Showing posts with label വരവൂരാൻ. Show all posts
Showing posts with label വരവൂരാൻ. Show all posts

Thursday, April 9, 2009

അകലാനായ്‌ അരികു ചേർന്നു പോയവയെത്ര


മുകളിലും താഴെയുമായ്‌
കാറ്റും വെളിച്ചവും
വീതിയും വിസ്താരവുമുള്ള
എത്രയോ മുറികൾ
എന്നിട്ടും, കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിലാണു
പ്രണയത്തെ ഞാൻ ആദ്യമായ്‌ കണ്ടത്‌

കൈമാറാനായ്‌
പൂക്കളും, പഴങ്ങളും
മയിൽ പീലിയും
മഞ്ചാടിമണികളുമായ്‌
എത്രയോ, എന്നിട്ടും
വെറുതെ നീട്ടിയ
ചായ പെൻസിലിലാണു
പ്രണയം കൈവിരൽ കോർത്തത്‌

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

Thursday, March 26, 2009

ബാല്യമായിരുന്നെങ്കിലും


വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നീ തന്ന പൂക്കളും ,
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയ
ചന്ദന കുറിയും ,
പിന്നെ എനിക്കായ്‌
നീ കാത്തു നിന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുനെന്ന് ....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ