Thursday, December 24, 2009

രാത്രിക്കുറിപ്പ്

ഉടൽ‌വിട്ടുപോന്നിട്ടും
ഒഴുകിപ്പരക്കുന്നുണ്ട്
ഉള്ളറകളിലെവിടെയോ
നിന്റെ ഗന്ധം......
അടുത്തുണ്ടെന്ന്
അത്രമേലാഴത്തിലോർമ്മപ്പെടുത്തി
ചൂഴ്ന്ന് നിൽ‌പ്പുണ്ട്
എന്നെ വിട്ടുപോകാതെ......
വിട്ടു പോകാതെ....


**************************************

എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ്‌ വരില്ലൊരാളുമേ,
എനിക്കു ജീവനായ്‌ മരണം വരേയ്ക്കും...

ഒരു പുതുവത്സര ഭൂമിഗീതം




ഇപ്പോൾ നമ്മൾ പ്രകൃതിയുടെ നഷ്ട സ്വര്‍ഗങ്ങളെ കുറിച്ചോര്‍ത്തു കേഴുകയാണ് .
ധാതുലവണങ്ങള്‍ ഇല്ലാതാവുകയും ,മലിനപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നൂ ...
വിനോദത്തിനും ,അലങ്കാരത്തിനും വേണ്ടി നാം ഈ ഭൂലോകത്തുനിന്നും പല വന്യജീവികളെയും ,മറ്റും  നിര്‍മ്മാജ്ജനം ചെയ്തു കഴിഞ്ഞു .

ദിനം പ്രതിയെന്നോണം കാര്‍ബണ്‍ ഡയോക്സൈഡ്  വായു മണ്ഡലത്തിലേക്ക്
കൂടുതല്‍ കൂടുതല്‍ പുറം തള്ളുകയും ,അങ്ങിനെ അന്തരീക്ഷമര്‍ദ്ദത്തിന് ചൂട് കൂട്ടുകയും
കാലാവസ്ഥ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു .
ഈ താപം(ഗ്ലോബല്‍ വാമിങ്ങ് )
സമീപ ഭാവിയില്‍ മഞ്ഞുമലകള്‍ ഉരുക്കുകയും, പിന്നിട്ട് സമുദ്രനിരപ്പുയര്‍ത്തുകയും പല കരകളും വെള്ളത്തിനടിയിലാക്കുകയും ചെയ്യും . ഇപ്പോഴും ഭാവിതലമുറയെ ഓര്‍ക്കാതെ ഇതിനൊന്നും ശരിയായൊരു പരിഹാരം കാണാതെ രാഷ്ട്രങ്ങൾ പരസ്പരം പഴിചാരിയും,കുമ്മിയടിച്ചും നേരം പോക്കുകയാണ് ...

ഒരു നല്ലൊരു  നാളേക്ക് വേണ്ടി നാം  ഓരോരുത്തരും പുതിയ  ഹരിതക 
ഊര്‍ജ്ജസ്രോതസ്സുകള്‍ ഇനിമേല്‍ പരമാവധി ഉപയോഗപ്പെടുത്തി  നമ്മള്‍ക്കും ,
നാടിനും ,രാജ്യത്തിനും ,രാഷ്ട്രത്തിനും വേണ്ടി മാതൃകയാകാം അല്ലേ ......






ഒരു പുതുവത്സര ഭൂമിഗീതം 

രണ്ടായിരൊത്തൊമ്പതു  വര്‍ഷങ്ങള്‍ ; നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....

Wish You Merry Christmas
and
     Happy New Year .

പ്രണാമം

'പ്രണാമം' സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ളതാണു. ഈ ഓഡിയോ ആല്‍ബത്തില്‍ ബാബുരജ്ജിണ്റ്റെ കാലാതിവര്‍ത്തിയായ നാലു ഗാനങ്ങള്‍ വിശ്രുത വൈണികന്‍ അനന്തപത്മനാഭന്‍ വീണയില്‍ വായിച്ചിരിക്കുന്നു. 'ഒരു കൊച്ചു സ്വപ്നത്തിന്‍...', 'താമസമെന്തേ വരുവാന്‍...', 'സൂര്യകന്തീ..സൂര്യകന്തീ..', 'പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍..' എന്നിവയാണവ. ജി.വേണുഗോപാല്‍ പാടിയ രണ്ടു പാട്ടുകളുമുണ്ട്‌. അതില്‍ ഒരു പാട്ടിണ്റ്റെ വരികള്‍ താഴെ കൊടുക്കുന്നു:

[രചന:ഖാദര്‍ പട്ടേപ്പാടം , സംഗീതം: അനന്തപത്മനാഭന്‍ ,ആലാപനം:ജി. വേണുഗോപാല്‍]

രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...

ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്‍മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഢം തളിരണിഞ്ഞു -അവള്‍
ആപാദചൂഢം തളിരണിഞ്ഞു ...

ആറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢംമെന്ന്..
ആ മോഹ ഗായകന്‍ ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*****************
ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും.

Tuesday, December 22, 2009

കൈതപ്പൂവ്

മലവെള്ളപാച്ചിലിനെ പ്രണയിച്ചു
കരളിടിഞ്ഞൊരു തീരത്ത്
ഫണം വിടര്‍ത്തലിന്‍റെയും
നേര്‍ത്തൊരു ചീറ്റലിന്‍റെയും
ലക്ഷ്മണരേഖക്കപ്പുറം
മനസിനെ കോര്‍ത്തു
വലിക്കുന്നൊരു
നേര്‍ത്ത മണമുണ്ട്


മൈതാനത്തിലെ
പെരുവിരല്‍ സ്പര്‍ശം
ജീവവായു കൊടുക്കുന്ന
ഉറവക്കണ്ണുകളില്‍ നിന്നൂര്‍ന്ന
പുതുവെള്ളം ചെളിചിത്രങ്ങള്‍ വരഞ്ഞ
സ്കൂള്‍ യൂണിഫോമിനെ,
മുള്ളുകള്‍ക്കിടയില്‍
പാതി കണ്‍തുറന്ന്‌
ചെറുചിരി വിടര്‍ന്നൊരു
കുഞ്ഞു കൈതപ്പൂവ്
ചുറ്റും നിറച്ചൊരാ സുഗന്ധത്താല്‍
ഉള്ളിലേക്കാവാഹിക്കും..

പൂവ് നെഞ്ചോടമരുമ്പോള്‍
കല്ലുകളില്‍ തട്ടിയൊരു സ്ലേറ്റിന്റെ
ഹൃദയം നുറുങ്ങുന്നതും
നഷ്ടപെടലില്‍ കലികൊണ്ട
മുള്ളുകള്‍ വിരലാഴ്ത്തി
പൊടിച്ചൊരു മുത്തുകള്‍ ചേര്‍ത്ത്
കണ്ണിയകന്ന ചുവപ്പുമാലകള്‍
കോര്‍ക്കുന്നതുമറിയില്ല

പെയിന്റ്പോയൊരു തകരപ്പെട്ടിയില്‍
അജ്ഞാതവാസികളാം പട്ടിനും
മാനത്തെ പേറ്റുനോവൊളിപ്പിക്കുമൊരു
മയില്‍പ്പീലിപ്പെണ്ണിനുമൊപ്പം
പൂവിനുമുണ്ടോരിടം

ഇന്നും കൈയ്യെത്തും ദൂരത്തുണ്ട്
ചുണ്ടില്‍ ചെറുചിരിയും
മനസുനിറയെ സുഗന്ധവും
ഇതളുകളില്‍ സ്നേഹവുമോളിപ്പിച്ച
ഒരു പാവം കൈതപ്പൂവ്

ലക്ഷ്മണരേഖകളില്‍ വെണ്ണീറാവാതെ
മുള്ളുകളുടെ കോപത്തെ മറന്നു
അവള്‍ക്കരികില്‍
ഞാനെത്തുന്നതും കാത്ത്

ചെളിപുരളലിന്റെയും
മുള്‍മുനകളുടെയും നടുവില്‍
പണ്ടില്ലാത്തൊരു
ഭയവുമായി ഞാനവളുടെ
മുന്നില്‍ ഒരപരിചിതനെ പോലെ……………………