Friday, January 22, 2010

ഒരു അറിയിപ്പ്


ചിരി വഞ്ചനയുടെ കഠാര,
കണ്ണുനീര്‍ വേദനയുടെ അട്ടഹാസം 
നാക്ക് സ്വയരക്ഷയുടെ ആയുധം;
ചിന്തകള്‍ പ്രതികാരത്തിന്റെ മുറവിളി;
സ്വപനം സമാധാനത്തിന്റെ ഉള്‍തുടിപ്പ്,
എന്നിരുന്നാലും എല്ലാം വ്യര്‍ത്ഥം,
നിരാകരിക്കപ്പെട്ടവര്‍ക്ക് 
നിരാലംബര്‍ തന്നെ   ശരണം, 
പരിത്യജിക്കപ്പെട്ടവര്‍ക്കെന്നും 
പരസഹായം വേണം .

Wednesday, January 20, 2010

മുഖം മൂടികള്‍ മുഖങ്ങള്‍



ജീവിതയാത്രാ മദ്ധ്യേ 
കണ്ടു മുട്ടുന്നു പല മുഖങ്ങള്‍.
മുഖങ്ങളില്‍ ഏതു സ്വന്തം 
ഏതു അപരന്റെതു?
അറിയില്ല എനിക്ക് !
ജീവിതം സുഖമോ ദുഖമോ?
സുഖമെങ്കില്‍ ഇനി എന്ത് ?
ദുഖമെങ്കില്‍ ഇനി എന്തിനീ ജീവിതം ?
കപട മുഖങ്ങള്‍ ഒരു പാടു,പക്ഷെ 
വേര്‍തിരിക്കാന്‍ വയ്യല്ലോ ഈശ്വരാ !!!
മുഖം മൂടിയണിഞ്ഞ മുഖങ്ങള്‍ 
ചിരിക്കുകയാണെങ്കിലും കരയുന്ന മുഖങ്ങള്‍ 
ചുടുകണ്ണുനീര്‍ വാര്‍ക്കുന്ന മുഖങ്ങള്‍ 
മുതലകണ്ണുനീര്‍ വീഴ്ത്തുന്ന മുഖങ്ങള്‍ 
ആത്മാര്‍ഥതയുടെ കപടമുഖംമൂടി
ധരിക്കാത്ത മുഖമിതിലേത്?
അറിയില്ല എനിക്ക് 
സ്വന്തമേത്,അന്യന്റേതു?   

പ്രവാസ പര്‍വ്വം

പ്രവാസ പര്‍വ്വം

കാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍

കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍

ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.

കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍

കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!

ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!

Tuesday, January 19, 2010

പ്രണയ നൊമ്പരം -കല്യാണ ശേഷം / Pranaya Nomparam -Kallyannashessham .


പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ
പിന്നീടൊരിക്കലും അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ
ആയി എനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ
ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിച്ച കുറച്ചു വരികൾ...
ഒരു പ്രണയ കാന്തന്‍ കല്യാണ ശേഷം കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം കേട്ടൊ..

പ്രണയ നൊമ്പരം -കല്യാണ ശേഷം
മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?


പ്രണയനൊമ്പരങ്ങൾ

നിനക്കായി സഖീ




സൌഹൃദത്തിന്‍ പ്രേതത്തെ കാണുന്നു ഞാന്‍ 
വിരഹത്തിന്‍ ചിതയില്‍ എരിഞ്ഞമരുന്നു ഞാന്‍.
എന്‍ നിഴലിനെ ഒന്നു കാണാനാവാതെ;
നിന്‍ കാലൊച്ച ഒന്നു കേള്‍ക്കാനാവാതെ.
നിന്‍ മൌനം എത്ര വാചാലം സഖീ,
എങ്കിലുമിന്നും ഞാനതില്‍ കാണുന്നു,
എന്‍ ഇറ്റു വീണ  കണ്ണുനീര്‍ തുള്ളികള്‍ വറ്റാതെ...
ചേമ്പിലയില്‍ ശേഖരിച്ചെങ്കിലും,സഖീ
ഇനി എത്രയായ്യുസ്സുണ്ടതിനു 
ഒന്നു പുഞ്ചിരിച്ചു മറയാന്‍;
ജീവശ്വാസത്തിനായി പിടയുമെന്‍ ശരീരത്തിന് 
എന്തുകൊണ്ടെകുന്നില്ല നീ ജീവവായു ?
അറിയാനാവുന്നില്ല നിന്‍ മൌനത്തിനര്‍ത്ഥം, 
അലഞ്ഞിട്ടും സഖീ,നിരാശ മാത്രം ഫലം.
എന്‍ ശവകുടീരത്തില്‍ അര്‍പ്പിക്കാനാണോ 
നിന്‍ നയനങ്ങളിലെ കണ്ണീര്‍  പൂക്കള്‍ ?
വിള്ളല്ലേറ്റ മുറിപാടുകളോടെ 
ഒന്നു  മാത്രം ഞാന്‍ പറഞ്ഞിടട്ടെ,
വിശ്വസിച്ചിരുന്നു ഒരു പാടു നിന്നെ ഞാന്‍!!!

Monday, January 18, 2010

കിണറ്റിലെ തവളകള്‍

തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ്‌ ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!

Sunday, January 17, 2010

നിഴലും എത്ര നേരം ???

നിഴലുകളോട് പടവെട്ടി 
മനം മടുത്തവളാണ് ഞാന്‍.
മനസ്സില്‍ കുറിച്ചിട്ട 
മായാത്ത വര്‍ണ്ണങ്ങള്‍ 
മറ്റൊരു രൂപത്തില്‍ 
പ്രതിഫലിപ്പിക്കുന്നതെങ്ങിനെ
 ഞാന്‍?
പലനിഴലുകളെ ത്യജിച്ചും 
പല നിഴലുകളെ സ്വീകരിച്ചും 
പല നിഴലുകളെ സ്വാധീനിച്ചും 
കേവലം ഒരു നിഴലായി ഞാന്‍ 
അവശേഷിച്ചു,എന്നെന്നെക്കുമായി ...
എങ്കിലും സ്വന്തം നിഴലും 
കൂട്ടായി എത്ര നേരം ?
നിഴല്‍ പോലും സന്ധ്യവരെ;
ശേഷം ഞാന്‍ ഏകയായി 
ഇരുട്ടില്‍ തപ്പി തടഞ്ഞു 
വെട്ടത്തെ പ്രതീക്ഷിച്ച്,
എന്‍ നിഴലിനെ കാത്ത്...

എന്‍ ജീവന്റെ സ്പന്ദനം


എന്‍ വാക്കുകള്‍ക്ക് ജീവനുണ്ടെങ്കിലും,
ആത്മാവില്ലാത്തോരവസ്ഥ 
ഈ വാക്ക് ദാരിദ്ര്യം എന്നു തീരും;
എന്‍ വിഷാദക്കുറുപ്പുകളില്‍-
ഞാന്‍ എന്ന് കാണും ജീവന്റെ സ്പന്ദനം .
എന്നു കണ്ടുകിട്ടുമെനിക്കെന്റെ 
മാത്രമാം ആത്മാവിനെ.
അകലങ്ങള്‍ അധികം ഉണ്ടെന്നു 
സമയം വിളിച്ചു പറയുമ്പോഴും 
അരികില്‍ തന്നെയാണെന്ന് 
മനസ്സ് പറയുന്നു.