Saturday, March 13, 2010

അമ്മദിനം / Mothers Day

വെറും ഒരു സിംഗിൾ പാരന്റായി പതിനാറ് വയസ്സുള്ളപ്പോൾ
ആണ് അവന്റെ അമ്മ അവനുജന്മം നൽകിയത് . അവന് ഒരു
വയസ്സാവുമ്പോഴേക്കും ആ അമ്മ പുതിയ കാമുകനൊപ്പം രാജ്യം വിട്ടു.
പിന്നീട് അവന് എട്ടുവയസ്സായപ്പോൾ വേറൊരു കരീബിയൻ പാർട്ടണർക്കൊപ്പമാണ്
അവന്റെ ഈ പ്രിയ മാതാവ് വീണ്ടും ലണ്ടനിലേക്ക് തിരിച്ചുവന്നത്.
ഇപ്പോൾ ഐറിഷുകാരനായ നാലാം കൂട്ടുകാരൻ ഭർത്താവും
മക്കളുമായി ലിവർപൂളിൽ താമസിക്കുന്ന അമ്മക്ക്  ,രണ്ടുദിവസം
മുമ്പ് മദേർസ് ഡേയ് ഗ്രീറ്റിങ്ങ് കാർഡുകളും ,സമ്മാനങ്ങളും പൊസ്റ്റ്
ചെയ്തശേഷം അവനും,ഞാനും പബ്ബിൽ നിന്നും പിരിഞ്ഞപ്പോൾ ഏറെ
വൈകിയിരുന്നു!
അന്നവിടെ വെച്ച് കേട്ട അവന്റെ കഥയിൽ
നിന്നും ഉടലെടുത്ത കുറച്ചുവരികൾ..
ഇതാ അവനുവേണ്ടി സമർപ്പിക്കുന്നു,
എന്റെ മിത്രം ഈ വെള്ളക്കാരനായ ക്രിസ്സിനുവേണ്ടി.


അമ്മ ദിനം  / Mothers Day

അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ, അതു
യമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !

Friday, March 12, 2010

നാഗരികത

ഇല്ലായ്മയുടെ അടുക്കളപ്പുരയില്‍
കടന്നു കൂടിയ മൂഷികന്‍
മിച്ചം വന്ന കപ്പക്കഷണവും
കരണ്ടു തിര്‍ക്കുന്നത് പോലെ
നീയെന്‍റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.

വിശപ്പാറിയ മാര്‍ജ്ജാരന്‍
മുന്നില്‍ ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്‍റെ സംസ്ക്കാരത്തെ
ഉന്മൂലനം ചെയ്യുന്നു..

നിന്‍റെ അണലീദംശമേറ്റ്
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്‍റെ ഭാഷ...

നീ നീരുവലിച്ചൂറ്റി
നിര്‍ദ്ദയം കൊല ചെയ്ത്
ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
എന്‍റെ പുഴ

ഞാനോ?
ഇപ്പോഴും
നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു

Thursday, March 11, 2010

മഴത്തുള്ളി



കോരിച്ചൊരിയുമാമഴ...
യിലാ കുളിച്ചു നില്‍ക്കു...
ന്ന ചെടിയിലകള്‍...
ക്കുമേലറ്റു നില്ക്കു...
മാ മഴത്തുള്ളികള...
റ്റത്തു തൂങ്ങീടവേ...
ഈയിളം വെയില്‍....
ശോഭിക്കുന്നവ....
ചോദിച്ചിടുമെ...
ന്താണു പ്രണയം .

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി

പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം.  വര്‍ഷങ്ങള്‍ക്കു മുമ്പ് മരപ്പൊത്ത്  എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്.

ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.

അവരീ ദേശങ്ങളെ -
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ -
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു.
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ
കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.

ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി

എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.

ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല


പ്രണയഭക്തി

എന്‍റെ
പ്രണയം
ഒരു
മേഘത്തില്‍ നിന്ന്
കൊച്ചു മഴയായിപ്പെയ്താല്‍,
ആകാശം നിറയെ
എനിക്ക് വേണ്ടി
മേഘങ്ങള്‍ സൃഷ്ടിക്കുന്നവനാണ്
എന്‍റെ നാഥന്‍...

ഒരിക്കല്‍
ഒരു പ്രളയത്തിന്റെ
മന്ജലില്‍
അവനെന്നെ
വാരിയെടുത്ത്
കൊണ്ടുപോകും

Tuesday, March 9, 2010

ത്രിശങ്കു

പ്രവാസത്തിന്‍റെ അഭംഗുരപ്രയാണത്തില്‍ ...

ഇടയ്ക്കെവിടെയോ ചടച്ച ഒരു പകലുറക്കം...
ശരീരപിണ്ഡം കസാലയില്‍ ഉപേക്ഷിച്ചു
ചേതന സ്വപ്നാടനത്തിലെ തൂവല്‍ക്കനമായി...
അബോധതയില്‍ പൊട്ടിവിടര്‍ന്ന അപ്പൂപ്പന്‍ താടികള്‍
ഇളകിയൊട്ടിയത് അങ്ങു ദൂരെ ഓലത്തുമ്പില്‍
ഉച്ചക്കാറ്റിനു ഗതിവേഗം... നെല്‍വരികള്‍ക്കു എളിമ
മുടിയഴിച്ചു വെയില്‍ കായുന്ന കല്പവൃക്ഷങ്ങള്‍
ഉച്ചിയില്‍ പേന്‍ചികയുന്ന വയല്‍ക്കാക്കകള്‍
അടക്കം പറഞ്ഞുപോകുന്ന കരിമാഷിച്ചാന്തുകള്‍
തെളിനീരുറവയില്‍ പാദം പൂഴ്ത്തിയിരുന്നപ്പോള്‍
കണ്ണാടിമീനുകള്‍ കാലടികളെ കിക്കിളിപ്പെടുത്തി
ഉണ്ട്, ഇവിടെത്തന്നെയുണ്ട് എന്‍റെ തണല്‍ മരം
കലപില മരത്തണലില്‍ എന്നെ മേയാന്‍ വിട്ടു ഞാനും ...
എന്തൊരു സ്വസ്ഥത...
പിന്നെ, ക്ഷണികമായ ആ ദിവാസ്വപ്നം അലിഞ്ഞില്ലതായി...

പിന്നൊരുനാള്‍...
എന്‍റെ ശരീരവും ആ തണലു തേടിപ്പോയി...
പക്ഷെ...
ഒറ്റക്കയ്യന്‍ ലോഹപ്പിശാച് എന്‍റെ അവസാന തുരത്തും ചുരന്നെടുക്കുന്നു..
ചുരത്താത്ത സ്തനങ്ങള്‍ കടഞ്ഞു രുധിരപാനം ചെയ്യുന്നു...
എവിടെയും രക്തം വാര്‍ന്നു കട്ടപിടിച്ച ചെമപ്പ്...
ഞാന്‍ ദൈവങ്ങളുടെ സ്വന്തം നാട്ടിലാണ്...
മന്ത്രം കാച്ചിയ വര്‍ണ്ണച്ചരടും , കുരിശുമാലയും,
നിസ്കാരത്തഴമ്പുമുള്ള മനുഷ്യരൂപങ്ങളും ചുറ്റും...
മനുഷ്യത്വം അന്യം നിന്നു പോയിരിക്കുന്നു...
ഒടുവില്‍ എന്‍റെ തണല്‍ മരം...
അതു കട പുഴകിയിരുന്നു, ദലങ്ങള്‍ കരിഞ്ഞിരുന്നു..
വേരുകള്‍ മുറിഞ്ഞു പോയിരുന്നു... കൂട്ടത്തില്‍ എന്റേയും...
അന്ധകാരത്തില്‍ പരിചിത മുഖങ്ങളെ ഞാന്‍ തേടി...
ഭ്രാന്തന്‍ വേഗത്തില്‍ ചുറ്റിത്തിരിയുന്ന രൂപങ്ങള്‍ക്കു നടുവില്‍
ഞാന്‍ ഇഴയുമ്പോള്‍...
ഒരു പഴയ പരിചയക്കാരന്‍ വിരല്‍ ചൂണ്ടി...
"എന്നാ തിരിച്ചു പോകുന്നത്?"

Sunday, March 7, 2010

സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ


നിന്നെക്കുറിച്ചുള്ള ഒര്‍മ്മകളാല്‍ ...
എന്‍മിഴികള്‍ കണ്ണുനീര്‍ പൊഴിച്ചിടുബൊള്‍ ...
അറിയുന്നു എന്‍ നെജ്ഞിലെ വേദന എന്നും...
ഒരു ചെറു തേങ്ങലായ് എന്നുമെന്നും.

പാതി തുറന്ന ചില്ലുജാലകത്തില്‍ ....
നിന്നെയും കാത്തു ഞാന്‍ നിന്നിടുബോള്‍ .
അരികിലായ് എന്നെയും തേടി...
ഒരു ചെറു തേങ്ങലായ് നീ എത്തിടുന്നു .

എത്ര ഇണങ്ങിനാം എത്ര പിണങ്ങിനാം ...
എങ്കിലും നിന്‍ താരട്ടിനായ് ഞാന്‍ കാത്തിരുന്നു.
കാലമെത്ര കഴിഞാലും ദൂരങ്ങളിലേക്ക് മറഞ്ഞാലും...
കാണുന്നു നിന്നെ ഞാന്‍ എന്‍ നിനവിലും കനവിലും നിദ്രയില്‍ പൊലും .

നീ എത്ര അകലെയാണെങ്കിലും മനസ്സിന്റെ ഒരുകോണില്‍ ....
ഒരു വിങ്ങലായി നിന്‍ സ്നേഹം മാത്രമാണുള്ളത്.
നിനക്കു ഞാനും എനിക്കു നീയും മാത്രമുളള.....
ഒരു ജീവിതം മാത്രമാണുളളത്.

ഉറങ്ങാന്‍ കഴിയാത്ത രാത്രികളിലും ...
അര്‍ഥശൂന്യമായ പകലുകളിലും ...
എനിക്കു കൂട്ടായി നിന്റെ സ്നേഹം മാത്രമാണുള്ളത്.
എന്‍ സ്വപ്നങള്‍ നിറയുന്നത് നിന്‍ സ്നേഹത്താല്‍ മാത്രമാണ്.

ദൂരെ അണെങ്കിലും എന്റെ ഹ്രിദയത്തുടുപ്പില്‍ ...
നീ മാത്രമാണ്....
എന്‍ ജീവിതം തന്നെ നിനക്കു വേണ്ടിമാത്രമാണ്....
ജീവന്റെ ജീവനെ നീയെന്നരികില്‍ വരുമേ....
മാറോടണക്കുവാന്‍ നീയെന്നില്‍ വരുമോ.

നീയെന്‍ സ്വന്തമാണെന്‍ പ്രിയസഖി.....
നീയെന്‍ പ്രാണനാണെന്‍ പ്രിയസഖി....
എങ്കിലും പറയുന്നു ഞാനാ നഗ്നസത്യം ...
സ്നേഹിച്ചു കൊതിത്തീര്‍ന്നില്ല എനിക്കുനിന്നെ.