Monday, April 20, 2009

കാലവും ഞാനും

കരയരുത് നീയിനി കരയരുത്
കടലുകള്‍ നിന്‍ കണ്ണീരിന്‍
ഉപ്പു ഏറ്റു വാങ്ങുമെന്ന്
കരുതരുത് ...
അവയ്ക്കുണ്ട് മറ്റു ധര്‍മ്മങ്ങള്‍
എന്നത് മറക്കരുത് .

ചിരിക്കരുത് ...
അത് ഭ്രാന്തിന്‍റെ തുടക്കവും
ഒടുക്കവുമെന്നു വിധിയെഴുതാന്‍
കച്ചകെട്ടിയ വമ്പന്‍ ഭ്രാന്തുകളിവിടെ
കാത്തിരിക്കുന്നു ... മറക്കരുത് ...

മിണ്ടരുത് ...
നിന്‍ വാക്കുകള്‍
തേനില്‍ മുക്കിയ വിഷമെന്നും
വിഷം പുരട്ടിയ ശരമെന്നും
വിലപിക്കുവാന്‍ തൂലികകള്‍
ഉറക്കമിളയ്ക്കുന്നു .

എന്നിട്ടും ,
നിന്‍ മിഴികള്‍ വരണ്ടുണങ്ങുന്നതു വരെ
ചിരിച്ചു കൊണ്ടു നീ പുലമ്പുന്നുവോ ..
നിന്‍ ഭാഷണങ്ങള്‍ പതിച്ച കര്‍ണ്ണങ്ങള്‍
കണ്ണ് ചൂഴ്ന്നെടുക്കപ്പെടുന്ന കുരുന്നുകളുടെ
നിലവിളികള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നുവോ ...?
അറിയാ തീരത്തെവിടെയോ
ഉപ്പു പരലുകള്‍ തിരയുന്നുവോ
ആ വിരലുകള്‍ ..?

ചക്രവാളങ്ങള്‍ മൌനം പാലിക്കുന്നത്
നിന്‍ തേങ്ങലുകള്‍ക്ക് കാതോര്‍ക്കാനെന്നോ ...
ചിറകടിച്ചു പറന്നകലുന്നത്
മോക്ഷം തേടുന്ന ആത്മാക്കളെന്നോ ...

അപ്പോഴും ,
മുന്നിലും പിന്നിലും എന്നിലും
നിറയുന്ന ശൂന്യതയില്‍ മുഴങ്ങുന്നത്
നിന്‍ പ്രഭാഷണങ്ങളല്ലോ
എങ്ങും പ്രതിധ്വനിക്കുന്നതും അവയല്ലോ ...

അരുതുകള്‍ ഒത്തിരി ..
എന്നിട്ടുമെന്തേ ഇന്നു നീയെനിക്കു
നല്‍കിയീ മഹാ ശൂന്യത ..?
കാലമേ നിയതമാം നിന്‍ വഴിക്കു നീ പോകവേ
കഥയറിയാതെ ആട്ടം കാണുവോര്‍ ഞങ്ങള്‍
പിന്നാലെയും...
നമ്മെ ബന്ധിപ്പിക്കുവാന്‍
കാലപാശവും ...

Sunday, April 19, 2009

പിറവി

അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....

കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ച്
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...

നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...

തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...

പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ
മറഞ്ഞ ഒരു താരത്തിന്റെ
ആത്മാവിനോട് കൂട്ടം കൂടി

ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...

<>