Monday, May 16, 2011

ദൈവവും ചെകുത്താനും / പ്രസന്ന ആര്യന്‍

ചിലയിടങ്ങളില്‍ അങ്ങിനെയാണ്
പട്ടണം വളരുന്തോറും
വഴികള്‍ ഇടുങ്ങിവരും.
വീടുകള്‍ വലുതാവുന്തോറും
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.
വളവുതിരിഞ്ഞുവരുന്ന വാഹനം
എന്തെന്നു തിരിച്ചറിയും മുന്‍പ്
നമ്മുടെ ശരീരത്തില്‍ മുട്ടിയുരുമ്മി
കടന്നുപോയിട്ടുണ്ടാവും.
വല്ലാത്ത ഒറ്റപ്പെടലിന്റെ ഭൂതം
കോര്‍മ്പല്ലു കോര്‍ക്കാന്‍ തുടങ്ങുമ്പോഴാകും
ഒരു സൈക്കിള്‍ ചത്തുപോയ ആവോലിയുടെ
തൊണ്ടയില്‍ക്കുരുങ്ങിയ കൂവലായി
ചുകന്നു മലച്ച ഉണ്ടക്കണ്ണായി
തുരുമ്പ് പിടിച്ച കത്തിയുടെ മൂര്‍ച്ചയായി
ചിലപ്പോള്‍ വെറുമൊരു മൂളിപ്പാട്ടായി
വളവുതിരിഞ്ഞെത്തുന്നത്.
അവനും അങ്ങിനെയായിരുന്നു
പതിനാറിന്റെ കൗതുകമായി
വളവുതിരിഞ്ഞെത്തിയത്.
ഇന്നും ഉറക്കത്തിന്റെ
കുണ്ടനിടവഴികളില്‍ ഇടക്കിടക്ക്
അവന്റെ മൂളിപ്പാട്ടു കേള്‍ക്കുമ്പോള്‍
ചുന്നിയൊന്നുകൂടി വലിച്ചിടണമെന്നുതോന്നും.
അവനടുത്തെത്തുമ്പോള്‍
ചെവിയൊന്നു പിടിക്കണമെന്നും
അവന്‍ കുടിച്ചമുലകള്‍ക്കുമുന്നില്‍
കൂട്ടി കൊണ്ടുപോകണമെന്നും
അമ്മയിലെ അന്തസ്സാരം
കാട്ടിക്കൊടുക്കണമെന്നും തോന്നും.
വളവുതിരിഞ്ഞ് അവന്‍
വരുന്നതും നോക്കിയിരിക്കും ..........പക്ഷെ
വിചാരിക്കുന്നതിലും വേഗത്തിലാണല്ലൊ
ദൈവം ചെകുത്താനായി മാറുന്നത്.
.......................................................
പ്രസന്ന ആര്യന്‍. 
ഇപ്പോള്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് ഹരിയാനയിലെ ഗുഡ്ഗാംവില്‍ താമസിക്കുന്നു. വരയും എഴുത്തും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഡെല്‍ഹി ലളിതകലാ അക്കാഡമിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . പ്രയാണ്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്നു.
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് ഡി.സി. ബുക്സ് പുറത്തിറക്കിയ ബ്ളോഗ് കവിതകളുടെ സമാഹാരമായ "നാലാമിടം", കൃതി പബ്ളീക്കേഷന്റെ, ബ്ളോഗെഴുത്തുകാരുടെ അപ്രകാശിത കവിതകളുടെ സമാഹാരമായ "കാവാരേഖ?" എന്നീ സമാഹാരങ്ങളിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലോഗ് : മറുനാടന്‍ പ്രയാണ്‍
http://marunadan-prayan.blogspot.com

13 comments:

Unknown said...

വിചാരിക്കുന്നതിലും വേഗത്തിലാണല്ലൊ
ദൈവം ചെകുത്താനായി മാറുന്നത്.

സുബ്രഹ്മണ്യൻ സുകുമാരൻ said...

ചുറ്റുമുള്ള ലോകം കാമതുരന്മാരാൽ ഭീതിദമാണെന്ന് തോന്നാൻ മാത്രം അനുഭവങ്ങൾ സാർവ്വത്രീകമാണെന്ന് എനിക്ക് തീരെ ബോധ്യപ്പെടുന്നില്ല. അതുകോണ്ട് ഇത്തരം കവിതകൾ പേറുന്ന ആശയങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങാൻ പ്രയാസമാണ്. പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങളെ വായിച്ചെടുക്കുന്ന ഭാഷ തിരിച്ചറിയപ്പെടാതെ പോയാലും ഇത്തരം ഭീതിവികാരങ്ങൾ സ്യഷ്ടിക്കപ്പെടും.

രമേശ്‌ അരൂര്‍ said...

നന്നായി

Thooval.. said...

വീടുകള്‍ വലുതാവുന്തോറും
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.

good.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത വളരെ ഇഷ്ടപ്പെട്ടു..എങ്കിലും അവസാനത്തെ വരിയില്‍ ഇഷ്ടക്കേടുണ്ട്.
കാരണം, "ആള്‍ ദൈവങ്ങള്‍ "മാത്രമാണ് ചെകുത്താനായി മാറുന്നത്.

മുകിൽ said...

നല്ല വരികള്‍. നല്ലൊരു ചിത്രം വരയുന്നു.

പാവപ്പെട്ടവൻ said...

ദൈവവും ചെകുത്താനും മനുഷ്യനിൽ ജീവിക്കുന്നു എന്ന പരമായസത്യം ബോധപൂർവമല്ലാതെയാണ് പറഞ്ഞതെങ്കിലും ആ പ്രയോഗം മുന്നോട്ടുവെക്കുന്ന ആശയം വളരെ വലുതാണ്. പിന്നെ വീടുകള്‍ വലുതാവുന്തോറും (മനസിലെ)
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.എന്നാണങ്കിൽ കുറെകൂടി യാഥാർത്ഥ്യമായേനെ.

Sony velukkaran said...

Liked it a lot ! good reading . Ty Prasanna

പ്രയാണ്‍ said...

thanks friends..........

CYRILS.ART.COM said...

കവിതയുടെ രൂപവും ഭാവവും മാറിയതറിഞ്ഞിട്ട് ഏറെ നാളിയില്ല.കാരണം കവിതയെഴുത്ത് വളരെ വർഷങ്ങൾക്കു മുൻപേ നിന്നു പോയിരുന്നു.ചിത്രകലയായി പിന്നെ വിചാരങ്ങളുടെ മാധ്യമം.ഇപ്പോൾ ലേശം എഴുതുന്നുണ്ട്.ദൈവവും ചെകുത്താനും വായിച്ചു ഒരു കാര്യം അന്തസ്സാരത്തിലൂന്നിനിന്ന് എങ്ങനെ പറയണമെന്ന് അതും കുറച്ച് വരികളിലൂടെ ഇവിടെ തെളിയിച്ചിരിക്കുന്നു.നന്ദി.

ഓര്‍മ്മക്കുറിപ്പൂക്കള്‍.. said...

http://ksnoushadcinema.blogspot.com/

Muralee Mukundan , ബിലാത്തിപട്ടണം said...

ഇഷ്ട്ടപ്പെട്ടു...

Sabu Hariharan said...

ആഹാ!
വളരെ ഇഷ്ടായി :)