Tuesday, March 9, 2010

ത്രിശങ്കു

പ്രവാസത്തിന്‍റെ അഭംഗുരപ്രയാണത്തില്‍ ...

ഇടയ്ക്കെവിടെയോ ചടച്ച ഒരു പകലുറക്കം...
ശരീരപിണ്ഡം കസാലയില്‍ ഉപേക്ഷിച്ചു
ചേതന സ്വപ്നാടനത്തിലെ തൂവല്‍ക്കനമായി...
അബോധതയില്‍ പൊട്ടിവിടര്‍ന്ന അപ്പൂപ്പന്‍ താടികള്‍
ഇളകിയൊട്ടിയത് അങ്ങു ദൂരെ ഓലത്തുമ്പില്‍
ഉച്ചക്കാറ്റിനു ഗതിവേഗം... നെല്‍വരികള്‍ക്കു എളിമ
മുടിയഴിച്ചു വെയില്‍ കായുന്ന കല്പവൃക്ഷങ്ങള്‍
ഉച്ചിയില്‍ പേന്‍ചികയുന്ന വയല്‍ക്കാക്കകള്‍
അടക്കം പറഞ്ഞുപോകുന്ന കരിമാഷിച്ചാന്തുകള്‍
തെളിനീരുറവയില്‍ പാദം പൂഴ്ത്തിയിരുന്നപ്പോള്‍
കണ്ണാടിമീനുകള്‍ കാലടികളെ കിക്കിളിപ്പെടുത്തി
ഉണ്ട്, ഇവിടെത്തന്നെയുണ്ട് എന്‍റെ തണല്‍ മരം
കലപില മരത്തണലില്‍ എന്നെ മേയാന്‍ വിട്ടു ഞാനും ...
എന്തൊരു സ്വസ്ഥത...
പിന്നെ, ക്ഷണികമായ ആ ദിവാസ്വപ്നം അലിഞ്ഞില്ലതായി...

പിന്നൊരുനാള്‍...
എന്‍റെ ശരീരവും ആ തണലു തേടിപ്പോയി...
പക്ഷെ...
ഒറ്റക്കയ്യന്‍ ലോഹപ്പിശാച് എന്‍റെ അവസാന തുരത്തും ചുരന്നെടുക്കുന്നു..
ചുരത്താത്ത സ്തനങ്ങള്‍ കടഞ്ഞു രുധിരപാനം ചെയ്യുന്നു...
എവിടെയും രക്തം വാര്‍ന്നു കട്ടപിടിച്ച ചെമപ്പ്...
ഞാന്‍ ദൈവങ്ങളുടെ സ്വന്തം നാട്ടിലാണ്...
മന്ത്രം കാച്ചിയ വര്‍ണ്ണച്ചരടും , കുരിശുമാലയും,
നിസ്കാരത്തഴമ്പുമുള്ള മനുഷ്യരൂപങ്ങളും ചുറ്റും...
മനുഷ്യത്വം അന്യം നിന്നു പോയിരിക്കുന്നു...
ഒടുവില്‍ എന്‍റെ തണല്‍ മരം...
അതു കട പുഴകിയിരുന്നു, ദലങ്ങള്‍ കരിഞ്ഞിരുന്നു..
വേരുകള്‍ മുറിഞ്ഞു പോയിരുന്നു... കൂട്ടത്തില്‍ എന്റേയും...
അന്ധകാരത്തില്‍ പരിചിത മുഖങ്ങളെ ഞാന്‍ തേടി...
ഭ്രാന്തന്‍ വേഗത്തില്‍ ചുറ്റിത്തിരിയുന്ന രൂപങ്ങള്‍ക്കു നടുവില്‍
ഞാന്‍ ഇഴയുമ്പോള്‍...
ഒരു പഴയ പരിചയക്കാരന്‍ വിരല്‍ ചൂണ്ടി...
"എന്നാ തിരിച്ചു പോകുന്നത്?"

8 comments:

MADHU_haritham said...

ithaanu chodyam...enna thirichu pokunnathu...thrissanku avasaana thuruthum maanthiyedukkappedunnavarude kavitha...

junaith said...

"എന്നാ തിരിച്ചു പോകുന്നത്?

Vayady said...

അയ്യോ! ഇതു ഞാനല്ലേ..അല്ലാ, നമ്മളോരോരുത്തരുമല്ലേ?
പ്രവാസിയുടെ പൊലിയുന്ന സ്വപ്നങ്ങളുടെ കവിത.....
വഷളന്‌ എന്റെ ആശംസകള്‍. ഇനിയും എഴുതുമല്ലോ?

Kanchi said...

താങ്ങള്‍ എഴുതിയ വരികള്‍ സത്യമാണ്. We are strangers in our mother country. Good old dreams are better than real life experiences there now.

സഖി said...

കവിത വളരെ ഇഷ്ടപ്പെട്ടു. എഴുതിയത് വളരെ ശരിയാണ്. കവിതയുടെ പേര് പോലെ ത്രിശങ്കുവിലാണ് നമ്മള്‍ എന്ന് എനിക്കും തോന്നാറുണ്ട്. അപ്പോള്‍ നമ്മളുടെ കുട്ടികളുടെ അവസ്ഥയോ????? ഒരു സംശയം മാത്രം ബാക്കി..
.
.
..ഇത്രയും നന്നായി എഴുതുന്ന ആള്‍ക്ക് "വഷളന്‍" എന്ന പേരോ? എന്താ മാഷേ ഇത് ? ( വീട്ടിലെ ചെല്ലപേരാണോ? )

മൂരാച്ചി said...

നല്ല കവിത. പ്രവാസിയുടെ മോഹങ്ങളും മോഹഭം‌ഗങ്ങളും ഭം‌ഗിയായി വരച്ചു കാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഓരോ പ്രവാസി മലയാളിയുടേയും സ്വപ്നമാണ് "ശ്യാമ സുന്ദര കേര കേദാര ഭൂമിയില്‍" സുഖവും സമാധാനവും നിറഞ്ഞ
ഒരു ജീവിതം കെട്ടിപ്പടുക്കുക എന്നത്.

ഈ ദിവാസ്വപ്നത്തില്‍ മുഴുകുന്ന പ്രവാസിയുടെ ഉള്‍ക്കണ്ണിനെ ബാധിക്കുന്ന തിമിരത്തിന് രണ്ടു കാരണണങ്ങള്‍ ഉണ്ട്.

ഒന്ന്, താന്‍ നാടു വിടുന്ന കാലത്തെ അവ്സ്ഥയില്‍ കേരളം "frozen" ആയി നില്‍ക്കുന്നു എന്ന മിഥ്യാധാരണ.

രണ്ട്, അകന്നു നില്‍ക്കുമ്പോള്‍ ജന്മനാടിന്റെ നന്മകളെ പെരുപ്പിച്ചു കാണാനും ഇരുണ്ട ഭാഗങ്ങളെ സൗകര്യപൂര്‍‌വ്വം മറക്കാനുമുള്ള വ്യഗ്രത.

അവസാനം സ്വപ്നം സാക്ഷാല്‍ക്കരിക്കുമ്പോള്‍, യാഥാര്‍ത്ഥ്യം അവന്റെ നേരെ പല്ലിളിക്കുമ്പോള്‍ സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നു.

ഒരിക്കല്‍ ഇതിലൂടെ കടന്നു പോയി, വീണ്ടും പ്രവാസിയാകേണ്ടിവരുന്ന മലയാളിക്ക് ഈ തിമിരം മാറുന്നതായി കണ്ടു വരുന്നു.

സ്വപ്നാടനത്തില്‍ നിന്നും ഉണര്‍ന്ന് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്തോളം പ്രവാസിക്ക് ഇങ്ങനെ ത്രിശങ്കു ആയി കഴിയാം.

ബിലാത്തിപട്ടണം / Bilatthipattanam said...

വളരെ ഉഷാറായി തന്നെയെഴുതിയിരിക്കുന്നു കേട്ടൊ വഷളാ....
എല്ലാം തന്നെ ഓരൊ പ്രവാസിയുടേയും നേരനുഭവങ്ങൾ തന്നെ!

Abdulkader kodungallur said...

ചുരത്താത്ത സ്തനങ്ങള്‍ കടഞ്ഞു രുധിരപാനം ചെയ്യുന്നു...
എവിടെയും രക്തം വാര്‍ന്നു കട്ടപിടിച്ച ചെമപ്പ്...
ഞാന്‍ ദൈവങ്ങളുടെ സ്വന്തം നാട്ടിലാണ്...
വളരെ മനോഹരം