Saturday, March 27, 2010

ഇതിലേതാണു സത്യം


അച്ചന്‍ നഷ്ട്പ്പെട്ട മകനെ....
അമ്മ നെഞ്ചൊടുചേര്‍ത്തുവെച്ചു വളര്‍ത്തുന്നു...
ഒരുരാവു പുലര്‍ന്നപ്പോളവന്‍ ...
അമ്മയുടെ സ്നേഹത്തെ തള്ളിപ്പറഞ്ഞ് ...
കാമുകിയോടൊപ്പം പോകുന്നു...
നെഞ്ചോടുചേര്‍ത്തുവെച്ചു വളര്‍ത്തിയ അമ്മയുടെ സ്നേഹമോ...?
അതോ...ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിയുടെ സ്നേഹമോ...?
അമ്മയുടെ താരട്ടിനോ... കാമുകിയുടെ തലോടലിനോ...
ഇതിലേതാണു സ്നേഹം .... ഇതിലേതാണു സത്യം !

അത്ഭുതങ്ങളുടെ നാട്

അമേരിക്കന്‍ ഐക്ക്യ നാടുകളുടെ...
ചരിത്രം പഠിക്കുമ്പോള്‍
ഓര്‍ത്തില്ല ഞാനും ഈ മണ്ണില്‍ എത്തുമെന്ന്..
ബാല്യ കാലം മുതല്‍ എന്നിലെന്നും
അത്ഭുതങ്ങള്‍ സൃഷ്ടിച്ചൊരു നാട്

കേട്ടറിഞ്ഞ നാടോ....കണ്ടറിഞ്ഞ നാടോ....
ഏതാണ്‌ സത്യമെന്ന് തെല്ലൊരു ആശങ്ക ഉണ്ടെനിക്ക്
വെളുത്തു മെലിഞ്ഞ വെള്ളക്കാരെ
പ്രതീക്ഷിച്ച ഞാന്‍ കണ്ടതോ...
വായിച്ച പുസ്തകത്തിലെ ...
കണ്ടു മറന്ന രാമായണം സീരിയലിലെ
രാക്ഷസ ഗണത്തെ അനുസ്മരിപ്പിക്കും വിധം
ഭീമാകാരം പൂണ്ട മനുഷ്യര്‍.....!!!
അത്ഭുതം കൊണ്ട് വിടര്‍ന്നു കണ്ണുകള്‍....
ആലിസ് എത്തിയ അത്ഭുത ലോകത്തിലോ.....
സീത എത്തിയ ലങ്കയിലോ .....
എവിടെയാണ് ഞാനെന്നു ഒരു നിമിഷം ചിന്തിച്ചു പോയീ

വിദ്യാലയത്തിന്‍ തിരുമുറ്റത്ത്‌ ...
ഗര്‍ഭവതിയായ
വിദ്യാര്‍ത്ഥിനിയെ കണ്ടു ഞാന്‍ ഞെട്ടി....
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിര്‍ത്തലാക്കിയ
ശൈശവ വിവാഹം ഇന്നും ഇവിടെ തുടരുന്നുവോ
നാളുകള്‍ പോകവേ ഞാന്‍ അറിഞ്ഞു.....
ഈ നാട്ടില്‍ അമ്മയാകാന്‍.....
വിവാഹം വേണ്ട.....ഭര്‍ത്താവു വേണ്ട
കൂട്ടുക്കാരന്‍ മാത്രം മതിയെന്ന സത്യം
അവിഹിത ഗര്‍ഭം നമ്മുടെ മണ്ണില്‍
പിഴച്ചു പോയതിന്റെ മുദ്രയെങ്കില്‍...
ഇന്നാട്ടില്‍ അത്  പ്രൌഡിയുടെ  അടയാളം !!!

ഇവിടുത്തെ കുട്ടികളെ അറിഞ്ഞപ്പോള്‍...
തെല്ലൊരു വേദന തോന്നിയുള്ളില്‍...
കാടാറുമാസം നാടാറുമാസം....എന്നപോലെ
അച്ഛന്റെ വീട്ടില്‍ ഒരഴ്ചയെങ്കില്‍...
അമ്മയുടെ വീട്ടില്‍ മറ്റൊരാഴ്ച ....
അമ്മായോടുമില്ല സ്നേഹം...
അച്ഛനോടുമില്ല സ്നേഹം.....
ആരോടുമില്ല...വൈകാരിക ബന്ധം

അദ്ധ്യാപനം ഇത്ര ദുഷ്കരമോ ...
തോന്നിപോയീ ആദ്യ നാളുകളില്‍
വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യാപകരോട്..
പുച്ഛമോ വെറുപ്പോ ശത്രു ഭാവമോ
എന്ത് പറയാനും മടിയില്ലവര്‍ക്ക്‌...
എന്ത് ചെയ്യാനും മടിയില്ലവര്‍ക്ക് ...
സരസ്വതി വിളങ്ങുന്ന അക്ഷര മുറ്റം
അസഭ്യ വാക്കുകളുടെ കളിയരങ്ങ്
അദ്ധ്യാപകരെ പേര് ചൊല്ലി വിളിക്കുന്നു
വിദ്യാര്‍ത്ഥികളെ സാറെന്നും മേടം എന്നും
അങ്ങനെ ...അങ്ങനെ....
അത്ഭുതങ്ങളും....ഞെട്ടലുകളും.....ആശങ്കകളും
തുടരുന്നു....തുടരുന്നു....തുടര്‍ന്ന് കൊണ്ടിരിക്കുന്നു....

Friday, March 26, 2010

ചെറുമീശ


ഇതു എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി എന്നെ കളിയാക്കി ഏഴ് വര്ഷം മുന്പേ എഴുതിയ വരികള്‍ .


വല്യുപ്പക്ക് ഉണ്ടേ വെളുത്ത മീശ...
കുഞ്ഞുപ്പക്ക് ഉണ്ടേ കറുത്ത മീശ...
ഇക്കാക്ക്‌ ഉണ്ടേ കൊമ്പന്‍ മീശ...
ഇത്താക്ക് ഉണ്ടേ പൊടി മീശ....
ആണാണെന്നാലും ഇല്ലല്ലോ എന്‍ ജിഷാദ്‌ മോന്....
പേരിനു പോലും ചെറുമീശ.

നാസര്‍ കൂടാളി

യുവജനോത്സവ മത്സരത്തില്‍ ഇന്ന്

പേരറിയാത്ത
മരങ്ങളുടെ വേരുകളില്‍
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ
മനോഹരമായ
ശില്‍പ്പം തീര്‍ക്കുകയായിരുന്നു അവള്‍.

കഴിഞ്ഞ പ്രാവിശ്യം
ക്ലേ മോഡലിംഗിലായിരുന്നു മത്സരിച്ചത്.

അടുത്തെങ്ങും
വയലുകളില്ലാത്തതിനാല്‍
അച്ഛന്‍ കളിമണ്ണിന്
തിരക്കിപ്പോയിട്ട് വന്നതേയില്ല.

കാട്ടില്‍ വെട്ടിയിട്ട
ബാക്കിയായ മരങ്ങളൂടെ വേരുകള്‍
ഒടിച്ച് മടക്കിയതിന്റെ
തിണര്‍പ്പ് മാറും വരേയെങ്കിലും
മുറ്റത്ത് വെയിലേറ്റ് കിടന്നിരിക്കണം
അമ്മയോളം ഉണങ്ങിപ്പോയിരിക്കണം.

ഇനി തിരിച്ച് ചെല്ലുമ്പോള്‍ കൊണ്ടു പോവേണം
പകുതിയില്‍ തീര്‍ത്ത
ക്രൂശിത രൂപത്തേയും
താജ് മഹലിനേയും
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയേയും...
അടുപ്പിലെന്തെങ്കിലും വേവിക്കുവാന്‍...

Thursday, March 25, 2010

     കണ്ണാടി
 എന്‍റെ കണ്ണാടി
 എനിക്ക് മുഖം കാണിച്ചു തന്നു.
 ഞാന്‍ മറ്റൊരു കണ്ണാടി വാങ്ങി 
 കണ്ണാടിയുടെ മുഖവും
 കാണിച്ചു കൊടുത്തു...

Wednesday, March 24, 2010

ഒരു കുഞ്ഞിന്റെ രോദനം

ഒരു കുഞ്ഞിന്റെ രോദനവും ഒരു അമ്മയുടെ തേങ്ങലും ....
മാറാതെ എന്‍ മനസ്സില്‍ മുഴങ്ങുന്നു ഇപ്പോഴും ...
ദൈവം ഒരു ക്രൂരനാണെന്ന് അറിയാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു...
അമ്മയുടെ കൈവിട്ട കുഞ്ഞിനെ പിന്നെ കണ്ടതു...
രക്തത്താല്‍ കൈകാല്‍ അടിക്കുന്നതാണ്...
നെഞില്‍ ഇടിക്കുന്ന അമ്മയെ ഒരു നോക്കു നോക്കാനെ...
കഴിഞ്ഞുള്ളു എനിക്ക്....
നിലവിളികേട്ട് ആരും പറഞ്ഞുപോകും ....
കുഞ്ഞിന്റെ ജീവനുപകരമായ്...
ദൈവമേ എന്നെ നീ എടുത്തുകൊള്ളൂ....
പകരമായ് നീ കുഞ്ഞിനെ തിരിച്ചു നല്‍കൂ...
ഒരുവേള അറിയാതെ പറഞ്ഞുപോയി....
ദൈവമേ ആര്‍ക്കും ഈ ഗതി വരത്തരുതേ.

ജീവപര്യന്തം...!നിലാവില്‍ തെങ്ങിന്‍തോപ്പ്
ഒറ്റപ്പെട്ടവരുടെ ഒരു ദ്വീപ്‌.

നീര് വറ്റി
ഉണങ്ങിയ മേനിയുടെ
ചലനമില്ലായ്മ്മകളിലും അവര്‍
നക്ഷത്രങ്ങളോട് സംസാരിക്കുന്നു.

നിഴലുകളെ നീട്ടി നീട്ടി
പരുത്ത തൊലിപ്പുറങ്ങളില്‍
പരസ്പരം അവര്‍
തൊട്ടു നോക്കുന്നു.

നോക്കൂ,
അപ്പോള്‍പ്പോലും
കരിഞ്ഞ, പച്ചച്ച തലപ്പുകള്‍ കൊണ്ട്
കാറ്റിനോടും ആകാശത്തോടും
ചുമ്മാ അവര്‍ കലഹിച്ചു കൊണ്ടിരിക്കുന്നത്...

ഇരുട്ടില്‍,
തെങ്ങിന്‍ തോപ്പ്
വൃദ്ധസദനം പോലെ ഒറ്റപ്പെട്ട
ഒരു ശ്മശാനം !കല്‍പം

സൃഷ്ടി
ഒരു കലാകാരന്‍
സര്‍ഗ്ഗം തുടങ്ങി
പ്രണവം മുഴങ്ങി
അത്ഭുതം !!
എല്ലാ സൃഷ്ടികളും വ്യത്യസ്തം !
ഒരോന്നുമുല്ക്കൃഷ്ടം
വിലയിരുത്താനാളില്ല
വിമര്‍ശിക്കാനാളില്ല
കലാകാരന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു.

സ്ഥിതി
സൃഷ്ടികള്‍ മോഹിച്ചു
സ്രഷ്ടാവിനെയറിയാന്‍
സ്വരരാഗങ്ങളൊന്നു ചേര്‍ന്നു
സംഗീതമായവന്‍ നിറഞ്ഞു..
പഞ്ചഭൂതങ്ങളൊത്തു വന്നു
ശരീരപഞ്ജരമായവനെ കണ്ടു..
മണ്ണും ജലവും ബീജവും കൂടി
വൃക്ഷമായ് പൂക്കളായ് ഫലങ്ങളായ്
സമുദ്രം സൂര്യനുമായിണങ്ങി
മഴയായവന്‍ പെയ്തു തോര്‍ന്നു..
ഒന്നല്ലാത്ത സൃഷ്ടികളൊരുമിച്ച്
കലാകാരനെയറിഞ്ഞു.

ലയം
ഉത്തമസൃഷ്ടിക്കു പിഴച്ചു
മനുഷ്യന്‍ ...
അവന്‍ സ്വയം സ്രഷ്ടാവായി
പാലകനായി.. സംഹാരിയായി
പല കൂട്ടങ്ങളായി
കൂട്ടങ്ങള്‍ സ്രഷ്ടാവിനെ നിര്‍വ്വചിച്ചു.
നിര്‍ വ്വചനങ്ങളും വ്യത്യസ്തം !!
തന്റെ കൂട്ടം വിശുദ്ധരായി
മറ്റു കൂട്ടങ്ങളവിശുദ്ധരായി
വിശുദ്ധ യുദ്ധങ്ങളായ്
സൃഷ്ടി സ്രഷ്ടാവിനു മുകളിലായി
സൃഷ്ടിമണ്ഡലം കലുഷമായി
കലാകാരന്‍ തെറ്റു തിരുത്തി
സൃഷ്ടികള്‍ ഭാവനയില്‍ ലയിപ്പിച്ചു
കളങ്കമറ്റ പുതിയ രചനയ്ക്കായൊരുങ്ങി.

മാവേ....പൂക്കില്ലേ?

ഇനിയൊരിക്കലും കല്ലെറിയില്ല
ഉണ്ണിവിരിയും മുമ്പേ തന്നെ
അന്ത്രുമാപ്ലക്ക് വിറ്റ്
കാശു വാങ്ങില്ല
പുരക്കു നേരെ നീണ്ടെന്നു
പറഞ്ഞ് കൈ വെട്ടില്ല


ഇന്ന് തന്നെ ഊഞ്ഞാലിടാം
ചോട്ടില്‍ തന്നെ ഉണ്ണിപുരകെട്ടാം
വേരായ വേരൊക്കെ ഉപ്പുവെച്ച്
നിറക്കാം*
അണ്ണാറകണ്ണനോടും വാലാട്ടികിളിയോടുമൊക്കെ
ചെങ്ങാത്തം കൂടാം

പുളിയന്‍ മാവേ....പുളിയന്‍ മാവേ....
കാലേ തന്നെ പൂക്കില്ലേ..?


ഉപ്പ് വെച്ച് കളിക്കുക: വേനലവധിക്കാലത്തെ ഒരു പ്രധാന കളിയായിരുന്നു..

നിനക്കെന്റെ സ്നേഹം..

പണ്ടൊരോണക്കാലത്ത് ഞാനും സുഹ്രുത്ത് അജയനും കൂടി വെറുതേയിരുന്ന വൈകുന്നേരങ്ങളില് ഉരുവപ്പെട്ട ചില പാട്ടുകളാണിവ..പാടിയത് മറ്റൊരു സുഹ്രുത്തായ രത്നകുമാര്, കൂടെ പാടിയത്, ശ്രീജ. അഭിപ്രായം അറിയിക്കുമല്ലോ…

നിനക്കെന്റെ സ്നേഹം..
Lyric: Vinod Kooveri
Music : Ajayan Valakkai
Singers: Rathnapal & Sreeja
മുറ്റത്തെ മല്ലിക…

എന്‍ പ്രണയം


കാറ്റായ് തഴുകിടും ...
കരളായ് തുടിക്കും ...
കുളിരായ് നിറയ്ക്കും ...
കനലായ് എരിഞിടുമെന്‍ പ്രണയം .

മഴയായ് ചൊരിയും ...
മലരായ് വിടരും ...
മഞ്ഞായ് പൊഴിയും ...
മൌനമായ് ആടുമെന്‍ പ്രണയം .

പ്രണയത്തിന്‍ ഭാവം

ഒരു വരിയായി ....ഒരു വിളിയായീ ....
നീ വന്നുവെന്‍ വഴിത്താരയില്‍.....
അറിയാതെ അറിയാതെഎപ്പോഴോ....
നിന്‍ മനസിന്‍ ചെപ്പില്‍.....
ഒരു മുത്തായിരിക്കാന്‍ കൊതിച്ചു ഞാന്‍
ഇരുള്‍ നിറഞ്ഞയെന്‍ പാതയില്‍ ......
പ്രകാശ കിരണങ്ങള്‍ പൊഴിയും .
മാണിക്യമായീ കണ്ടു നിന്നെ ഞാന്‍ ....

നീയെന്‍ അരുകില്‍ എത്തീടുമ്പോള്‍....
സൂര്യ കിരണങ്ങള്‍ ഏറ്റ
സൂര്യകാന്തി പോലെ തിളങ്ങി എന്‍ വദനം ...
മഞ്ഞുതുള്ളി പോലെ നിന്‍ -
പ്രണയത്തില്‍ അലിഞ്ഞു ചേരുവാന്‍......
എന്‍ ഉള്ളം തുടിച്ചിരുന്നു

ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി.....
ഒരു കുമ്പിള്‍ സ്നേഹം കൊതിച്ചു......
നിന്‍ കൈപിടിച്ചപ്പോള്‍....
കേള്‍ക്കമായിരുന്നുവെനിക്ക്
എന്‍ മനസ്സില്‍ തുടികൊട്ടല്‍ -

വീണ്ടുമെന്‍ സ്വപ്നങ്ങള്‍ക്ക് ..
മുളച്ചല്ലോ ചിറകുകള്‍.....
പ്രതീക്ഷ തന്‍ നാമ്പുകള്‍ .....
മുളപൊട്ടി എന്നുള്ളില്‍.....
സന്തോഷത്തിന്‍ ..പടികള്‍ കയറുമ്പോള്‍.....
എന്തൊരാവേശം ആയിരുന്നെനിക്ക് .....

നീണ്ടു നിന്നില്ല അധികമാതെന്നില്‍......
സത്യത്തിന്‍ മുഖം കണ്ടു ഞാന്‍ ഞെട്ടി....
ഇതോ പ്രണയത്തിന്‍ ഭാവം?
നീറുന്നു എന്‍ മനം ...
നിറയുന്നു എന്‍ കണ്ണുകള്‍
കണ്ണീര്‍ മുത്തുകള്‍...പെറുക്കിയെടുക്കുമ്പോള്‍
തിരിച്ചറിയുന്നു ഞാന്‍.....
മാണിക്ക്യം എന്ന് കരുതി.....
ഞാന്‍ കണ്ടെത്തിയതോ .....
വെറുമൊരു വെള്ളാരം കല്ലായിരുന്നുവെന്നു ......!!!!

Tuesday, March 23, 2010

വിഷുക്കണി

മീനവെയിലുരുക്കി കൊന്നയില്‍ ചാര്‍ത്തിയ
മേടപ്പൊന്നിറുത്തു പൂക്കണി ചമച്ചു.
വേര്‍പ്പില്‍ വിളഞ്ഞ ഫലങ്ങളെല്ലാം
വെള്ളോട്ടുരുളിയില്‍ കവിഞ്ഞിരുന്നു.
പട്ടും പവനും പണ്ടങ്ങളും കൂടി -
വാല്ക്കണ്ണാടി മേല്‍ പകിട്ടുനോക്കി.
വേണുവൂതുന്നൊരു വാസുദേവന്‍
സാക്ഷിയായ് ശ്രീലകം നിറഞ്ഞു നിന്നു.
അമ്മതന്‍ ശ്രീത്വം തിരികൊളുത്തി
നന്മതന്‍ ദീപം തെളിഞ്ഞു കത്തി
കുളികഴിഞ്ഞൊന്നായി വന്നു കുടുംബം
കുമ്പിട്ടു കണികണ്ടു തൊഴുതു നിന്നു.
കര്‍മ്മപഥങ്ങളില്‍ മംഗളം കാംക്ഷി-
ച്ചച്ഛന്റെ കൈനീട്ടം കണ്ണോടു ചേര്‍ത്തു
വിശുദ്ധിതന്‍ പുണ്യാഹം നാടാകെ തേവി-
വിഷുപ്പക്ഷി ശ്രുതിമീട്ടി പാട്ടു പാടി.
കാവുകള്‍ പൂക്കുന്ന വിഷുപ്പുലരിയിതു -
കാര്‍ഷിക കേരളപ്പുതുപ്പിറവി.

മദ്യകുപ്പി

എന്റെ വില്ലയിലെ "രേഘുചേട്ടന്‍ " ഗള്‍ഫിലെ നല്ലവരായ കുടിയന്‍മാര്‍ക്കായി രചിച്ച കവിതയാണ് ഞാന്‍ താഴെ കൊടുക്കുന്നത്...

കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !
ബ്ലൂ ലാബല്‍ കുപ്പിയെവിടെ.

ദിര്‍ഹങ്ങള്‍ പോയാലും !
ദിക്കുകള്‍, കാണാത്ത....
കണ്ണുകള്‍ കാണാത്ത....
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ എണ്ണുക !
പന്ത്രണ്ടു കഴിഞ്ഞിട്ടും...
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പുലര്‍ച്ച അറിയുന്നില്ല !
പാതിരയരിയുന്നില്ല !
സൂര്യനെയരിയുന്നില്ല !
കണ്ണിലിരുട്ട്‌ കയറുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ !

പെഗ്ഗുകള്‍ കഴിയുന്നു !
കുപ്പികള്‍ ഒഴിയുന്നു !
ജരന്മ്ബുകള്‍ മുറുകുന്നു !
കുപ്പിയെവിടെ !
എന്റെ കുപ്പിയെവിടെ.........

അന്തര്‍മുഖത്വം

മേഘപ്പുരകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് രണ്ടുനാളായി

പുരപ്പുറത്തു തകൃതിയായ ചെണ്ടമേളം

താളം മുറുകിയും അയഞ്ഞും

മിന്നലിന്റെ അലങ്കാരപ്പണികള്‍

മദ്ധ്യേ കാതടപ്പിക്കുന്ന കതിനകള്‍

വാരിക്കോണുകളില്‍ കുംഭീതുണ്ഡങ്ങള്‍

തിടമ്പെടുത്ത കദളീപത്രങ്ങള്‍

തെങ്ങോലവെഞ്ചാമരങ്ങള്‍

മേല്‍പ്പുരത്തുമ്പില്‍ നീര്‍ത്തോരണങ്ങള്‍

മഴവില്ലിന്‍റെ കുടമാറ്റവിസ്മയം

നുരപ്പോളകളുടെ ജനസഞ്ചയം

പുറത്ത് മഴപ്പൂരം പൊടിപൊടിക്കുന്നു.


പക്ഷെ പൂരദൃശ്യങ്ങള്‍ വെടിഞ്ഞു

കരിമ്പടത്തിനുള്ളിലെ ഇരുട്ടില്‍ തപ്പി

ഇല്ലാസ്വപ്നങ്ങള്‍ക്ക് ഇലയിട്ടു

എന്നിലേക്ക്‌ എന്നെ നേദിച്ച്

ഉറക്കം കാത്തിരിക്കാനാണ് എനിക്കിഷ്ടം

Monday, March 22, 2010

സ്വാമികള്‍

പത്ര താളുകളില്‍ കണ്ണോടിക്കുമ്പോള്‍......
തെല്ലോരാകാംഷ മെല്ലെ തലപോക്കിയുള്ളില്‍ ....
ഇന്നുമുണ്ടോ സ്വാമികള്‍ തന്‍ വാര്‍ത്ത.......
ദിനം തോറും പുതു പുതു വാര്‍ത്തകള്‍-
നിറഞ്ഞു നില്‍ക്കുന്നുവല്ലോ പത്ര താളുകളില്‍
പല പല സ്വാമികള്‍ തന്‍ വീര ചരിതം......

പിന്നോട്ടൊന്ന് തിരിഞ്ഞു നോക്കിടുമ്പോള്‍ ..
നമുക്ക് കാണാം മറ്റൊരു ചിത്രം.....
കക്ഷായ വേഷവും ...വെളുത്ത വസ്ത്രവും.....
നന്മതന്‍ പ്രതീകമായിരുന്നു എന്നും.....
സ്വാമികള്‍എന്ന് കേള്‍ക്കുമ്പോള്‍.....
മനസ്സില്‍ വിരിയുന്നതോ ......
ബഹുമാനവും ഭക്തിയും ആദരവും
ചേര്‍ന്നൊരു സംമിസ്ത്ര വികാരമായിരുന്നു ......
ആരാധിച്ചിരുന്നു ...വണങ്ങിയിരുന്നു ....
പൂജിച്ചിരുന്നു സ്വാമികളെ.....

ഇന്നോ മുഖചിത്രം മാറിടുന്നു ......
സ്വാമികള്‍ എന്ന് കേള്‍ക്കുബോഴേ....
വിരിയുന്നു പരിഹാസ മന്ദസ്മിതം .......
പീഡനവും .....വാണീഭാവുംമായീ ....
പെണ്‍ വിഷയങ്ങളില്‍ .....
തിളങ്ങീടുന്നുവല്ലോ സ്വാമികള്‍...........
ആരുടെ സൃഷ്ടിയാണിത്തരം സ്വാമികള്‍.....
ചിന്തിച്ചാല്‍ ഉത്തരം സ്പഷ്ടമല്ലേ.....
നമ്മള്‍.... നമ്മളകും ഈ സമൂഹമല്ലേ?
തീരുമാനിക്കാം നമുകൊരുമിച്ചു....
വേണ്ട ഇനിയൊരു സ്വാമിമാരും

പ്രവാസം

കാലം കളഞ്ഞു കുലമാകെ മുടിച്ചു പാരം

മാതാവിനുള്ളിലെരി തീക്കനല്‍ നിറച്ചു വെച്ചും

കൂടൂം വെടിഞ്ഞു കരതേടിയലഞ്ഞൊടുക്കം

തീരത്തടിഞ്ഞിതു കീറിയ ചെരിപ്പു പോലെ.മുന്നില്‍ മഹാനഗര സുവര്‍ണ്ണ ഹര്‍മ്യം

വിത്തപ്രതാപം നുരചിന്നിടുമര്‍ദ്ധരാത്രി.

നക്ഷത്ര ധാര്‍ഷ്ട്യ പ്രഭ ചവച്ചു തുപ്പും

എച്ചില്‍ പ്രകാശം അബ്ര* യിലാടിത്തിമിര്‍പ്പൂവേവും മനസ്സോര്‍മതന്‍ തീക്കല്ലടുപ്പില്‍

പാകം ചെയ്തു പൈദാഹമടക്കി നിര്‍ത്തി

കണ്ണൊന്നടയ്ക്കാന്‍ കറുകയിലഭയം തിരക്കേ

തീര്‍ക്കുന്നുവോ ശരശയ്യ ശനിഭൂതകാലംചുടും മുലപ്പാലമൃതും നുകര്‍ന്നു മന്ദം

താരാട്ടു പാട്ടിണ്റ്റെ മധുരത്തിലലിഞ്ഞു ദൂരെ

പാറിപ്പറക്കും ശലഭചാരുത നോക്കി നോക്കി

പിന്നിട്ട ബാല്യസ്മൃതി മുറിഞ്ഞ ഞരമ്പു പോലെപിന്നാലെ വന്നു കതിര്‍പോലെ കൌമാരകാലം

കണ്ണണ്റ്റെ കേളികള്‍ കരം വിട്ട ശരങ്ങളായി

എന്തെന്തു ശാപങ്ങളോടക്കെടുനീരുപോലെ

മൂര്‍ദ്ധാവില്‍ വീണു നില തെറ്റിയൊഴുക്കുമായി.ശേഷം വിലക്കിയ കനികള്‍ മാത്രം ഭുജിച്ചു

പാനം ചെയ്തു മദയൌവന സുരോരസങ്ങള്‍

നേരം തെറ്റിയ നേരമൊരുനാള്‍ ഉമ്മറപ്പടികടക്കേ

കേട്ടില്ലാ ഗര്‍ജ്ജനം ചാരുകസേര ശൂന്യംമുറ്റത്തെ ചെന്തെങ്ങു പിന്നെ കായ്ക്കാതെയായീ

അച്ഛണ്റ്റെ സ്വരമതിന്നും പ്രിയപ്പെട്ടതാകാം

സ്വച്ഛന്ദ മൃത്യു വരിച്ചതോ മൃതമനസ്സിനൊത്തു

നില്‍ക്കാതെ ദേഹമവനി വെടിഞ്ഞതാമോമീനക്കൊടും വെയില്‍ നീരൂറ്റിയ മനസ്സുമായി

പാടം പോലെ മൂത്തവള്‍ നിശ്ശബ്ദയായി

ബോധം തെളിഞ്ഞു ചുവടൊന്നു മുന്നോട്ടു വെക്കേ

ഘോരാന്ധകാരം, ചുടലശൂന്യത വഴി നീളെ നീളെകീറിപ്പറിഞ്ഞൊരു നൂല്‍ പൊട്ടിയ പട്ടമായി

വീണും പറന്നുമിരവോളമകം പുകഞ്ഞും

കാതോര്‍ക്കയാണു വിധി ജീവിതജരാനരയ്ക്കു

തീര്‍പ്പാക്കുന്നതു സുധയോ കാളകൂടക്കുറുക്കോ?

ഉത്സവം

ഒരാള്‍ക്കു തനിച്ചാഘോഷിക്കാവുന്ന
ഒരേ ഒരുത്സവം മരണമാണു.
തിമര്‍പ്പുകള്‍, തിളപ്പുകള്‍, താളമേളങ്ങള്‍,
സ്വയം വച്ചുണ്ണുന്ന സദ്യവട്ടങ്ങള്‍,

അടര്‍ന്നുമാറുന്ന മിന്നല്‍ക്കണ്ണികളില്‍
‍വിസ്മയത്തിന്റെ വെളുപ്പും
ശൂന്യതയുടെ കറുപ്പും
കളമെഴുതിയാര്‍ക്കുന്നു,
പങ്കിടേണ്ടാത്ത ഉത്സവക്കാഴ്ചകള്‍

ആരൊ തൊടുവിരല്‍ നീട്ടി
നാവിലലിഞ്ഞ ഹരിശ്രീ
മെല്ലെതുടച്ചുമാറ്റുന്നു,
ഒരു തുള്ളിവെള്ളം തുളുമ്പി
അമ്രുതിന്‍ കടലായ് നിറയുന്നു
ഹാ, ഇനി അമരത്വസിദ്ധികള്‍ .

കാറ്റിന്റെ നീളന്‍ വിരലുകള്‍
‍മെല്ലെ തഴുകിയകറ്റുന്നു വേവുകള്‍
‍വിട്ടു പോകുന്നു, സ്പര്‍ശ സുഖങ്ങള്‍
ചുംബനപ്പാടുകള്‍, പ്രണയതാപങ്ങള്‍
കുളിരാണു ചുറ്റും, ഇതു ശാന്തിപര്‍വ്വം.

ഇനി ഉത്സവബലി നേരണം,
ദാഹം, വിശപ്പു, കിതപ്പുകള്‍,
തീരാത്ത കാമമോഹങ്ങള്‍,
ശ്വാസമായ് നേദിച്ച ഹവിസ്സുകള്‍
‍ഹ്രുദയരക്തത്തിന്നൊഴുക്കുകള്‍
‍തിരികെ നല്‍കുന്നു, മുഴങ്ങുന്നു ശംഖ്.
കഴിയുന്നു പൂജകള്‍..

അമര്‍ന്നു താഴുന്ന ഘോഷങ്ങള്‍
‍പകലിന്നൊച്ചകള്‍, രാവിന്നീണങ്ങള്‍,
ഒരു കിളിപ്പാ‍ട്ടു കേള്‍ക്കെ കാതുകള്‍
സ്വരസമ്രുദ്ധിയില്‍ നടയടയ്ക്കുന്നു,

ഒരു മരണം കൊടിയിറങ്ങുന്നു,
എരിഞ്ഞടങ്ങിയ കനലുകള്‍,
ഇനി ഉത്സവബാക്കികള്‍.

Sunday, March 21, 2010

ഒരു മണിക്കൂര്‍ നേരത്തെ പ്രണയം
അവസാനിച്ചപ്പോഴാണ്  എല്ലാം തുടങ്ങിയത്..
ഒരു മണിക്കൂര്‍ നേരത്തെ പ്രണയം അവസാനിച്ചപ്പോള്‍ 
നമ്മള്‍ പരസ്പരം ചാരിയിരുന്നു.


ക്ലോക്കില്‍ വലുത് ചെറുത്‌ 
തീരെ നേര്ത്തത്..

സൂചികളുടെ
വൃത്ത സഞ്ചാരപാതകള്‍ .
അടച്ചിട്ട വാതിലിനപ്പുറം 
സൂചിതുമ്പില്‍ പിടഞ്ഞോടും
ജീവിതങ്ങള്‍.

ഓഫീസ്, സ്കൂള്‍,
നിലക്കാത്ത ഹോണടികള്‍
എല്ലാറ്റില്‍ നിന്നും മോഷ്ടിച്ചെടുത്ത 
ഒരു മണിക്കൂര്‍.
ചുവരില്‍ വീണ വെയിലിന്റെ വെള്ളിസൂചി 
സമയം കഴിഞ്ഞെന്നു നമ്മെ ഓര്‍മിപ്പിക്കുന്നു.


ഒരു മണിക്കൂര്‍ നമ്മളിലെന്താണ് പെയ്തത്..?
ആശുപത്രി വരാന്തകളിലെ കൂട്ടിരുപ്പു ഗന്ധങ്ങള്‍..

കയ്പ്പും എരിവും അല്പം മധുരവും തികട്ടുന്ന രുചികള്‍..

നടന്നു തേഞ്ഞ കാല്പാടിന്റെ മാറാല എഴുത്തുകള്‍.. 

അടുക്കിവെയ്ക്കാത്ത അലമാരയിലെ ഓര്‍മ്മകള്‍..

വീണ്ടും മുളക്കുന്ന പ്രണയം !!

കാറ്റില്‍ ഉലയുന്ന മരമായി 
നമ്മുടെ ജീവിതമാടിയുലഞ്ഞു..

കൂര്‍ത്ത സൂചിമുന കണ്ണുകളാല്‍ 
നീയെന്നെ നിന്നോട് ചേര്‍ത്ത് തുന്നി
ഒഴുക്കിലകലും മുന്‍പ് ഇലകള്‍ പരസ്പരമെന്ന പോലെ...


ഒരു മണിക്കൂര്‍ നേരത്തെ പ്രണയം
ഈയൊരു കൂര്‍ത്ത കവിതയില്‍ അവസാനിക്കട്ടെ..