ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,
നടുഭാഗം പോയൊരു
പഴം പായുടെ ചൂട് നക്കിത്തുടച്ച്
കാല്‍മുട്ടുകള്‍ക്കിടയില്‍
തലകുരുങ്ങിപ്പോയ
പോളവീര്‍ത്ത രാത്രി.....,
വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,
മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി...
പൊട്ടിയൊഴുകി കുത്തിപ്പാഞ്ഞിട്ടും
കനലുകെടാത്ത കൈവഴികളില്‍
വിറപൂണ്ട വിരലോടിച്ച്,
ജന്മങ്ങളോ മൂക്കളയും കുടിച്ച് കാത്തിരിക്കുന്നു.....,
പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .
..........
ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....