്‍ മുത്തശ്ശിയമ്മയുമുണ്ടേ

എന്‍ പ്രിയ ഗേഹം വെടിഞ്ഞു, ഞാന്‍
പോവതേതൊരു സ്വര്ഗ്ഗത്തെ തേടി
വ്യറ്ത്ഥമിതത്രയും ഒക്കെ, വൃഥാ
അക്കരപച്ചയോ ദൂരെ






അമ്പിളി ജി മേനോന്‍
ദുബായ്