Thursday, January 7, 2010

രണ്ട് വിധികള്‍

കൊതിച്ചിട്ടോ അല്ലതെയോ
പ്രവാസത്തോടെയാണ്
ശരീരം വിണ്ണിലും
ആത്മാവ് മണ്ണിലുമാക്കപ്പെട്ടത്

കൊതിച്ചിട്ടല്ലെങ്കിലും
മരണത്തോടെയാണ്
ശരീരം മണ്ണിലും
ആത്മാവ് വിണ്ണിലുമാക്കപ്പെട്ടത്.

Wednesday, January 6, 2010

കുടിയിറക്കപ്പെട്ടവര്‍


സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.


ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്‍ക്കുമ്പോള്‍
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.


കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.

Monday, January 4, 2010

പുനര്‍ജന്മം



വെളുത്ത
തുണിക്കെട്ട്‌
പൊതിഞ്ഞു വെച്ച
ഇരുളും തുരന്നു
വരും
ഖബറിനകത്തൊരു
മരവേര് !

മുറിച്ചിട്ടും മുറിച്ചിട്ടും
ഉരിയാട്ടമില്ലാതെ
ഉറച്ചു നില്‍ക്കുന്ന
മരമാണെ -
ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !

Sunday, January 3, 2010

അവന്‍

വനെന്റെ തോളില്‍തട്ടിവിളിച്ചു;
അരവയര്‍മാത്രമെങ്കിലുംനിറയാ-
നിനിയെന്തെന്നുചോദിച്ചവന്
അലിവിന്റെ അക്ഷയപാത്രം
കൊടുത്തെങ്കിലുമടങ്ങിയില്ല!
വിശപ്പായിരുന്നൂ അവന്റെചോദ്യം;
ഉത്തരം ആശയസമരമല്ലായിരുന്നു.