Friday, December 9, 2011

.........ഷാപ്പിലെ പൂച്ച...............

ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.
പനമ്പ് കൊണ്ട് തിരിച്ച അറകളിലെ
കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,
നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്
അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.

വകയിലെ പെങ്ങളേ പ്രാപിച്ചവന്റെ
വിലാപ സാഹിത്യത്തെ
സമാശ്വാസത്തിന്റെ പുറം തഴുകലുകൾ
സ്വയം ഭോഗമായി പരാവർത്തനം ചെയ്യുന്നത് കണ്ട്
അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്
അവയങ്ങനെ ചടഞ്ഞിരിക്കും.

വിലക്ഷണ ഹാസ്യത്തെ പതച്ചൊഴിച്ച-
പാനപാത്രം മുത്തി,
അഹം ഭാവത്തിന്റെ ആറ്റുമീൻ കറിയിൽ
വിരൽ മുക്കി നക്കി,
അപരനോടുള്ള പുച്ഛം അധോ വായുകൊണ്ട്
അടിവരയിടുന്നത് കണ്ട്
കണ്ണടയ്ക്കും..

അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ
ആഘോഷങ്ങൾ തെറിപാട്ടിന്
താളം പിടിക്കുമ്പോള്
വരട്ടിയ പോത്തിൻ കഷണം
വായ് വിട്ട് താഴെ വീണാലോ എന്ന്
പ്രതീക്ഷയോടെ കാത്തിരിക്കും.

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും.