Thursday, September 2, 2010

ഘോഷയാത്ര ... !!!

ജനിച്ചപ്പോള്‍ തൊട്ടു കേട്ടു തുടങ്ങിയതാണൊരു-
ഘോഷയാത്രതന്‍ അലയൊലികള്‍
ഓരോന്നാളും കലണ്ടറില്‍ ചുവന്ന കളം-
വരച്ചു കാത്തിരിപ്പു തുടങ്ങി.


വീടു വെടിപ്പാക്കി കൂടൊരുക്കി,
പൂക്കള്‍ വിതറി നടയൊരുക്കി,
ചെത്തി മിനുക്കീ പുല്‍മേടുകള്‍
മോടികൂട്ടാന്‍ പാതയില്‍ ചെടികള്‍ നട്ടു
സ്വാഗതഗാനം ചില്ലിട്ടു ചുമരില്‍ തൂക്കി
അപ്പവും വീഞ്ഞുമൊരുക്കി കാത്തിരുന്നു.


അന്തി കറുത്ത് നിലാവെളിച്ചവും വന്നു
പുലരിയും പകലും വന്നുംപോയുമിരുന്നു
സുര്യാഘാതമേറ്റു ചിലത് വാടിയും
ചിലത് വാടാതെയുമിരുന്നു
പ്രളയത്തില്‍ ചിലത് മുങ്ങിയും
ചിലത് മുങ്ങാതെയുമിരുന്നു



വാദ്യഘോഷങ്ങളും ആരവങ്ങളും
പലതവണ വന്നുപോകിലും
ഘോഷയാത്ര മാത്രം വന്നില്ല
അയലത്തു വന്നു അയല്‍ക്കാരനിലും വന്നു
എന്നില്‍ മാത്രമെന്തേ വന്നില്ല?
വിരിച്ച വിരിപ്പ് പലവട്ടം മാറ്റി
കരുതി വച്ച അപ്പവും വീഞ്ഞും
പലവട്ടം തണുത്തുറഞ്ഞു
പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊടുവില്‍


ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
തല നരച്ചു, മുടി കൊഴിഞ്ഞു
കണ്ണില്‍ തിമിരം,മുതുകില്‍ കൂന് മുളച്ചു
അവസാനം ഘോഷയാത്ര വന്നപ്പോള്‍
ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

സ്വത്വം

അക്ഷരങ്ങള്‍ വില്‍പ്പനയ്ക്ക്‌
ആത്മ വിലാപ കാവ്യം
ഒഴുകുമീ തുരുത്തില്‍
ആസിഡ്‌ മഴയ്ക്കായ്‌
വേഴാമ്പലായിടാം
പെരുകും ജാതിയ)യ്‌
ഈ ഉലകത്തില്‍
വൈരം പൂണ്ട്‌ കഴിഞ്ഞീടാം

മനീഷികള്‍ തന്‍ തത്വം
തനിയ്ക്കായ്‌ പകര്‍ന്നാടി
ആഗോള ശാഖകള്‍ തീര്‍ത്തിടാം

സ്വപനങ്ങളിലാറാടി
ശൂന്യതയെ
സ്വപനമെന്നപലപിക്കെ
അര്‍ത്ഥ ശൂന്യമെന്നോതി
താണ്ടി തീര്‍ത്തൊരാ വീഥികള്‍
വിസ്‌മൃതിയിലാഴ്‌ത്തിടാം

എവിടെ തിരയും സ്വത്വം
തകര്‍ന്നടിഞ്ഞൊരീ കൂബാരത്തിലൊ
ചിന്നി തെറിച്ചൊരാ
മസ്തിഷ്ക കഷണത്തിലൊ.

പിന്നെയും യാചനയോ? - മമ്മൂട്ടി കട്ടയാട്‌.



(ഒരു പഴയ കവിത / രണ്ടായിരത്തിയൊമ്പത്‌ ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന പരാതിക്ക്‌ ഒരു വിയോജനക്കുറിപ്പ്‌)

പിന്നെയും യാചനയോ?
മമ്മൂട്ടി കട്ടയാട്‌.

ചോദിക്കുവാൻ മടിച്ചിട്ടാണു നാമേറെ
യാതനയേകും പ്രവാസം വരിച്ചത്‌.
യാചിക്കുവാൻ കഴിയാത്തതു കൊണ്ടാണ്‌
മോചനം തേടിയലഞ്ഞു തിരിഞ്ഞത്‌.

എന്നിട്ടു വന്നീ മരുപ്പച്ചയിൽ നിന്നു-
മന്നത്തെയന്നത്തിനായ്‌ വേർപ്പൊഴുക്കവേ,
പിന്നെയും പിന്നെയും കൈനീട്ടി നാമിര-
ക്കുന്നതിലെന്തോരപാകത കാണുന്നു.

ആശ്രയമന്യേ ഭുജിക്കുവാനും പൂർണ്ണ
സ്വാശ്രയാനായിക്കഴിയാനുമുള്ള നി-
ന്നാശകൾക്കെന്തേ പ്രവാസ ബന്ധൂവിന്ന്‌
ശോഷണം വന്നുവോ, ഭൂഷണമല്ലത്‌.

* * * *
അകലെയിന്ദ്രപ്രസ്ഥമതിലൊന്നിനുപവിഷ്ഠ-
നാകിയ ധനമന്ത്രിയാറു മാസം കൊ-
ണ്ടുരുക്കിയുണ്ടാക്കിയ ബഡ്ജറ്റിലൊന്നിലും
പേരിനു പോലും പ്രവാസികളില്ലത്രെ!!

കക്ഷി രാഷ്ട്രീയങ്ങളെല്ലാം മറന്നൊരു
കക്ഷിയായ്‌ മാറിയിരുന്നു വിലപിക്കു-
മക്ഷമരായൊരെൻ ചങ്ങാതിമാരോ-
ടപേക്ഷിച്ചു ഞാനുമന്നെല്ലാം പൊറുക്കുവാൻ.

എന്തിനാധി നമ്മളന്യ ജാതിയൊന്നു
പൂതി വെക്കാൻ പോലുമില്ലനുമതി
സമ്മതി ദാനവു(1)മസ്തിത്വവും കൂടി
നമ്മൾക്കയിത്തമാണീ ഭൂമിയിൽ

അകിടു ചുരത്തിയ പാലുപോലിന്നുനാം
തിരികെ മടങ്ങുവാൻ കഴിയാഥനാഥരായ്‌
ഏവരും പിഴിയുന്ന കറവപ്പശുക്കളാ-
യവസാനമറവിനു നൽകുന്ന മാടുമായ്‌.

ഇലകളിലേറ്റവും പോഷക മൂല്യമു-
ള്ളിലയായ കറിവേപ്പിലയ്ക്കു വരും ഗതി
പലയിടത്തും പരദേശി മാറാപ്പുമാ-
യലയുന്നവർക്കു ലഭിച്ചാലതൃപ്പമോ?

കൈകളിൽ വന്നു ലഭിച്ചോരനുഗ്രഹം
കൈമുതലാക്കുക, അതിനു ശേഷം മതി
കൈകളിലെത്താതെയകലെപ്പറക്കുന്ന
പൈങ്കിളിയെന്നതുമോർമ്മയിൽ വെക്കുക.
----------------------------------------
(1) വോട്ടവകാശം കിട്ടിയെന്നു കേൾക്കുന്നു. അതു കിട്ടിയാൽ പോലും വലിയ പ്രതീക്ഷയൊന്നും വേണ്ട. ആറു പതിറ്റാണ്ടായി നമ്മുടെ നാട്ടിലുള്ളവർ കുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കോരനു കഞ്ഞി കുമ്പിളിൽ തന്നെയല്ലേ?