Thursday, June 25, 2009

പെരുമഴയിലൂടെ ...

തോളോടു തോളുരുമ്മി
കൈകോര്‍ത്തു നമുക്കിറങ്ങാം
ഈ പെരുമഴയിലേയ്ക്ക്‌ സഖേ ...
മഴത്തുള്ളികള്‍ നമുക്കായ്‌
പാടുന്നൂ ഗസലുകള്‍ … നീ കേള്‍പ്പതില്ലേ സഖേ …

ഇലച്ചാര്‍ത്തുകള്‍ എന്തിനായ്
പാഴ്പണികള്‍ ചെയ്‌വൂ ...
തടയുവാന്‍ നോക്കുവതെന്തിനേ
അവയീ മഴ തന്‍ പ്രണയ ഗീതങ്ങള്‍ ...

നിന്‍ സാമീപ്യമോ,
മഴയോ,
ആരു നല്‍കുവതീ കുളിരിന്‍
മോഹന സുന്ദരാനുഭവമെന്‍ സഖേ...

പെയ്തിറങ്ങട്ടെ സാന്ത്വനമായ്‌
ഒഴിയട്ടെ മനസ്സിന്‍ ഭാരങ്ങള്‍
ഒഴുകട്ടെ മാലിന്യങ്ങള്‍ പേറുന്ന
ഓര്‍മ്മകള്‍ തന്‍ നൊമ്പരങ്ങള്‍ …

ഇല്ലൊരു ചിന്തയും നീയല്ലാതെ
ഇല്ലൊരു സ്വപ്നവും നീയില്ലാതെ
ഈ കുളിരില്‍ ഉറയുന്ന
ഇന്നലെയുടെ നിനവുകളാല്‍
മുറുകെ പിടിക്കട്ടെ നിന്‍ ചുമലില്‍
തളരാതെ താങ്ങാം എന്നുമീ കരങ്ങള്‍ ...
ചേര്‍ന്നു നടക്കൂ സഖേ
എന്നാത്മാവിനോട് ഒട്ടി നില്‍ക്കൂ നീ...

കൈകോര്‍ത്തു പോകാം നമ്മുടെ ലോകത്ത്
പോകാം നമുക്കാ സ്വപ്നതീരത്ത്‌
അലിഞ്ഞു ചേരാം ഈ പെരുമഴയില്‍
ഒടുവില്‍ ഇലത്തുമ്പിലൊരു തുള്ളിയായ്‌ മാറാം …

Tuesday, June 23, 2009

പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കാം …

പ്രണയമെന്നാല്‍ പ്രാണന്‍
പങ്കു വയ്ക്കലാണ് …
പുഞ്ചിരിക്കു പിന്നിലെ
സങ്കടം കാണാനാകുന്നത്,
പ്രാണന്‍ പ്രണയത്തെ
ഉള്‍ക്കൊള്ളുമ്പോഴായിരിക്കാം…

മിഴികളിലെ നൊമ്പരം
വായിച്ചെടുക്കാനാകുന്നത്,
കണ്ണീരിന്‍റെ ഉപ്പുരസം
നിത്യ പരിചയം
ആയതു കൊണ്ടാകാം…

തെറ്റുന്ന ശ്വാസ താളം,
ഹൃദയതാള ഗതി
പറഞ്ഞു തരുന്നത്,
കാലം തെറ്റി പെയ്യുന്ന
മഴ പതിവായതു കൊണ്ടാകാം…

വിറയാര്‍ന്ന വിരലുകളില്‍
നിന്നൂര്‍ന്ന അക്ഷരങ്ങള്‍ പറഞ്ഞത്,
ആത്മാവിന്‍റെ പിടച്ചിലാണെന്ന്
പറയാതെ അറിയുന്നത്,
ആത്മാവുകള്‍
ഒട്ടിച്ചേരുമ്പോഴാകാം …

എങ്കിലും ,
പ്രാണനില്‍ ലയിച്ച
പ്രണയത്തെ വേറിട്ടു കാണാന്‍
പാഴ്ശ്രമം നടത്തുന്നത്
പ്രാണനില്‍ കൊതിയില്ലാത്തതു
കൊണ്ടാകാം…

ചുടു നിശ്വാസവും
ചൂടുകാറ്റും
ഒരുപോലെ എന്ന തോന്നല്‍
ചുടുകാടിന്‍ അകലം
കുറവായതിനാലാകാം ...

ഇരകള്‍

ചൂണ്ടയില്‍ കൊരുക്കാനൊരു
ഇരതേടി ഇറങ്ങിയവനു കിട്ടിയത്
ഒരു പെരുമ്പാമ്പിനെ ...
ആ ചൂണ്ടയില്‍ കുടുങ്ങിയത്
ഒരു കുഞ്ഞു പരല്‍ മീനും ...
പിന്നാലെ അവന്‍റെ കുടുംബം
കരയില്‍ കയറി ആത്മഹത്യ ചെയ്തു.

വിവരം തിരക്കാനെത്തിയ
പത്രക്കാരന്‍ , ടീവീക്കാരന്‍റെ
ക്യാമറയ്ക്ക് മുന്നില്‍ നിന്ന്
മുടി മാടിയൊതുക്കി ...
ആകെയുള്ള അഞ്ചാറു
നീളന്‍ മുടികള്‍ വളച്ചൊടിച്ചു
കഷണ്ടി മറയ്ക്കാന്‍
പെടാപ്പാട് പെട്ടപ്പോള്‍
അതാ വരുന്നൂ പെരുമ്പാമ്പ്‌,
അതേ പാമ്പ് ...
ചൂണ്ട അന്വേഷിച്ചാണത്രേ
പുള്ളിയുടെ ഇപ്പോഴത്തെ ഇഴയല്‍ ...

പരമ്പര കണ്ടു കരഞ്ഞു-
തളര്‍ന്നവര്‍ അന്നം-
വേണ്ടെന്നു വച്ച് ഉറങ്ങിയത്
തസ്കരന്, ദൂരദര്‍ശനം
സ്വന്തമാക്കാന്‍ സഹായമാത്
മടിയോടെ നോക്കിക്കിടന്നു പാമ്പ്.
അരും കൊല ചെയ്യപ്പെട്ട
അടുത്ത വീട്ടിലെ ബാലന്‍റെ
നഗ്ന ശരീരം കണ്ടു
തളര്‍ന്നു പോയ അമ്മമാരുടെ
നിലവിളികള്‍ മുങ്ങിപ്പോയത്,
തേങ്ങലുകള്‍ അലിഞ്ഞു പോയത്,
കണ്ണുപോലും അറിയാത്ത
കള്ളക്കണ്ണീരിന്‍റെ പെരുമഴയിലായിരുന്നു
എന്നറിഞ്ഞ ചൂണ്ട നിവരുകയായിരുന്നു ...
ഇനിയൊരിക്കലും വളയില്ല
എന്ന തീരുമാനത്തോടെ ...

ആഘോഷിക്കപ്പെടുന്നത്.

നിന്റെ സത്യം
എനിക്ക് നുണ.
എന്റെ സത്യം
നിനക്കും നുണ.

എന്റെയും നിന്റെയും
നുണയിലെ
വലിയ സത്യത്തെ
തിരഞ്ഞു പോയവര്‍
തിരികെ വരാത്തതിലാണത്രെ
എന്റെയു നിന്റെയും
നുണകള്‍
വലിയ സത്യമെന്ന് നാട് നീളെ
ആഘോഷിക്കപ്പെടുന്നത്...
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.