Thursday, April 7, 2011

നീയാര്?


നീയാര്?
താരക രഹിതമാം നിശ
ഒരു പെന്റുലതിന്‍
ഭീതശബ്ദം മുക്രയിടും മുറി
ഒരു മെഴുകുതിരികാലിന്റെ
വെട്ടം പാറി വീണു
നിഴല്‍ മുറിയുന്ന ചുമര്‍
നിശീഥത്തിലെ മഞ്ഞുടഞ്ഞു
എനിക്കുചുറ്റും തണുപ്പിന്റെ
നക്തഞ്ചര നഖരം
ഉടലില്‍ തണുപ്പ് പുതച്ചു
മുറിയില്‍ നിന്നിറങ്ങുന്ന ഞാന്‍
നിന്റെ തുറമുഖത്തേക്ക് വരുന്നു
നീയാര്?
കടലിലോഴുകുന്നോറ്റയ്ക്ക്
യാനപാത്രം
കണ്ണുപൂട്ടിയിരിക്കും നാവികന്‍
ചുംബിച്ചു ജീവനൊടുക്കും
ഹിമപാളിയെ !
ദൈവമെയെന്നു
പ്രധിധ്വനിക്കും നിലവിളി
വിളിയിലവിടെ പിടയും
നിന്റെ പ്രാണന്‍ .
ഇന്ന് നാം
ഇതുറമുഖത്തിന്‍
രണ്ടറ്റങ്ങളില്‍
നിദ്രാവിഹീനര്‍,
ആകുലര്‍
നമുക്കൊരേ മതം,
ഒരേ ദൈവം
അകലങ്ങളില്‍ ഇരുന്നു
നാമറിയും പ്രാണനില്‍
സ്നേഹം കുറുകുന്നത്
നീയാണ്
കശേരുക്കളില്‍
ജ്വലനദീപ്തിയായും
ജടരാമ്ലമായും,
നിദ്രാവീണയായും
നീയാണ്
നീയേയമൂല്യ വൈഖരി
നീയേയനാക്രാന്ത നിര്‍വൃതി!

Monday, April 4, 2011

നീയും ഞാനും





ചിരിച്ചു ചിരിച്ചു
ചിരിക്കവസാനം
കൈവെള്ളയില്‍
പൊള്ളിപിടിപ്പിക്കുന്ന
ഒരു നുള്ള്,

ബ്രോഡ്‌വേയിലൂടെ
തോളുരസി
നടക്കുമ്പോള്‍
ദുപ്പട്ട കൊണ്ട്
മുഖത്തൊരു
നനുത്ത ഏറ്‌,

ഭാരത്‌ കഫെയിലെ
ചൂട് വടയില്‍ നിന്ന്
ഉമിനീര് പുരണ്ട
ഒരു ചീള്,

ബോട്ട്ജെട്ടിയിലെ
പെട്ടികടയിലെ
കടും മധുരമുള്ള
നരുനിണ്ടി സര്‍ബത്തില്‍
നിന്ന് ഒരു കവിള്‍,

സിനിമകൊട്ടകയില്‍
ചേര്‍ന്നിരിക്കുമ്പോള്‍
കയ്യിലെവിടെയോ നിന്റെ
ചുണ്ടിന്റെ നനവ്,

മറൈന്‍ ഡ്രൈവിലെ
ചാര് ബെഞ്ചിലിരുന്ന്
മാഞ്ഞു പോകുന്ന
സൂര്യനോട് യാത്ര
ചൊല്ലുമ്പോള്‍
കണ്‍ കോണില്‍
ഒരുപോലെ
പടര്‍ന്ന നനവ്‌,

ഇതങ്ങു തീര്‍ന്നു
പോകുമോ എന്ന്
പേടി പറയുബോള്‍
കവിളിലെന്നും
ചൂടുള്ള ഉമ്മ,

കൈ കോര്‍ത്ത്‌
പിടിച്ചു എത്ര ജന്മം
വേണേലും നടക്കും
എന്ന പറച്ചിലില്‍
കനലിന്റെ തിളക്കം,

എന്നിട്ടും
ചില ദിവസങ്ങളില്‍
നീളുന്ന
എങ്ങലടികളോടെ
ആമ്പിറന്നോന്‍റെ കുറ്റം
പറയുബോള്‍ മാത്രം
എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???