Wednesday, May 26, 2010

ക്ലാസ്സിക് ഭാഷ / Classic Bhaasha.

ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.  മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതിജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്.... 
വിദ്യാഭ്യാസത്തിനും ,പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ  ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു. അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു. 
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം  കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ   ഗൌരവമായ ഒരു വിഷയം തന്നെയാണിത് 
 ക്ലാസ്സിക് ഭാഷ
ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം  ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !,  അധിപുരാതനമിത് ...!
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ ! !

Tuesday, May 25, 2010

ഒരു നുണക്കവിത



പാപത്തിന്റെ ഫലം തിന്നില്ലെന്ന്

ആദം ദൈവത്തോടു പറഞ്ഞതായിരുന്നു

ആദ്യത്തെ കള്ളം.

കള്ളങ്ങളുടെ വേലിയേറ്റത്തില്‍

ഞാന്‍ കേട്ട ആദ്യത്തെ സ്വരം അമ്മയുടേതായിരുന്നു.

കരിപിടിച്ച അടുക്കളയില്‍

ഊര്‍ദ്ധ്വന്‍ വലിക്കുമ്പോഴും

അച്ഛന്‍ തന്നെ നന്നായി നോക്കുന്നുവെന്നു

പറഞ്ഞ് അമ്മ നുണയുടെ വാതില്‍

എനിക്കു മുന്നില്‍ തുറന്നുവെച്ചു.

തങ്ങള്‍ക്കു വേദനിക്കുന്നില്ലെന്നു

മുറിഞ്ഞുപോയ വാലിനെ നോക്കി

പല്ലിയും

തകര്‍ന്ന കഷണങ്ങളെ നോക്കി

മണ്‍കലവും പറഞ്ഞതോടെ

നുണകള്‍ കുത്തിനിറച്ച ചരക്കുവണ്ടി

എനിക്കു മുന്നിലൂടെ പാഞ്ഞുപോയി.



മുള്ളുവേലി നിറഞ്ഞ,

കരിനാഗങ്ങള്‍ ഇണ ചേരുന്ന ഇടവഴിയില്‍

പതിയിരുന്ന് നിന്നെ പ്രണയിക്കുന്നുവെന്നു

പറഞ്ഞ് ചുണ്ടുകളുടെ നനുത്ത സ്പര്‍ശം

ഏറ്റുവാങ്ങിയ നിമിഷത്തിലാണ്

നുണകളുടെ ആകാശഗോപുരം

ഞാന്‍ പടുത്തുയര്‍ത്തിയത്.

ഇരുണ്ട പകലുകളില്‍ ഗോപുരത്തിനു മുകളിലിരുന്ന്

എന്റെ ജോലിക്കാല്‍ എനിക്കായ്

പുതിയ നുണകള്‍ മെനഞ്ഞു.

മൂര്‍ച്ചയുള്ള ആയുധങ്ങളില്‍

നുണ രാകിമിനുക്കി

എന്റെ പടയാളികള്‍ നാടു നന്നാക്കി????

കടലാസുതാളുകള്‍

എന്റെ ജീവിതം ആഘോഷമാക്കി

പുതിയ നുണകള്‍ നെയ്തു.



ഗോപുരത്തിനു മുകളിലെ ഏദന്‍തോട്ടത്തിലിരുന്ന്

ഹവ്വയപ്പോഴും പാപത്തിന്റെ ഫലം തിന്നു.

ഇപ്പോഴെന്റെ സഞ്ചാരം

നുണകളുടെ മേല്‍പ്പാലത്തിലൂടെയാണ്.

പ്രണയത്തിന്റെ പകമുറ്റിയ കണ്ണുകളുമായി

ഇണയെ നഷ്ടപ്പെട്ട കരിമൂര്‍ഖന്‍

ഇടവഴിയിലിരുന്ന് ദംശിച്ചപ്പോഴും

ഞാന്‍ നുണകള്‍ കൂട്ടിക്കുഴച്ച് പുതിയ

മനക്കോട്ടകള്‍ കെട്ടി.

പനിക്കിടക്കയില്‍ ഉറക്കഗുളികകളുടെ രൂപത്തില്‍

മരണത്തെ പുല്‍കുമ്പോഴും

ഉറങ്ങുകയാണെന്നു പറഞ്ഞ്

ഞാന്‍ വീണ്ടുമൊരു നുണ പടച്ചു.

ഉറക്കത്തില്‍,

കരിമ്പനകള്‍ക്കു മുകളിലിരുന്ന് നുണയക്ഷികള്‍

എന്റെ രക്തമൂറ്റിക്കുടിക്കുന്നത് സ്വപ്‌നം കണ്ടു.



നീണ്ട സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴേക്കും

നുണകളുടെ കലക്കവെള്ളത്തില്‍

ചീഞ്ഞുനാറാന്‍ തുടങ്ങിയിരുന്നു

എന്റെ മനസ്സ്.....

Sunday, May 23, 2010

നാസ്സര്‍ കൂടാളി


ത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.

നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.

പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.

നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.