Monday, January 25, 2010

പ്രഭാത പുഷ്പം

പുലര്‍കാലമഞ്ഞിന്‍ കുളിരിളം തറ്റുടുത്ത
നീല ജലാശയത്തിലെ ഏകാന്ത പുഷ്പമേ..
ആദ്യ കിരണത്തിന്‍ മ്രുദലമാം
ആത്മപ്രഹര്‍ഷംകൊണ്ടോ നീ മെല്ലെ കൂമ്പിപ്പോയി..?

തൂവാന മുറ്റത്തെത്തും മുഗ്ദ്ധമാം വെണ്മുകില്‍
തുളുമ്പും ചിരിയാലെന്തോ കളി ചൊല്ലീടുന്നു..
ആരും കേള്‍ക്കാതെ പറയൂ നീ നവ സൂനമേ
ശോണകിരണം കാതിലോതിയ കാവ്യമേത്..?

രാഗ വിസ്താരം തീര്‍ന്ന രാക്കുയിലും കണ്ടുപോയി
രാ'പാര്‍ത്തെത്തിയ ലാ മുഖിയുമറിഞ്ഞുപോയി
എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!

Sunday, January 24, 2010

കാത്തിരിപ്പ്

സന്ധ്യ മയങ്ങുവോളം
കാത്തിരുന്നു ഞാന്‍
നീ വരുമെന്നാശിച്ചു
കാത്തിരിപ്പിലും കാത്തിരിപ്പിന്‍റെ-
സുഖം ഞാനനുഭവിച്ചു
നീ വരുമെന്ന് വിശ്വസിച്ചു
പക്ഷെ നീ വന്നില്ല
നീ ചോദിക്കാറുണ്ടായിരുന്നില്ലേ
ഈ നരവന്ന ചുക്കിച്ചുളിഞ്ഞ
എന്നെ നീ എന്തിനു കാത്തിരിക്കുന്നു

എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
പ്രണയത്തിന്റെ തണുത്ത
തീക്കനലും പേറി !!
തൊട്ടാല്‍ പൊള്ളുമെന്നു തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു തണുപ്പായിരുന്നു,
കുളിരായിരുന്നു.
അതായിരിക്കാം എന്നെ വീണ്ടും വീണ്ടും
പ്രണയത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍,
നനയാന്‍ പ്രേരിപ്പിച്ചത്

ഐസിന്റെ തണുപ്പ് തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു
ഇളം ചൂടായിരുന്നു
ആ ചൂടില്‍ എന്‍റെ തണുപ്പ് മാറിയിരുന്നു
അതായിരിക്കാം ഞാന്‍ വീണ്ടും വീണ്ടും
നിന്നെ പ്രണയിച്ചത്
കാറ്റിന്റെ ഗന്ധം ഞാന്‍ അറിയുന്നു
അതിനു നിന്‍റെ ചൂരാണ്
ആരെക്കാളും എനിക്കല്ലേ അറിയൂ
നര മുഴുവനായില്ലെങ്കിലും
ചെറു മന്ദഹാസം തൂകി
നീ വന്നു
ഞാന്‍ അലിയുകയാണ്
അലിഞ്ഞില്ലതാകുകയാണ്
നമ്മള്‍ ചെരുതാകുകയാണോ
പ്രായം വളരെയധികം
കുറഞ്ഞത്‌ പോലെ

നമുക്കീ അനന്ത വിഹായസ്സില്‍
പറന്നു കളിക്കാമെന്ന്
നീ ഓതിയപ്പോള്‍
എന്‍റെ കണ്ണിലൂര്‍ന്ന
മിഴിനീരില്‍
ഞാന്‍ മുങ്ങികുളിച്ചപ്പോള്‍
നിന്നെ കെട്ടിപ്പുണര്‍ന്നുമ്മവെച്ചു ഞാന്‍
നിന്‍ മധുന്നുകര്‍-
ന്നാനന്ദത്തില്‍ ആറാടി ഞാന്‍

പ്രണയത്തിന് ഇത്ര മധുരമോ
ഞാനറിയാതെ വിതുമ്പി
നിന്‍റെയീ കരവലയത്തില്‍
എന്നും ഞാന്‍ മുറുകട്ടെ
നിന്‍റെ സ്നേഹം മാത്രമാണ്
എന്‍റെ ജീവന്‍റെ തുടിപ്പുകള്‍
നിനക്കിനി പൊട്ടിക്കാന്‍ കഴിയില്ല
ഈ പ്രണയത്തിന്‍റെ പാശം
എനിക്കിനിയും കാത്തിരിക്കാനും
കഴിയില്ല !!!

മായം കലരുമ്പോള്‍...

കേള്‍ക്കാറില്ലേ?
മലയാളമല്ല!!
ഒരുതരം വിഷം കലര്‍ന്ന
മിശ്രിത ഭാഷയിലെ
എങ്കോണിച്ച ചുണ്ടുകളുടെ
കൊഞ്ചലുകള്‍.

സ്വന്തം സംസ്ക്കാരം
പുണര്‍ന്നുറങ്ങാന്‍-
ചാനലിലോടി
തളര്‍ന്നുറങ്ങിയ
രാത്രികളുണ്ട്!

വിരലിലെണ്ണാവുന്നവരുമായി
ഒരു ഭാഷാലോകം
ഉള്‍ വലിഞ്ഞതറിയാഞ്ഞാകാം-
ഉള്ളില്‍ വീര്‍പ്പുമുട്ടി
തികട്ടിവന്നൊരു ചിന്തയുമാകാം-
ഒരിക്കല്‍ ഞാനെന്റെ
ക്ലാവുപിടിച്ച തൂലിക
വാളിനരം വെച്ചു.

അങ്ങനെയാണീ വിശാല
ഭൂവിലൊരഞ്ചുസെന്റു
സ്ഥലം പോലെ
ഒരു നാളത്തെ പത്രത്താളില്‍
പ്രമാണമുള്ളൊരിടമെനിക്ക്
സ്വന്തമായുണ്ടായതും‌-
നിരര്‍ത്ഥങ്ങളര്‍ത്ഥം പേറിയ
ഹിപ്പിസയുഗം പോലൊ
രിടത്തതു പൊഴിഞ്ഞതും.

പിന്നീട് ഉള്ളിയും,
ഉണക്കമീനും പൊതിഞ്ഞ്
തെരുവോരത്ത് ചെളിപുരണ്ട്
ചവിട്ടി മെതിച്ച ആ.. ദുരന്ത
കാഴ്ച്ചയെ നീക്കം ചെയ്തത്
ഒരു കാലവര്‍ഷത്തിലെ
കുത്തൊഴുക്കാണ്!!