Saturday, March 28, 2009

സാന്ത്വന വെള്ളി

വെള്ളി ഒരു സ്വാന്തനമാണ്

യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത

കര്‍ത്തവ്യ ബോധത്തിന്‍റെ ഉള്‍വിളികള്‍ ഇല്ലാത്ത

ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി .

പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും

ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി .

വിവരം ഇല്ലാത്തവരുടെ വിവരകെടുകള്‍ക്ക്

റാന്‍ മൂളി നില്കെണ്ടാത്തൊരു വെള്ളി .

ടിവി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍

ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .

വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍

വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി .

ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍

അലക്കി വെളുപ്പിക്കേണ്ട വെള്ളി .

ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന

പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .

പൊന്നും പണവും ഇല്ലെങ്കിലും ങ്ങള് വേഗം വന്നാ മതിന്ന

കിളിമൊഴിക്ക് മുന്നില്‍ വാക്കുകള്‍ മുറിയുന്ന വെള്ളി .

നള പാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി

സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാന്‍ ഒരു വെള്ളി.

വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍

തല പൂഴ്ത്തി അലിഞ്ഞില്ലതാകാന്‍ ഒരു വെള്ളി .

വെള്ളി ഒരു അനുഗ്രഹമാണ്

മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്

ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

Thursday, March 26, 2009

ബാല്യമായിരുന്നെങ്കിലും


വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നീ തന്ന പൂക്കളും ,
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയ
ചന്ദന കുറിയും ,
പിന്നെ എനിക്കായ്‌
നീ കാത്തു നിന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുനെന്ന് ....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ

Wednesday, March 25, 2009

പാട്ടുകഥ

ഭൂവുടമകളുടെ തലകള്‍ കൊയ്തെടുക്കപ്പെട്ട ശേഷമാണ്,
കമ്യൂണിസ്റ്റ്‌പച്ചയുടെ കമ്പിലിരുന്ന്‌
കണ്ടു മറന്ന മുഖങ്ങളോര്‍ത്തും
തലവിധിയില്‍ ചരിത്രം വരച്ചും
തലകള്‍ ഭൂമിയെ നോക്കികാണുമ്പോള്‍
വിളഞ്ഞ നെല്‍വയലുകളുമായൊരു പച്ചപനംതത്ത
പറന്നുവന്ന്‌ കണ്ണ്‌ കൊത്തിതിന്നാന്‍ തുടങ്ങിയത്.

ആട്ടിയോടിക്കാന്‍ കൈകളില്ലാതെ
തെറിവിളിച്ചാട്ടാന്‍ നാവനങ്ങാതെ
കമ്യൂണിസ്റ്റ്‌പച്ചയിലിരുന്നുണങ്ങി.
ഉണങ്ങികൊഴിഞ്ഞല്ലോ തലകളെന്ന്‌
കാറ്റ്‌ പാട്ടുംപാടി പറന്നുപോയ്‌
നെല്‍ക്കതിര്‍ കൊളുത്തിയ കൊക്കിന്‍ തെറ്റത്ത്‌
ഞങ്ങള്‍ വിതയ്ക്കും വിത്തെല്ലാമെന്ന്‌ കൊഞ്ഞനംകുത്തി
പനംതത്തയും കൂടെപോയി.

പഴയ പാട്ടുകഥയാണത്രെ!

അതിനിടയ്ക്കാണ്‌
ആരുമാരും എഴുതിവെക്കാത്തൊരു കൊല്ലവര്‍ഷത്തില്‍
കോട്ടയം താലൂക്കില്‍ കൂനിച്ചിറയാറ്റിന്‍കരയില്‍
തെക്കുവടക്കേതില്‍ വാസുപിള്ള
അയലത്ത്‌ ഔസേപ്പിന്‌റെ മണ്ണില്‍ തൂമ്പയിറക്കിയതും
മകള്‍ ആലീസിന്‌റെയുള്ളില്‍ വിത്ത്‌ വിതച്ചതും.

മുളച്ചതും,തളിര്‍ത്തതും പറിച്ചുകെട്ടി
കോഴിക്കോട്ടങ്ങാടിക്ക്‌ ബസ്സ്‌ കയറുകയും
നടന്നും കാളവണ്ടി കയറിയും
വയനാടിന്‌ നാടെന്ന്‌ പേരിടുകയും,
എട്ടും പത്തും പെറ്റതിനൊക്കെ
പിന്നേം പലതരം പേര്‌ ചാര്‍ത്തുകയും
കൊത്തിയും കിളച്ചും മറിച്ചും
മലഞ്ചരുവില്‍ തലപെരുക്കുകയും ചെയ്ത കാലക്കേടിലാണ്‌
തല കൊയ്യുന്നതെങ്ങിനെയെന്നൊരു സിനിമാപ്പാട്ട്‌
സി. ഡിയിലായതും,ചുരം കയറിവന്ന്‌
മലയിടുക്കിലും,മഞ്ഞിന്‍മറയിലും
തലയനക്കാന്‍ തുടങ്ങിയതും.

പഴയ പാട്ടുകഥയാണത്രെ!

ഉണങ്ങിക്കരിഞ്ഞു പോയ തലകളാണ്‌
മലകളായതെന്നും
തലകളിരുന്നോര്‍ത്ത കമ്യൂണിസ്റ്റ്‌പച്ചയാണ്‌
മലഞ്ചരുവില്‍ മരങ്ങളായതെന്നും
പിന്നെയും കഥകളുണ്ടത്രെ...

ആര്‍ക്കറിയാം,
കണ്ണ്‌ കൊത്തിതിന്ന പച്ചപനംതത്തയുടെ നിറം?

Tuesday, March 24, 2009

ഇതിനായിരുന്നോ?

നാല് പേര്‍ മേയുന്ന
അവളുടെ മാറില്‍
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.

അതു കണ്ട്
അതിലൊരുവന്റെ കൈയിലെ
പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.

“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

Monday, March 23, 2009

ഒരു യാത്രയുടെ അവസാനം.

Sunday, February 22, 2009 ന് പബ്ലിഷ് ചെയ്തത്

----------------------------------------------------


ഒരു അവധിക്ക് 

റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി

മറ്റൊരവധിക്ക്

നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും

ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്


റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എനിക്ക് എന്ത് പണിയാണറിയുക

         ?

ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍

സുപ്രഭാതങ്ങളേ..!

മനസ്സിന്‍റെ ഉള്‍നാട്ടില്‍ ഒരു മഴക്കാലം,തോരാതെ പെയ്തു നില്‍ക്കുന്നു,
തുള്ളികള്‍ താഴാതെ തങ്ങി നില്‍ക്കുന്നു,മഴവില്ലു മായാതെ മങ്ങി നില്‍ക്കുന്നു!

പതിനഞ്ചു സംവല്സരങ്ങള്‍ക്ക് മുന്‍പു ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന മുറ്റങ്ങളും,
ഇന്നെന്‍റെ കയ്കള്‍ക്കലങ്കാരം അക്ഷരം കുത്തിക്കുറിച്ചു പഠിച്ച മുറികളും,
നല്ലതും നല്ലതിന്നുള്ളതും നന്‍മയും കയ്പിടിച്ചെഴുതിച്ച വന്ദ്യഗുരുനാഥരും,
ഇന്നെന്‍റെ കണ്മുന്നില്‍ ഉണ്ടെങ്കിലെന്നു ഞാന്‍ ഏറെക്കൊതിക്കുന്ന കൂട്ടുകാരും,
ഒട്ടേറെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന കളിമുറ്റമാണാ കൊച്ചു കലാലയം!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!
ഒരുകുടം മെത്തുന്ന മാരിക്കണങ്ങളെ തെല്ലും വകക്കാതെ പോന്നകാലങ്ങളേ!
പച്ചക്കു കത്തുന്ന നട്ടുച്ച സൂര്യനെ വെല്ലുവിളിച്ചു നടന്ന ദിനങ്ങളേ!
കു‌കിയും കൂടുകരോത്ത് കൂത്താടിക്കളിച്ചു നടന്ന കഴിഞ്ഞ കാലങ്ങളേ!
എന്നുമെന്‍ ഓര്‍മ്മയില്‍ തോരാതെ പെയ്യുന്ന മഞ്ഞു കണങ്ങളേ ബാല്യകാലങ്ങളേ!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!

അന്നാ വരാന്തയില്‍ ആമണ്‍പരപ്പില്‍, അങ്ങേ തലക്കലുള്ളാ മുളംകൂട്ടില്‍,
ഇങ്ങേ തലക്കലെ കാണാതെ പോയൊരാ രാക്ഷസപ്പാലതന്‍ ശീതലചായയില്;
‍കുട്ടിയും കോലും ഗുസ്തിയും തല്ലും കിളിമാസും അരിയാസും ഏറുപന്തും,
കൂടെക്കളിച്ചവര്‍ കൂടെച്ചിരിച്ചവര്‍ തോറ്റുപിണങ്ങിപ്പിരിഞ്ഞു പോയോര്‍,
കള്ളം കളിച്ചിട്ടു തര്‍ക്കം പറഞ്ഞിട്ടു തല്ല് പിടിച്ചിട്ടു തല്ലുകൊണ്ടോര്‍,
എല്ലാരും ഓര്‍മ്മയില്‍ ഓടിവന്നെത്തുമ്പോള്‍,ഏകനായ് നിങ്ങള്‍ക്കു മുന്നിലീ ഞാന്‍!
ഏകനായ് ഈ മരുക്കാട്ടിലീ ഞാന്‍!

ഈ മരുക്കാട്ടിലെ കാറ്റിന്‍റെ കയ്കളില്‍ മാമല നാടിന്‍ സുഗന്ധമില്ല,
ഈ മണല്‍ക്കാട്ടിലെ മണ്ണിന്നു പൂക്കളെ പെറ്റുവളര്‍ത്താന്‍ മനസ്സുമില്ല!
ക്രൂരനാണിവിടുത്തെ സുര്യനല്ലേ?ക്രൂരനാം സുര്യനെ വെല്ലുവാന്‍ ഇന്നെനിക്കാവതില്ലതിനുള്ള ബാല്യമില്ല!ബാലികാ ബാലകന്‍മാരേ; ബാല്യമുണ്ടെങ്കില്‍;നിങ്ങളാനേറ്റവും ശക്തര്‍! നിങ്ങളാനേറെ സമ്പന്നര്‍!

Sunday, March 22, 2009

പ്രവാസത്തിലെ മൂന്നു വേളകള്‍

നശ്വരം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്:-

1
എന്തിനെന്നറിയാത്ത പരിവേദനത്തില്‍ ‍
എങ്ങുമെത്താത്ത വിദൂരതയില്‍ വെച്ച്
വാക്കുകള്‍ മുറിച്ച് വിട വാങ്ങുമ്പൊഴും
പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?

2
നിര്‍‌വികാരനായി നിരത്തിലൂടെ നടക്കവേ
ഇരയെ തിരഞ്ഞ നിരകളില്‍ നിന്ന്
ഇരച്ചു കയറിയ "ഹൗ ആര്‍ യൂ" വില്‍ ‍
നോവാതിരിക്കാന്‍ കരുതിയപ്പൊഴും
മനസില്‍ കിനിഞ്ഞ രക്തം
പിശാചിന്റേതു തന്നെയല്ലേ..
ഒരു വേള എന്റേതു തന്നെ. . ?

3
ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍ ‍
അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍ ‍
അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?