Monday, September 21, 2009

ദൈവമക്കള്‍ / സന്തോഷ്‌ പല്ലശ്ശന



യോസേഫ്‌....
നിന്‍റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളാണ്‌
ഈ തെരുവില്‍ മറിയയ്ക്ക്‌
മങ്ങിയ നിലാവു തളിച്ചത്‌.

ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
ചുഴലി തിരിഞ്ഞ്‌
ദൈവം കാറ്റായലഞ്ഞു.

യോസേഫ്‌...
നീയൊന്നുറങ്ങിയിരുന്നെങ്കില്‍
‍നിന്‍റെ നിദ്രയില്‍ വീണ്ടുമൊരു സ്വപ്നമായ്‌...

നീയീ ഖനിയില്‍ പണിചെയ്ത്‌
ചോരവറ്റി കരിഞ്ഞുപോയല്ലൊ

മറിയ നിറവയറുമായ്‌
ഹെരൊദായുടെ കാക്കിയിട്ട
ഭടന്‍മാരെ ഭയന്ന്‌
കടത്തിണ്ണയില്‍ ചുരുണ്ടു.

തെരുവില്‍ പതുങ്ങും
ചോദനകളുടെ ചൂട്‌
അവളുടെ ചുണ്ടില്‍
ഒരു വിലാപ മുദ്രയായ്‌
തിണര്‍ത്തു കിടന്നു.

കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌.

ഇനി ഈ ക്രൂശിങ്കലേക്കാവും
ഈ മനുഷ്യപുത്രന്‍റേയും പിറവി.
പൈക്കളും ഇടയരും
കിന്നരകന്യകളുമില്ലാതെ
തെരുവില്‍ അവന്‍ പിറന്നു വീണു.

കിഴക്ക്‌ ഒരു നക്ഷത്രമുദിച്ചു.

രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
യോസഫിനു നേരെ കൈ നീട്ടി.
"സാബ്‌...
മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "