Thursday, July 8, 2010

മക്കൾ (ജുബ്രാൻ ഖലീൽ ജുബ്രാൻ) -വിവ: മമ്മൂട്ടി കട്ടയാട്



മക്കൾ
(ജുബ്രാൻ ഖലീൽ ജുബ്രാൻ)
വിവർത്തനം: മമ്മൂട്ടി കട്ടയാട്

നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല.
ജീവിതത്തെ സ്വയമേവ അഭിലഷിക്കുന്ന
ആണ്മക്കളും പെണ്മക്കളുമാകുന്നു അവർ.
നിങ്ങളിലൂടെ അവർ ഈ ലോകത്തിലേക്കു വന്നു;
പക്ഷേ, അവർ നിങ്ങളുടേതല്ല.

നിങ്ങളുടെ കൂടെ അവർ ജീവിക്കുന്നു,
എന്നാൽ അവർ നിങ്ങളുടെ ഉടമസ്ഥതയിലല്ല.

നിങ്ങളുടെ സ്നേഹം അവരിലേക്കു പകർന്നു നൽകാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ നിങ്ങളുടെ ചിന്തകളുടെ വിത്തുകൾ
അവരിലൂടെ നട്ടു വിളയിക്കാൻ നിങ്ങൾക്കു കഴിയില്ല;
കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ടാവും.

അവർക്കു വീടു വെച്ചു കൊടുക്കാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ അവരുടെ ശരീരങ്ങളെ നിങ്ങളുടെ വീടുകളിൽ പാർപ്പിക്കാൻ
നിങ്ങൾക്കു കഴിയില്ല.
നിങ്ങൾക്കു സന്ദർശിക്കാനോ, സ്വപ്നം കാണാനോ കഴിയാത്ത
നാളെയുടെ ഭവനങ്ങളിലാവും അവർ താമസിക്കുന്നത്.

അവർ നിങ്ങളെപ്പോലെയാവാൻ നിങ്ങൾക്കു ശ്രമിക്കാം;
പക്ഷേ, അത്തരം ശ്രമങ്ങൾ വ്യർത്ഥങ്ങളാകുന്നു;
കാരണം ജീവിതം ഒരിക്കലും പിറകോട്ടു പോകില്ല.
നാളെയുടെ ഭവനങ്ങളിൽ താമസിക്കുന്നതിലും
അത് ആനന്ദം കണ്ടെത്തുകയുമില്ല.

നിങ്ങൾ വില്ലുകളും നിങ്ങളുടെ മക്കൾ അമ്പുകളുമാണ്‌.
നിങ്ങളുടെ വില്ലുകളിൽ നിന്നും ജീവിതത്തെ
നിങ്ങൾ തൊടുത്തു വിട്ടു കഴിഞ്ഞു.

അമ്പെയ്യുന്നവൻ അനന്തമായ പാതയിൽ
നാട്ടിയിരിക്കുന്ന ഉന്നങ്ങളെയാണ്‌ നോക്കുക;
സ്വന്തം കഴിവു കൊണ്ട് അതെത്രത്തോളം വേഗത്തിൽ
പായിക്കാൻ കഴിയുമോ എന്ന് അവൻ നോക്കട്ടെ.

അതിനാൽ അമ്പെയ്ത്തുകാരന്റെ
രണ്ടു കൈകൾക്കിടയിലുള്ള ദൂരം
എത്രത്തോളം വളക്കാൻ കഴിയുമോ,
അത്രത്തോളം അവന്‌ സംതൃപ്തിയും സന്തോഷവും ഉണ്ടാവും.

എന്തു കൊണ്ടെന്നാൽ പറന്നു പോകുന്ന അമ്പ്
കുതിക്കാൻ ആഗ്രഹിക്കുന്നതു പോലെ
കൈകൾക്കിടയിൽ ഉറച്ചിരിക്കാൻ
വില്ലും അതിയായി ആഗ്രഹിക്കും.

http://www.podikkat.blogspot.com

Sunday, July 4, 2010

വഴി

ഇത് രാത്രി വൈകിയുള്ള യാത്ര.
ഉള്ളിൽ ബോധം കടം വാങ്ങിയ ലഹരി.
ഒരു exit point ൽ ശ്രദ്ധ മാറിയതു കൊണ്ട്
എത്തിപ്പെട്ട അപരിചിത ഇടം.
വഴി തെറ്റെങ്കിലും
തനിച്ചെങ്കിൽ
ഭയമില്ല
പക്ഷെ
കൂടെ
ഇറങ്ങിവന്ന പെണ്ണും
അവളിലുണ്ടായ കുഞ്ഞും.
ഇന്ധനം തീരാറായെന്ന് അടയാളം.
സൈൻബോർഡുകൾ ഇല്ലാത്ത വഴി.
ഏറെക്കാലത്തിനു ശേഷം
കണ്ണുപതിഞ്ഞ ആകാശം.
രാത്രിയിൽ വെളുത്ത മേഘങ്ങളുണ്ടാകുമോ
എന്ന സംശയം.
പരിഭ്രാന്തി മാറ്റാൻ ട്യൂൺ ചെയ്ത
ഫ്രീക്വൻസിയിൽ
പാടുന്നത്
ലതാമങ്കേഷ്കർ.

ആഗ്രഹിക്കുന്നത്:
അറിയുന്ന വഴിയിലേക്ക്
ഒരു exit point,
ഒരു പെട്രോൾപമ്പ്,
കുഞ്ഞിന്റെ ശാന്തമായ ഉറക്കം,
പെണ്ണിന്റെ പിറുപിറുപ്പിനു വിരാമം,
ചോദ്യങ്ങളില്ലാത്ത മൗനം.