Thursday, December 24, 2009

എന്റെ പഴയ പ്രണയക്കുറിപ്പുകൾ

രാത്രിക്കുറിപ്പുകൾ

(1)
"എത്രമേൽ ശാന്തമാണിവിടമെപ്പൊഴും
പൂർണ്ണ നിദ്രതൻ നിശബ്ദസംഗമം,
എത്രമേൽ സ്വസ്ഥമാണെങ്കിലും
ശിഷ്ടരാത്രിതന്നോർമ്മകളത്രമേലസ്വസ്ഥ-
മാണെന്റെ ഹൃത്തിൽ‍..."

(2)
"ഏത്‌ സാഗരച്ചോരയിൽ നിൻ മുഖം
കാത്തു സൂക്ഷിച്ചൊരജ്താത രേഖയായ്‌,
ഏത്‌ കാനനക്കോണിലാണെങ്കിലും
കാണാതെ പോയി ഞാനോമലേ നിൻ കരൾ‍.."

(3)
"ഒരു നാളുമോർക്കാതെ പോകട്ടെ-
നാമൊരുമിച്ചലഞ്ഞ പദയാത്രകൾ‍,
ഒരു രാവുമോർക്കാതിരിക്ക നാം
വേർപെട്ട പൂർണ്ണാന്ധകാരക്കടൽ‍.."

(4)
"മാഞ്ഞു പോകുന്നു, മഹാകാല സൌഭഗം,
മായുന്നു, വാഴ്വിൻ പുരാവൃത്ത സഞ്ചയം.."

(5)
"ഇഷ്ടകാലം കഴിഞ്ഞു പോകയായ്‌,
ശിഷ്ട കാലം തളിർക്കുമോർമ്മകൾ
‍നാം മറന്നു പോകാതിരിക്കുവാൻ‍.."

(6)
"എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ്‌ വരില്ലൊരാളുമേ,
എനിക്കു ജീവനായ്‌ മരണം വരേയ്ക്കും.."

(7)
"വിജനപാതയിൽ സ്മൃതികളെല്ലാമകന്നുപോയാലും,
വാക്കും വെളിച്ചവുമതി ഗഗന സീമയിൽച്ചെന്നുചേർന്നാലും,
നിന്നസാന്നിധ്യ രാത്രിയിൽ ഹൃദയത്തിലൊരു വനമുല്ല പൂക്കുമോ?.."

(8)
"കലിതുള്ളിവരുമന്റെ കരളൊരു-
കടൽ കടഞ്ഞേതോ നിഗൂഡരാവിൽ..
കദനം നിറച്ചിരിപ്പാണെമെപ്പൊഴു-
മിരവിൽക്കുരുത്ത നിന്റെ ജീവൻ,
ഹൃദയം പകുത്തുനൽകാം നിനക്കിനി-
ക്കരതലം ചേർത്തുഞ്ഞാൻ പ്രാണനേകാം"

(9)
"ആരെൻ ജീവൻ തിരികെ വിളിച്ചു
ആരെൻ ജീവൻ മുറുകെ വലിച്ചു
മൃതിയുടെ ഗൂഡക്കരമോ ചുറ്റും
മരണമളന്നൊരു സമയപ്പൊരുളോ..?"

(10)
"കാണാതിരിക്കുന്നതെങ്ങിനെ
നിത്യവും കണ്മുന്നിലെത്തും കിനാക്കളെ,
കേൾക്കാതിരിക്കുന്നതെങ്ങിനെ
നിത്യമെൻ കാതിലെത്തും സ്വരങ്ങളെ.."

(11)
"ഒരു വരയ്ക്കുള്ളിലെവിടെയോ
പലനിറം പൂണ്ടൊരോർമ്മകൾ,
നീർമാതളച്ചുവപ്പുകൾ..
ഒരു ചിതയ്ക്കുള്ളിലെവിടെയോ,
വംശവൃക്ഷത്തിൻ നിഴലനക്കങ്ങൾ..,
മറവിതൻ ശാപക്കലക്കങ്ങൾ.."

(12)
"ജീവിച്ചുതീർക്കുവാനാകുമോ
ഈ മണ്ണിലെന്നുമേ സൽവിധം
നന്മയും നേരും വേർപെട്ടുപോകയാൽ
കൽമഷം തന്നെയീ ശാപജന്മം.."

(13)
"എത്ര തീരെപ്പറഞ്ഞുനാ-
മെത്രദൂരം നടന്നു നാമെ-
ത്തുന്നതോ ശ്യൂന്യദിക്കിൽ..
എത്രശേഷിപ്പിന്നഗാധമാ-
മർത്ഥശ്യൂന്യ വിചാരവും, വികാരവും-
മടുത്തെത്ര കാലം നാമടക്കിപ്പിടിക്കണം.."

(14)
"നിലയ്ക്കാത്തൊരുഷ്ണപ്രവാഹമീ നമ്മൾ,
സിരകളിൽ രതിയുടെ ചുടുനിണം തീർത്തവർ.."

(15)
"ആരുടെ വേദനയലറിവിളിപ്പൂ
ആരുടെ രോദനമെന്നെവിളിപ്പൂ
ആരുടെ നോവിൻ തന്ത്രികളെന്നിൽ-
പ്പാഴായ്പ്പിന്നെയുമുതിരുന്നു.."

(16)
"ഉടഞ്ഞ സ്ലേറ്റിൽ വരച്ച ചിത്രം
പകുതിയാക്കിയോ,
ജ്വലിച്ച നിൻ മുഖം
മറച്ചുരാവുകളകൽച്ച കൂട്ടിയോ,
പുലർച്ചെ മഞ്ഞിൻ
കുരുന്നുതുള്ളികൾ
നിറങ്ങളേകിയോ...
വെളിച്ചമെന്നിൽപ്പതിച്ച
നാളിൽ മരിച്ച നിൻ മുഖം
മിഴിച്ചു നോക്കിയോ.."

(17)
"ഇവിടെയൊരു ഹരിതസുഖവനനിബിഡമില്ല,
ഇവിടെയൊരുഗിരിനിര തഴുകുമൊരു കുളിർതെന്നലില്ല,
ഇവിടെയിനിയേകാന്തമാമിരുൾക്കാടുമാത്രം,
ഇവിടെയിനിയജ്ഞാതമാം ശാപമരുഭൂമിമാത്രം..
ഇവിടെയൊരു പുണ്യമഴപെയ്തു നിറയുന്നതെന്ന്‌..?
ഇവിടെയൊരു പുണ്യരക്ഷകൻ പിറവികൊള്ളുന്നതെന്ന്‌‌...."

(18)
"എന്നിലെ നന്മകൾ നിന്നിൽ നിറയാൻ
എന്നെപ്പുൽകുക നീ നിത്യം,
എന്നിലെ ഉണ്മകൾ നിന്നിൽ നിറയാൻ
എന്നിൽപ്പടരുക നീ നിത്യം.."

(19)
"നീ നിൽക്കുന്നിടം പണ്ടുവനമായിരുന്നു..,
ഈ മരുഭൂവുപണ്ടെൻ പ്രിയവനമായിരുന്നു.."

(20)
"ഇന്നലെ ഞാനൊരു പുല്ലാങ്കുഴലായ്‌
നിന്നുടെയോമൽച്ചുണ്ടുകവർന്നു..
ഇന്നലെ ഞാനൊരു സ്വരമഴയായ്‌ നിൻ
താരുണ്യത്തേൻ കരളുകവർന്നു.."

(21)
"തണലുതേടേണ്ട നീയിവിടെക്കുളിരു-
തേടേണ്ട നീയിവിടെയൊരുപൂമണത്തി-
ന്നുറവ തേടേണ്ട പണ്ടേ, പടിവിട്ടുപോയിനിൻ
മരതകക്കാടുകൾ.."

(22)
"ഇടവത്തിലൊരുതുള്ളി ജലമായെങ്കിൽ,
ഞാനുറക്കെപെയ്തിരമ്പുന്ന മഴയായെങ്കിൽ.."

(23)
"ഇവിടെയീ വിജനമാം കരയിൽനാമെരിയുന്ന
ജഡരേഖകൾ, വരമൊഴികൾക്കുനേർക്കുനേർ
പ്രതിരൂപസന്ധിയായ്‌ മൃത്യുവെ-
ക്കാത്തിരിക്കും മഹാദു:ഖ സഞ്ചയം..
ഇവിടെയതിരൂഡമാം വേനലിൽ
നാമുരുകുന്ന വേരറ്റ മൂകതാരൂപകം,
മക്കൾക്കുപോലുമസഹ്യമാം
മഹാവൃക്ഷ വൃദ്ധപ്പെരുംതൂണുകൾ...
വേദനകളെല്ലാമൊതുക്കുന്ന കൺകളിൽ
ശ്യൂന്യതാബോധത്തിനാത്മദു:ഖം..
നരവീണവരകളായ്‌ ഹൃദയത്തിൽ
നിറയുന്ന നിഴൽജീവിതം,
ജീവനിലിരുൾ പാകിയെങ്ങോ
വഴിതെറ്റിമറയുന്ന ജലരേഖകൾ,
നമ്മൾ വഴിതെറ്റി മറയുന്ന മൃതരേഖകൾ.."

(24)
"എന്തൊരു ഗന്ധമിതെന്തൊരു ദുർഗ്ഗതി
ദുർഗന്ധത്തിൻ നഗരമുഖം..
നാറും നഗരവിശേഷം നമ്മിൽ
നാണവുമില്ലാതമരുമ്പോൾ
മാലിന്യത്തിൻക്കൂമ്പാരക്കടലായ്‌
മാറീ നമ്മുടെ നാടെങ്ങും.."

© സുനിൽ പണിക്കർ  

ഇതിലെ ഭൂരിഭാഗം രാത്രിക്കുറിപ്പുകളും എന്റെ പ്രണയത്തിന്റെ അവശിഷ്ടക്കുറിപ്പുകളാണ്‌. അതുകൊണ്ടുതന്നെ ഈ വരികൾ പുതുതായൊന്നും പറയുന്നുമില്ല. ഈ സ്വകാര്യതകളെ പിന്നീട്‌ ഞാൻ കവിതകളുടെ കൂട്ടത്തിൽ പെടുത്തിയെന്നുമാത്രം.13 comments:

സോണ ജി said...

നല്ല വരികള്‍...........നീളം കൂടുമ്പോള്‍ ആരും വായിക്കാന്‍ മിനക്കെടില്ലന്നോര്‍ക്കുമ്മല്ലോ? :)

റ്റോംസ് കോനുമഠം said...

പണിക്കരേ നല്ല വരികൾ...!! ആശംസകള്‍...!!

മാണിക്യം said...

'ഈ വരികൾ പുതുതായൊന്നും പറയുന്നുമില്ല' എങ്കിലും...!

"നിനക്കു പകരമായ്‌ വരില്ലൊരാളുമേ,
എനിക്കു ജീവനായ്‌ മരണം വരേയ്ക്കും..."

ഇതിലും നല്ല ഒരു പ്രണയകുറിപ്പ് ഈയിടെ ഒന്നും വായിച്ചതായിട്ട് ഓര്‍ക്കുന്നില്ല ലളിതമായി അതിമനോഹരമായി എഴുതിചേര്‍ത്തിരിക്കുന്നു എന്ന് പറയാതെ,ഇവിടം വിട്ട് പോകാന്‍ വയ്യ.
എത്രയോ ആവര്‍ത്തി വായിച്ചു ...
ഇപ്പോള്‍ തോന്നുന്ന ആ ഫീലിങ്ങ് അത് എഴുതാന്‍ എനിക്ക് വാക്കുകളും കിട്ടുന്നില്ല ....

പുതുവത്സരാശംസകള്‍!

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രണയത്തിനുവേണ്ടി ഒട്ടനേകം കുറിപ്പുകൾ...!
അതും നിശയിലെ,മരുഭൂമിയിലെ ,ഏകാന്തതയിലെ ,...
ഇതുവായിച്ചു കോരിതരിച്ചിരിക്കുന്ന നായികകൊപ്പം ഞങ്ങളും പുളകം കൊള്ളുന്നൂ...കേട്ടൊ.

സുനിൽ പണിക്കർ said...

പ്രിയപ്പെട്ട
സോണജി.. നന്ദി..മനപൂർവ്വം നീളം കൂട്ടിയതല്ല..

ടോമൂ..നന്ദി..

മാണിക്യം, എന്റെ ഈപഴയ വരികൾ ഇപ്പൊഴും നല്ലതെന്ന് പറയാൻ തോന്നിയ ആ നല്ല മനസ്സിന് നന്ദി.. വീണ്ടും വായിച്ചു എന്നു പറയുമ്പോളും അൽഭുതം തന്നെ..!

ബിലാത്തി പുളകങ്ങളിൽ പങ്കു ചേർന്നതിന് നന്ദി..!

ഈ വരികൾ വായിച്ച്‌ പണ്ട്‌ പുളകം കൊണ്ടിരുന്ന ആ നായിക എന്നേ കൈവിട്ടുപോയിരിക്കുന്നു. പ്രണയം ഒരൽഭുതമാണ്.., വാക്കുകൾക്കപ്പുറം വിശദീകരിക്കാനാവാത്ത അനുഭൂതികളുടെ നിസ്തുലമായ പ്രപഞ്ച സത്യം.

Ranjith chemmad said...

പ്രണയാക്ഷരങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഇത് എന്ന് പറയാതെ വയ്യ!
ആശംസകള്‍...

മനോഹര്‍ മാണിക്കത്ത് said...

ചില ചിന്തകള്‍, കുത്തുക്കുറിക്കലുകള്‍
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍
നന്നായി ഈ എഴുത്ത്...

അബ്ദുല്‍ സലാം said...

എന്നാല്‍ ഇതൊന്നുമല്ല പ്രണയം

പാവപ്പെട്ടവന്‍ said...

"എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ്‌ വരില്ലൊരാളുമേ,
എനിക്കു ജീവനായ്‌ മരണം വരേയ്ക്കും.."

സ്നേഹത്തിന്റെ ഉറച്ച അനുഭവ പുര്‍ണമായ ഈ മുന്നറിയിപ്പ് ആഴമേറയുള്ള അടയാള പെടുത്തലാണ്

മനോജ്Iforever said...

പ്രണയക്കുറിപ്പുകളുടെ കൂടെ അല്ലാതുള്ളവയും
ചേർക്കേണ്ടിയിരുന്നില്ല.

Anonymous said...

nalla varikal

ജാഫര്‍ മണിമല said...

നീളം കൂടിയാലും സംഗതി സൂപ്പര്‍

lekshmi said...

ഇവിടെയീ വിജനമാം കരയിൽനാമെരിയുന്ന
ജഡരേഖകൾ, വരമൊഴികൾക്കുനേർക്കുനേർ
പ്രതിരൂപസന്ധിയായ്‌ മൃത്യുവെ-
ക്കാത്തിരിക്കും മഹാദു:ഖ സഞ്ചയം..
ഇവിടെയതിരൂഡമാം വേനലിൽ
നാമുരുകുന്ന വേരറ്റ മൂകതാരൂപകം,
മക്കൾക്കുപോലുമസഹ്യമാം
മഹാവൃക്ഷ വൃദ്ധപ്പെരുംതൂണുകൾ...
വേദനകളെല്ലാമൊതുക്കുന്ന കൺകളിൽ
ശ്യൂന്യതാബോധത്തിനാത്മദു:ഖം..
നരവീണവരകളായ്‌ ഹൃദയത്തിൽ
നിറയുന്ന നിഴൽജീവിതം,
ജീവനിലിരുൾ പാകിയെങ്ങോ
വഴിതെറ്റിമറയുന്ന ജലരേഖകൾ,
നമ്മൾ വഴിതെറ്റി മറയുന്ന മൃതരേഖകൾ.."
മനോഹരം..നഷ്ട പ്രണയത്തിന്‍ സുന്ദര സ്വപ്‌നങ്ങള്‍..