Monday, April 6, 2009
തീറ്റ.
Sunday, April 5, 2009
തിരഞ്ഞെടുപ്പ്
നാനാവിധ കാഴ്ച്ചകളുമായ് ..
കഴുതകളുടെ കാലുതൊട്ടു അനുഗ്രഹം -
തേടും ഭക്തരുടെ ആനന്ദാതിരേകം
കണ്ടു കോള്‍മയിര്‍ കൊള്‍ക ...
ഇന്നലെ ഇരുളിന്‍ മറവില്‍
വെട്ടിമാറ്റിയ തലയില്ലാ ഉടലിനു
ഇന്ന് കണ്ണീരോടെ പൂക്കളര്‍പ്പിക്കുന്ന
അധികാര മൃഗതൃഷ്ണ..
ദന്ത പരിപാലകര്‍ക്ക് ശുക്രകാലം
തെളിയുന്നിവരുടെ പുഞ്ചിരി തെളിച്ച്
എന്തും പറയാം ആര്‍ക്കുമിന്നേരം
മനം മയക്കും മന്ദസ്മിതത്താല്‍
ക്ഷമയുടെ പര്യായമാകുന്ന
അഭിനവ ആചാര്യന്‍മാര്‍ കാട്ടുന്ന
പാത പിന്തുടരാന്‍ കുട്ടിക്കഴുതകള്‍
പിന്നാമ്പുറത്തു കുപ്പായം ഒരുക്കുന്നു .
കൊമ്പത്തേറാന്‍ മത്സരിപ്പോര്‍
ചൊല്ലുന്നതൊക്കെയും വേദവാക്യമായി
കണ്ടോരു തലമുറ മറഞ്ഞ വിവരം
അറിയാത്ത ഇന്നത്തെ കഴുതകള്‍ ആര്?
ഇന്നലെ കടിച്ചോരു പാമ്പിനെ
ഇന്ന് പാലൂട്ടി തോളേറ്റുന്ന
കാഴ്ചകള്‍ മറയ്ക്കാന്‍ പലരും
നെട്ടോട്ടമോടുമ്പോള്‍ അറിയുക
നിങ്ങള്‍ക്കായി ഒരുങ്ങുന്നു വടികള്‍
ജനഹൃദയങ്ങളില്‍ ഏറെയേറെ .
കാറ്റത്തു പാറിയ പൊടിമണ്ണില്‍
മക്കള്‍ തന്‍ ചോരമണം അറിയുന്ന
അമ്മമാരുടെ തേങ്ങലുകള്‍
ഓര്‍ക്കുക നാം ഇത്തരുണം ...
പണത്തിന്നായ് നാടിനെ ഒറ്റിയ
പിണങ്ങളെ തിരിച്ചറിയുക നാം ...
ഭരണം മറന്ന അധികാരികളുടെ
നിഷ്ക്രിയത്വം കുരുക്കിട്ട
കര്‍ഷകര്‍ തന്‍ ദുര്‍വിധി മറക്കരുത് നാം ...
ബാലികമാരില്‍ കാമപ്പേക്കൂത്ത് നടത്തിയ
പിശാചുക്കളെ നിയമ പുസ്തകത്തിലൊളിപ്പിച്ച
അധികാര കോണിപ്പടികളെ തകര്‍ക്കുക നാം ...
ഇല്ലെങ്കില്‍ ,
ദിശാസൂചി നേര്‍ ദിശയിലല്ലെങ്കില്‍
ഇനി ഉറങ്ങുക ...
ചൂണ്ടു വിരല്‍ മടക്കി ഉറങ്ങുക നാം ...
Friday, April 3, 2009
ഭ്രാന്തി......
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
അവളോ...
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഊളിയിട്ടു ..
കക്ക വാരി ....കണ്ണീരൊഴിച്ചു ...
മനസ്സിലിട്ടു നീറ്റി...
അഴുക്കു പിടിച്ച ചുവരുകള്‍....
വെള്ള പൂശി......
നമ്മള്‍ വഴിപോക്കര്‍ ...
അത് ചുണ്ണാബ്ആക്കി .....
മുറുക്കി ചുവപ്പിച്ച് ....
ആ ചുവരില്‍ നീട്ടിത്തുപ്പി....
ആര്‍ത്തു വിളിച്ചു...ഭ്രാന്തി....
ആരവങ്ങള്‍ക്കൊടുവില്‍ .........
ഇരുളിന്‍റെ മറവില്‍.....
ഭ്രാന്തിനു വിലപേശി.....
കച്ചവട മുറപ്പിച്ചവര്‍.....
ആ ചുവരുകളില്‍ കോറി വരച്ചു..
ഒരുപിടി കക്കക്കായി....
അവളിപ്പോള്‍...
ഉദരത്തില്‍ പുതു ജീവനുമായി.....
തെരുവിലലയുന്നു.....
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
ഗോപി വെട്ടിക്കാട്ട്...
നൊമ്പരങ്ങള്‍ അഥവാ നിലവിളികള്‍
വേനല്‍ ചൂടില്‍ വരണ്ടുണങ്ങിയത്
പറയാന്‍ പുതിയ വിശേഷം .
വിയര്‍ക്കുന്ന കൊടും ചൂടില്‍
വരണ്ട തൊണ്ട പിളര്‍ന്നത്
ജലമറ്റ നിലവിളിക്ക് !
പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക് .
ആദ്യവും അന്ത്യവും ആലയില്‍ വെന്ത
കാരിരുമ്പിന്‍റെ ജീവന്‍ .
വികാരം,പൊള്ളുന്ന പകലിന്‍റെ പക.
പുരാതനവും നവീനവും
എന്തിനേറെ നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍
നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍
ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുക്കാറ്റ് നിലക്കുമ്പോള്‍ മാത്രം .
Monday, March 30, 2009
ആര്‍ക്കും ആരെയും ..
എന്തിനെയും സ്നേഹിക്കാം.
തൊടിയിലെ പാഴ്ചെടിയില്‍
വിടൊര്‍ന്നൊരു പൂവിനെ...
കാറ്റത്തടര്‍ന്ന കൂട്ടിലെ
തെറിച്ചു വീണൊരു
കിളിക്കുഞ്ഞിനെ...
തെരുവിലലയുന്നൊരു
അനാഥ ബാല്യത്തെ...
ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
മഴുവേറ്റ് വീണൊരു
വന്‍ മരത്തെ...
വറ്റി വരണ്ടൊരു
മണല്‍ പുഴയെ...
മണ്ണെടുത്ത് വീഴാറായൊരു
മൊട്ടക്കുന്നിനെ...
തരിശു കിടക്കുന്ന
പുഞ്ചപ്പാടത്തെ...
ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
വഴിയില്‍ ചിതറിത്തെറിച്ച
ചോരപ്പൂക്കളെ...
ആര്‍ത്തലച്ചൊഴുകുന്ന
കണ്ണുനീര്‍പ്പുഴയെ...
തലയെണ്ണിക്കാത്തിരിക്കും
കഴുകന്‍ കണ്ണുകളെ...
ആര്‍ക്കും ആരെയും....
---------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ഞാനൊരു മലയാളി
വിശപ്പകറ്റാനൊരു വിഷക്കായെങ്കിലും തരൂ
നിങ്ങളെനിക്കൊരു വിഷക്കായെങ്കിലും തരൂ
ഇല്ലെന്റെ പാടത്തും പറമ്പിലുമതി -
നെനിക്കില്ലിന്നു പാടവും പറമ്പും.
പാടം കുഴിച്ചു കുഴച്ചു ചുട്ടെടുത്തും
കുന്നുകളിടിച്ചു കുളങ്ങള്‍ നികത്തിയും
കൊട്ടാരങ്ങള്‍ കെട്ടിയുയര്‍ത്തിയപ്പോഴോന്നും
മറന്നതല്ലക്കാര്യം , നടുവേ ഓടി
ഞാനൊരു മലയാളിയെന്നു തെളിയിക്കാനായി
നടത്തിയോരു പാഴ് വേലകള്‍ മാത്രം.
മുറ്റത്തെ മുല്ലയുടെയും തൂശനിലയുടെയും
ആറ്റിലെ മീനിന്റെയും
ആരോഗ്യപ്പച്ചയുടെയും
കുത്തകാവകാശം പാശ്ചാത്യനു
തീറെഴുതി കൊടുത്തിട്ടു
വിശ്രമിച്ച ഞാനൊരു മലയാളി …
ഇല്ലാക്കഥകളിലൂടെ ഇന്നലെകള്‍
ഗൃഹാതുരത്വം അയവിറക്കാനായി
കുപ്പിയില്‍ സൂക്ഷിച്ച
ഞാനൊരു മലയാളി ...
ചൂടു കൊതിച്ചടുപ്പുകള്‍ പുകക്കുഴലുകളെ
നോക്കി കണ്ണീര്‍ വാര്‍ക്കുന്നു .
ജഠരാഗ്നി കെടുത്താനീ
മണ്ണിലൊന്നും ബാക്കിയില്ലാ.
ഒരു വിഷവിത്തെങ്കിലും
തനിയേ വീണുമുളയ്ക്കാനൊരു-
നാഴി മണ്ണു പോലും ബാക്കിയില്ലാതെ ,
ഉണ്ടെന്നു പൊളി പാടുന്നവന്‍ ,
ഞാനൊരു മലയാളി ...
പാല്‍മണം മറന്ന പാല്‍ക്കുപ്പികളെ
പൈതങ്ങള്‍ പോലും മറന്നേപോയീ
താരാട്ടിന്നീണവും പണയം വച്ച
ഞാനൊരു മലയാളി ...
അയല്‍നാടിന്‍ വണ്ടികളെ കാത്തു
പൊരിയുന്ന വയറോടെ കാത്തിരുന്നു മടുത്തു
പ്രതീക്ഷകള്‍ അസ്തമിച്ച ഞാനിനി
മരിക്കാനായി തേടുന്നൊരു വിഷക്കായ
വേണമെനിക്കീ മലയാള മണ്ണില്‍
നിന്നൊരു വിഷക്കായെങ്കിലും
അങ്ങനെയും അഭിമാനിക്കട്ടെ
ഞാനെന്ന മലയാളി ...
Sunday, March 29, 2009
"കവിതാപുരസ്കാരം 2008-2009"
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കു വഴി പോകൂ...
Saturday, March 28, 2009
സാന്ത്വന വെള്ളി
വെള്ളി ഒരു സ്വാന്തനമാണ്
യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത
കര്‍ത്തവ്യ ബോധത്തിന്‍റെ ഉള്‍വിളികള്‍ ഇല്ലാത്ത
ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി .
പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും
ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി .
വിവരം ഇല്ലാത്തവരുടെ വിവരകെടുകള്‍ക്ക്
റാന്‍ മൂളി നില്കെണ്ടാത്തൊരു വെള്ളി .
ടിവി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍
ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .
വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍
വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി .
ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍
അലക്കി വെളുപ്പിക്കേണ്ട വെള്ളി .
ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന
പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .
പൊന്നും പണവും ഇല്ലെങ്കിലും ങ്ങള് വേഗം വന്നാ മതിന്ന
കിളിമൊഴിക്ക് മുന്നില്‍ വാക്കുകള്‍ മുറിയുന്ന വെള്ളി .
നള പാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാന്‍ ഒരു വെള്ളി.
വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍
തല പൂഴ്ത്തി അലിഞ്ഞില്ലതാകാന്‍ ഒരു വെള്ളി .
വെള്ളി ഒരു അനുഗ്രഹമാണ്
മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്
ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .
Thursday, March 26, 2009
ബാല്യമായിരുന്നെങ്കിലും

ഒന്നു മോഹിച്ചോട്ടെ .....
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയ
ചന്ദന കുറിയും ,
പിന്നെ എനിക്കായ്
നീ കാത്തു നിന്നതും
സ്നേഹമായിരുന്നെന്ന്....
ഒന്നു മോഹിച്ചോട്ടെ .....
കിനാവായ് വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും
സ്നേഹമായിരുനെന്ന് ....
ഒന്നു മോഹിച്ചോട്ടെ
Wednesday, March 25, 2009
പാട്ടുകഥ
കമ്യൂണിസ്റ്റ്‌പച്ചയുടെ കമ്പിലിരുന്ന്
കണ്ടു മറന്ന മുഖങ്ങളോര്‍ത്തും
തലവിധിയില്‍ ചരിത്രം വരച്ചും
തലകള്‍ ഭൂമിയെ നോക്കികാണുമ്പോള്‍
വിളഞ്ഞ നെല്‍വയലുകളുമായൊരു പച്ചപനംതത്ത
പറന്നുവന്ന് കണ്ണ് കൊത്തിതിന്നാന്‍ തുടങ്ങിയത്.
ആട്ടിയോടിക്കാന്‍ കൈകളില്ലാതെ
തെറിവിളിച്ചാട്ടാന്‍ നാവനങ്ങാതെ
കമ്യൂണിസ്റ്റ്‌പച്ചയിലിരുന്നുണങ്ങി.
ഉണങ്ങികൊഴിഞ്ഞല്ലോ തലകളെന്ന്
കാറ്റ് പാട്ടുംപാടി പറന്നുപോയ്
നെല്‍ക്കതിര്‍ കൊളുത്തിയ കൊക്കിന്‍ തെറ്റത്ത്
ഞങ്ങള്‍ വിതയ്ക്കും വിത്തെല്ലാമെന്ന് കൊഞ്ഞനംകുത്തി
പനംതത്തയും കൂടെപോയി.
പഴയ പാട്ടുകഥയാണത്രെ!
അതിനിടയ്ക്കാണ്
ആരുമാരും എഴുതിവെക്കാത്തൊരു കൊല്ലവര്‍ഷത്തില്‍
കോട്ടയം താലൂക്കില്‍ കൂനിച്ചിറയാറ്റിന്‍കരയില്‍
തെക്കുവടക്കേതില്‍ വാസുപിള്ള
അയലത്ത് ഔസേപ്പിന്‌റെ മണ്ണില്‍ തൂമ്പയിറക്കിയതും
മകള്‍ ആലീസിന്‌റെയുള്ളില്‍ വിത്ത് വിതച്ചതും.
മുളച്ചതും,തളിര്‍ത്തതും പറിച്ചുകെട്ടി
കോഴിക്കോട്ടങ്ങാടിക്ക് ബസ്സ് കയറുകയും
നടന്നും കാളവണ്ടി കയറിയും
വയനാടിന് നാടെന്ന് പേരിടുകയും,
എട്ടും പത്തും പെറ്റതിനൊക്കെ
പിന്നേം പലതരം പേര് ചാര്‍ത്തുകയും
കൊത്തിയും കിളച്ചും മറിച്ചും
മലഞ്ചരുവില്‍ തലപെരുക്കുകയും ചെയ്ത കാലക്കേടിലാണ്
തല കൊയ്യുന്നതെങ്ങിനെയെന്നൊരു സിനിമാപ്പാട്ട്
സി. ഡിയിലായതും,ചുരം കയറിവന്ന്
മലയിടുക്കിലും,മഞ്ഞിന്‍മറയിലും
തലയനക്കാന്‍ തുടങ്ങിയതും.
പഴയ പാട്ടുകഥയാണത്രെ!
ഉണങ്ങിക്കരിഞ്ഞു പോയ തലകളാണ്
മലകളായതെന്നും
തലകളിരുന്നോര്‍ത്ത കമ്യൂണിസ്റ്റ്‌പച്ചയാണ്
മലഞ്ചരുവില്‍ മരങ്ങളായതെന്നും
പിന്നെയും കഥകളുണ്ടത്രെ...
ആര്‍ക്കറിയാം,
കണ്ണ് കൊത്തിതിന്ന പച്ചപനംതത്തയുടെ നിറം?
Tuesday, March 24, 2009
ഇതിനായിരുന്നോ?
അവളുടെ മാറില്‍
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.
അതു കണ്ട്
അതിലൊരുവന്റെ കൈയിലെ
പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.
“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”
“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.
ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Monday, March 23, 2009
ഒരു യാത്രയുടെ അവസാനം.
----------------------------------------------------
ഒരു അവധിക്ക്
റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി
മറ്റൊരവധിക്ക്
നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും
ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്
റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എനിക്ക് എന്ത് പണിയാണറിയുക
?
ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍
സുപ്രഭാതങ്ങളേ..!
തുള്ളികള്‍ താഴാതെ തങ്ങി നില്‍ക്കുന്നു,മഴവില്ലു മായാതെ മങ്ങി നില്‍ക്കുന്നു!
പതിനഞ്ചു സംവല്സരങ്ങള്‍ക്ക് മുന്‍പു ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന മുറ്റങ്ങളും,
ഇന്നെന്‍റെ കയ്കള്‍ക്കലങ്കാരം അക്ഷരം കുത്തിക്കുറിച്ചു പഠിച്ച മുറികളും,
നല്ലതും നല്ലതിന്നുള്ളതും നന്‍മയും കയ്പിടിച്ചെഴുതിച്ച വന്ദ്യഗുരുനാഥരും,
ഇന്നെന്‍റെ കണ്മുന്നില്‍ ഉണ്ടെങ്കിലെന്നു ഞാന്‍ ഏറെക്കൊതിക്കുന്ന കൂട്ടുകാരും,
ഒട്ടേറെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന കളിമുറ്റമാണാ കൊച്ചു കലാലയം!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!
ഒരുകുടം മെത്തുന്ന മാരിക്കണങ്ങളെ തെല്ലും വകക്കാതെ പോന്നകാലങ്ങളേ!
പച്ചക്കു കത്തുന്ന നട്ടുച്ച സൂര്യനെ വെല്ലുവിളിച്ചു നടന്ന ദിനങ്ങളേ!
കുകിയും കൂടുകരോത്ത് കൂത്താടിക്കളിച്ചു നടന്ന കഴിഞ്ഞ കാലങ്ങളേ!
എന്നുമെന്‍ ഓര്‍മ്മയില്‍ തോരാതെ പെയ്യുന്ന മഞ്ഞു കണങ്ങളേ ബാല്യകാലങ്ങളേ!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!
അന്നാ വരാന്തയില്‍ ആമണ്‍പരപ്പില്‍, അങ്ങേ തലക്കലുള്ളാ മുളംകൂട്ടില്‍,
ഇങ്ങേ തലക്കലെ കാണാതെ പോയൊരാ രാക്ഷസപ്പാലതന്‍ ശീതലചായയില്;
കുട്ടിയും കോലും ഗുസ്തിയും തല്ലും കിളിമാസും അരിയാസും ഏറുപന്തും,
കൂടെക്കളിച്ചവര്‍ കൂടെച്ചിരിച്ചവര്‍ തോറ്റുപിണങ്ങിപ്പിരിഞ്ഞു പോയോര്‍,
കള്ളം കളിച്ചിട്ടു തര്‍ക്കം പറഞ്ഞിട്ടു തല്ല് പിടിച്ചിട്ടു തല്ലുകൊണ്ടോര്‍,
എല്ലാരും ഓര്‍മ്മയില്‍ ഓടിവന്നെത്തുമ്പോള്‍,ഏകനായ് നിങ്ങള്‍ക്കു മുന്നിലീ ഞാന്‍!
ഏകനായ് ഈ മരുക്കാട്ടിലീ ഞാന്‍!
ഈ മരുക്കാട്ടിലെ കാറ്റിന്‍റെ കയ്കളില്‍ മാമല നാടിന്‍ സുഗന്ധമില്ല,
ഈ മണല്‍ക്കാട്ടിലെ മണ്ണിന്നു പൂക്കളെ പെറ്റുവളര്‍ത്താന്‍ മനസ്സുമില്ല!
ക്രൂരനാണിവിടുത്തെ സുര്യനല്ലേ?ക്രൂരനാം സുര്യനെ വെല്ലുവാന്‍ ഇന്നെനിക്കാവതില്ലതിനുള്ള ബാല്യമില്ല!ബാലികാ ബാലകന്‍മാരേ; ബാല്യമുണ്ടെങ്കില്‍;നിങ്ങളാനേറ്റവും ശക്തര്‍! നിങ്ങളാനേറെ സമ്പന്നര്‍!
Sunday, March 22, 2009
പ്രവാസത്തിലെ മൂന്നു വേളകള്‍
1
എന്തിനെന്നറിയാത്ത പരിവേദനത്തില്‍
എങ്ങുമെത്താത്ത വിദൂരതയില്‍ വെച്ച്
വാക്കുകള്‍ മുറിച്ച് വിട വാങ്ങുമ്പൊഴും
പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?
2
നിര്‍വികാരനായി നിരത്തിലൂടെ നടക്കവേ
ഇരയെ തിരഞ്ഞ നിരകളില്‍ നിന്ന്
ഇരച്ചു കയറിയ "ഹൗ ആര്‍ യൂ" വില്‍
നോവാതിരിക്കാന്‍ കരുതിയപ്പൊഴും
മനസില്‍ കിനിഞ്ഞ രക്തം
പിശാചിന്റേതു തന്നെയല്ലേ..
ഒരു വേള എന്റേതു തന്നെ. . ?
3
ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍
അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍
അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?
Saturday, March 21, 2009
*കൊറിയയിലെ അമ്മമ്മേ...
കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിന്റെ മുന്നില്‍നിന്നും
എച്ചിലുകള്‍ എടുത്തുകൊണ്ടുപോകാന്‍
എല്ലാ ദിവസവും പുലര്‍ച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
എനിക്കുമുണ്ടൊരമ്മമ്മ.
ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.
ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,
എന്നൊക്കെ നോക്കാമെന്നു വിചാരിച്ച്
മുറ്റത്തേക്കിറങ്ങിയാല്‍
ഞാന്‍,അച്ഛന് സിഗ്നല്‍ കൊടുക്കും.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
--------------------------------------------------------
*കൊറിയയില്‍ പ്രായമായവരാണ് വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. വ്യായാമമോ സേവനമോ ഒക്കെ ആയി പ്രായമായവര്‍ മിക്കവരും പുലര്‍ച്ചെ തന്നെ കൈവണ്ടിയുമായി ഇറങ്ങും.വീടുകള്‍ക്കു മുന്നില്‍ പ്രത്യേകം സഞ്ചികളിലാക്കി വെച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടുപോകും.
ഓണ്‍ലൈന്‍ കവിതാപുരസ്കാരം
യുനെസ്കോ ആഹ്വാനം ചെയ്ത ലോക കവിതാ ദിനമായിരുന്നു മാര്‍ച്ച് 21 എന്നറയാമല്ലോ?
കവിതാസംബന്ധമായ വായനയെയും എഴുത്തിനെയും പഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും
പ്രോല്‍സാഹിപ്പിക്കുക എന്നുള്ളതാണ് ഈ ദിനത്തിന്റെ പ്രത്യേകത!
ഇത്തരമൊരു കാവ്യസുദിനത്തില്‍ പ്രവാസകവിതാപ്രവര്‍ത്തകര്‍
'ഓണ്‍ലൈന്‍ കവിതാപുരസ്കാരം' നല്‍കുവാന്‍ തീരുമാനിച്ച വിവരം
സസന്തോഷം അറിയിക്കട്ടെ,
ബ്ലോഗുകളിലോ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, പ്രസിദ്ധീകരിച്ചതോ
അല്ലാത്തതോ ആയ കവിതകള്‍, മലയാളം യൂണിക്കോഡ് ഫോണ്ടില്‍
ടൈപ് ചെയ്ത് ആണ് അയക്കേണ്ടത്!
പ്രാഥമിക തിരഞ്ഞെടുപ്പില്‍ നിന്ന് സ്വീകരിച്ച പതിനഞ്ച് രചനകളെ
വോട്ടിംഗിനായ് 'പ്രവാസകവിതകള്‍' എന്ന ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും
അതോടൊപ്പം പ്രശസ്ത കവികളടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയെ
ഏല്പ്പിക്കുകയും ചെയ്യും.
വോട്ടിംഗില്‍ നിന്നും ജഡ്ജിംഗ് പാനലില്‍നിന്നും കിട്ടിയ മികച്ച
റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ 2008-2009 വര്‍ഷത്തെ മികച്ച അഞ്ച് കവിതകള്‍
തിരഞ്ഞെടുക്കുന്നു.....
നിങ്ങളുടെ സൃഷ്ടികളോ, നിങ്ങള്‍ക്ക് താല്പ്പര്യമുള്ള മറ്റു സൃഷ്ടികളോ അയയ്ക്കാവുന്നതാണ്,
തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കവികള്‍ക്ക് യു.എ.യിലെ ബ്ലോഗര്‍മാര്‍ നല്‍കുന്ന
ആകര്‍ഷകമായ സമ്മാനങ്ങളും പുസ്തകപ്പാക്കറ്റുകളും പുരസ്ക്കാരമായി നല്‍കുന്നതാണ്...
യൂണിക്കോഡില്‍ ടൈപ്പ് ചെയ്തതോ, ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണെങ്കില്‍
പോസ്റ്റ് ലിങ്കോ അയച്ചാല്‍ മതിയാകും.......
രചനകള്‍ അയയ്ക്കേണ്ട വിലാസം : dubaiblogers@gmail.com
അയയ്ക്കേണ്ട അവസാന തിയ്യതി : April 15, 2009
Friday, March 20, 2009
ഒരു എന്‍. ആര്‍. ഐ. കൊളാഷ്
ഒരു പഴയ കവിത! മണല്‍ക്കിനാവില്‍ നിന്നും...)
ആശ്രയങ്ങളുടെ ആട്ടിന്‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...
പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...
പ്രവാസിയുടെ മുറി,
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍പ്പുറ്റുകള്‍,
പാതിയടഞ്ഞ അടരുകളിള്‍
അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍,
കാലഗണിതങ്ങളുടെ കട്ടില്‍പ്പുറങ്ങളിള്‍
പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍.
സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്,
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്...,
ഉണരുമ്പോള്‍ സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്,
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം,
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം.
ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നിനച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,
വീട് :
തരംഗ സ്വീകരണികളുടെ
ആകെത്തുക,
അച്ചന്‍ :
മരുന്നുപുരട്ടിയ ഒരു ചാരുകസേര,
മൈക്രോവേവ് തരംഗ വാഹകയായമ്മ,
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍,
ഒരു ഡയല്‍ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി.
എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സംഗനായയവെട്ടിക്കിടക്കുന്നു.
കാട് :
ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......
Wednesday, March 18, 2009
അകന്നുപോയവര്‍
ബാല്യം നിന്നെ കുത്തിവരച്ചിട്ടിരുന്നത്.
യാതനകളിലെന്നെ തനിച്ചാക്കിയകലുമ്പോള്‍
ചൊരിയാന്‍ മറന്ന
വാത്സല്യമെനിക്കേകിയ
നെരിപ്പോടുതിര്‍ത്തത്
ആദ്യകൂടിക്കാഴ്ചയവ്യക്തമാക്കി
നിന്റെ കണ്ണുകളെ
നീറ്റിനിറച്ചവെറുപ്പിന്റെ പുക.
പിടിച്ചുനടത്താന്‍
നിന്‍ വിരലുകളില്ലാതെ
ശാപങ്ങളില്‍
തട്ടിയിടറിവീണബാല്യം
കനലായ് കരുതിയ സ്നേഹം
ഉരുകിയൊലിച്ചപ്പോളും
നിന്നെപൊള്ളിച്ചത്
കാത്തുവച്ച പകയുടെ ചൂട്
ഇന്ന്
ഒട്ടുസ്നേഹിച്ചവരെല്ലാം
ചീന്തിവലിച്ചെറിഞ്ഞ്
വീണുകിടക്കുന്നെന്റെ മനസ്സിനെ
ജീവനോടെ നീറ്റിയെരിക്കുന്നത്
ലാളനകള്‍ കുത്തിക്കീറിതുണ്ടമാക്കി
അവഗണനയില്‍ പൊതിഞ്ഞ്
തിരിച്ചുസമ്മാനിക്കുമ്പോഴും
അളവില്ലാതെയാ മിഴികള്‍
ചൊരിഞ്ഞിട്ട
വാത്സല്യജ്വാലയില്‍
കാലം കാത്തുവച്ചിരുന്ന
ശാപമാകാം.
ഞാനണിഞ്ഞു നടക്കുന്ന
ചിരിയുടെ മുഖം മൂടി
ഒരുനോക്കിലലിയിക്കാനുള്ളഉള്‍ക്കാഴ്ച
നീ നേടിയെന്നയറിവാണ്
കാണാനൊരുപാട് കൊതിക്കുമ്പോഴും
അരികില്‍ വരാതെയെന്നെ
തടഞ്ഞുനിര്‍ത്തുന്നത്.
തീര്‍ത്തും തനിച്ചെങ്ങോ ഇരുന്ന്
ഞാനുതിര്‍ക്കുന്ന
മിഴിനീര്‍ തുള്ളികളൊന്നൊഴിയാതെ
യേറ്റുവാങ്ങുന്നാഹൃദയം
അകലെയീ മകള്‍
സുഖമായിരിക്കുന്നുവെന്നാശ്വസിക്കുന്നുണ്ടാവില്ലെങ്കിലും
അറിയുക
ഒരു കുഞ്ഞു ഞരമ്പുപിടഞ്ഞുതിര്‍ക്കുന്ന
മഴയിലാത്മാവൊഴുക്കാതെ
ഉപ്പുനീര്‍ കുടിച്ചു ദാഹം ശമിപ്പിച്ച്
മുന്നോട്ടിഴയാനെനിക്ക് പ്രേരണ
നിന്റേതടക്കം നാലുമുഖങ്ങളാണ്.
നിന്നെക്കാള്‍
നിസ്സഹായയായ
എന്റെ കയ്യിലിനി
"എവിടെയാണെങ്കിലും
ആര്‍ക്കും ഭാരമാകാതൊരുസുഖമരണമേകിയച്ഛനെയനുഗ്രഹിക്കുക"
യെന്നൊരു
പ്രാര്‍ത്ഥനമാത്രം
ബാക്കി.
സ്വപ്നങ്ങള്‍
നീലനിറത്തില്‍ തന്നെയാവണമെന്നില്ല,
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
രാത്രിയോ പകലോ എന്നില്ലാതെ.
തലകുത്തി നിന്നാലും കണ്ടുകിട്ടില്ല
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
ഒളിച്ചുകളിക്കുന്ന നീല ഞരമ്പുകള്‍
ഉന്‍മാദം പോലെ
സ്വപ്നങ്ങളെല്ലാം ഭ്രാന്തുടുത്ത്
അലയാനിറങ്ങുമ്പോള്‍
നിറം കെട്ട ഉടുപ്പുകളിലേക്ക്
ശരീരങ്ങള്‍
കുട്ടികളായ് ഓടിയോടി വരും.
കളിപ്പാട്ടങ്ങള്‍ക്കും ബലൂണുകള്‍ക്കും
താരാട്ടിനുമിടയിലൂടെ
ചിതറി മായും.
കാണാതായ കുട്ടികള്‍
പട്ടങ്ങളായി പറന്നേക്കാം
പക്ഷികളോട് കൂട്ടുകൂടിയേക്കാം
മേഘത്തിലൊളിച്ചേക്കാം
മേല്‍ക്കൂരയില്‍ വീണുതറഞ്ഞ്
വീടുകളെക്കുറിച്ച് നിലവിളിച്ചേക്കാം.
ആര്‍ക്കറിയാം സ്വപ്നങ്ങള്‍?
Tuesday, March 17, 2009
ശവങ്ങള്‍ പറയുന്നത്
കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.
എന്തിനാണ് ഇനിയും കര ;
പുതിയ ശവങ്ങള്‍ക്ക്
വന്നിരിക്കാനോ .
കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.
എന്തിനാണ് വീണ്ടും
പകല്‍ - കണ്ണടക്കാതെ
ഉറങ്ങി കിടക്കാനോ .