Saturday, May 21, 2011

ഭ്രമങ്ങളുടെ സമുദ്രം. / എം.എൻ. ശശിധരൻ.

ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
അപ്രമേയമാകുന്നു
ഉടല്‍.

ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍.
ഞാന്‍,

എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.

ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?

*വസന്തസേനയുടെ
ശയനമുറിയില്‍‍
വാക്കുകളുടെ
ദുര്‍മരണം

ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍‍.
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.
---------------------------------------------

*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)

.........................................

എം.എൻ. ശശിധരൻ.

ആനുകാലികങ്ങളിലും  സൈബർ ഇടങ്ങളിലും
കഥയും കവിതയും എഴുതുന്നു.
1988 ലെ മികച്ച ചെറുകഥയ്ക്കുള്ള അപ്പൻ തമ്പുരാൻ സ്മാരക അവാർഡ് ലഭിച്ചു.
ഡെൽഹിയിൽ Govt. of NC യിൽ ഉദ്യോഗസ്ഥൻ, ഭാര്യ കവിത, മക്കൾ രൂപശ്രീ, ദീപശ്രീ എന്നിവരോടൊപ്പം ഡൽഹിയിൽ താമസിക്കുന്നു. സ്വദേശം തൃശൂർ കട്ടക്കമ്പാൽ.
ബ്ളോഗ് : http://otherside-vichaarangal.blogspot.com

Wednesday, May 18, 2011

കന്യക

മനസ്സിലെ കന്യാവനങ്ങളുടെ 
ഹരിത കാന്തിയില്‍ മയങ്ങി മടുത്തവള്‍,
ഓരോ മയക്കത്തിന്നിടയിലും 
ആണ്‍മുഖമോര്‍ത്തു  ഞെട്ടി ഉണരുന്നവള്‍,
മിഴിയില്‍ ഒരിക്കലും ആണ്‍നോട്ടം വീഴാന്‍
അനുവദിക്കാത്ത കണ്ണിമകള്‍ ഉള്ളവള്‍,
കമ്മലുകളുടെ കിലുക്കത്തില്‍ പോലും 
പുല്ലിംഗ  ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവള്‍,
ഓരോ വഴിപോക്കന്റെ കാല്‍ ഒച്ചയിലും
കാമം പതുങ്ങി വരുന്നു എന്നോ പേടിക്കുന്നവള്‍,
ഓരോ തെരുവിന്റെ അടക്കം പറച്ചിലും
തന്റെ മാറിടത്തിന്‍ മുഴുപ്പിനെ  കുറിച്ചെന്നു കരുതുന്നവള്‍,

എന്നെങ്കിലും ഒരിക്കല്‍ കഴുത്തില്‍ വീണേക്കാവുന്ന
കൊലക്കുരുക്കിനെ കുറിച്ച് മധുര സ്വപ്‌നങ്ങള്‍ നെയ്യാന്‍ പഠിച്ചവള്‍.... 


ഒറ്റപ്പെടുമ്പോഴൊക്കെ,
ഇനിയും സംഭവിച്ചിട്ടില്ലാത്ത 
ബലാത്സംഗത്തില്‍ 
മുറിപ്പെടെണ്ട കന്യാചര്‍മത്തെ കുറിച്ചോര്‍ത്തു 
കുളിര് കൊള്ളുന്നവള്‍.... 


ഇവളത്രേ വിശുദ്ധയായ കന്യക.


(1996  ല്‍ എഴുതിയത് )
ബി മധു  

 
 

Bach Sarabande in Bm

Monday, May 16, 2011

നേട്ടം !


കണ്ണു കത്തുന്ന വെയില്‍
കുളിരിന്‍റെ നേര്‍ത്ത പാട പോലുമില്ലാത്ത
ഉഷ്ണത്തിന്‍റെ ഈ മരുഭൂമി
ഒട്ടകങ്ങളുടെ കപ്പലുകള്‍
ഈന്തപ്പന മേടുകള്‍
കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍
ഇതാ മധ്യപൌരസ്ത്യ ദേശം


ഭൂമിയിലെ എണ്ണ മുഴുവനും ഇവിടെ ഉഷ്ണമായ് പെയ്യുന്നു
ഹയാത്തിലെ* മഞ്ഞു കൂട്ടില്‍
കുട്ടികള്‍ ചക്രവേഗത്തിലോടുന്നു
കറുത്ത ഗലികളില്‍
രണ്ടുചക്രം വലിക്കുന്നവര്‍
ചുമച്ചു തുപ്പുന്ന രക്തം കലര്‍ന്ന കഫം
ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു
എഴുപതു നിലകളുള്ള
ടവര്‍ ക്രെയിനില്‍ നിന്ന് വീണ്
മരിക്കുന്ന നാല്പതുകാരന്‍
നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ
നൂറുപവന്‍ സ്വപ്നമുടയുന്നു


നാദ് അല്‍ ഷീബായില്‍** ഇന്ന് കുതിരയോട്ടമാണ്
ജാക്പോട്ടില്‍ കോടികള്‍ ഒഴുകുന്നു
വിദേശ സുന്ദരിക്ക് ചുണ്ടില്‍ കൂടുതല്‍ ചായം
ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍
മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്
ഇന്ന് മാമോദീസ സ്വീകരിക്കുന്നു
------------------------------------------------------
* ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടല്‍
** ദുബായിലെ കുതിരപന്തയം ഇവിടെ നടക്കുന്നു
`* ദുബായിലെ കറന്‍സി

ദൈവവും ചെകുത്താനും / പ്രസന്ന ആര്യന്‍

ചിലയിടങ്ങളില്‍ അങ്ങിനെയാണ്
പട്ടണം വളരുന്തോറും
വഴികള്‍ ഇടുങ്ങിവരും.
വീടുകള്‍ വലുതാവുന്തോറും
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.
വളവുതിരിഞ്ഞുവരുന്ന വാഹനം
എന്തെന്നു തിരിച്ചറിയും മുന്‍പ്
നമ്മുടെ ശരീരത്തില്‍ മുട്ടിയുരുമ്മി
കടന്നുപോയിട്ടുണ്ടാവും.
വല്ലാത്ത ഒറ്റപ്പെടലിന്റെ ഭൂതം
കോര്‍മ്പല്ലു കോര്‍ക്കാന്‍ തുടങ്ങുമ്പോഴാകും
ഒരു സൈക്കിള്‍ ചത്തുപോയ ആവോലിയുടെ
തൊണ്ടയില്‍ക്കുരുങ്ങിയ കൂവലായി
ചുകന്നു മലച്ച ഉണ്ടക്കണ്ണായി
തുരുമ്പ് പിടിച്ച കത്തിയുടെ മൂര്‍ച്ചയായി
ചിലപ്പോള്‍ വെറുമൊരു മൂളിപ്പാട്ടായി
വളവുതിരിഞ്ഞെത്തുന്നത്.
അവനും അങ്ങിനെയായിരുന്നു
പതിനാറിന്റെ കൗതുകമായി
വളവുതിരിഞ്ഞെത്തിയത്.
ഇന്നും ഉറക്കത്തിന്റെ
കുണ്ടനിടവഴികളില്‍ ഇടക്കിടക്ക്
അവന്റെ മൂളിപ്പാട്ടു കേള്‍ക്കുമ്പോള്‍
ചുന്നിയൊന്നുകൂടി വലിച്ചിടണമെന്നുതോന്നും.
അവനടുത്തെത്തുമ്പോള്‍
ചെവിയൊന്നു പിടിക്കണമെന്നും
അവന്‍ കുടിച്ചമുലകള്‍ക്കുമുന്നില്‍
കൂട്ടി കൊണ്ടുപോകണമെന്നും
അമ്മയിലെ അന്തസ്സാരം
കാട്ടിക്കൊടുക്കണമെന്നും തോന്നും.
വളവുതിരിഞ്ഞ് അവന്‍
വരുന്നതും നോക്കിയിരിക്കും ..........പക്ഷെ
വിചാരിക്കുന്നതിലും വേഗത്തിലാണല്ലൊ
ദൈവം ചെകുത്താനായി മാറുന്നത്.
.......................................................
പ്രസന്ന ആര്യന്‍. 
ഇപ്പോള്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് ഹരിയാനയിലെ ഗുഡ്ഗാംവില്‍ താമസിക്കുന്നു. വരയും എഴുത്തും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഡെല്‍ഹി ലളിതകലാ അക്കാഡമിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . പ്രയാണ്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്നു.
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് ഡി.സി. ബുക്സ് പുറത്തിറക്കിയ ബ്ളോഗ് കവിതകളുടെ സമാഹാരമായ "നാലാമിടം", കൃതി പബ്ളീക്കേഷന്റെ, ബ്ളോഗെഴുത്തുകാരുടെ അപ്രകാശിത കവിതകളുടെ സമാഹാരമായ "കാവാരേഖ?" എന്നീ സമാഹാരങ്ങളിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലോഗ് : മറുനാടന്‍ പ്രയാണ്‍
http://marunadan-prayan.blogspot.com