Wednesday, April 29, 2009

ആത്മഗതം

ഇരുളിന്നാഴങ്ങളില്‍ എവിടെ നിന്നോ
ഇണക്കിളികള്‍ തന്‍ ആത്മവേദന
നേര്‍ത്തൊരീണമായ്, നൊമ്പരമായ്‌ ,
പ്രപഞ്ചമേറ്റു വാങ്ങീടവേ
ഉന്മേഷമില്ലാതുണരുന്ന അര്‍ക്കനിലും
തെളിയുന്നതിന്‍ പ്രതിഫലനം .

നെഞ്ചോടൊട്ടിയ ഓര്‍മ്മകളെ
കമ്പിളിയില്‍ പൊതിഞ്ഞു വച്ച്
വീണ്ടും കാണാമെന്ന പാഴല്ലാതൊരു
വാക്കും നല്‍കി പുറപ്പെട്ടത്‌
ഓര്‍മ്മ പോലും അല്ലാതാകുന്ന
ഇന്നിന്‍ ചാരം മൂടിയ കനല്‍
വാരിയെടുക്കാനായിരുന്നു എന്നത്
വൈചിത്ര്യം ആയിരിക്കാം .

അകക്കാമ്പില്‍ തെളിയുന്ന
ചിത്രങ്ങളില്‍ ഏതിനു നിറ-
മേതിനു നിഴലിന്‍ നിഴലു-
മെന്നതും അജ്ഞാതം .

പിടി തരാതലയുന്ന വന്ധ്യമേഘങ്ങളെ
പിന്തുടരാന്‍ മനസ്സ് വെമ്പിയതും
ഏതോ ഭ്രമാത്മകമാം ചിന്തകളാല്‍
ഒപ്പം യാത്രയാകാന്‍ പ്രേരിതമായതും
ജീവിതത്തിന്‌ നാനാര്‍ത്ഥങ്ങള്‍
കണ്ടെത്താനുള്ള ശ്രമം ആയിരുന്നിരിക്കാം.

അല്ലെന്നും , ഒരെയൊരര്‍ത്ഥം മാത്രം,
ഇതാണ് നേരായ വഴിയെന്നും
മന്ത്രിച്ചത് ഹൃദയം തന്നെയായിരുന്നു.
ഇളം കാറ്റേകിയ സുഗന്ധവും
കൊടുങ്കാറ്റിന്‍ രൌദ്രതയും
ഏറ്റു പാടിയ കവി തൊണ്ട-
പൊട്ടിയലറിയതും അതു തന്നെ
ആയിരുന്നു എന്നത് കാലത്തിന്‍
വികൃതി മാത്രമായിരിക്കാം .

സന്ധ്യയ്ക്ക്‌ കൂടണഞ്ഞ്
ഓര്‍മ്മകള്‍ തിരഞ്ഞവര്‍ക്ക്
നെറ്റിയില്‍ തൊടാനോ അതോ,
ഉമ്മറത്ത് തൂക്കാനോ,
ഇന്നിന്‍ ചാരം നല്‍കിയതെന്നത്‌
ഒരു കടങ്കഥയുമായിരിക്കാം.