Saturday, February 27, 2010

പ്രതീക്ഷയുടെ രീതി











മരത്തണലിലിരിക്കുന്ന
പൂച്ചയുടെ പ്രതീക്ഷയാണ്,
എയര്‍കണ്ടീഷനിലിരിക്കുന്ന
എന്‍റെയും പ്രതീക്ഷ..!!

കത്തിയാളുന്ന വെയിലില്‍
തണല്‍ തേടിയാണ്
പൂച്ചയുടെ ഇരിപ്പ്,
ഇരയെയും പ്രതീക്ഷിക്കുന്നുണ്ട്..
വില നെല്‍കണ്ടേതില്ലല്ലോ..!

തണുത്തുറഞ്ഞ മുറിയിലും
ഉള്ളു പതഞ്ഞാണെന്‍റിരിപ്പ്..!!
കത്തിയാളുന്ന വിലയില്‍
കാലിടറിയും, ഭയന്നുമാണി-
രയെ പ്രതീക്ഷിക്കുന്നതെന്നു മാത്രം..!?

പൂച്ചയെക്കാത്താരുമിരിക്കുന്നില്ല,
എവിടെയും പോകാനുമില്ല,
എപ്പോഴും സ്വതന്ത്രമാണല്ലോ...!

എന്നെയും കാത്താരൊക്കെയോ...!
"എന്നെ"യല്ലെങ്കിലും...!?
എനിക്ക് പോകാനുമുണ്ട്..!
പക്ഷേ...!!
പ്രവാസത്തിന്‍റെ-
തൊപ്പിയണിഞ്ഞതിനാല്‍
എനിക്കാരോടും പരിഭവമില്ല,
പരാതിയും...!!
                                ....ജാഫര്‍ മണിമല....
പിണക്കം-ഒന്നാം ക്ലാസ്സ്

എന്തേ ഇന്ന് ഉണ്ണി വരാത്തത് ?
കുട ചൂടി എന്നെയും കൂട്ടി
മുറ്റത്ത്‌ ഇറങ്ങാത്തത് ?
മുറ്റത്തെ മഴവെള്ളപുഴയില്‍ ഇറക്കാത്ത് ?


എന്നാലോചിച്ചു
മേശമേല്‍ ഇരുന്ന
കടലാസ് തോണി
പിണങ്ങിയത്



പുഴയടിത്തട്ടി-

ലുറങ്ങിയ ഉണ്ണി എങ്ങിനെ അറിയാന്‍ !


          **********

പിണക്കം-പതിനൊന്നാം ക്ലാസ്സ്

കൈ പിടിച്ചും തോളില്‍ തല ചായ്ച്ചും
മഴ നനഞ്ഞും ഒരുമിച്ച് ഇറങ്ങിയാലും

ആധി തീരുമ്പോള്‍
ബസ്സ്റ്റോപ്പില്‍ വെച്ച് നീയെന്നെ മറക്കില്ലേ...


അമ്പലം, സ്കൂള്‍ , വായനശാല ,കച്ചേരി പറമ്പ്
എവിടേക്ക് ഒപ്പം വന്നാലും
പല നിറങ്ങളില്‍ മുങ്ങി
കലമ്പിയും കുണുങ്ങിയും
സ്വപ്‌നങ്ങള്‍ എതിരെ വരുമ്പോള്‍

നീയെന്നെ മറക്കില്ലേ.....

ഇങ്ങനെ പറഞ്ഞു
എന്നോട് പിണങ്ങി
പടിയിറങ്ങിപ്പോയീ
കുടയും സൈക്കിളും. 

ബി.മധു  

Friday, February 26, 2010

(ഹേന രാഹുലിന്റെ ബ്ലൊഗിലെ “പലജന്മം” എന്ന കവിത വായിച്ചതില്‍ നിന്നു)
അതെ,
എല്ലാ അടയാളങ്ങളും ക്രുത്യമാണു,
വലത്തേ തോളില്‍ താഴേയ്ക്കു
നീളത്തില്‍ നീലിച്ച മറുക്,
ഇടനെഞ്ചില്‍ ഭാഗ്യക്കല,
അതിമധുരമുള്ള ചുണ്ടുകള്‍,
ചുടുനീരുറവയുടെ ആലിംഗനങ്ങള്‍
വാക്കുകളില്‍ തിരിവെളിച്ചങ്ങള്‍
‍കണ്ണൂകളില്‍ വിസ്മയങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍
‍കല്ലും മണ്ണും കടലുപ്പും
കവിമനസ്സിന്റെ തീയും കുളിരും
എല്ലാം, ....
ഇന്നലെയോളം അറിഞ്ഞും നുണഞ്ഞും...
പക്ഷെ...ഇന്നുറക്കമുണര്‍ന്നപ്പോള്‍പാതികിടക്ക ശൂന്യമായിരുന്നു.
വാതിലോളം പതിഞ്ഞ കാല്‍പ്പാടുകളെണ്ണി
സംഖ്യാജ്യൊതിഷം ഗണിച്ചപ്പോള്‍
‍മടക്കമില്ലായാത്രയില്‍ അക്കങ്ങള്‍.

മുഴക്കോലുകളെ അവന്‍ കബളിപ്പിച്ചിരുന്നു,
ചിലപ്പോള്‍ മലപോലെ വലുതായും
ചിലപ്പോള്‍ എലി പോലെ ചെറുതായും
എങ്കിലും ഇതാ എന്റെ ശരീരത്തില്‍
അവിടവിടെ അവന്റെ പാടുകള്‍, അടയാളങ്ങള്‍,
എല്ലാം ചേര്‍ത്തു ജ്യാമിതിയും ബീജഗണിതവും
കുടഞ്ഞ് ഞാന്‍ വരച്ചെടുക്കാന്‍ പണിപ്പെടുമ്പൊള്‍
‍വാതിലിനപ്പുറം പുതുജന്മത്തിന്റെ
വാ കീറിയ കരച്ചില്‍
(പറക്കാന്‍ ഒരു കൂട്ടു തേടിയ കാറ്റതിനെ മാറോടു ചേര്‍ത്തിരിക്കും)

Thursday, February 25, 2010

oduvil

ഒടുവില്‍
എനിക്കോര്‍മയില്ല ,
എന്റെ മനസ്സിന്റെ ചിലന്തിവലകളില്‍
കുരുങ്ങിപ്പോയ
നിന്റെ ശലഭക്കിനാക്കളെ..

പുറന്തോടുകള്‍ അടര്‍ത്തും തോറും
ഇല്ലാതാകുന്ന ഉള്ളിയാണ്
നിന്റെ പ്രണയം
രൂക്ഷ ഗന്ധമുള്ള,
എരിവുള്ള,
മറക്കാനെളുപ്പമുള്ള ഒന്ന്.

സന്ധ്യയും സ്വപ്നങ്ങളും
കടലില്‍ കളഞ്ഞ്‌
അവസാന പ്രണയത്തിന്റെ
നിത്യ ശാന്തിക്കായ്‌
ബലിയിട്ടു മടങ്ങവേ .....

പിണ്ഡം കൊത്താനെത്തുന്ന
കാക്കകളിലോന്നിനു 
നിന്റെ മുഖച്ഛായ...
(2000    തിലെഴുതിയത്) 

Wednesday, February 24, 2010

അല്‍ഷിമര്‍

ഓര്‍മയുടെ ഒരു കോണില്‍
ആണിയടിച്ചതിനാല്‍
എത്ര അടര്‍ത്തി‍യിട്ടും കിട്ടിയില്ല
ആഞ്ഞു വലിച്ചപ്പോള്‍
ചിന്തയുടെ തകിടും
പൊടിഞ്ഞു വീണു

(വാരാദ്യ മാധ്യമം 2003)

Tuesday, February 23, 2010

ഭയം

ഒന്നാം നാള്‍,
വിലക്കപ്പെട്ട ജാലകത്തിനപ്പുറംനിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.
രണ്ടാം നാള്‍,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന്‍ കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.
മൂന്നാം നാള്‍
‍ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റൊ,
പൂച്ചക്കാല്‍ ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന്‍ പിന്നില്
‍രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍
പെയ്തിറങ്ങിയചുംബനങ്ങളുടെ പെരുമഴയില്‍
‍അഴിഞ്ഞു വീണതു എന്റെ മന്ത്രച്ചരടും മുലക്കച്ചയും.
പിന്നെപടിയിറങ്ങി,
പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
‍നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞുനീ
ഞ്ജാനിയുടെ വിളക്കു തെളിച്ചു.
ഇപ്പോള്‍,
നിന്റെ തുടറ്ച്ചയായ വേലിയേറ്റങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തൊടെ നോക്കിക്കാണുന്നു.
പേടി സ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്
‍ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണുനീ എന്നെ ഉപേക്ഷിക്കുക?

Monday, February 22, 2010

തെണ്ടി

നാം നമ്മെ നാമറിയാത്തിടങ്ങളില്‍
തേടിയും… തിരഞ്ഞും…..മടുത്തും….മുഷിഞ്ഞും..
ഒടുവിലീ മായാവലകളുടെ ഇഴകളില്‍
ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു….
തെണ്ടീ…..നിന്നെ പോലെ
ഞാനുമൊരു തെണ്ടിയാണ്…….



പണ്ട് പണ്ട് …….
ഒരുപാടൊരുപാട് പണ്ട്….
എപ്പോഴോ തോന്നിയൊരു
ക്ഷണിക വികാരത്തിന്റെ പാരമ്യത്തില്‍
നിരാലംബമായൊരു തുണ്ട് പാഴൂര്‍ജ്ജം
മാംസം തേടിയലഞ്ഞൊടുവില്‍
അമ്മയുടെ ഉദരത്തില്‍ കുരുത്തു വേരോടുമ്പോള്‍
അച്ചനാണാദ്യമെന്നെ തെണ്ടിയാക്കിയത്



പിന്നെ ….പത്തുമാസത്തെ ഇരുളാര്‍ന്ന
സുഘസാന്ദ്രമായൊരു തടവറയില്‍
സ്പന്ധനള്‍ക്ക് മാത്രം കാതോര്‍ത്ത്
മെല്ലെ കണ്‍ പൂട്ടിയുറങ്ങുമ്പോള്‍
തല പിടിച്ചു പുറത്തേക്കു തള്ളി
കാലില്‍ പിടിച്ചു വലിച്ചിഴച്ചു
പൊക്കിള്‍ കോടി മുറിച്ചു
തെണ്ടാന്‍ അമ്മ പറഞ്ഞു



പൈതൃകമായ് ….ദാനമായ്‌ കിട്ടിയതോ
സ്നേഹരാഹിത്യങ്ങളുടെ ഭിക്ഷാപാത്രം
അനിവാര്യമായ യാത്രകള്‍ക്കിടയില്‍
കൌതുകങ്ങളുണര്‍ത്തിയൊരു പെണ്‍കുട്ടി
വഴിചോറ് പോല്‍ നീ തന്ന പ്രണയം
നെഞ്ചോട്‌ ചേര്‍ത്തൊരുപാട് യാത്രകള്‍
നില നില്‍ക്കുന്നതെന്തിനെന്നറിയില്ലെങ്കിലും
നില നില്ല്പ്പിന്റെ അടിസ്ഥാനം പ്രവാസമത്രേ

മുറുക്കാന്‍









തുടക്കത്തില്‍ അറിഞ്ഞില്ല
കൂട്ടമരണത്തിലേക്കാണന്ന്.

അടി തുടങ്ങിയപ്പോഴും
അവേശം കൂടിയതെയൊള്ളു.

ഒരേ നിറത്തിലെത്തിച്ചേരാന്‍
നമ്മള്‍ പെടുന്ന ഒരു പാടെ..

--()--

Sunday, February 21, 2010

'പ്രവാസകവിതകള്‍' കൂടുതല്‍ വിശാലതയിലേക്ക്‌...

പ്രിയ സുഹൃത്തെ,

"പ്രവാസകവിതകള്‍" എന്ന കവിതാകൂട്ടായ്മ അതിന്റെ വിശാലതയിലേക്ക് വിലയിച്ചുകൊണ്ടിരിക്കുയാണ്. നൂറോളം വിദേശ ഇന്ത്യന്‍ കവികളും ആസ്വാദകരും അയ്യായിരത്തിലധികം വായനക്കാരും ഉള്ള "പ്രവാസകവിതകള്‍" അതിന്റെ വികാസ വിന്യാസത്തിന്റെ പാതയില്‍ ‍പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ ആഗ്രഹിക്കുകയാണ്.

'വിദേശ ഇന്ത്യന്‍ കവിക്കൂട്ടായ്മ' എന്ന ആശയത്തില്‍ നിന്ന് 'പ്രവാസി മലയാളി കൂട്ടായ്മ' എന്ന പേരില്‍ പുതിയ കൂട്ടുകാരിലേക്കും കൂടി ഇടം കണ്ടെത്തുകയാണ്!
നിലവില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി എഴുത്തുകാര്‍ക്ക് മാത്രമായി
ഇടം കണ്ടെത്തിയ "പ്രവാസകവിതകള്‍" ഇനി മുതല്‍ പ്രവാസി മലയാളികളായ
എല്ലാ കവികളുടേയും കാവ്യാസ്വാദകരുടേയും കൂടിയുള്ള വിശാലമായ പ്ലാറ്റ്ഫോമായി മാറുകയാണ്! ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരുടെ താല്പ്പര്യത്തെത്തുടര്‍ന്ന്, അംഗമാകാനുള്ള അപേക്ഷയെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്!

അംഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള കോളം പൂരിപ്പിക്കുകയോ, ranjidxb@gmail.com , shijusbasheer@gmail.com എന്നീ വിലാസങ്ങളില്‍ മെയില്‍ ചെയ്യുകയോ ചെയ്യുമല്ലോ?

സ്നേഹപൂര്‍‌വ്വം,
പ്രവാസ കവിത പ്രവര്‍ത്തകര്‍