Showing posts with label ഗോപി വെട്ടിക്കാട്ട്. Show all posts
Showing posts with label ഗോപി വെട്ടിക്കാട്ട്. Show all posts

Thursday, October 15, 2009

നീയും ഞാനും

നിന്നിലെ ഞാന്‍ തന്നെയാണ്‌
എന്നിലെ ആകെത്തുകയെന്ന്
ധരിച്ചതായിരിക്കണം
ഞാനും എന്നിലെ നീയും ചേര്‍ന്ന്
നമ്മളാവാതിരിക്കുന്നത്..

കണ്ണിലെ ‌ബിം‌ബങ്ങളെല്ലാം
നേര്‍ക്കാഴ്ച്ചകളുടേതാണെന്നുള്‍ക്കൊണ്ട്
കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌
ഉള്ളിലെ നനവു പടര്‍ന്ന്
പച്ചപ്പു നല്‍കപ്പെടാത്തത്..

ഉള്ളില്‍ മുളപൊട്ടുന്നതെല്ലാം ‍
കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?
തളിര്‍ച്ച മുരടിക്കുമ്പൊഴും
നിനക്ക് നിന്റെ കൊയ്ത്തല്ലാതെങ്ങനെ.. ?

Friday, October 9, 2009

സ്ലം ഡോഗ്..


സ്ലം ഡോഗ്..

കഴുത്തില്‍ കുരുക്കുമായ്‌
പുഴുത്തു പുഴുവരിച്ചൊരു നായ .
പട്ടിയെന്നും .. അല്ല പേപ്പട്ടിയെന്നും
പേപ്പട്ടിയാക്കിയാല്‍
തല്ലി കൊല്ലാമെന്നും ചിലര്‍ ..


തൊണ്ടയില്‍ കുരുങ്ങിയ
കുരയുടെ മുഴക്കം
മൂളലും ഞരങ്ങലുമായ്
കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി ..
കണ്ണുകള്‍ മൂടി...


പുത്തന്‍ സാമ്പത്തിക ക്രമത്തില്‍..
ശീമപ്പട്ടികള്‍ കുരയ്ച്ചു നില്‍ക്കുമ്പോള്‍ .
കാവലിനായ് ഇനിയെന്തിനു .
കൊഴിഞ്ഞ പല്ലും
ഫലിക്കാത്ത ശൗര്യവും ..


കുടിയിറക്കപ്പെട്ട ഒരു സ്ലം ഡോഗ്
രാജ പാതയിലെവിടെയോ
ഒളിഞ്ഞിരിക്കുന്നുണ്ടത്രേ
വേട്ടയാടാന്‍ കരാറൊപ്പിട്ട ഡോബര്‍മാന്‍
ഇനിയാ തലപ്പാവില്‍ പൊന്‍ തൂവല്‍ ചാര്‍ത്തട്ടെ ...


ഗോപി വെട്ടിക്കാട്ട്

Wednesday, September 16, 2009

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ...

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..

പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....

ഗോപി വെട്ടിക്കാട്ട്

Monday, July 27, 2009

നിന്നിലെക്കെത്താനാണ്..

എനിക്കും നിനക്കുമിടയില്‍

മുള്ളു വേലികള്‍ കെട്ടി

മനസ്സുകളെ വേര്‍തിരിച്ചവര്‍..

ആകാശത്തെ പങ്കിട്ടെടുത്തവര്‍

കടലിനെ സ്വന്തമാക്കിയവര്‍..

എന്‍റെയും നിന്‍റെയും തമ്പുരാക്കള്‍ .

മതില്‍ക്കെട്ടിനപ്പുറം

തടവിലാക്കിയ

നിന്‍റെ നിശ്വാസവും

തേങ്ങലുകളുംകാതോര്‍ത്തു,

ഒന്ന് കരയാന്‍ പോലുമാകാതെ

എത്രെ നാള്‍ ഞാനിങ്ങനെ..

ചിറകെട്ടിയ നിന്‍റെ കണ്ണീര്‍.

ഉറവയായ്‌ ഒലിച്ചിറങ്ങി

പുഴയായ്‌ ഒഴുകുന്നത്‌

എന്‍റെ ഹൃദയത്തിലൂടെയാണ്..

ഋതുഭേദങ്ങള്‍ അറിയാതെ..

എന്‍റെയീ തപസ്സു ..

അതിര്‍ വരമ്പുകള്‍ താണ്ടി.

.നിന്നിലെക്കെത്താനാണ്...

തമസ്സില്‍ കൈത്തിരി വെട്ടം

കൊളുത്താനാണ്...

ഗോപി വെട്ടിക്കാട്ട്

Thursday, April 16, 2009

ബലി തര്‍പ്പണം...

ദിഗന്തങ്ങള്‍ ഭേധിക്കുമാറുമുച്ചത്തില്‍
ഇടി മുഴക്കം തുടരുന്നു വാനില്‍
മിന്നല്‍ പിണര്‍ അശനി പാതമായി
പിതാവിന്‍റെ ദുഖം മഹാമാരിയായി..

ഇരുളിന്‍റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
ഹിംസ്ര ജന്തുക്കള്‍ .പിറന്നു വീഴുന്നു
അമ്മെ മഹാകാളി മന്ത്രം ജപിച്ച്..
ശിരസുകളെല്ലാം അരിഞ്ഞു തള്ള‌ുന്നു..

വാളും ചിലമ്പും ചുഴറ്റിച്ചുഴറ്റി
കോമരം തുള്ളുന്ന കാവിലെയമ്മേ..
നെഞ്ഞു പിളര്‍ന്നു ചുടു ചോരക്കായി
നാവു നീട്ടി നാട് തെണ്ടുന്നതെന്തേ

വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു

നെഞ്ഞില്‍ കടും തുടിത്താളം തുടങ്ങി
പ്രാണന്‍ പറിഞ്ഞു പോകുന്ന പോലെ..
കണ്ണുകള്‍ അഗ്നി ഗോളങ്ങളായി
ഉരുകിയൊലിക്കും ലാവയായ്‌ മാറി

കോടി മുണ്ടില്‍ ഉറക്കിക്കിടത്തി
വായ്ക്കരിയിട്ടു തെക്കൊട്ടെടുത്തു..
കത്തിയമരും ചിതയിലെ ചാരം
ബലിക്കാക്കയായ് ഉണര്‍ന്നെണീക്കുന്നു

ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..
ബലി തര്‍പ്പണത്തിന്ന് മുങ്ങിക്കുളിച്ച്
ഈറനുടുത്തു കൈ കൂപ്പി നിന്ന്

ഓരിലപ്പുവ്വും എള്ളും വിതറി
ഓര്‍മകളൊക്കെയും ഉരുളയുരുട്ടി..
മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്‌
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..

ഗോപി വെട്ടിക്കാട്ട് .

Friday, April 3, 2009

ഭ്രാന്തി......

ഭ്രാന്തി......
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
അവളോ...
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഊളിയിട്ടു ..
കക്ക വാരി ....കണ്ണീരൊഴിച്ചു ...
മനസ്സിലിട്ടു നീറ്റി...
അഴുക്കു പിടിച്ച ചുവരുകള്‍....
വെള്ള പൂശി......

നമ്മള്‍ വഴിപോക്കര്‍ ...
അത് ചുണ്ണാബ്ആക്കി .....
മുറുക്കി ചുവപ്പിച്ച് ....
ആ ചുവരില്‍ നീട്ടിത്തുപ്പി....
ആര്‍ത്തു വിളിച്ചു...ഭ്രാന്തി....

ആരവങ്ങള്‍ക്കൊടുവില്‍ .........
ഇരുളിന്‍റെ മറവില്‍.....
ഭ്രാന്തിനു വിലപേശി.....
കച്ചവട മുറപ്പിച്ചവര്‍.....
ആ ചുവരുകളില്‍ കോറി വരച്ചു..

ഒരുപിടി കക്കക്കായി....
അവളിപ്പോള്‍...
ഉദരത്തില്‍ പുതു ജീവനുമായി.....
തെരുവിലലയുന്നു.....
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...

ഗോപി വെട്ടിക്കാട്ട്...