Showing posts with label വാർത്ത. Show all posts
Showing posts with label വാർത്ത. Show all posts

Friday, May 6, 2011

"കാ കാ" കാക്ക ചിരിച്ചു ചിരിച്ചു മലർന്നു പറക്കുന്ന ഒരു പുസ്തകം...

കവിത എങ്ങനെയല്ലെന്ന് പകച്ചു നിന്നത് നസീർ കടിക്കാടിന്റെ സംക്രമണത്തിനു മുന്നിലാണ്‌! ദൂരെയേതോ കരിമ്പിൻതോട്ടത്തിന്റെ ഉന്മാദം മണത്തു കൂട്ടം തെറ്റിപ്പോകുന്ന ഒറ്റയാന്റെ ചടുലക്രമവും പിടി തരാത്ത വ്യഗ്രതയുമായി സംക്രമണം ചിഹ്നം വിളിച്ചു നിൽക്കുന്നു...
അടുക്കാൻ പേടി തോന്നുന്ന കവിതകൾ..... പിടി തരാത്ത കവിതകൾ..... മുൻപെവിടെയും കേട്ടുകേൾവിയില്ലാത്ത കവിതകൾ... ഇങ്ങനെയും കവിതയെന്ന് സൗന്ദര്യപ്പെടുത്തുന്ന വരികൾ......

കവിതയുടെ ഉന്മാദത്തിലേയ്ക്ക് പകച്ചത് നസീറിന്റെയും കൂഴൂരിന്റെയും ലതീഷിന്റെയും കരിയാടിന്റെയും വിഷ്ണുമാഷിന്റെയുമൊക്കെ വ്യത്യസ്ഥകൾ കണ്ടുകൊണ്ടാണ്‌......
ആനുകാലിങ്ങളിൽനിന്നുപോലും പകർന്നുതരാത്ത കവിതയുടെ മജ്ജ ഇവരുടെ ബ്ളോഗുകളിലൂടെ അസ്ഥികളിലേയ്ക്ക് പകർന്നു തരാറുണ്ട്....എപ്പോഴും......

കവിത ഇങ്ങിനെയും പുകയു/യ്ക്കു/ന്നു എന്ന് ദ്രവിച്ചിരിക്കുമ്പോഴാണ്‌,
ശശിയുടെ 'ചിരിച്ചോടും മൽസ്യങ്ങ'ളോടും ജയദേവിന്റെ 'കപ്പലെന്ന നിലയിൽ കട്ലാസ്സു തുണ്ടിന്റെ ജീവിത'ത്തിനോടും അനീഷിന്റെ 'കുട്ടികളും മുതിർന്നവരും ഞാവല്പ്പഴങ്ങ'ളോടുമൊപ്പം തത്തകളുടെ സ്കൂളുമായി ശ്രീകുമാർ കരിയാട് ഞെട്ടിച്ചത്....! ടി.എ. ശശി ദുബായിൽ എത്തിച്ചു തന്ന സൈകതം ബുക്സിന്റെ പുസ്തകങ്ങളിൽ 'തത്തകളുടെ സ്കൂൾ' വായിച്ച്, വായിക്കുന്നതിനു മുൻപു വരെയുള്ള കാലത്തിന്റെ ശൂന്യതയെ പുച്ചിച്ചാണ്‌ പുതിയ സ്കൂളിലേയ്ക്ക് കാലെടുത്തു വച്ചത്...



"പൊക്കാളികൃഷിപ്പാടം
തനതു സൗന്ദര്യത്തെ
രക്ഷിച്ചു തെക്കൻ കാറ്റിൻ
ഓർക്കസ്ട്ര കതോർക്കുമ്പോൾ
തത്തകൾ ഗൃഹപാഠം
കഴിഞ്ഞു മധു മോന്താൻ
വൃശ്ചിക നിലാവുള്ള
പനയിൽ വിലയിച്ചു
കുട്ടികളുടെ മുഖ-
ചഛായയിൽ നിരക്കുന്ന
സ്ഫടികക്കുപ്പിക്കുള്ളിൽ
നിഷ്കളങ്ക ദ്രവം നിന്നു.
................................"

എന്ന 'പേറ്റന്റ് റൈറ്റിലൂടെ' മാറാതെ നിന്ന ഞെട്ടലിനിടയിലാണ്‌ 'മലയാളനാടിൽ' എ.സി ശ്രീഹരിയുടെ ഇടച്ചേരി വായിച്ചത്....
ഇടച്ചേരിയും തത്തക്കൂട്ടങ്ങളും തികട്ടിവരുന്ന പുതിയ കാഹളത്തിന്റെ ഒരു പുലർകാലത്ത് നസീർ  ഫോണിലൂടെ 'കാ കാ' യുടെ പ്രകാശനം വിളിച്ചറിയിച്ചത്.....
രണ്ടു വരി ചൊല്ലിക്കേൾക്കാനുള്ള ഭീകരമായ നിർബന്ധത്തിൽ,
കടിക്കാടൻ തനതു ഗാംഭീര്യത്തിൽ 'കാ കാ' യിലെ ചില കവിത ചൊല്ലി കേൾപ്പിച്ചത്....
മറുതലയ്ക്കൽ ശൈലകവി....,
ഫേസ്ബുക്ക് ചാറ്റിൽ, നാട്ടിലെത്തിയാലുള്ള റം പ്ളാനിനെക്കുറിച്ച് ഭാവി പരുവപ്പെടുത്തുമ്പോൾ നസീറിന്റെ കാക്കകൾ എന്നെ വട്ടമിട്ടു തുടങ്ങിയിരുന്നു...
ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണെന്ന് ആവർത്തിച്ച് പറഞ്ഞ നസീർ, ബ്ളോഗിലൂടെ നമുക്ക് തരാതെ കൂട്ടിലടച്ച മുപ്പത് കവിതകളുടെ ഒരു കാക്കക്കെണിയാണ്‌ ഈ പുസ്തകത്തിൽ അതീവകൗശലത്തോടെ അടുക്കി വച്ചിരിക്കുന്നത്...

തലക്കുമുകളിൽ കാറിയാർക്കുന്ന കറുത്ത പ്രളയത്തിന്റെ
തിരത്തള്ളലിൽ സ്തബ്ധമായ നിമിഷങ്ങൾ...
ഇങ്ങനെയും കവിതയെഴുതുന്ന ഒരാൾ നമുക്കിടയിൽ ജീവിച്ചിരിക്കുന്നു...
അല്ലെങ്കിൽ അയാളുടെ കാലത്ത് ഞാൻ ജീവിക്കുന്നു എന്നത് വല്ലാത്തൊരു വിറയലോടെ ഞാനാ കവിതകൾ ജീവനോടെ കേൾക്കുന്നു... തലയ്ക്കു ചുറ്റും കറുത്ത ചിറകുകൾ പ്രളയമാകുന്നു...കവിതയുടെ പുതുപ്രളയം........
'കാകാ' എന്നു മാത്രം പറഞ്ഞുകേട്ട ഈ പുസ്തകത്തെക്കുറിച്ച് ഉള്ളിലുണ്ടായ ചില ചോദ്യങ്ങൾ ആ ലഹരിയിൽ കവിയോട് തന്നെ ചോദിച്ചു...:
? ശബ്ദം കൊണ്ട് ഒരു കവിതാപുസ്തകം മലയാളത്തിൽ ആദ്യമായിരിക്കും?

"എനിക്കൊന്നു മൂളാനേ ഒക്കൂ...
മൂളുക, ... മ്....
 എന്ന് പറഞ്ഞാൽ അതൊരു മനുഷുന്റെ ശബ്ദമാണ്‌
കാക്കയുടെ കരച്ചിൽ, മനുഷ്യന്റെ ശബ്ദം ഇത്രയേയുള്ളൂ...
ഈ കൊച്ചു പുസ്തകം...
കറുത്തവരുടെ പാട്ടും താളവും ഉന്മാദവും ചോദിക്കുന്ന നിന്നെപ്പോലെ ഉത്തരത്തിലിരിക്കുന്ന എന്റെ പല്ലിച്ചിലക്കലിലും ചിലപ്പോഴെങ്കിലും സത്യമാണ്. സത്യം ഇല്ലാതാകുന്ന മനുഷ്യർക്കിടയിൽ നിന്നാവണം ഞാനോ നീയോ അല്ലെങ്കിൽ മറ്റാരോ കാ കാ എന്നു കരയുന്നത് .കാക്ക കരയുന്നതാണാ ശബ്ദമെന്ന് എനിക്കൊരുറപ്പുമില്ല.ഒരു പക്ഷെ കാക്ക ചിരിക്കുന്നതാണെങ്കിലോ ?ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ് .ഞാൻ കരയുകയാണോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട."
? കാക്കയുടെ ചോര കണ്ടിട്ടുണ്ടോ?
"എനിക്കിഷടമുള്ളതു പോലെയെല്ലാം ഞാൻ കാക്കയുടെ കരച്ചിൽ കേട്ടിട്ടുണ്ട്. എനിക്കിഷ്ടമുള്ളതു പോലെയൊക്കെ കാക്ക എങ്ങിനെയൊക്കെ കരഞ്ഞാലും കാ കാ എന്നേ കേട്ടിട്ടുള്ളൂ. അതാണെന്റെ സങ്കടം.സങ്കടമുള്ളതു കൊണ്ടാവാം കാക്കയുടെ ചോര ഞാൻ കണ്ടിട്ടില്ല.(കാക്കച്ചോര എന്നൊരു കവിത ഈ പുസ്തകത്തിലുണ്ട്)എന്നാലും സങ്കടങ്ങൾക്കിടയിലും എനിക്കുറപ്പാണ്, കാക്കയുടെ ചോര മഞ്ഞച്ചിട്ടാണ്. കാക്കയെനിക്കു മഞ്ഞക്കിളിയാണ് .എന്നെങ്കിലും മധുരം തിന്നും. കാക്ക കാ കാ എന്നു ചിരിക്കും.ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ്.ഞാൻ കരയുന്നുണ്ടോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട."
? ഈ കരച്ചിലൊന്ന് നിർത്താമോ?
"ഈ പുസ്തകത്തിലുള്ള കാക്കകളോടെല്ലാം ചോദിച്ചുനോക്കി.അവറ്റകൾ അപ്പോഴും കരഞ്ഞതേയുള്ളൂ. ഉത്തരം മുട്ടിയപ്പോൾ ഞാൻ അതു തന്നെ പറയുന്നു. ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ്. ഞാൻ കരയുന്നുണ്ടോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട. കാക്ക ഇപ്പോഴും കാ കാ
കാക്കയെ ആരും കൂട്ടിലടക്കുന്നില്ല.ആരും തുറന്നുവിടുന്നില്ല. കാ കാ"


കവിയുടെ കാക്കക്കരച്ചിലുകൾ ഇതിലൊതുങ്ങുന്നില്ല....
ചിരഞ്ചീവിയായി കറുത്ത ചിറകടികളും ക്രമാനുസൃതമല്ലാത്ത കറുത്ത താളങ്ങളുമായി കവിത കൂട്ടം ചേർന്ന് ആക്രമിച്ചുകൊണ്ടിരിക്കുന്നു....
കരിംചിറകു കെട്ടി അവരിലൊരാളായി, കവിതയാകുന്നവരെ അവരെന്നെ കൂട്ടം ചേർന്ന് ക്രാക്രിക്കൊണ്ടിരിക്കുന്നു....
കറന്റ് ബുക്സ് പുറത്തിറക്കുന്ന നസീർ കടിക്കാടിന്റെ 'കാകാ' എന്ന കവിതാസമാഹാരം ഈ ഞായറാഴ്ച 8 ആം തിയ്യതി അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ചു
ശ്രീ കെ.ജി.ശങ്കരപ്പിള്ള പ്രകാശനം ചെയ്യുന്നു...

ചിരിച്ചു ചിരിച്ചു കാക്ക മലർന്നു പറക്കുന്ന ഒരു കാലം നമുക്കുമുന്നിൽ അനാവൃതമാകുന്നു...
കൂഴൂർ വിൽസൺ ഈ കവിതയ്ക്കെഴുതിയ മുഖക്കുറിപ്പ് ഇവിടെ  വായിക്കാം...

Saturday, January 15, 2011

എട്ടുകാലുള്ള വാർത്ത

കാടിറങ്ങിയ ആദിവാസിയെപ്പോലെ
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.

തകർക്കപ്പെട്ട പ്രതിരോധത്തിന്റെ
അവസാന പന്തവും കെടുത്തി
പകൽനക്ഷത്രം വിടപറയുന്നുണ്ട്.

മഴയെ തോറ്റിയുണർത്തുന്ന
മന്ത്രവാദിപ്പക്ഷിയുടെ ഉച്ചാരണബദ്ധമായ
ക്ഷുദ്രാക്ഷരങ്ങളിൽ ആരോ പ്രാകുന്നുണ്ട്.

പള്ളിക്കൂട വഴിയിൽ പല്ലാങ്കുഴിച്ചന്തം
രുചികൾ മധുരം വർണ്ണം രുധിരം
ഒളിച്ചിരിക്കുന്ന പന്തയപ്പേശുകളിൽ
ലഹരിപ്പാട്ടുകൾ കിനിഞ്ഞു പെയ്യുന്നുണ്ട്.

പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.

മത്ത നട്ടപ്പോൽ മുളച്ച കുമ്പളം
ചീര നട്ടപ്പോൾ തളിർത്ത ചൊറിതനം
വെണ്ടയ്ക്ക് വഴുതന
പാവലിന് പടവലം
നെല്ലിന് പുല്ല്… ഒടുവിൽ
തേങ്ങയ്ക്ക് ചുരയ്ക്കയും!

അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.

കിഴക്കൻ ചുരമിരങ്ങി ലോറികൾ
ഉച്ചിഷ്ടജീവിതത്തിന്റെ ജാതകവും
മരണച്ചുട്ടി കുത്തിയ ഉടൽപ്പെരുമയുമായി
ഞരങ്ങിഞരങ്ങി നാലുകാലിൽ വരുന്നുണ്ട്.

ഇതൊക്കെ ഇന്നത്തെ ഹെഡ്ലൈൻസ്.
കൊഴുപ്പുള്ള ദൃശ്യങ്ങൾ വരുന്നതേയുള്ളു
ദയവായി ഞങ്ങൾക്കൊപ്പം തുടരുക.

Wednesday, September 8, 2010

സൈകതം കഥാ അവാര്‍ഡ്‌













നിലാവിന്റെ നാട് ഓണ്‍ലൈന്‍ മലയാളം കമ്മ്യൂണിറ്റിയുടെയും സൈകതം ഓണ്‍ലൈന്‍ മാസികയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ചെറുകഥാ മത്സരത്തിലേക്ക് പുസ്തകങ്ങളും കഥകളും ക്ഷണിക്കുന്നു. സാഹിത്യ ലോകത്തെ മികച്ച രചനകളെയും മികച്ച എഴുത്തുകാരെയും കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ഇത് തുടരുന്നതായിരിക്കും. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ അടങ്ങുന്ന ജഡ്ജിങ് പാനല്‍ ആയിരിക്കും മികച്ച രചനകള്‍ തിരഞ്ഞെടുക്കുക. 2010 ല്‍ കഥാ മത്സരങ്ങള്‍ രണ്ട് വിഭാഗത്തിലായാണ് നടത്തുന്നത്.
മത്സരങ്ങള്‍
1) മികച്ച കഥാ സമാഹാരം -10,000 രൂപയും പ്രശസ്തി പത്രവും.
പതിനായിരം രൂപയും പ്രശസ്തി പത്രവുമാണവാർഡ്.
2008 ജനുവരി മുതൽ 2010 ഓഗസ്റ്റിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയ കഥാ പുസ്തകങ്ങളാണ് അവാർഡിന് പരിഗണിക്കുക.
പ്രായ പരിധി ഇല്ല
എഴുത്തുകാർ അവരുടെ പൂര്‍ണ്ണമായ വിലാസം, ഫോണ്‍ നമ്പര്‍, പുസ്തകത്തിന്റെ നാല് കോപ്പി, ഇവ സഹിതം
Nazar Koodali,
Saikatham Book Club,
P. B. No. 57,
Kothamangalam P.O.,
PIN – 686691.
എന്ന വിലാസത്തിൽ അയക്കുക.
2) മികച്ച ബ്ലോഗ് കഥ – 3,000 രൂപയും പ്രശസ്തി പത്രവും.
മലയാളം ബ്ലോഗുകളിലെ മികച്ച കഥകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി യുവ ബ്ലോഗ് എഴുത്തുകാർക്കു വേണ്ടിയുള്ളതാണീ അവാർഡ്. ചെറുകഥാ മത്സരം മലയാളം ബ്ലോഗേര്സിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയുടെ ലിങ്കുകൾ mtsahithyam@gmail.com എന്ന ഇമെയിൽ വിലാസത്തില്‍ അയക്കുക. കൃതികള്‍ പോസ്റ്റല്‍ ആയി അയക്കുന്നവര്‍ മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഓക്ടൊബർ മധ്യത്തോടെ കണ്ണരിൽ വെച്ചു നടക്കുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാർഡ് സമ്മാനിക്കും.‍