Wednesday, March 11, 2009

ഇന്നത്തെ വാര്‍ത്ത (നാളത്തേയും)ഇന്നത്തെ മാധ്യമത്തില്‍ കണ്ട വാര്‍ത്ത.

ഇന്നത്തെവാര്‍ത്ത (നാളത്തേയും)


ഇനിയും വാര്‍ത്തകള്‍
വരും പോകും.
ആ വാര്‍ത്തകള്‍ കൂട്ടി
നമ്മള്‍ പ്രാതല്‍ കഴിക്കും.
ഉള്‍ പേജുകളില്‍ കൂടുതല്‍
പീഡന വാര്‍ത്തകള്‍ക്കായ്
കണ്ണുകള്‍ തിരയും.
കാറ്റത്തു പൊന്തുന്ന
കുഞ്ഞുടുപ്പില്‍
കണ്ണുകള്‍ തിളങ്ങും.
ഒരു മുറിക്കു പുറത്ത്
അച്ഛന്‍ കാവല്‍ നില്‍ക്കും
അടുത്ത ഊഴക്കാരനോട്
വില പേശി.
വളരുന്ന മകളില്‍
നടക്കുന്ന സ്ക്രീനിംഗില്‍
ഒരു നായികയെക്കണ്ട്
അമ്മ മനക്കോട്ടകള്‍ കെട്ടും.
സഹോദരന്റെ
ഹൃദയമിടിപ്പ് കൂടും.
അദ്ധ്യാപകന്റെ
ഉറക്കം കെടും.
വേട്ട നായ്ക്കള്
കൊതി പൂണ്ട് നടക്കും.

മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.

പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

24 comments:

നരിക്കുന്നൻ said...

‘മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.‘

കാമവെറിയുടെ വർത്തമാനത്തിലേക്ക് അസഹിഷ്ണുതയുടെ തൂലിക. ഇത് എത്ര ചലിച്ചാലും പെണ്ണേ.. നീയൊരു പെണ്ണായിപ്പിറന്നെതെന്തിന്?

പ്രവാസ കവിതകൾ എന്ന ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.

പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...

രാമചന്ദ്രാ നീ ആ കയ്യ്‌ ഇങ്ങൊട്ടൊന്നു തന്നെ...

അനില്‍@ബ്ലോഗ് said...

നന്നായി ഈ പ്രതികരണം.
എന്തു പറയേണ്ടൂ എന്നറിയില്ല.

രണ്‍ജിത് ചെമ്മാട്. said...

കവ്യത്വരയുടെ സമൃദ്ധമായ വേവലാതികളില്‍!
വ്യഥകള്‍ വരികളില്‍ത്തന്നെ കുരുങ്ങിക്കിടക്കട്ടെയെന്നാശ്വസിയ്ക്കുന്നു...

കാന്താരിക്കുട്ടി said...

എന്തു പറയണം എന്നറിയില്ല.പിഞ്ചുകുഞ്ഞുങ്ങളുടെ നേരെ പോലും കാമവെറിയോടെ നോക്കുന്ന പുരുഷന്മാർ ഇല്ലാത്തൊരു ലോകം ഇനി സ്വപ്നം മാത്രമായിരിക്കും അല്ലേ.

നജൂസ് said...

കൊതിയും കിതപ്പും തീരാത്ത നായ്‌ക്കളേ...
കൊന്നു തിന്നലാണ് ഇതിലും ഭേതം.

ചാണക്യന്‍ said...

“ അച്ഛന്‍ കാവല്‍ നില്‍ക്കും
അടുത്ത ഊഴക്കാരനോട്
വില പേശി.
വളരുന്ന മകളില്‍
നടക്കുന്ന സ്ക്രീനിംഗില്‍
ഒരു നായികയെക്കണ്ട്
അമ്മ മനക്കോട്ടകള്‍ കെട്ടും.“

ഈ വരികള്‍ എന്നെ പേടിപ്പെടുത്തുന്നു മാഷെ...

chelakkarakaran said...

പ്രവാസകവിതക്ള്‍ക്ക് എല്ലാ നല്ല ആശംസകളും വളരെ നന്നായിട്ടുണ്ട് , ഇനിയും വരും .

ചങ്കരന്‍ said...

മൂര്‍ച്ചയുള്ള വാക്കുകള്‍.

ഗൗരി നന്ദന said...

രക്ഷിക്കേണ്ട കരങ്ങള്‍ തന്നെ ശിക്ഷിക്കുമ്പോള്‍ രക്ഷയെവിടെ??

ശരിക്കും പേടിയാവുന്നു......യഥാതഥമായ ഈ വരികളും ഭീതി ഉണര്‍ത്തുന്നു.....

ചന്ദ്രകാന്തം said...

വിലപേശലിന്റെ/ വ്യവഹാരത്തിന്റെ തലങ്ങള്‍ക്ക്‌ മാത്രമാണ്‌ ആഡംബരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍.
കേട്ടുപഴകിയതെങ്കിലും 'ചരക്ക്‌' എന്ന നാടന്‍പ്രയോഗത്തില്‍ ഒതുങ്ങുന്നു പെണ്ണിന്റെ പര്യായം. വില്‍ക്കലും, വാങ്ങലും, കൈമാറ്റവും...

:(

ഹരീഷ് തൊടുപുഴ said...

മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.

പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...


കാമവെറിയന്മാരുടെ നാടു മാത്രമാകുകയാണോ കേരളം!!!

തണല്‍ said...

ഇത് ഇന്നത്തെ വാര്‍ത്തയല്ല..,
ഇനിയങ്ങോട്ട് എന്നത്തേയും..!!
-നജൂസേ..അപ്പറഞ്ഞതാണ് സത്യം.

അജീഷ് മാത്യു കറുകയില്‍ said...

well done ramachandran

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

രാമേട്ടാ കലക്കി. താങ്കളുടെ ഈ വ്യാകുലത ഈ സമൂഹത്തിന്റെ മുന്‍പില്‍ ഒരു ചോദ്യ ശരം ഉതിര്‍ക്കുന്നു. നമ്മളുടെ പിഞ്ചു സഹോദരിമാര്‍ക്ക് എന്ത് സുരക്ഷ ആണ് ഉള്ളത്.?

ഉള്‍ പേജുകളില്‍ കൂടുതല്‍
പീഡന വാര്‍ത്തകള്‍ക്കായ്
കണ്ണുകള്‍ തിരയും.
കാറ്റത്തു പൊന്തുന്ന
കുഞ്ഞുടുപ്പില്‍
കണ്ണുകള്‍ തിളങ്ങും.

ഈ വരികള്‍ എത്ര അര്‍ത്ഥവത്താണ്, സമൂഹ മനസാക്ഷി ഉണരും എന്ന് പ്രത്യാശിക്കാം അല്ലെ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ദൈവമേ, ഇനിയെങ്കിലും ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവാതുരുന്നെങ്കില്‍!

ഇതിനുമുമ്പ് ഞാന്‍
പീഡനകാലത്തെ മകളോട്‌

എന്ന പോസ്റ്റ് ഇട്ടിരുന്നു. ഏകദേശം ഒരു കൊല്ലത്തിലധികമായി അതെഴുതിയിട്ട്.

നസീര്‍ കടിക്കാടും
മുനിയമ്മയുടെ മകള്‍‌
ഈയടുത്ത് എഴുതി,

പിന്നെ ശശി (എരകപ്പുല്ല്)
അടിയന്തിരാവസ്ഥ‌

എഴുതി.

എന്നിട്ടിപ്പോഴും ഈ വിഷയം എഴുതേണ്ട ദുര്യോഗം അവസാനിക്കുന്നില്ലല്ലോ ഈശ്വരാ!
അല്ലെങ്കില്‍ പിന്നെ ഈ ദൈവങ്ങളൊക്കെ ഒളിവില്‍ പോയിരിക്കും

“പെണ്ണായിപ്പിറന്നാല്‍
മകളേ നിനക്ക്
നീയും പിന്നെ നീയും
മാത്രം.

ദൈവം പോലുമില്ല.”

Geni (ജീനി) said...

ഇനിയും വാര്‍ത്തകള്‍
വരും പോകും.

അവനവനെ ബാധിക്കുമ്പോള്‍ മാത്രമെ ഇപ്പോള്‍ വികാരങ്ങളുള്ളൂ. ബാക്കിയെല്ലാം വെറും വാര്‍ത്തകള്‍ മാത്രം.........

smitha adharsh said...

ഞാനും ഭയക്കുന്നു..ഒരു പെണ്‍കുഞ്ഞിന്റെ അമ്മയെന്ന നിലയില്‍...

ഹൈദര്‍ തിരുന്നാവായ said...

ഇന്നത്തെ വാര്‍ത്തകള്‍! നാളെ ഒരു പക്ഷേ ഇതിലും ഭീകരം.....

hAnLLaLaTh said...

കുറുക്കു വഴികള്‍
അവള്‍ക്കിഷ്ടമായിരുന്നു
അനിയന് മുമ്പെ വീട്ടിലെത്താന്‍..
അന്തി കറുക്കുമ്പോള്‍ വീടണയാന്‍..

ഇണ ചേരുന്ന പാമ്പുകളെക്കണ്ട്
ഇടവഴിയില്‍ ഭയന്നോടിയതില്‍ പിന്നെ
കുറുക്കു വഴി
ആശ്വാസമായിരുന്നു

കുറുക്കു വഴിയിലാണ്
അയാളെയവള്‍ കണ്ടത്

ചിരിക്കുന്ന മുഖവും
മധുര മി ഠോ യികളും
നീട്ടുന്നൊരാള്‍

വീട്ടിലെത്താന്‍
ഇനിയുമൊരു
കുറുക്കു വഴിയുണ്ടെന്ന്
അയാള്‍
പറഞ്ഞതു കേട്ടാണവളമ്പരന്നത്

പിന്നെ
മൊബൈല്‍ സ്ക്രീനില്‍
പിടയുന്ന തന്നെ തന്നെ കണ്ട്
അവള്‍ തുറിച്ചു നോക്കി.
ഉടുപ്പില്ലാത്ത ഉടല്‍ കണ്ട്
അവള്‍ക്കപ്പോള്‍ നാണം തോന്നിയതേയില്ല

പാവത്താൻ said...

ദൈവമേ ഞാനെന്റെ മകൾക്കായി എന്തു കോട്ട കെട്ടും?എതു മാന്ത്രിക രക്ഷകൾ എവിടെ നിന്നും പൂജിച്ചു വാങ്ങും?നന്ദി,പീഡന കാലത്തേക്കും, മുനിയമ്മയിലേക്കും, അടിയന്തിരാവസ്ഥയിലേക്കും നയിച്ചതിനും.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പണ്ട് ഇതിലേറെ പീഢനമുണ്ടായിരുന്നു!പക്ഷെ അതൊന്നു നമ്മിലെത്തിയിരുന്നില്ല,അതിഞ്ഞാലൊട്ടും നാം അറിഞ്ഞതുമില്ല!ഇന്ന് അതെല്ലാം നമ്മുടെ മുന്നിലെത്തുന്നു! നാം പ്രതികരിക്കുന്നു

ഞാനും എഴുതിയിരുന്നു ഒരെണം

‘മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.‘

(ഒരു മാറ്റം-ക്ഷമിക്കുമല്ലോ)

ജന്മം‌മുതല്‍
മരണം വരേയും
പെണേ....നീ
പെണു തന്നെ

Sureshkumar Punjhayil said...

Mattannalatheyum... Ashamsakal.

moideen angadimugar said...

മനസ്സിൽ തട്ടിയ വരികൾ.വളരെ നന്നായി. അഭിനന്ദനങ്ങൾ.