Showing posts with label സന്തോഷ്‌ പല്ലശ്ശന. Show all posts
Showing posts with label സന്തോഷ്‌ പല്ലശ്ശന. Show all posts

Monday, September 21, 2009

ദൈവമക്കള്‍ / സന്തോഷ്‌ പല്ലശ്ശന



യോസേഫ്‌....
നിന്‍റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളാണ്‌
ഈ തെരുവില്‍ മറിയയ്ക്ക്‌
മങ്ങിയ നിലാവു തളിച്ചത്‌.

ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
ചുഴലി തിരിഞ്ഞ്‌
ദൈവം കാറ്റായലഞ്ഞു.

യോസേഫ്‌...
നീയൊന്നുറങ്ങിയിരുന്നെങ്കില്‍
‍നിന്‍റെ നിദ്രയില്‍ വീണ്ടുമൊരു സ്വപ്നമായ്‌...

നീയീ ഖനിയില്‍ പണിചെയ്ത്‌
ചോരവറ്റി കരിഞ്ഞുപോയല്ലൊ

മറിയ നിറവയറുമായ്‌
ഹെരൊദായുടെ കാക്കിയിട്ട
ഭടന്‍മാരെ ഭയന്ന്‌
കടത്തിണ്ണയില്‍ ചുരുണ്ടു.

തെരുവില്‍ പതുങ്ങും
ചോദനകളുടെ ചൂട്‌
അവളുടെ ചുണ്ടില്‍
ഒരു വിലാപ മുദ്രയായ്‌
തിണര്‍ത്തു കിടന്നു.

കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌.

ഇനി ഈ ക്രൂശിങ്കലേക്കാവും
ഈ മനുഷ്യപുത്രന്‍റേയും പിറവി.
പൈക്കളും ഇടയരും
കിന്നരകന്യകളുമില്ലാതെ
തെരുവില്‍ അവന്‍ പിറന്നു വീണു.

കിഴക്ക്‌ ഒരു നക്ഷത്രമുദിച്ചു.

രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
യോസഫിനു നേരെ കൈ നീട്ടി.
"സാബ്‌...
മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

Thursday, August 6, 2009

ഒരു ലൈംഗിക തൊഴിലാളിയുടെ....

അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.

പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്‌.

സ്വപ്നത്തില്‍
കഴുകന്‍മാര്‍ കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്‌. . . .

അയ്യോ. . . ഞാനുപേക്ഷിച്ച
എന്‍റെ തന്നെ . . .
അവള്‍ നിലവിളിച്ചുകൊണ്ടോടി.

ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള്‍ അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.

"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക്‌ ഊടുവയ്ക്കുന്നവളാണ്‌.

പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കികൊല്ലുവളാണ്‌. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിണ്റ്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."

അവള്‍ കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്‌".