Friday, June 10, 2011

ജീവിതം അവശേഷിപ്പിച്ച ചിലതെല്ലാം... / സുമിത്ര കെ.വി.

അത്,
തെളിനീരുപോലാകണം...

എത്ര ആഴത്തിൽ
പോയാലും
ഉറവ വറ്റാത്ത കടലോളം
തെളിച്ചമുണ്ടാകണമതിന്‌!

ഓരോ ലിപിയിലും
മാറ്റിയെഴുതിയാലും
ചോർന്നു പോകാത്ത
താളപ്പെരുക്കം
കടഞ്ഞെടുത്തിരിക്കണം..

ഓരോ വിളിയിലും
മൃതപ്പെട്ടു പോയാലും
അൻപോടെ ഓർക്കാനുള്ള
പ്രാണജലം
അവശേഷിപ്പിച്ചിരിക്കണം...

ഉപനയനം മുതൽ
ഉദകക്രിയ വരെ
പിന്നിൽ മറഞ്ഞിരിക്കുന്ന
ഒരേ ഒരു നിഴൽ...
ജീവിതം..
സത്യം അതു മാത്രം...
xxxxxxxxxxxxxxxxx
കെ.വി സുമിത്ര
എറണാകുളത്ത് ജനനം. സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍,
മഹാരാജാസ് കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളിൽ പഠനം.
മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ജേണലിസത്തിലും മാസ് കമ്മ്യൂണേക്കഷനിലും പിജി ഡിപ്ലോമ. ‘മലയാള സാഹിത്യത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി‘ എ- വിഷയത്തിൽ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിൽ ഗവേഷണം നടത്തുന്നു.
'ശരീരം ഇങ്ങനെയും എഴുതാം' എന്ന കവിതാ സമാഹാരം ഡി.സി. ബുക്സ് ഉടൻ പുറത്തിറക്കുന്നു
ഇപ്പോള്‍ എറണാകുളത്ത്
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയുടെ മീഡിയ
മാനേജര്‍. സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ മൂന്ന്  തവണ സംസ്ഥാന അവാര്‍ഡ്
ജേതാവ്.
ഭര്‍ത്താവ്: സത്യനാരായണന്‍
മക്കള്‍: ആദര്‍ശ്, ഐശ്വര്യ
Blog : അത്തിമരം