Sunday, April 8, 2012

മഴ നനയുന്നു .. (കവിത)


തോരാത്ത മഴയും 
നനഞ്ഞൊലിക്കുന്ന ഞാനും.... 

വിടപറഞ്ഞു പിരിയുന്ന നിന്‍ 
കണ്ണേറോ  വാക്കോ  
വെടിയുണ്ടപോല്‍ 
തൊലിയുരിഞ്ഞെന്‍ 
നെഞ്ചിന്കൂടിനകത്തേക്ക് 
വഴുതിവീണമരുന്നതും കാത്തു 
ഞാനിങ്ങനെ മഴ നനയുന്നു..

കുടക്കീഴില്‍ അണയണമെന്നും 
ഇറയത്തേക്ക് മാറണമെന്നും 
ഒരു നൂല്‍പ്പട്ടത്തിന്‍ ചോലയില്‍ 
മറഞ്ഞിരിക്കണമെന്നും 
ഒരു രക്തബന്ധത്തിന്‍ ചൂടും ചൂരും 
നുകരണമെന്നും ഉണ്ട്. 


ഒന്നുമില്ലെങ്കിലും 
ഒരു നിഴലിലെങ്കിലും ഒട്ടിനില്‍ക്കാന്‍ 
തിടുക്കമുണ്ടീ മനസ്സിന്.

ഇങ്ങനെ മരവിച്ചു വിറങ്ങലിച്ചു 
നനഞ്ഞു കുതിരുന്നു 
തീരുന്നുവെങ്കില്‍ 
ഈ പെരുമഴയും 
ഈ കൊടുംകാറ്റും 
ഈ പ്രളയവും 
ഈ പ്രണയവും 
എന്നിലൊരു കുളിരാവുന്നു  

ഒരു പാട് കാലം 
ഞാന്‍ ഇങ്ങനെയിങ്ങനെ...