Wednesday, March 11, 2009

കാലന്‍ മഴ..

ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,

നടുഭാഗം പോയൊരു
പഴം പായുടെ ചൂട് നക്കിത്തുടച്ച്
കാല്‍മുട്ടുകള്‍ക്കിടയില്‍
തലകുരുങ്ങിപ്പോയ
പോളവീര്‍ത്ത രാത്രി.....,

വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,

മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി...

പൊട്ടിയൊഴുകി കുത്തിപ്പാഞ്ഞിട്ടും
കനലുകെടാത്ത കൈവഴികളില്‍
വിറപൂണ്ട വിരലോടിച്ച്,
ജന്മങ്ങളോ മൂക്കളയും കുടിച്ച് കാത്തിരിക്കുന്നു.....,
പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .
..........
ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....

15 comments:

തണല്‍ said...

ഒരിക്കലൊന്നു പെയ്തതാണ്..എങ്കിലും നീ പറയുമ്പോള്‍..

പകല്‍കിനാവന്‍ | daYdreaMer said...

വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,

പൊള്ളുന്ന വരികൾ.. അഭിവാദ്യങ്ങൾ
ഒപ്പം എല്ലാ ആശംസകളും ഈ പുതു സംരംഭത്തിനു...

Ranjith chemmad / ചെമ്മാടൻ said...

ഈ മഴക്കവിത ഒരു നിമിത്തമാവട്ടെ, തുടക്കമാവട്ടെ,....
വരാന്‍ പോകുന്ന ഒരു മഴപ്രളയത്തിന്റെ തുള്ളിത്തുടക്കം...!

Vinodkumar Thallasseri said...

മുമ്പൊരിക്കല്‍ രണ്‍ജിത്‌ ചെമ്മാടിണ്റ്റെ മഴക്കവിതയില്‍ നനഞ്ഞപ്പോള്‍ സുഖമുള്ള നോവ്‌ അറിഞ്ഞിരുന്നു. ഈ മഴയേറ്റ്‌ ഉയിരാകെ പൊള്ളുന്നു.

വരവൂരാൻ said...

മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി..

ഈ മഴയൊന്നു പെയ്തിരുന്നെങ്കിൽ‍....

ജിജ സുബ്രഹ്മണ്യൻ said...

പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .
..........
ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....


കൊള്ളാം.നല്ല വരികൾ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Touched....

0000 സം പൂജ്യന്‍ 0000 said...

കൊള്ളാം , ഹൃദയ സ്പര്‍ശി

അങ്ങയുടെ പെരിയ മഴയ്ക്ക്‌
എന്റെ കുഞ്ഞു മഴ
http://punaluraan.blogspot.com/2009/03/blog-post.html

പാമരന്‍ said...

എടാ മഴേ..

ഗൗരി നന്ദന said...

ഉള്ളു തണുപ്പിക്കുന്ന മഴകളാണ് സാധാരണ നനയാറ് ..... ഇത് പക്ഷെ വല്ലാതെ പൊള്ളിച്ച മഴയായി പോയി...
ഒറ്റ വായനയില്‍ കൂടെ കൂടിയിട്ട് വിട്ടൊഴിയാതെ പേടിപ്പിക്കുന്ന മഴ..!!!

Rare Rose said...

ഇങ്ങനെ ഉള്ളു പൊള്ളിക്കും വിധം തീക്ഷ്ണമായി എന്തിനാണു മഴേ നീയിങ്ങനെ പെയ്തലക്കുന്നതു..:(

Unknown said...

“മഴ..
കെട്ടിമേയാത്ത
ഓലക്കീറിനിടയിലൂടെ
കറിപാത്രതില്‍
വീഴുന്നത്..“

ഹൈദര്‍തിരുന്നാവായ said...

തീവ്രമായ മഴ! ഇങ്ങനെയൊന്ന് നനയുന്നതാദ്യം! ഭാവുകങ്ങള്‍...

ചങ്കരന്‍ said...

തുളച്ചുകയറുന്ന വാക്കുകള്‍

ഹരീഷ് തൊടുപുഴ said...

പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .
..........
ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....


തണല്‍ജി കുറേ നാളായല്ലോ കണ്ടിട്ട്, എവിടെ പോയിരുന്നു??