Showing posts with label നിറം. Show all posts
Showing posts with label നിറം. Show all posts

Monday, April 26, 2010

പറയാന്‍ കഴിയാഞ്ഞത്

മൗനത്തിന്റെ കൂട് ആദ്യം കൂട്ടിയതെപ്പോഴാണ്?
പകലുകള്‍ക്ക്
ഭയത്തിന്റെ ചിറകു മുളച്ചപ്പോഴോ?
ഇടനാഴിയിലെ നനുത്ത കാലൊച്ചയും
നേര്‍ത്ത ശ്വാസവും ഇപ്പോള്‍
എവിടെപ്പോയൊളിച്ചു?
ഒന്നുറപ്പാണ്,
പുറംവാതിലുകള്‍ക്കപ്പുറം വീശുന്ന
കാറ്റു പോലും അലോസരമുണര്‍ത്തുന്നു.
അകത്ത്
മൗനം കട്ടപിടിക്കുന്നു.
പകല്‍ക്കിനാവുകളില്‍
കൂടുകെട്ടിയ വിചിത്രമായതെന്തോ
രാത്രികളില്‍ കാത്തിരിക്കുന്നു

തൊണ്ടയില്‍ കുരുങ്ങിക്കിടന്ന
വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.
മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍
പറ്റിപ്പിടിച്ച് പതിയിരുന്നു..

ഇപ്പോള്‍,
മൗനം ചിലന്തിയുടെ രൂപത്തില്‍
ഇരയെ തേടുന്നു.
നാലു മൂലകളിലും
ഭയത്തിന്റെ മാറാലകള്‍ തൂങ്ങിയാടുന്നു.
ഏകാന്തത നിഴല്‍ വിരിക്കുന്ന അകത്തളങ്ങളിലൂടെ
നീയിപ്പോള്‍ നടക്കാതായി
ചില്ലുജാലകത്തില്‍
ഇപ്പോള്‍ നഗ്നമായ എന്റെ രൂപം മാത്രം..

Tuesday, April 20, 2010

അബോര്‍ഷന്‍

കിതച്ചു

മെതിച്ചു

വിതച്ചു.



നനച്ചു

വളമിട്ടു

മുള പൊട്ടിച്ചു.



എന്നിട്ടും;

എന്നിട്ടും നീ പിറക്കാതെ പോയല്ലോ കുഞ്ഞേ....

Sunday, March 28, 2010

വിധിക്കപ്പെട്ടവള്‍

എന്റെ മരണം നിന്റെ കൈ കൊണ്ടാണ്..
വാക്കുകള്‍ കൊണ്ട്
ക്രൂരമായി നീയെന്നെ
പ്രഹരിക്കുമ്പോള്‍
എനിക്കറിയാമായിരുന്നു
ഒരിക്കല്‍ നീയെന്നെ കൊല്ലുമെന്ന്..


ഉള്ളു ചുട്ടുനീറുമ്പോള്‍ പോലും
ഞാനത് ചെയ്തില്ല..
എന്തിന് ഞാനാത്മഹത്യ ചെയ്യണം?
എന്റെ ശിക്ഷ നടപ്പാക്കാന്‍
ആരാച്ചാരായി നീയുള്ളപ്പോള്‍
വെറുമൊരു ഹത്യയ്ക്ക്് എന്തു സ്ഥാനം....


എത്ര കളഞ്ഞിട്ടും അടര്‍ന്നു പോകാത്ത
ഭൂതകാലത്തിന്റെ വേരുകള്‍
കൊണ്ടല്ലേ നീയെന്നെ വരിയുന്നത്.
വേരുകള്‍ മുറുകുന്നതിനു മുന്ന്
ചോദിച്ചോട്ടേ,


പണ്ട്്്,
ഓരോ കനല്‍ക്കാറ്റു വീശുമ്പോഴും
ഞാന്‍ നിന്നെ മുറുകെപ്പിടിക്കും.
ഇപ്പോള്‍,
നീ തന്നെ കനല്‍ക്കട്ടയായിരിക്കുന്നു.
എപ്പോഴാണിനി ഞാന്‍ ചാരമാവുക?