Friday, April 9, 2010

ട്രാഫിക്‌ ലൈറ്റ്

യൗവനത്തില്‍ എനിക്ക് പച്ച ജീവന്റെ തുടിപ്പായിരുന്നു

അന്ന് തിരക്കിനെ ത്യജിച്ചു നീയെന്നെ പുല്‍കാന്‍ വെമ്പി
എത്ര പെട്ടെന്നാണ് നീ എന്നിലേക്കടുത്തത്
പക്ഷെ എന്നെ പ്രാപിച്ച ക്ഷണത്തില്‍
ഒരു പെണ്‍ ചിലന്തിയുടെ ദുഷ്ടതയോടെ
നീ നിഷ്കരുണം ഓടി മറഞ്ഞു
ഒരിക്കല്‍...
എന്‍റെ തൊട്ടരികെ വന്ന്‍
ദൃഷ്ടി തരാതെ
വശം തിരിഞ്ഞു പോകുന്നതും ഞാനറിഞ്ഞു
നീയെപ്പോഴും ചിരിച്ചു കൈവീശി പോയി
പക്ഷെ ഒരിക്കലും എന്നെ കാത്തുനിന്നില്ല
ശരിക്കും നിന്റെ ഇഷ്ടം കപടമായിരുന്നോ?


എന്‍റെ പച്ചപ്പു ക്ഷണികമാണെന്നു തിരിച്ചറിഞ്ഞു...
പതുക്കെ എന്റെ അസ്ഥികള്‍ പഴുത്തു മഞ്ഞച്ചു
ഞാന്‍ മരിക്കുമെന്നുറപ്പായപ്പോള്‍
അതിവേഗത്തില്‍ നീയെന്നെ കടന്നു പോയി
പരിഭവമില്ല… എന്നാലും, മനസ്സിലൊരു വിങ്ങല്‍
നിന്നെ അനുഗമിച്ച അയല്‍ക്കാരിപ്പെണ്ണ്
സ്വല്പം താമസിച്ചു പോയിരുന്നു
ഞാന്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന നേരത്താണ്
അവള്‍ ഇതുവഴി വന്നത്
അതുകൊണ്ട് ആസന്നമരണനായ എന്നെ
ചവുട്ടിക്കടക്കാന്‍ വയ്യാതെ
ശപിച്ചു കൊണ്ട് അവള്‍ കാത്തു നിന്നു


ഏറ്റവും ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു ഞാന്‍ തളര്‍ന്നു
എന്റെ ശരീരം ചുവപ്പു ചോരയില്‍ കുളിച്ചു
അങ്ങനെ ഞാന്‍ മരിച്ചു...
അസഹിഷ്ണുക്കളായ നിന്റെ ബന്ധുക്കള്‍
എന്റെ ശവം എടുക്കാന്‍ അക്ഷമരായി
പക്ഷെ നീ ഒരു നോക്കു കാണാന്‍ വന്നില്ല
എന്നാലും എനിക്കു പരിഭവമില്ല

പിന്നെ ഞാന്‍ പുനര്‍ജനിച്ചപ്പോള്‍
എന്റെ അനുഭവങ്ങള്‍ എനിക്കെന്നോട് പറയണമെന്നുണ്ട്
പക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
അതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...

രാധാവിരഹം

അറിയാതെയാകാശപ്പൊയ്കയെപ്പാര്‍ത്തപ്പോള്‍
രാധേ നിന്‍ കരിമിഴി കവിഞ്ഞതെന്തേ?
കാര്‍മേഘജാലങ്ങള്‍ നീന്തിയ ചേലിനാല്‍
കാര്‍വര്‍ണ്ണന്റെ ലീലകളോര്‍ത്തുപോയോ?
കരളില്‍ കദനകാളിന്ദിയൊഴുക്കിയവന്‍
മഥുരയ്ക്കു പോയിട്ടിന്നേറെയായില്ലേ?
മുകുന്ദപാദങ്ങളാടിയ വൃന്ദാവനിയിലിന്നു
മൂകത മാത്രം കളിയാടി നില്പ്പൂ
കടമ്പിലെ ഭാഗ്യമറ്റ പുതിയ പൂക്കള്‍
വനമാലി കാണാതെ വെറുതേ കൊഴിയുന്നു
ഗോകുലവും ഗോപികളും വിരഹാര്‍ത്തരെങ്കിലും
നിന്‍ മുഖപങ്കജമുലഞ്ഞേറെ വാടിയല്ലോ
കൂന്തലില്‍ ചന്തത്തില്‍ മയില്‍പ്പീലി ചൂടാനും
മുരളീനാദം കേട്ടു മാറില്‍ മയങ്ങാനും കൂടെ -
കാലിയെ മേയിച്ചു മേടുകളിലോടാനും
സാധിച്ച നീ തന്നെ പുണ്യവതിയോര്‍ക്കുകില്‍ .
ദേവകളുമൊരുനോക്കു കാണുവാന്‍ മോഹിക്കും
നവനീതചോരന്റെ ബാല്യം കവര്‍ന്നു നീ.
ദുഷ്ടനിഗ്രഹം സാധുസംരക്ഷണം ധര്‍മ്മസംസ്ഥാപനം
ഭൂവില്‍ കണ്ണനു കര്‍മ്മങ്ങളേറെയേറെ
യമുനയിലോളങ്ങള്‍ നുരയാതിരിക്കില്ല
യാദവമനം നിന്നെയോര്‍ക്കാതിരിക്കില്ല.
ആര്‍ദ്രമാം ശ്രീകൃഷ്ണമേഘത്തിനാകുമോ നീയാ-
മേകാന്ത താരകം പുണരാതിരിക്കുവാന്‍ ?

Wednesday, April 7, 2010

ഫലസ്ത്വീന്‍

ദാവീദിന്റെ
കല്ലും കവണയും
അല്ലാതെ മറ്റൊന്നും
സ്വന്തമായ് ഇല്ലാത്ത
ജനതയുടെ പേര്‍
ഫലസ്ത്വീന്‍!

വേര്‍പാടിന്‍ നൊമ്പരം

കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!

ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..

വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..

Monday, April 5, 2010

സ്വപ്ന മരീചിക

ഋതുപരിണാമം മാറ്റിമറിക്കാത്ത
മിഥ്യാനളിനിയില്‍ നീന്തിത്തുടിക്കും
വര്‍ണ്ണമരാളങ്ങള്‍ സ്വപ്നങ്ങള്‍ .

ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള്‍ കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള്‍ സ്വപ്നങ്ങള്‍ .

ശിരോലിഖിതങ്ങള്‍ വായിക്കാനറിയാതെ
ഭാവനാ സ്വര്‍ഗ്ഗം പ്രവചനമാക്കും
നിരക്ഷര പ്രവാചകര്‍ സ്വപ്നങ്ങള്‍ .

കര്‍മ്മനിയമത്താല്‍ മങ്ങിയെന്നറിയാതെ
ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര്‍ സ്വപ്നങ്ങള്‍ .

കലുഷിത മാനവ ഹൃത്തടങ്ങളില്‍
നിങ്ങള്‍ വിതറുമാശാപരാഗങ്ങള-
ഹര്‍ന്നിശമദ്ധ്വാന പ്രേരണയെങ്കിലും -
സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം -
തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക.

Sunday, April 4, 2010

മായികലോകം

എന്നിലെ എനിക്കായീ
ഒരു മായിക ലോകം
തീര്‍ത്തു ഞാന്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു
കളിവീട് ഉണ്ടാക്കി
മോഹങ്ങളാലൊരു
പൂങ്കാവനവും

ആശകളാം ചെടികള്‍
നട്ടു വച്ച്.....
പ്രതീക്ഷ തന്‍ വളമിട്ടു
വെള്ളമൊഴിച്ചു
ഓരോ ചെടികളും
പൂവിടുമ്പോള്‍.....
എന്‍ ഓര്മ തന്‍ വണ്ടുകള്‍...
മൂളി പറന്നീടും ....
അവയ്ക്ക് ചുററും....

പൂക്കള്‍ തന്‍ സുഗന്ധം ....
എന്‍ രോമകൂപങ്ങളില്‍
രോമാഞ്ചമായി പടരുമ്പോള്‍....
മനസാം പുഴയുടെ
കളകളാരവം
എനിക്ക്‌ മാത്രം...ശ്രവ്യമാം
മധുര സംഗീതമായി
എന്നില്‍ അലിഞ്ഞു ചേരും...
നീര്‍വൃതിയാം ഇളം തെന്നല്‍
നെറുകയില്‍ ഉമ്മ വച്ച്....
തഴുകി എന്നില്‍ നിറയുമ്പോള്‍....
ശാന്തി തന്‍ തീരത്തില്‍
ഞാനെത്തീടും!!!!