Monday, April 4, 2011

നീയും ഞാനും

ചിരിച്ചു ചിരിച്ചു
ചിരിക്കവസാനം
കൈവെള്ളയില്‍
പൊള്ളിപിടിപ്പിക്കുന്ന
ഒരു നുള്ള്,

ബ്രോഡ്‌വേയിലൂടെ
തോളുരസി
നടക്കുമ്പോള്‍
ദുപ്പട്ട കൊണ്ട്
മുഖത്തൊരു
നനുത്ത ഏറ്‌,

ഭാരത്‌ കഫെയിലെ
ചൂട് വടയില്‍ നിന്ന്
ഉമിനീര് പുരണ്ട
ഒരു ചീള്,

ബോട്ട്ജെട്ടിയിലെ
പെട്ടികടയിലെ
കടും മധുരമുള്ള
നരുനിണ്ടി സര്‍ബത്തില്‍
നിന്ന് ഒരു കവിള്‍,

സിനിമകൊട്ടകയില്‍
ചേര്‍ന്നിരിക്കുമ്പോള്‍
കയ്യിലെവിടെയോ നിന്റെ
ചുണ്ടിന്റെ നനവ്,

മറൈന്‍ ഡ്രൈവിലെ
ചാര് ബെഞ്ചിലിരുന്ന്
മാഞ്ഞു പോകുന്ന
സൂര്യനോട് യാത്ര
ചൊല്ലുമ്പോള്‍
കണ്‍ കോണില്‍
ഒരുപോലെ
പടര്‍ന്ന നനവ്‌,

ഇതങ്ങു തീര്‍ന്നു
പോകുമോ എന്ന്
പേടി പറയുബോള്‍
കവിളിലെന്നും
ചൂടുള്ള ഉമ്മ,

കൈ കോര്‍ത്ത്‌
പിടിച്ചു എത്ര ജന്മം
വേണേലും നടക്കും
എന്ന പറച്ചിലില്‍
കനലിന്റെ തിളക്കം,

എന്നിട്ടും
ചില ദിവസങ്ങളില്‍
നീളുന്ന
എങ്ങലടികളോടെ
ആമ്പിറന്നോന്‍റെ കുറ്റം
പറയുബോള്‍ മാത്രം
എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???

14 comments:

nikukechery said...

>>എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???<<

ഒരളവുവരെ സത്യം അതായിരിക്കെ പൂർണ്ണമായും അതിനെ നിഷേധിക്കുന്നവരെ നല്ല അഭിനേതാക്കളെന്നു വിളിക്കണോ.
നല്ല നിരീക്ഷണം.

moideen angadimugar said...

ആമ്പിറന്നോന്‍റെ കുറ്റം
പറയുബോള്‍ മാത്രം
എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???

ഇത്രയൊക്കെ ചെയ്തു സുഖിപ്പിച്ചിട്ടും പിന്നെന്തിനു ഈ ആമ്പിറന്നോനെ കുറ്റം പറയണം..?

Reema Ajoy said...

ചിലപ്പോഴോക്കെ സൌഹൃദങ്ങള്‍ പ്രണയത്തേക്കാള്‍ മനോഹരമാണെന്ന് തോന്നിയിട്ടുണ്ട്‌.......പെണ്സുഹൃത്തുക്കള്‍ തമ്മില്‍ ആമ്പിറന്നോനെ കുറ്റം പറയാതിരിക്കുമോ? അപ്പോള്‍ മാത്രമാകും കളിചിരികള്‍ക്കിടയിലും "നമ്മള്‍ " രണ്ടു കുടുബമാണെന്നും "നീയും ഞാനും" മാത്രമാണെന്നും ഓര്‍ത്തു പോകുന്നത്...

nikukechery
moideen angadimugar

വായനയ്ക്ക് നന്ദിയും സ്നേഹവും....

സ്മിത മീനാക്ഷി said...

നല്ല വരികള്‍..

Lipi Ranju said...

ഞാന്‍ ഒന്നു ചോദിക്കട്ടെ...
ഇത് രണ്ടു പെണ്‍സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം തന്നെയോ!!! വായിക്കുമ്പോള്‍ എനിക്കങ്ങിനെ തോന്നിയില്ലാട്ടോ...
രണ്ടു കമിതാക്കള്‍ ആണെന്നെ തോന്നു... അവസാനത്തെ വരികളും,റീമയുടെ കമന്റും
കണ്ടപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത് ...
പടത്തിലും രണ്ടു പെണ്‍കുട്ടികള്‍!!!

മുകിൽ said...

aazhamulla sauhrutham punyam. enkilum enthenkilumokke ingane idakku varum, thondanlle.. ormippikkan.

അതിരുകള്‍/പുളിക്കല്‍ said...

ആമ്പിറന്നോന്‍റെ കുറ്റം
പറയുബോള്‍ മാത്രം
എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഞാനിവിടെ വരാന്‍ അല്പം വൈകി ...
ഇഷ്ടപ്പെട്ടു ...... ആശംസകള്‍
ഇന്ന് മുതല്‍ മുടങ്ങാതെ വരാം .......

Salam said...

കവിത വായിക്കുമ്പോള്‍ ആണ്സുഹൃത്തിനെയാണ് കാണുന്നത്?
"സിനിമകൊട്ടകയില്‍
ചേര്‍ന്നിരിക്കുമ്പോള്‍
കയ്യിലെവിടെയോ നിന്റെ
ചുണ്ടിന്റെ നനവ്,"
ഒരാള്‍ മാനസികമായെന്കിലും പരിണമിച്ചിട്ടില്ലേ?
നല്ല കവിത

Reema Ajoy said...

കുറെ ഏറെ പറഞ്ഞോ ഞാന്‍..ഇതു എഴുതിയത് ദേശാടനകിളി കരയാറില്ല എന്ന സിനിമ ഓര്‍ത്തു കൊണ്ടാണ് ....എന്റെ ചില അനുഭവങ്ങളും കൂട്ടി ചേര്‍ത്ത് വെച്ച് എന്ന് മാത്രം...

സ്മിത,ലിപി,മുകില്‍,പുളിക്കല്‍,അബ്ദുല്‍,സലാം....വായനയ്ക്കും കുറിപ്പിനും നന്ദി....

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സ്വവർഗ്ഗ ചിന്തകൾ...
കൊള്ളാം

ഒരില വെറുതെ said...

ശരിയാണ്.
സാധാരണത്വത്തിന്റെ ഇടുങ്ങിയ
വഴികളില്‍ തന്നെ ഒടുങ്ങുന്നു
ആകാശത്തോളം വിശാലമെന്നു
പലപ്പോഴും കരുതുന്ന സൌഹൃദങ്ങള്‍.
ആഴം കുറഞ്ഞ് കുറഞ്ഞ്
ഇന്നിന്റെ അടുപ്പങ്ങള്‍.കുടുംബ ബന്ധങ്ങള്‍.

Anonymous said...

എഴുത്തുകാരി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒരു വിവാഹിതയും അവളുടെ പ്രണയത്തോളം എത്തുന്ന ആണ്‍സുഹൃത്തും തമ്മില്‍ ഉള്ള ബന്ധം ആയാണ് എനിക്ക് തോന്നിയത്, സോറി.

shoppi mol said...

sneham enna vikarathe pranaya sankalpangalude roopam darichu, yadarthyangalude lokathe marakkan ishtappedunna athmakkalude katha...