Saturday, April 3, 2010

ആഞ്ചലോസ് ചരിതം ഒരു വഞ്ചിപ്പാട്ട് / Anchalose Charitham Oru Vanchippaattu.
അന്നത്തെ ആ  ആഞ്ചലോസ്

ഒരാറുകൊല്ലം മുമ്പ് ഒരു പഴ കമ്പനിയിലെ സഹചാരിയായിട്ടാണ് ,ആഞ്ചലോസിനെ ഞാൻ  പരിചയപെടുന്നത് ,വിസ തീർന്നുനിൽക്കുന്ന ഒരുവനായിട്ട് !
അതും ധാരാളം നഷ്ട്ടബോധങ്ങളുമായി . അപ്പച്ചന്‍ മരണപ്പെട്ട ശേഷം , അവനെ ഈ യുകെ പഠനത്തിന്റെ പേരിൽ ഭാഗപത്രത്തില്‍ നിന്നും എഴുതി തള്ളിയപ്പോൾ ; ബന്ധങ്ങളേക്കാള്‍ വില സ്വത്തിനാനെന്നു മനസിലാക്കിയവൻ !
എല്ലാവരാലും ഉപേഷിക്കപ്പെട്ട ഒരുവനായി.....ബ്രിട്ടനിൽ  MBA ഡിഗ്രി എടുക്കാന്‍ വന്ന് ഒരു ഗതിയും
കിട്ടാതെ ഇങ്ങനെ അലയേണ്ടി വന്ന സ്ഥിതിവിശേഷങ്ങളെ കുറിച്ച് ,അവൻ പലപ്പോഴായി  എന്നോട് പറഞ്ഞ കഥകളാണിവ കേട്ടൊ...
ഇതാ ഒരു വഞ്ചിപ്പാട്ടുരൂപത്തിൽ ...ഒരു യു കെ നൈറ്റ് ക്ലബ്ബ് 


മാഞ്ചസ്റ്ററിൽ പഠിയ്ക്കുന്ന , മലയാളി പയ്യന്‍ തന്റെ ,
അഞ്ചുവര്‍ഷ യു.കെ ക്കഥ, ചൊല്ലാംതന്നെ ഇപ്പോള്‍മെല്ലെ ;
അഞ്ചാറടി പൊക്കമുള്ള, ഒത്തവണ്ണം തടിയുള്ള ,
ആഞ്ചലെന്ന് പേരുക്കേട്ട, അടിപൊളി ചെത്തുപയ്യന്‍ !

കാഞ്ചിക്കോട്ടെ ചാക്കോചേട്ടൻ‍, വല്ലഭനാം മുതലാളി ,
കാഞ്ചനത്തിൻ ജ്വല്ലറിയാൽ ,പണമെല്ലാം വാരിക്കോരി,
പഞ്ചായത്തില്‍ കേമനായി, നാട്ടുകാരെ വിറപ്പിച്ചു !
അഞ്ചാ ണ്മക്കള്‍ പഠിപ്പിലും, കേമത്തങ്ങള്‍ കാണിക്കാനും ,

കഞ്ചാവെല്ലാംപുകയ്ക്കാനും , തല്ലുക്കൊള്ളി തരത്തിനും ,
പുഞ്ചപ്പാടം വിളഞ്ഞ പോല്‍ ,ഒന്നിച്ചായി ശോഭിച്ചല്ലോ ....
പഞ്ചാബില്‍പ്പോയി പഠിച്ചിട്ട് , താഴെയുള്ള പയ്യനപ്പോള്‍
എഞ്ചിനീറായി വന്നനേരം, വിട്ടയച്ചു ‘യുകെ‘ യില് .

അഞ്ചാമത്തെ പൊന്നുപുത്രന്‍ , ‘യുകെ‘കണ്ടു വാപൊളിച്ചു !
വഞ്ചിപെട്ട കയം പോലെ , ചുറ്റി ചുറ്റി തിരിഞ്ഞല്ലോ ?
മൊഞ്ചുള്ളയാ പ്പബ്ബുകളും, പഠിപ്പെങ്കില്‍ ക്ലബ്ബില്‍ മാത്രം !
അഞ്ചുപത്തു ലക്ഷം വീതം ,കൊല്ലം തോറും അയച്ചിട്ടും ,

ആഞ്ചലോസ് മോനെപ്പോഴും ,പൈസയൊന്നും തികഞ്ഞില്ല !
ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
വെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;

കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കിയാഞ്ചലോസിന്‍ , ഭാവി തന്റെ ചക്രംങ്ങളും !
അഞ്ചുപെനി ഇല്ലാതവന്‍ ,ലഹരിയില്‍ മുക്തി നേടി
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ ,തേങ്ങി തേങ്ങി ക്കരയുന്നൂ ....

പുഞ്ചിരിച്ച ക്കൂട്ടരെല്ലാം, കണ്ട ഭാവം നടിക്കാതെ ;
പഞ്ചപാവ മിപ്പയ്യനെ, തെരുവില് തള്ളിയിട്ടൂ ....
വഞ്ചനയില്‍ പെട്ടിട്ടാണ് , സ്വന്തം കാര്യം നോക്കാതാണ് ,
ആഞ്ചലോസിന്‍ കഥയിത് ; ഗുണപാഠം കൂട്ടുകാരെ !!
കഴിഞ്ഞ മാസം ആഞ്ചലോസിനെ അവിചാരിതമായി ഞാന്‍ ലണ്ടനില്‍ വെച്ചുവീണ്ടും കണ്ടുമുട്ടി !
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മേനോത്തി കുട്ടിയുടെ കെട്ടിയോനായിട്ടാണ് അപ്പോൾ കണ്ടത്, ഇവിടെയാണെങ്കിൽ ജാതി ,മതം ,നാട് ,വര്‍ഗ്ഗം ......ഒന്നും തന്നെയില്ലല്ലോ !
പോരാത്തതിന് ബ്രിട്ടീഷ് ടെലഫോൺസിൽ ഉഗ്രനൊരുജോലിയുമായി മൂപ്പർക്ക്.
ബ്രിട്ടനില്‍ കാലുകുത്തി നിലയുറപ്പിക്കാന്‍ വേണ്ടിമാത്രം ,
ഈ  പെൺക്കുട്ടിയെ വിവാഹം കഴിച്ച് ,ബ്രിട്ടൻ സിറ്റിസൻഷിപ്പ്
കിട്ടിയശേഷം  ഇവളെ പലകാരണങ്ങൾ പറഞ്ഞ് ഉപേഷിച്ചുപോയ ഒരു വില്ലന്‍ ഭര്‍ത്താവിന്റെ കഥയും ഇവരുടെ പുത്തന്‍ ജീവിതകഥയ്ക്ക് പിന്നിലുണ്ട് കേട്ടൊ..

ഒരു കടലാസുകവിത...


വെളുത്ത ഈ കടലാസില്‍
എന്ത് കവിതയാണ് ഞാനെഴുതുക?

കമ്പ്യനും ചാത്തനും മാരിയപ്പനും
മടയാതെ പോയ ഒരു കൊട്ടയുടെ
നീറ്റലുണ്ടതിന്...
വേവാതെ പോയ ചോറിന്റെ മണം.

കടല് കടത്തി കൊണ്ടുപോയ
ഒരായിരം സുഗന്ധങ്ങളുടെ നഷ്ടം.

ചെമ്പന്‍ ഊതാതെ വിട്ടുപോയ
ഒരു കുഴല്‍പ്പാട്ടിന്റെ വേദന.

കാട്ടുവഴിക്കൊപ്പം
ലോറികള്‍ കവര്‍ന്നുപേക്ഷിച്ച
ചെമ്പന്റെ പെണ്ണ് കോയ്മ്മയുടെ
വരണ്ട കണ്ണീര്‍ നനവ്..

കരിഞ്ഞ മുളംകുറ്റിയില്‍
തലതല്ലിച്ചത്ത കാളന്‍ മൂപ്പന്‍
പറയാതെ വിട്ട വാക്കിന്റെ മൌനം.

വെറും വെളുത്ത
ഈ കടലാസു തന്നെ
എഴുതാന്‍ പറ്റാത്തൊരു കവിത...

(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ )

Friday, April 2, 2010

ചൂടും ചൂരും

ഉച്ച ചൂടിന്‍റെ
ഉഛിയിലാണ്
ഫോണ്‍ ബെല്ലടിഞ്ഞത്..
ഊര്‍ജ്ജം മുഴുവന്‍
ഊറ്റിയെടുത്തൊരു മറുപടി:
"ദേ..കിടക്കുന്നു-
പ്രണയം പതിനെട്ട് കഷ്ണം.."!

ക്രിത്രിമത്തണുപ്പില്‍
ശരീരം തണുക്കുംമ്പോഴേക്കും
മണ്ണിന്‍റെ ചൂടിലേക്കവള്‍
ചേര്‍ന്ന് കിടന്നിരുന്നു..!?

ചൂടും,ചൂരുമില്ലാത്ത
പ്രാണനും,പ്രണയവും
വ്യര്‍ത്ഥ ജീവിതത്തിന്‍റെ
വ്യഥകളത്രേ..!!

Thursday, April 1, 2010

വിഢിദിനം


മൂഢന്‍മാരെ വിഢികളെ...
നമ്മള്‍ക്കൊരുദിനം വരവായി
ആനന്ദീച്ചീടുക...
ആഘോഷീച്ചീടുക...
ഒത്തുചേര്‍ന്നു ഈ സുദിനം.
ഇതു നമ്മുടെ സുദിനം
വിഢിദിനം
നമുക്കൊത്തു ചേര്‍ന്നു...
ഒന്നായ് ചേര്‍ന്നു പാടിടാം ...
ജയ ജയ ജയ ജയ വിഢികളെ...
ജയിച്ചു വാഴുക വിഢികളെ.

അമ്മയെന്ന പുണ്യം

അമ്മക്ക് മക്കളോടുള്ളോരു ബന്ധം ...
സ്നേഹ നിര്ഭാരമാം മഹത് ബന്ധം.....
ഇല്ല പാരില്‍ പകരം വക്കുവാന്‍
മറ്റൊരാളും അമ്മക്കായീ.....
മക്കള്‍ തന്‍ കണ്ണൊന്നു നിറഞ്ഞാല്‍...
കവിയുന്നു അമ്മ തന്‍ മനം......
തലോടുവാന്‍ കരങ്ങള്‍ നീട്ടി ...
എന്നുമില്ലേ അമ്മ കൂടെ.....
അമ്മെയ്ന്നും കൂട്ടുക്കാരി ....
നേര്‍വഴി കാട്ടും മാര്‍ഗദര്‍ശി........
എന്നുമെന്നും മക്കള്‍ തന്‍
നന്മ മാത്രം കാംഷിക്കും ദീര്‍ഘദര്‍ശി .....
മാറ്റുവനാവില്ല അമ്മ തന്‍ സ്നേഹം....
കുറയില്ല അതൊരിക്കലും....
ഒഴുകിയെത്തുന്നു...നിന്നിലെക്കെന്നും.....
പല രൂപത്തില്‍...പല ഭാവത്തില്‍ !!!!
വേദനയില്‍ .ആശ്വാസമയീ.....തലോടലായീ....
ആഹ്ലാദത്തില്‍.....ആനന്ദമായീ...
തെറ്റുകളില്‍.....ശാസനയയീ....വിലക്കുകള്‍ ആയീ .....
പ്രവര്‍ത്തികളില്‍...അനുഗ്രഹമയീ.....
മറ്റാര്‍ക്ക് കഴിയും നിന്നെ-
ഇത് പോലെ അറിയാന്‍.....
അമ്മ....അമ്മയെന്ന പുണ്യം ...
ആരാധിചില്ലെങ്കിലും..നിന്ദിക്കാതിരിക്കാം ......
സ്നേഹിച്ചില്ലെങ്കിലും ..വേദനിപ്പിക്കാതിരിക്കാം ....
അമ്മ....അമ്മയെന്ന ഭാഗ്യം......
നഷ്ടമാകതിരിക്കട്ടെ മക്കള്‍ക്കൊരിക്കലും !!!!

Wednesday, March 31, 2010

പ്രണയങ്ങള്‍ കൊല ചെയ്യപ്പെട്ടത്.

പുഴക്കരയില്‍ ഞങ്ങള്‍ 
രണ്ടര്‍ദ്ധഗോളങ്ങളായി
ഇരുന്നു.

അവളൊരു ചെടിയായ്
പ്രണയത്തിന്റെ വേരുകള്‍
താഴോട്ടു താഴ്ത്തി തുടങ്ങി...
പടര്‍ന്നു പിടിക്കുന്നതിന്മുന്പു
ഞാനൊരു പുകച്ചുരുളായ്
ഉയര്‍ന്നുപൊങ്ങി.

അവള്‍ പൂവായ് 
ഓരോ നിമിഷത്തിലും
തൂവെള്ള ഇതളുകള്‍
പുകച്ചുരുളുകളിലേക്ക്
ഉയര്‍ത്തി ആഘോഷിച്ചു
ഇതളുകള്‍ കാഴ്ച നഷ്ടപ്പെട്ടു
തിരിച്ചുവരവില്ലാതെ പറന്നു

പ്രണയിനി സര്‍പ്പമായി .
വിഷം ചീറ്റി
പുകച്ചുരുളുകള്‍ വിഷവാഹകരായി
പ്രണയങ്ങളുടെ
ഘാധകരായി.........

നിന്നെയും കാത്തു

എല്ലാ ഋതുവിലും വിരിഞ്ഞു നില്ക്കുന്നൊരു
പൂവായി ഞാന്‍ മാറിയെങ്കില്‍
വര്‍ണം മങ്ങാതെ വദനം വാടാതെ
ദലങ്ങള്‍ പൊഴിയാതെ നിന്നേയും കാത്തു ഞാന്‍ നില്‍ക്കും
ഹരിതം തരിയും ചോരാത്ത
ഇനിയും വെയിലില്‍ വാടാത്ത
ഒരു ചെറു തണ്ടിനറ്റത്ത് ഞാന്‍ ഒട്ടും
നിന്നെ പ്രതീക്ഷിച്ചു മാത്രം

ഇളം കാറ്റില്‍ ഞാന്‍ ആലോലമാടും
പുലറ്മഞ്ഞിന്‍ കുളിറ് ചൂടി നില്‍ക്കും
മഴമേഘത്തിന്‍ ഇളനീര്‍ കുടിക്കും
ധരയാം മാതാവിന്‍ അമൃതാന്നമുണ്ണും
എന്നില്‍ കിനിയും പൂന്തേനിനായ്
ചെറു തുമ്പി തന്‍ ഇളംചുണ്ട് ചേരും
ദല മൃദുത്വം ഞെരിച്ചൊന്നമറ്ത്താന്‍
വക്ര നഖവുമായ് കരിവണ്ടു പാറും

പച്ചില കൂടൊന്നു തീറ്ക്കും
അതിലിരു കണ്ണിമ പൊത്തി ഞാന്‍ നില്‍ക്കും
സന്ധ്യയും രജനിയും നറുനിലാവും
വെണ്പുലരിയും ചങ്ങാത്തമേകും
ജന്മങ്ങള്ക്കപ്പുറമെങ്ങുനിന്നോ
ജനി മ്യതികള്‍ തീണ്ടാ ഭൂവില്‍ നിന്നോ
നിന്‍ പദ നിസ്വനത്തിനായ് കാതോര്‍ത്തു നില്‍ക്കും
ഋതുഭേദ കല്‍പ്പനകള്‍ ഭേദിച്ച് ഞാന്‍.
അമ്പിളി ജി മേനോന്‍
ദുബായ്

Tuesday, March 30, 2010

എന്റെ പ്രണയം

വിഭാത സൂര്യനെ ഒരുമിച്ചു വരവേല്‍ക്കാന്‍ ,
മലയാലപ്പുഴയമ്മയെ ഒരുമിച്ചു നമസ്ക്കരിക്കാന്‍ ,
അരയാല്‍ത്തണലും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ,
കുളിര്‍മഴയുടെ ഈറന്‍ ഒരുമിച്ചണിയാന്‍ ,
മഴവില്‍ ചന്തത്തില്‍ ഒരുമിച്ചു കണ്ണെറിയാന്‍ ,
കടലിന്റെ മോഹത്തിരകളില്‍ കൈകോര്‍ത്തു നടക്കാന്‍ ,
ശ്രാവണചന്ദ്രികയില്‍ പരസ്പരം അറിഞ്ഞുറങ്ങാന്‍ ,
അവള്‍ കൂടെവേണമെന്നാശിച്ചു.

ആശാകലിക വിടരാതെ കൊഴിഞ്ഞു.
വിടര്‍ ന്നിരുന്നെങ്കില്‍ ഞാന്‍ -
സ്വപ്നങ്ങള്‍ക്കായ് കാത്തിരിക്കില്ലായിരുന്നു.
ഓര്‍മ്മകളെ ഇത്രമേല്‍ സ് നേഹിക്കില്ലായിരുന്നു.
പുനര്‍ജന്മം കൊതിക്കില്ലായിരുന്നു..

Monday, March 29, 2010

മഴശ്രുതി


ഓരോ തവണ മാനം ഇരുളുമ്പോഴും
എന്റെ ഏകാന്ത മനം തെളിഞ്ഞിരുന്നു .
തുടികൊട്ടി പാടാന്‍ വരുന്ന മഴയ്ക്കായെന്റെ
മിഴികള്‍ താലപ്പൊലിയേന്തിയിരുന്നു .
തിമിര്‍ത്തു പെയ്യുന്ന കാര്‍മേഘങ്ങള്‍ക്കൊപ്പം
എന്റെ വിഷാദമേഘങ്ങള്‍ ചേര്‍ന്നിരുന്നു .
ഭൂമാറില്‍ പതിയ്ക്കുന്ന തുള്ളികള്‍ക്കൊപ്പം
എന്റെ അഹംഭാവവും പതിച്ചിരുന്നു .
മുറ്റത്തു മുളയ്ക്കുന്ന തളിരുകള്‍ക്കൊപ്പം
എന്നില്‍ അനുരാഗം മുളച്ചിരുന്നു .
വര്‍ണ്ണങ്ങള്‍ വിരിയിച്ച മഴവില്ലിനൊപ്പം
എന്റെ കൗമാര സ്വപ്നങ്ങള്‍ വിരിഞ്ഞിരുന്നു.
മഴനൂല്‍ തന്ത്രികള്‍ മീട്ടിയ പാട്ടില്‍
എന്റെ ഹൃദയ സംഗീതം ശ്രുതി ചേര്‍ന്നിരുന്നു.
വിണ്ണിലേക്കുയരുന്ന മണ്ണിന്റെ ഗന്ധത്തില്‍
എന്റെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു .
വായൂമണ്ഡല ധൂളികള്‍ക്കൊപ്പ-
മെന്റെ കളങ്കവുമൊഴിഞ്ഞിരുന്നു.
അവസാന തുള്ളിയ്ക്കും ശേഷമുള്ള ശാന്തതയില്‍
ഞാനെന്റെ സ്വത്വം അറിഞ്ഞിരുന്നു.
ഇന്നും ഞാനും എന്റെ ഓര്‍മ്മകളും കാതോര്‍ക്കും -
ഒരു മഴയുടെ ഈരടികള്‍ക്കായ്
താലങ്ങളുമായ് മിഴികളും , കാരണം
മഴയെനിക്കെന്നും പ്രിയപ്പെട്ടതാണ്.

നോക്കുകുത്തികള്‍

കണ്ണും കാതും 
തിരിച്ചറിവിന്റെ 
ഭരണകൂടങ്ങളാണ്.
കുട്ടികള്‍ നാനാര്‍ത്ഥം
എഴുതുന്ന ലാഘവത്തില്‍
മയില്‍പീലിതുണ്ടുകള്‍ 
കാളകൂടവിഷമെന്നു
പത്രങ്ങള്‍!!!!
വേവിച്ചെടുത്ത 
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ 
ചൊല്ലാന്‍ വെമ്പുന്ന 
ഉണ്മാദസമൂഹം!!!
ഇതിനിടയില്‍
ഭരണകൂടങ്ങള്‍
നോക്കുകുത്തികള്‍ ആവരുത്.

Sunday, March 28, 2010

വിധിക്കപ്പെട്ടവള്‍

എന്റെ മരണം നിന്റെ കൈ കൊണ്ടാണ്..
വാക്കുകള്‍ കൊണ്ട്
ക്രൂരമായി നീയെന്നെ
പ്രഹരിക്കുമ്പോള്‍
എനിക്കറിയാമായിരുന്നു
ഒരിക്കല്‍ നീയെന്നെ കൊല്ലുമെന്ന്..


ഉള്ളു ചുട്ടുനീറുമ്പോള്‍ പോലും
ഞാനത് ചെയ്തില്ല..
എന്തിന് ഞാനാത്മഹത്യ ചെയ്യണം?
എന്റെ ശിക്ഷ നടപ്പാക്കാന്‍
ആരാച്ചാരായി നീയുള്ളപ്പോള്‍
വെറുമൊരു ഹത്യയ്ക്ക്് എന്തു സ്ഥാനം....


എത്ര കളഞ്ഞിട്ടും അടര്‍ന്നു പോകാത്ത
ഭൂതകാലത്തിന്റെ വേരുകള്‍
കൊണ്ടല്ലേ നീയെന്നെ വരിയുന്നത്.
വേരുകള്‍ മുറുകുന്നതിനു മുന്ന്
ചോദിച്ചോട്ടേ,


പണ്ട്്്,
ഓരോ കനല്‍ക്കാറ്റു വീശുമ്പോഴും
ഞാന്‍ നിന്നെ മുറുകെപ്പിടിക്കും.
ഇപ്പോള്‍,
നീ തന്നെ കനല്‍ക്കട്ടയായിരിക്കുന്നു.
എപ്പോഴാണിനി ഞാന്‍ ചാരമാവുക?